ബ്രോയ്ലർ കോഴിക്ക് ഹോർമോൺ കുത്തിവക്കുമോ?

Simple Science Technology

ബ്രോയ്ലർ കോഴിക്ക് ഹോർമോൺ കുത്തിവക്കുമോ? ബ്രോയ്ലർ ചിക്കൻ കഴിക്കുന്നത് അപകടണോ?

⚛️⚛️⚛️⚛️⚛️⚛️⚛️⚛️⚛️

https://youtu.be/F1Sv4hq_pig?si=dDZnRxiKoMuMj1It

⭕രണ്ടു ചെറുപ്പക്കാർ ഇറച്ചിക്കോഴി വളർത്തൽ തുടങ്ങി. ഹോർമോൺ കുത്തി വച്ചാൽ കോഴി പെട്ടെന്ന് വളരുമെന്ന് പലരും ഉപദേശിച്ചു . അന്വേഷിച്ചിട്ട് ആർക്കും ഹോർമോണിന്റെ പേരറിയില്ല . അവർ ആ ഹോർമോൺ കുറിപ്പ് എഴുതി കിട്ടാൻ വെറ്റെറിനറി ഡോക്ടർ, Dr Maria Liza Mathew വിനെ സമീപിച്ചു..

ഡോക്ടറെ, ഇറച്ചിക്കോഴികൾക്ക് കുത്തിവെക്കുന്ന ഹോർമോൺ കുറിച്ചു തരാമോ? "

Dr Maria - " അങ്ങനെയൊരു ഹോർമോൺ ഇല്ല"

"അങ്ങനെ ഒരു ഹോർമോൺ ഇല്ലേ!!!"

Dr Maria - " ഞാൻ പോൾട്രി സയൻസിൽ പോസ്റ്റ് ഗ്രാജുവേഷൻ എടുത്ത ഒരു വെറ്റിനറി ഡോക്ടർ ആണ്. എന്റെ ഇത്രയും കാലത്തെ സർവീസിനിടയിൽ ഒരു ഫാമിലും ഏതെങ്കിലും ഹോർമോൺ ഉപയോഗിക്കുന്നതായിട്ട് എനിക്കറിയില്ല."

  ⭕ഇങ്ങനെ ഒരു ഉത്തരം കേട്ടാൽ ഒരു ശരാശരി മലയാളി അത്ഭുതപ്പെടും ഉറപ്പാണ്. കാരണം അത്രയും ആഴത്തിൽ പതിഞ്ഞ പൊതുബോധമാണ്, ഇറച്ചി കോഴികളിൽ ഹോർമോൺ ഉപയോഗിക്കുന്നുണ്ട് എന്നത്.  

⭕ഇനി, 'ഇറച്ചി കോഴി മാഫിയ' ബന്ധമുള്ള ഡോക്ടർമാർ കളവു പറയുകയാണെന്ന് കരുതുക. സ്വന്തം യുക്തി ഉപയോഗിച്ച് ഒന്നു ചിന്തിച്ചു നോക്കിയേ. ഭീമമായ ചെലവ് വരുന്ന ഹോർമോൺ ഇഞ്ചക്ഷനുകൾ കോഴികൾക്ക് കുത്തി വെക്കേണ്ടി വന്നാൽ ഒരു കോഴിക്ക് ഇപ്പോഴുള്ളതിന്റെ പത്തും നൂറും ഇരട്ടി വിലവരും. ഇത്രയും വിലകൂടിയ കോഴിയെ ചില്ലുകൂട്ടിൽ പ്രദർശിപ്പിക്കാമെന്നല്ലാതെ ആരും വാങ്ങിക്കില്ല. 

⭕ഹോർമോൺ കുത്തിവച്ച ചിക്കൻ കഴിക്കുന്നത് കാരണമാണ് കുട്ടികൾക്ക് നേരത്തെ ലൈംഗിക വളർച്ച ഉണ്ടാവുന്നത് എന്ന ധാരണയും വ്യാപകമാണ്. അല്പം സാമാന്യയുക്തി അവിടെയും ഉപയോഗിക്കുക. Growth ഹോർമോൺ protein ഹോർമോൺ ആണ്.  പ്രോട്ടീനും വയറിനകത്ത് എത്തിയാൽ വിഘടിച്ച്  ഹോർമോൺ അല്ലാതാകും. ഹോർമോണുകൾ ഹോർമോണുകൾ ആയി തന്നെ പ്രവർത്തിക്കണമെങ്കിൽ നേരിട്ട് ശരീരത്തിലേക്ക് കുത്തിവെക്കേണ്ടി വരും.  അതായത് ഇറച്ചിക്കോഴി-ഹോർമോൺ തിയറി വിശ്വസിക്കുന്നവർ മറക്കുന്നത്, ഈ അടിസ്ഥാന ശാസ്ത്ര തത്വങ്ങളാണ്.

