സൗരയൂഥത്തിന്റെ രൂപീകരണം

Simple Science Technology

സൗരയൂഥത്തിന്റെ രൂപീകരണം. 

സൗരയൂഥത്തിന്റെ രൂപീകരണത്തെപ്പറ്റി സാമാന്യേന അംഗീകരിക്കപ്പെട്ട സിദ്ധാന്തം സൗരവാതകപടലസിദ്ധാന്തമാണ്(Solar Nebula Hypothesis).

ഇതനുസരിച്ച് സൗരയൂഥത്തിന്റെ ഉറവിടം താരാപഥങ്ങൾക്കിടയിലെ ശൂന്യസ്ഥലിയിൽ ചുറ്റിക്കറങ്ങിക്കൊണ്ടിരുന്ന പൊടിപടലങ്ങളും വാതകങ്ങളുമടങ്ങിയ ഒരു വമ്പൻ സൗരവാതകമേഘത്തിൽ നിന്നാണ്. 1380 കോടി വർഷങ്ങൾക്കു മുമ്പ് നടന്ന മഹാവിസ്ഫോടനത്തിൽ നിന്നുണ്ടായ ഹൈഡ്രജനും ഹീലിയവും പിന്നെ താരവിസ്ഫോടനങ്ങളിൽ നിന്നുണ്ടാകുന്ന ഘനവസ്തുക്കളും ആണ് അതിലുണ്ടായിരുന്നത്.

ഏതാണ്ട് 450 കോടി വർഷങ്ങൾക്കു മുൻപ് ഈ വാതകപടലം - സമീപത്തുണ്ടായ ഒരു താരവിസ്ഫോടനത്തിന്റെ(Super Nova) ശക്തിയാലെന്നു കരുതപ്പെടുന്നു – സങ്കോചിക്കാനും ചുറ്റിത്തിരിയാനും തുടങ്ങി. അതിന്റെ വേഗം കൂടിവന്നതോടേ വർദ്ധിച്ചുവന്ന ഗുരുത്വാകർഷണവും മറ്റു ബലങ്ങളും കാരണം ഈ വാതകപടലം അതിന്റെ ഭ്രമണാക്ഷത്തിന്ന് ലംബമായി വൃത്താകൃതിയിൽ, ഒരു തട്ടിന്റെ രൂപത്തിൽ, മണ്ഡലാകൃതി സ്വീകരിച്ചാണ് തിരിഞ്ഞിരുന്നത്. ഈ ആദിമഗ്രഹപടലത്തിനകത്ത് സൂക്ഷ്മകണികകൾ തമ്മിൽ തുടർച്ചയായുണ്ടായ കൂട്ടിമുട്ടലുകളിലൂടെ, അവയെല്ലാം ഉരുകിച്ചേർന്ന് കിലോമീറ്ററുകൾ മാത്രം വ്യാസമുള്ള ആദിമഗ്രഹങ്ങൾ ഉണ്ടാകുകയും അവ വാതകപടലത്തിന്റെ കേന്ദ്രത്തെ ചുറ്റിത്തിരിയാൻ തുടങ്ങുകയും ചെയ്തു.

ഈ ആദിമഗ്രഹപടലത്തിന്റെ കേന്ദ്രത്തിൽ ആൻഗുലർ മോമെന്റം വളരെ കുറവായിരുന്നതുകൊണ്ട് വർദ്ധമാനമായ തോതിൽ വാതകകേന്ദ്രീകരണം നടക്കുകയും തുടർന്നുണ്ടായ വർദ്ധിച്ച താപനിലയും മർദ്ദവും കാരണം ഹൈഡ്രജൻ അണുതലത്തിൽ ഉരുകിച്ചേർന്ന് ഹീലിയം ഉണ്ടാകാൻ തുടങ്ങുകയും ചെയ്തു. ഈ ഭാഗം കൂടുതൽ സങ്കോചിക്കാനിടവരികയും ടി ടൗറി ഗണത്തിൽപ്പെട്ട ഒരു നക്ഷത്രം അവിടെ രൂപം കൊള്ളുകയും ചെയ്തു. ഇതാണ് പിന്നീട് നമ്മുടെ ഇന്നത്തെ സൂര്യനായി രൂപാന്തരം പ്രാപിച്ചത്. അതിനിടെ ഗുരുത്വാകർഷണം കാരണം വാതകപടലം അതിന്റെ കേന്ദ്രത്തിന്നു പുറത്ത് അനേകം വളയങ്ങളായി മാറിയിരുന്നു. ഈ വളയങ്ങളിലെ ആദിമഗ്രഹങ്ങൾ തമ്മിൽ കൂട്ടിമുട്ടി അവ തമ്മിൽ അടിഞ്ഞുകൂടിയാണ് പിന്നീട് ഇന്നത്തെ ഗ്രഹങ്ങൾ ഉണ്ടായത് .ഇക്കൂട്ടത്തിലാണ് 454 കോടി വർഷങ്ങൾക്കു മുമ്പ് ഭൂമിയും സഞ്ചയിക്കപ്പെടുന്നത്. അതിന്റെ പൂർത്തീകരണത്തിന്ന് ഒന്നോ രണ്ടോ കോടി വർഷങ്ങൾ എടുത്തിട്ടുണ്ടാകണം. വാതകപടലത്തിന്റെ, ഘനീഭവിച്ചുരുകിച്ചേർന്ന് വലിയ വസ്തുക്കളാകാതെ നിന്ന ഭാഗങ്ങളൊക്കെ പിന്നീട് സൗരവാതത്തിന്റെ ശക്തിയിൽ സൗരയൂഥത്തിൽനിന്നുതന്നെ തൂത്തെറിയപ്പെട്ടു.പ്രപഞ്ചത്തിൽ പുതുതായുണ്ടാകുന്ന നക്ഷത്രങ്ങൾക്കു ചുറ്റും ഇതുപോലുള്ള അടിഞ്ഞുകൂടൽ പ്രക്രിയ വഴി സഞ്ചയിതമണ്ഡലങ്ങൾ(Accretion Disks) രൂപം കൊള്ളുന്നുണ്ടെന്നും അവയിൽ ഗ്രഹങ്ങൾ ജന്മമെടുക്കുന്നുണ്ടെന്നുമാണ് ശാസ്ത്രലോകം കണക്കാക്കുന്നത്.

