ഗൂഗിൾ മാപ്പ്
ഗൂഗിൾ മാപ്പ് വഴി തെറ്റിക്കുന്നതെങ്ങനെ?
⚛️⚛️⚛️⚛️⚛️⚛️⚛️⚛️⚛️
https://youtu.be/J2BF5afmR1o?si=WB-7KAszxW28CBqi
✍️ Dr. Vaishakhan Thampi
⭕ഗൂഗിൾ മാപ്പ് നോക്കി യാത്രചെയ്ത് അപകടമരണം സംഭവിച്ച ഒരു ദുരന്തവാർത്ത ശ്രദ്ധയിൽ പെട്ടു. ഗൂഗിൾ മാപ്പിന്റെ ഉപയോഗം അപകടകരമാണ് എന്ന മട്ടിലാണ് പലപ്പോഴും തലക്കെട്ടുകൾ എഴുതിയിരിക്കുന്നത്. സത്യത്തിൽ ആ അപകടത്തിൽ ഗൂഗിൾ മാപ്പിന്റെ ഉപയോഗം എത്രത്തോളം പ്രസക്തമായിരുന്നു എന്നതോ, അതിന് എന്തെങ്കിലും പ്രസക്തിയുണ്ടായിരുന്നോ എന്നതോ പോലും വാർത്തകളിൽ നിന്ന് വ്യക്തമല്ല.
⭕നമ്മൾ മറക്കാൻ സാധ്യതയുള്ള, എന്നാൽ ഓർക്കേണ്ട ഒരു കാര്യം ഗൂഗിൾ മാപ്പ് സാമാന്യബുദ്ധിയുള്ള ഒരു മനുഷ്യജീവിയല്ല എന്നതാണ്. സാങ്കേതികവിദ്യ പുരോഗമിക്കുന്തോറും നമ്മളക്കാര്യം മറക്കാനുള്ള സാധ്യതയും കൂടും എന്നത് വേറെ കാര്യം. മുൻകൂട്ടി നിശ്ചയിക്കപ്പെട്ട, ഘട്ടം-ഘട്ടമായി പ്രാവർത്തികമാക്കേണ്ട ചില നിർദ്ദേശങ്ങൾ (അതിനെ അൽഗോരിഥം എന്ന് വിളിക്കും) അനുസരിച്ച് മാത്രം പ്രവർത്തിക്കുന്ന, സാമാന്യബുദ്ധിയില്ലാത്ത ഒരു അടിമയാണ് ഗൂഗിൾ മാപ്പ്. അങ്ങനെയുള്ള ഒരു അടിമയെ നിങ്ങൾ ഒരു കടയിലേയ്ക്ക് ഒരു സാധനം വാങ്ങാൻ വിട്ടു എന്ന് കരുതുക. അതിനോട് കടയിലേയ്ക്ക് എത്താനും സാധനം വാങ്ങാനുമൊക്കെയുള്ള നിർദ്ദേശങ്ങൾ കൊടുത്തുവിടുന്നു. അവിടെ ചെല്ലുമ്പോൾ കട തുറന്നിട്ടില്ല എങ്കിലോ? അതവിടെ ഇടിച്ചുനിൽക്കും. ആ കട തുറക്കാത്ത പക്ഷം അടുത്ത കടയിൽ നിന്ന് വാങ്ങാനുള്ള നിർദ്ദേശം നിങ്ങൾ വേറെ കൊടുത്തിട്ടില്ല എങ്കിൽ അതിനിനി ഒന്നും ചെയ്യാനില്ല. ഇനി കട തുറന്നിട്ടുണ്ട്, പക്ഷേ നിങ്ങൾക്ക് വേണ്ട സാധനം സ്റ്റോക്കില്ല എങ്കിലോ? ഒരു മനുഷ്യനെ സംബന്ധിച്ച് അത് കട തുറക്കാത്തതിന് തുല്യമായ കാര്യമാണെങ്കിലും, നമ്മുടെ അടിമയ്ക്ക് അത് വേറെ തന്നെ കാര്യമാണ്. അതുകൊണ്ട് കടയിൽ സാധനം സ്റ്റോക്കില്ലെങ്കിൽ എന്ത് ചെയ്യണമെന്ന നിർദ്ദേശം മുൻകൂട്ടി കൊടുത്തിട്ടില്ല എങ്കിൽ അത് പിന്നേം മിഴിച്ചുനിൽക്കും. ചില ആളുകളെ കുറിച്ച് ഇത്തരം പരാതി കേൾക്കാറുണ്ട്; സ്വയം ആലോചിച്ച് ചെയ്യാനുള്ള ശേഷിയില്ല, എല്ലാക്കാര്യവും പറഞ്ഞുകൊടുക്കണം എന്ന്. പക്ഷേ അത്തരക്കാർ പോലും കടയിൽ നിന്ന് സാധനം കിട്ടാൻ മാർഗമില്ലെങ്കിൽ നിങ്ങളെ ഫോൺ വിളിച്ച് എന്ത് ചെയ്യണമെന്ന് ചോദിച്ചേക്കും. പക്ഷേ നമ്മുടെ കഥയിലെ അടിമ അത് ചെയ്യണമെങ്കിൽ, അതുപോലും നിങ്ങൾ മുൻകൂട്ടി തയ്യാറാക്കിയ നിർദ്ദേശത്തിൽ ഉൾപ്പെടുത്തണം. അതായത്, മറ്റ് നിർദ്ദേശങ്ങളൊന്നും പ്രായോഗികമല്ലെങ്കിൽ എന്നോട് ചോദിക്കുക എന്നത് കൂടി ഒരു നിർദ്ദേശമായി ആദ്യമേ പറയണം.
⭕ഗൂഗിൾ മാപ്പ് ഉപയോഗിക്കുമ്പോൾ ഇത്തരം ഒരു അടിമയാണ് കൈയിലിരിക്കുന്നത് എന്ന് തോന്നില്ല. കാരണം അതിന്റെ പിന്നിലുള്ള അൽഗോരിഥം അത്രമാത്രം ബുദ്ധിപൂർവമുള്ളതും വിശദമായതും ആണ്. ഒന്നും പൂജ്യവും മാത്രമടങ്ങിയ സംഖ്യകളുടെ രൂപത്തിൽ ദിശയും ദൂരവും സമയവും വേഗവുമൊക്കെ ഉള്ളിലേയ്ക്കെടുത്ത്, അതിനെ തലങ്ങും വിലങ്ങും കൂട്ടിക്കിഴിച്ച്, അതിൽ നിന്ന് ചിത്രവും ശബ്ദവുമൊക്കെ നിർമിച്ചെടുത്ത്, ഒരു മനുഷ്യനെപ്പോലെ നിങ്ങളോട് പെരുമാറാൻ അതിന് കഴിയും.