⭕ഇറച്ചിക്കായി മാത്രം വളർത്തുന്ന കോഴിയിനമാണ് ബ്രോയിലർ. അമേരിക്കൻ ഐക്യനാടുകളിൽ വികസിപ്പിച്ചെടുത്ത ഇറച്ചി കോഴി ഇനമാണ് ഇത്. പോഷക സമ്പുഷ്ടമായ ഭക്ഷണം സ്വീകരിച്ചു കുറഞ്ഞകാലം കൊണ്ട് അതിവേഗം വളരുന്ന ജനതിക പ്രത്യേകതയാണ് ഇവയുടെ വളർച്ചയുടെ രഹസ്യം. ഇവയുടെ പരിപാലനം മിക്കവാറും വ്യാവസായിക അടിസ്ഥാനത്തിൽ ആണ്. ഇവ 5-7 ആഴ്ച കൊണ്ട് 1.5 കിലോ മുതൽ 2.5 കിലോ വരെ തൂക്കം വെക്കും എന്നത് കൊണ്ടാണ് വ്യാവസായിക അടിസ്ഥാനത്തിൽ പരിപാലിച്ച് വരുന്നത് . 2003-ലെ കണക്ക് പ്രകാരം 42 ലക്ഷംകോടി ആണ് ആഗോള ഉത്പാദനം, 2012-ലെ സുചന കണക്ക് പ്രകാരം ഏകദേശം 82.9 ദശ ലക്ഷം മെട്രിക് ടൺ ആണ് ലോക ഉദ്പാദനം. ലോകത്തിലെ ഭക്ഷണ ദൗർലഭ്യം, പോഷകാഹാരക്കുറവ്, പ്രത്യേകിച്ച് പ്രോടീൻ അഥവാ മാംസ്യത്തിന്റെ കുറവ് തുടങ്ങിയവ പരിഹരിക്കാൻ ഇവയുടെ ഉത്പാദനം ഏറെ സഹായിക്കുന്നു എന്ന് വിലയിരുത്തപ്പെടുന്നു.

⭕42 ദിവസം കൊണ്ട് 2.200 കിലോ തൂക്കം വയ്ക്കുന്ന രീതിയിൽ തീറ്റപരിവർത്തനശേഷിയുള്ള കോഴികളാണ് ബ്രോയ്‌ലർ കോഴികൾ. 3.6 കിലോ തീറ്റ നൽകിയാൽ 42 ദിവസം കൊണ്ട് 2.200 കിലോ ഭാരം വരുന്നു. ഒരു കിലോ തൂക്കം ലഭിക്കാൻ കോഴിക്ക് 1.6–1.7 കിലോ തീറ്റ നൽകിയാൽ മതി. ബ്രോയ്‌ലർ കോഴിയുടെ ജനിതകപരമായുള്ള തീറ്റപരിവർത്തനശേഷിയും നൽകുന്ന തീറ്റയുടെ ഗുണമേന്മയുമാണ് ഇത്തരത്തിലുള്ള മാംസോൽപാദനം സാധ്യമാക്കുന്നത്.

⭕20–ാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ വൈറ്റ് പ്ലൈമൊത് റോക്ക്, വൈറ്റ് കോർനിഷ് എന്നീ രണ്ടുത്തരം ജനുസുകൾ തമ്മിൽ ഇണചേർത്ത് സങ്കര ഇനം കുഞ്ഞുങ്ങൾ ഉൽപാദിപ്പിക്കുന്നു. മുട്ട ഉൽപാദനത്തിനു പുറമേ മാംസോൽപാദത്തിലും ഈ ജനുസുകൾ കഴിവു തെളിയിച്ചവയായിരുന്നു. ഇവയിൽനിന്നും വിരിഞ്ഞ സങ്കരയിനം കോഴിക്കുഞ്ഞുങ്ങളിൽനിന്നു മാംസോൽപാദനശേഷിയും തീറ്റ പരിവർത്തന ശേഷിയും കൂടുതലുള്ളവരെ മാത്രം തിരഞ്ഞെടുത്ത് പ്രത്യേകം ഫാമുകളിൽ വളർത്തുന്നു. ഇവയിൽനിന്നും വിരിയുന്ന കുഞ്ഞുങ്ങളിൽ മാംസോൽപാദനവും തീറ്റ പരിവർത്തന ശേഷിയും കൂടുതൽ ഉള്ളവയും അവയുടെ തള്ളക്കോഴിയെയും പൂവനെയും മാത്രം നിലനിർത്തുന്നു. ഈ പ്രക്രിയ പതിറ്റാണ്ടുകൾ ആവർത്തിച്ചതിന്റെ ഫലമായാണ് ഇന്നു കാണുന്ന ബ്രോയ്‌ലർ കോഴികൾ രൂപംകൊണ്ടത്. 10 വർഷം മുമ്പ് 8 ആഴ്ചകൊണ്ട് 2 കിലോ തൂക്കം ലഭിച്ചിരുന്ന ബ്രോയ്‌ലർ കോഴികൾ ഇന്ന് 6 ആഴ്ചകൊണ്ട് 2.200 കിലോ തൂക്കം വയ്ക്കുന്നു.