ആദിമഭൂമി ഇങ്ങനെ അടിഞ്ഞുകൂടൽ വഴി വലുതായി വന്നു. ഇരുമ്പുമായി ചേർന്ന് ഖരരൂപത്തിലോ ദ്രവരൂപത്തിലോ ഉള്ള ലായനികൾ സൃഷ്ടിക്കാൻ കഴിവുള്ള, ഉയർന്ന സാന്ദ്രതയുള്ള ലോഹങ്ങൾ (siderophile metals) ഉരുകിച്ചേരാനാവശ്യമായ താപനില സമാർജ്ജിക്കും വരെ - അവ അങ്ങനെ ലായനികളായി ഇരുമ്പിനൊപ്പം ഭൂമിയുടെ കേന്ദ്രത്തിലേക്ക് മുങ്ങിത്താണുപോകാൻ സദ്ധ്യതയുണ്ടായിരുന്നു - ഈ സഞ്ചയനം തുടർന്നു. അതോടെ, ഇരുമ്പടക്കം, അവയൊക്കെ, ഭാരം കൂടിയതുകാരണം, ഭൂമിയുടെ അടിത്തട്ടിലേക്ക് താണുപോയി. അയോദുരന്തം(Iron Catastrophe) എന്നു വിളിക്കുന്ന ഈ സംഭവം ഭൂമിക്ക് ലോഹസമ്പുഷ്ടമായ ഒരു കേന്ദ്രഭാഗവും (Core) സിലിക്കേറ്റുകൾ നിറഞ്ഞ ഒരു പുറംഭാഗവും(Proto Mantle) ഉണ്ടാകുന്നതിൽ കലാശിച്ചു. ഇതുണ്ടായത് ഭൂമി രൂപംകൊള്ളാൻ തുടങ്ങി ഒരു കോടി വർഷങ്ങൾക്കുള്ളിലാണ്. അതോടെ തട്ടുകളായുള്ള ഒരു ഘടനയും ഒരു കാന്തികമണ്ഡലവും ഭൂമിക്ക് ലഭ്യമാകുകയും ചെയ്തു.

ഇന്ന് ഈ കേന്ദ്രഭാഗത്തിന്റെ ഏറ്റവും ഉള്ളിലെ ഭാഗം തണുത്ത ഖരരൂപത്തിലും അതിന്നു പുറത്തെ ഭാഗം ഉരുകിയ ദ്രവരൂപത്തിലുമാണ്. തണുത്തുകൊണ്ടിരിക്കുന്ന (ഓരോ നൂറുകോടി വർഷങ്ങൾ തോറും 100 ഡിഗ്രി സെല്ഷ്യസ് എന്ന തോതിൽ)ഈ ആന്തരികകേന്ദ്രഭാഗം ദ്രവരൂപത്തിൽ തിളച്ചുകിടക്കുന്ന ബഹിർഭാഗത്തിലേക്ക് വളർന്നുവരികയാണെന്നൊരു സിദ്ധാന്തം ജെ.എ. ജേക്കബ്സ് എന്ന ശാസ്ത്രജ്ഞൻ മുന്നോട്ട് വച്ചിട്ടുമുണ്ട്.