⭕അതിഭീമമായ അളവിലുള്ള ഡേറ്റയാണ് ഇതിന് പിന്നിൽ ഉൾപ്പെട്ടിട്ടുള്ളത്. വിവിധ സാറ്റലൈറ്റ് സർവീസുകളിൽ നിന്ന് കിട്ടുന്ന മാപ്പ് ഡേറ്റയാണ് അതിൽ പ്രധാനം. ലോകമെമ്പാടുമുള്ള ചെറിയ റോഡുകളെപ്പോലും ഉൾപ്പെടുത്തിയിട്ടുള്ള, സ്ട്രീറ്റ് വ്യൂ എന്ന പേരിൽ സ്ഥലങ്ങളുടെ യഥാർത്ഥ ഫോട്ടോകൾ കൂടിയ റെസല്യൂഷനിൽ ലഭ്യമാക്കിയിട്ടുള്ള ഈ പശ്ചാത്തലഡേറ്റയിലേയ്ക്കാണ് അതത് സമയത്തെ ട്രാഫിക്കിനെ സംബന്ധിച്ച റിയൽ-ടൈം ട്രാഫിക് ഡേറ്റ കൂടി ചേർക്കുന്നത്. നിങ്ങൾ ഒരു സ്ഥലത്തേയ്ക്ക് പോകാനുള്ള ഡയറക്ഷൻസ് അന്വേഷിക്കുമ്പോൾ അത് പല കാര്യങ്ങൾ പരിഗണിയ്ക്കും. നിങ്ങളുടെ സ്ഥലത്ത് നിന്ന് എത്തേണ്ട സ്ഥലത്തേയ്ക്കുള്ള അനേകം റൂട്ടുകളിൽ ഏറ്റവും ദൂരം കുറഞ്ഞ കുറച്ച് റൂട്ടുകൾ ഏതെന്ന് നോക്കുക, അവയിലോരോന്നിലൂടെയും കഴിഞ്ഞ കുറച്ചുകാലങ്ങളായുള്ള ട്രാഫിക് ഒഴുക്കിന്റെ വേഗത നോക്കി ഏറ്റവും ശരാശരി വേഗം സാധ്യമായത് തിരിച്ചറിയുക, റിയൽ-ടൈം ട്രാഫിക്കിൽ ഏറ്റവും പെട്ടെന്ന് വാഹനങ്ങൾ നീങ്ങുന്ന റൂട്ടേതെന്ന് നോക്കുക എന്നിങ്ങനെ പല പരിഗണനകൾ നടത്തിയാണ് ഏറ്റവും മികച്ച റൂട്ട് നിങ്ങൾക്കായി കാണിച്ചുതരുന്നത്.
⭕ഇപ്പറഞ്ഞ ഡേറ്റയിൽ ഞാനും നിങ്ങളും ഉൾപ്പെട്ട ഉപഭോക്താക്കൾ നല്ലൊരു പങ്ക് സംഭാവന ചെയ്യുന്നുണ്ട് എന്നതാണ് മറ്റൊരു കൗതുകം. മാപ്പ് ഉപയോഗിക്കുന്ന ഓരോ ഡിവൈസും അതിന്റെ സ്ഥാനവും വേഗതയും സദാസമയം ഗൂഗിളിന് പറഞ്ഞുകൊടുക്കുന്നുണ്ട് (മാപ്പ് ഉപയോഗിക്കാത്തപ്പോഴും മിക്കവാറും നിങ്ങളറിയാതെ നിങ്ങളുടെ ഫോൺ ഇത് ചെയ്യുന്നുണ്ടാകും). ഇതിൽ നിന്നാണ് ഒരു റോഡിലെ തത്സമയ ട്രാഫിക് സ്വഭാവം ഗൂഗിൾ ഊഹിച്ചെടുക്കുന്നത്. ഉദാഹരണത്തിന് ഒരു റോഡിൽ ഒരു പ്രത്യേക സ്ഥാനത്ത് വെച്ച് പെട്ടെന്ന്, അതുവരെ നീങ്ങിവന്ന ഡിവൈസുകൾ നിൽക്കുകയും പതിയെ വഴിമാറി നീങ്ങുകയും ചെയ്യുന്നുവെങ്കിൽ റോഡിൽ തടസ്സമുണ്ടെന്ന് മനസിലാക്കാമല്ലോ. റോഡിലെ ശരാശരി വേഗത പരിഗണിച്ച് റൂട്ടിനെ നീല, ഓറഞ്ച്, ചുവപ്പ് എന്നിങ്ങനെ പെട്ടെന്ന് തിരിച്ചറിയാവുന്ന വ്യത്യസ്തകളറുകളിൽ എടുത്തുകാണിക്കുന്നതും ശ്രദ്ധിച്ചിട്ടുണ്ടാകും. അതുപോലെ ട്രാഫിക് ഒഴുക്കിനെ സൂക്ഷ്മമായി വിശകലനം ചെയ്ത്, അടഞ്ഞ റോഡും സ്ലോ-മൂവിങ് ട്രാഫിക്കുമൊക്കെ സെൻസ് ചെയ്ത് നിങ്ങളെ റീ-റൂട്ട് ചെയ്ത് വിടാൻ മാപ്പിന്റെ അൽഗോരിഥത്തിന് കഴിയും. ഗൂഗിൾ സെർവറിലേയ്ക്ക് എത്തുന്നത് അസംഖ്യം ഡിവൈസുകളിൽ നിന്നുള്ള സ്ഥാനം, വേഗത തുടങ്ങിയ ഡേറ്റയാണെങ്കിലും അവയിൽ ഒരേ വണ്ടിയിൽ യാത്രചെയ്യുന്ന ഡിവൈസുകളേയും, ഒരേ ദിശയിൽ വ്യത്യസ്ത വണ്ടികളിൽ യാത്രചെയ്യുന്ന ഡിവൈസുകളേയുമൊക്കെ തിരിച്ചറിയുന്നതിന് പിന്നിൽ സൂക്ഷ്മമായ ഡേറ്റാവിശകലനം അടങ്ങിയിട്ടുണ്ട്. നിങ്ങളും കൂടിച്ചേർന്നാണ് ആ ഡേറ്റ സംഭാവന ചെയ്യുന്നത് എന്നേയുള്ളൂ. ഓട്ടോമാറ്റിക്കായി ഗൂഗിൾ ശേഖരിക്കുന്ന ഡേറ്റയ്ക്ക് പുറമേ, ഉപഭോക്താക്കൾക്ക് പുതിയ റോഡുകൾ ചേർക്കുന്നതിനും, തിരുത്തുന്നതിനും, ഫോട്ടോ ചേർക്കുന്നതിനും ഒക്കെ അവസരം തുറന്നുകൊടുക്കുന്നതിലൂടെ നമ്മളോരോരുത്തരുടേയും സംഭാവനകൾ ഗൂഗിൽ ഇതിലേയ്ക്ക് ഉപയോഗപ്പെടുത്തുന്നുമുണ്ട്.
⭕ഇനിയാണ് ഇതിലെ റിസ്കുകൾ തിരിച്ചറിയേണ്ടത്. പല ഉൾപ്രദേശങ്ങളിലേയും ഡേറ്റ ഉപഭോക്താക്കളിൽ നിന്നായിരിക്കും ഗൂഗിൾ ശേഖരിക്കുന്നത്. അതുവഴിയുള്ള ഗതാഗതം താരതമ്യേന കുറവായിരിക്കുമെന്നതിനാൽ വിശകലനം ചെയ്യാൻ ലഭ്യമായ ഡേറ്റയുടെ അളവും കുറവായിരിക്കും. അതുകൊണ്ട് തന്നെ മറ്റ് ഉപഭോക്താക്കൾ ചേർക്കുന്ന തിരുത്തലുകളും കുറയും. ഇതിന് പുറമേ സ്വയമറിയാതെ ഉപഭോക്താക്കൾ സംഭാവന ചെയ്യുന്ന തെറ്റായ ഡേറ്റ കടി ചേരുമ്പോൾ നാവിഗേഷനിലെ കൃത്യതയിൽ ചിലപ്പോൾ അപകടകരമായ പിഴവ് തന്നെ വന്നെന്ന് വരാം. ഒരു ഉദാഹരണമെടുക്കാം. ഒരു ഉൾപ്രദേശത്ത് ഒരാൾ ഒരു റോഡ് കൂട്ടിച്ചേർക്കുന്നു. മറ്റ് കുറച്ചുപേർ ആ റോഡിലൂടെ മാപ്പ് ഉയോഗിച്ച് യാത്ര