⭕ഇത്തരത്തിൽ മാംസോൽപാദന ശേഷിയും തീറ്റ പരിവർത്തന ശേഷിയും വർധിപ്പിച്ച ബ്രോയ്‌ലർ കോഴിയിലെ തള്ളക്കോഴിയും അതിന്റെ പൂവനും ‘പ്യുർ ലൈൻ’ എന്ന പേരിൽ അറിയപെടുന്നു. ഇവയെ അത്യാധുനിക ബയോസെക്യൂരിറ്റി (അണുബാധ വരാതെ ) സംവിധാനങ്ങളോടു കൂടി പ്രത്യേകം സജ്ജമാക്കിയ എയർകണ്ടീഷനുള്ള ഷെഡുകളിൽ സംരക്ഷിച്ചു പോരുന്നു. അവയുടെ ജനിതക സ്വഭാവത്തിന് ഇത്രയും വിലയുള്ളതുകൊണ്ടാണ് അത്രയും നിക്ഷേപം നടത്തുന്നത്.

⭕ഇന്ത്യയിൽ സുഗുണ, വെങ്കടേശ്വര (VHL) എന്നീ രണ്ടു കമ്പനികളിൽ മാത്രമാണ് പ്യുവർലൈൻ ഉള്ളത്. ഇന്ത്യൻ പൗൾട്രിയുടെ പിതാവ് എന്നറിയപ്പെടുന്ന ഡോ. ബി.വി. റാവുവിന്റെ കമ്പനിയാണ് വെങ്കടേശ്വര. സുഗുണയുടേത് സൺബറോ എന്ന ജനുസും വെങ്കടേശ്വരയുടേത് വെൻകോബ്ബ് എന്ന ജനുസ്സുമാണ്.

⭕5 തലമുറകൾക്കു ശേഷം ജനിതക ശേഷിയിൽ കുറവു വരുന്നതുകൊണ്ട് അഞ്ചാം തലമുറയെ മാംസോൽപാദനത്തിന് ഉപയോഗിക്കുന്നു. ബാക്കി 4 തലമുറയിലും മാംസോൽപാദന ശേഷിയും തീറ്റ പരിവർത്തനശേഷിയും ഒരുപോലെയാണെങ്കിലും ബാക്കി 4 തലമുറയും കൊത്തുമുട്ടകൾ ഉൽപാദിപ്പിക്കാൻ ഉപയോഗിക്കുന്നു. ഇതിലൂടെ വളരെ കൂടുതൽ കൊമേർഷ്യൽ ബ്രോയ്‌ലർ കുഞ്ഞുങ്ങളെ ഉൽപാദിപ്പിക്കാൻ കഴിയുന്നു. ബ്രോയ്‌ലർ കോഴികൾക്ക് മുട്ടയുൽപാദനത്തിനാവശ്യമായ തീറ്റ നൽകിയാൽ അത് മുട്ടയുൽപാദനം നടത്തും എന്നുള്ളതും ഹോർമോൺ നൽകുന്നതല്ല മാംസോൽപാദനശേഷിക്കു കാരണം എന്നുള്ളതും ഇതിൽനിന്നും വ്യക്തമാണല്ലോ.

2 ലീറ്റർ പാൽ നൽകിയിരുന്ന പശുക്കൾ 20 ലീറ്റർ പാൽ തരുന്നതും (ഇസ്രായേൽ പശുക്കൾ 100L വരെ), വർഷത്തിൽ 100 മുട്ട നൽകിയിരുന്ന കോഴി 300 മുട്ട തരുന്നതും 5-8 വർഷംകൊണ്ട് കായ്ച്ചിരുന്ന തെങ്ങും മാവും 2 വർഷംകൊണ്ട് കായ്ക്കുന്നതും ഇതിനോട് ചേർത്തു വായിക്കാവുന്നതാണ്. ആവിയന്ത്രങ്ങൾക്കും കൽക്കരിയന്ത്രങ്ങൾക്കും ശേഷം ഇലക്ട്രിക് ട്രെയിനുകളും പെട്രോൾ കാറുകളും വന്നതും ഇപ്പോൾ നാം ഇലക്ട്രിക് കാറുകൾക്കു പുറകെ പോകുന്നതും ശാസ്ത്രത്തിന്റെ വളർച്ചയുടെ ഭാഗമാണ്. അതായത്, എല്ലാം മനുഷ്യ മസ്‌തിഷ്കത്തിന്റെ ലീലാവിലാസങ്ങൾ തന്നെ.

Courtney: Dr. Jithesh , Wikipedia