സിപിആർ
ജീവൻ രക്ഷിക്കാൻ സിപിആർ കൊടുക്കുന്നത് എങ്ങനെ?
⭕ ഹൃദയം നിലച്ച് പോകുന്ന ആദ്യ നിമിഷങ്ങളില്‍ ഹൃദയത്തുടിപ്പ് തിരികെയെത്തിക്കാനുളള മാര്‍ഗമാണ് കാര്‍ഡിയോ പള്‍മണറി റെസസിറ്റേഷന്‍ അഥവാ സിപിആര്‍. കൈകൊണ്ട് കുറഞ്ഞത് 100 തവണയെങ്കിലും നെഞ്ചില്‍ ശക്തമായി അമര്‍ത്തി തലച്ചോറിലേക്കും, ഹൃദയത്തിലേക്കുമുള്ള രക്തപ്രവാഹം നിലനിര്‍ത്തുന്നതാണ് രീതി. ആര്‍ക്കും പെട്ടെന്ന് പ്രയോഗിക്കാന്‍ സാധിക്കുന്ന ഈ ജീവന്‍രക്ഷാവിദ്യ സമൂഹത്തിൽ എല്ലാവരും പരിശീലിച്ചിട്ടുണ്ടാകണമെന്നാണ് വിദഗ്ധരുടെ നിർദേശം.
⭕ ഹൃദയസ്തംഭനമുണ്ടാകുന്നവരില്‍ എണ്‍പത് ശതമാനം പേരേയും ജീവിതത്തിലേക്ക് തിരികെയെത്തിക്കാന്‍ സിപിആര്‍ എന്ന പ്രഥമശുശ്രൂഷകൊണ്ടാകുമെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.സിപിആർ എന്നത് ഒരു കടത്തു തോണി പോലെയാണ്.ഇടയ്ക്കു വച്ചു നിന്നു പോകരുത്. ഇന്നും സിപിആർനെ പറ്റി വലിയ ധാരണയില്ലാത്ത സമൂഹത്തിൽ സിപിആർ പ്രയോജനപ്രദമാകണമെങ്കിൽ ചില കാര്യങ്ങൾ കൂടി എല്ലാവരും അറിഞ്ഞിരിക്കണം.
⭕ ഹൃദയ സ്തംഭനം സംഭവിച്ച് കുഴഞ്ഞു വീഴുന്ന ആളെ ഔദ്യോഗിക ചികിത്സ ലഭിക്കുന്നതു വരെ താങ്ങി നിർത്തുകയാണ് സിപിആർ കൊണ്ട് ഉദ്ദേശിക്കുന്നത്. നെഞ്ചിൽ ശക്തമായി മിനിറ്റിൽ 100 തവണയിൽ കുറയാതെ തുടർച്ചയായി ആഴത്തിൽ അമർത്തുക വഴി താൽകാലികമായി ഹൃദയമിടിപ്പ് നിലനിർത്തുകയാണ് ഇവിടെ സാധ്യമാവുന്നത്. പുഴയിൽ മുങ്ങിത്താഴുന്ന ഒരാളെ യാദൃച്ഛികമായി കാണുന്ന തോണിക്കാരൻ അയാളെ പൊക്കിയെടുത്ത് തോണിയിൽ കിടത്തി അക്കരെ എത്തിക്കുന്നതു പോലെയാണ് സിപിആർനെ കാണേണ്ടത്. അക്കരെ എന്നതു കൊണ്ടുദ്ദേശിക്കുന്നത് കാഷ്വാലിറ്റി അഥവാ ഔദ്യോഗിക ചികിത്സ ലഭിക്കുന്ന സ്ഥലം എന്നാണ്. ഒരാൾ തുടങ്ങി വച്ച സിപിആർ ഒരു റിലേ പോലെ മറ്റുള്ളവർ ചെയ്യേണ്ടതാണ്, ആശുപത്രി എത്തുന്നതു വരെ, ഇടതടവില്ലാതെ നൽകണം സിപിആർ ഇടയ്ക്കു വച്ചു നിർത്തിക്കളയുക എന്നത്, അക്കരെയെത്തുന്നതിനു മുൻപ് ആളെ തോണിയിൽ നിന്നു പുഴയിലേക്കു തിരികെ തള്ളി ഇടുന്നതു പോലെയാണ്. മരണം ഉറപ്പാണ്.
⭕ തലച്ചോറിലേക്കും, മറ്റവയവങ്ങളിലേക്കും രക്തം എത്തിച്ചു കൊടുക്കാൻ സിപിആർ മൂലം സാധിക്കുന്നു. സിപിആർ ചെയ്യുന്ന അത്രയും സമയം മാത്രം രക്ത ഓട്ടം സാധ്യമാവുന്നു. ആശുപത്രിയിൽ എത്തിയ ശേഷം വിദഗ്‌ധ ചികിത്സ കൊണ്ട് ഹൃദയം വീണ്ടും സ്റ്റാർട്ടായാൽ പിന്നെ സിപിആർന്റെ ആവശ്യമില്ല. നമ്മുടെ നാട്ടിലെ ആംബുലൻസുകളിൽ അഡ്വാൻസ്ഡ് കാർഡിയാക് കെയർ സൗകര്യങ്ങൾ ഉണ്ടാവണമെന്നില്ല. പലതും രോഗിയെ ട്രാൻസ്‌പോർട് ചെയ്യാൻ മാത്രം സൗകര്യമുള്ളവയാണ്. അപ്രകാരം ഒരു വാഹനമാണെങ്കിൽ സിപിആർ ഒരിക്കലും നിർത്തരുത്, വണ്ടി ആശുപത്രിയിൽ എത്തുന്നതു വരെ തുടർന്നാലേ പ്രയോജനമുള്ളൂ.
⭕ അര മണിക്കൂർ സിപിആർ ചെയ്തിട്ടും ജീവന്റെ ലക്ഷണമില്ലെങ്കിൽ നിർത്താവുന്നതാണ്. ഹൃദയാഘാതം ഉണ്ടായാൽ സിപിആർ ചെയ്തില്ലെങ്കിൽ മരണം സുനിശ്ചിതം. തക്ക സമയത്തു സിപിആർ കൃത്യമായി ചെയ്താൽ മരണസാധ്യത നൂറിൽ നിന്നും ഗണ്യമായി കുറയ്ക്കാൻ സാധിക്കുമെന്ന്, ലോകമെമ്പാടും ഇന്നു ജീവനോടെയിരിക്കുന്ന ആയിരക്കണക്കിനാളുകൾ നന്ദിപൂർവം സാക്ഷ്യപ്പെടുത്തുന്നു