ചെയ്യുന്നു. പക്ഷേ ഒരു ഡയറക്ഷൻ തിരയുമ്പോൾ ബൈക്ക്, കാറ്, കാൽനട എന്നിങ്ങനെ പല ഓപ്ഷനുകൾ ഉള്ളകാര്യം പലരും ശ്രദ്ധിക്കാറില്ല. ഏതായാലും സ്ഥലത്തെത്തിയാൽ പോരേ എന്നാകും മിക്കവരും ചിന്തിക്കുന്നത്. പക്ഷേ ഒരു കാര്യം ഓർക്കണം, സഞ്ചരിക്കുന്ന ഒരു ഡിവൈസിനെ സംബന്ധിച്ച ഡേറ്റ മാത്രമാണ് ഗൂഗിളിന് കിട്ടുന്നത്. അത് കാറിലാണോ ബൈക്കിലാണോ എന്നതവിടെ അറിയുന്നില്ല. നിങ്ങൾ കാറിന്റെ ഓപ്ഷനിലൂടെ (ആപ്പ് തുറക്കുമ്പോൾ അതാകും മിക്കാവാറും ഡീഫോൾട്ടായി ഉണ്ടാകുക) ബൈക്കുപയോഗിച്ച് നല്ല സുഗമമായി യാത്ര ചെയ്താൽ സെർവർ മനസിലാക്കുന്നത് ടി റോഡിലൂടെ ഒരു കാറിന് സുഗമമായി പോകാം എന്നാണ്. അങ്ങനെ കുറേപേർ ബൈക്കുപയോഗിച്ച് ഒരു കുടുസ്സുവഴിയിലൂടെ യാത്ര ചെയ്താൽ ഒരു കാറിനെ വഴിതെറ്റിച്ച് അതുവഴി കൊണ്ടുകയറ്റാനുള്ള കാരണം റെഡി! അബദ്ധം പറ്റുന്നവർക്ക് അത് റിപ്പോർട്ട് ചെയ്യാനുള്ള ഓപ്ഷനുണ്ടെങ്കിലും അതുപയോഗിക്കുന്നവർ കുറവാണ് എന്നതുകൊണ്ട് തന്നെ മിക്കപ്പോഴും ഇത് ആവർത്തിക്കപ്പെടുകയും ചെയ്യും.
⭕സ്വന്തം നാട്ടിലെ വഴിയെന്ന ഓമനത്തം കൊണ്ട് 'കള്ളുഷാപ്പിന്റെ അടുത്തൂടിയുള്ള ഊടുവഴി' വരെ മാപ്പിൽ റോഡായി മാർക്ക് ചെയ്യുന്ന പരിപാടി ഒഴിവാക്കുക, കാറിന്റെ ഓപ്ഷനുപയോഗിച്ച് ബൈക്കിൽ പോകാതെ ശ്രദ്ധിക്കുക, അബദ്ധം പറ്റിയാൽ അത് ഉടനെ റിപ്പോർട്ട് ചെയ്യുക തുടങ്ങിയവയിലൂടെ നമുക്ക് തന്നെ ഈ സേവനം കൂടുതൽ കാര്യക്ഷമമാക്കാൻ സാധിയ്ക്കും.
⭕ചുരുക്കത്തിൽ ഇത്തരം കാര്യങ്ങൾ അറിഞ്ഞിരിക്കുകയും, എല്ലാം മുകളിൽ നിന്ന് കാണുന്നൊരു സർവസാക്ഷിയായി 'ഗൂഗിളാന്റി'യെ കണക്കാക്കാതിരിക്കുകയും ചെയ്താൽ അബദ്ധങ്ങൾ പരമാവധി ഒഴിവാക്കാം. നമ്മളെ നാവിഗേഷനിൽ സഹായിക്കുന്ന ഒരു യന്ത്രമായി മാത്രം ഗൂഗിൾ മാപ്പിനെ കാണുക. അല്ലാതെ ഗൂഗിൾ മാപ്പ് പറയുന്നതെല്ലാം അനുസരിച്ച് അതുപോലെ പ്രവർത്തിക്കുന്ന യന്ത്രമായി നമ്മൾ മാറാതിരിക്കുക.