മൂക്കിന്റെ അലർജി

Simple Science Technology

മൂക്കിന്റെ അലർജി !

✍ഡോ. വിനോദ് ബി. നായർ ENT


പ്രധാനമായും മനുഷ്യന് മൂന്നു ഭാഗത്താണ് അലർജി ഉണ്ടാകുന്നത്. മൂക്കിന്റെ അലർജി, ശ്വാസകോശത്തിലെ അലർജി അഥവാ ആസ്ത്മ, ത്വക്ക് അലർജി. ഇതിൽ തന്നെ ഏറ്റവുമധികം കാണപ്പെടുന്നത് മൂക്കിന്റെ അലർജിയാണ്. നമ്മുടെ ജനസംഖ്യയിൽ ഏകദേശം 30 മുതൽ 40 ശതമാനം പേരിലും ഈ രോഗം കാണപ്പെടുന്നു. മൂക്കിലെ അലർജി ഉള്ളവരിൽ 70 മുതൽ 80 ശതമാനത്തിനും ആസ്മ വരുവാനുള്ള സാധ്യത വളരെയധികമാണ്. മൂക്കിന്റെ അലർജിയും ആസ്ത്മയും തമ്മിലുള്ള ബന്ധം ഇന്ന് ശാസ്ത്രീയമായി വളരെ വ്യക്തമാണ്. കേരളത്തിൽ ഒന്നരക്കോടിയോളം അലർജി രോഗികളുണ്ട് എന്ന് കണക്കാക്കപ്പെടുന്നു.

ഞാൻ ഇനി പറയാൻ പോകുന്നത് മൂക്കിന്റെ അലർജിയെക്കുറിച്ചാണ്. കൂട്ടത്തിൽ ആസ്ത്മയേക്കുറിച്ചും സൂചിപ്പിക്കാം. കാരണം മൂക്കിന്റെ അലർജിയും ആസ്ത്മയും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട് എന്നും ആസ്ത്മ വരാതിരിക്കണമെങ്കിൽ മൂക്കിലെ അലർജി യഥാസമയം ചികിത്സിക്കണം എന്നുമാണ് ശാസ്ത്രം പറയുന്നത്.

പൊതുവേ കേരളത്തിലെ ഇഎൻടി ഡോക്ടർമാർ ഏതു വസ്തുവിനാണ് അലർജി എന്ന് കണ്ടുപിടിക്കുന്ന ടെസ്റ്റുകളിൽ വിശ്വസിക്കുന്നില്ല എന്നുള്ളതാണ് സത്യം. കാരണം ഏതെങ്കിലും ഒരു പ്രത്യേക വസ്തു മാത്രമായിട്ട് മൂക്കിന്റെ അലർജി ഉണ്ടാകണമെന്നില്ല. അഥവാ കണ്ടുപിടിച്ചാൽ തന്നെ അവ ഒഴിവാക്കുവാൻ നമ്മുടെ സ്ഥിതിയിൽ പ്രായോഗികമല്ലതാനും. ഇനി ഏതെങ്കിലും ഒരു പ്രത്യേക വസ്തുവിനോട് അലർജി ശ്രദ്ധയിൽ പെടുകയാണെങ്കിൽ അവ ഒഴിവാക്കുന്നതാണ് അഭികാമ്യം. ഇനി കണ്ടു പിടിക്കപ്പെടുന്ന വസ്തുക്കൾക്ക് മാത്രമേ അലർജിയുള്ളൂ എന്നും അർത്ഥമില്ല.

മൂക്കിന്റെ അലർജി ചികിത്സിക്കുവാൻ ഗുളികകൾ, മൂക്കിനകത്ത് അടിക്കുന്ന സ്പ്രേ, മറ്റുചില ജീവിതശൈലി മാറ്റങ്ങൾ എന്നിവയൊക്കെയാണ് പ്രധാനമായും വേണ്ടത്. കൂട്ടത്തിൽ അണുബാധ ഉണ്ടെങ്കിൽ കൃത്യമായി ചികിത്സിക്കുകയും വേണം. അണുബാധ കൃത്യമായി ചികിത്സിക്കാതെ മൂക്കിന്റെ അലർജിയുടെ ചികിത്സ സാധ്യമല്ല. സാധാരണഗതിയിൽ കാണപ്പെടുന്ന ഒരു അബദ്ധം മൂക്കിന്റെ അണുബാധ ചികിത്സിക്കാതെ അലർജിയുടെ ചികിത്സ തുടങ്ങുന്നതാണ്. എപ്പോഴും മൂക്കിന്റെ ഒരു അണുബാധയുണ്ടോ എന്നറിയുവാൻ ഒരു ENT ഡോക്ടർക്ക് മാത്രമേ സാധിക്കുകയുള്ളൂ. അതാണ് ഒരു ENT ഡോക്ടർക്ക് മൂക്കിന്റെ അലർജി ചികിത്സിക്കുന്നതിലുള്ള എക്സ്ട്രാ അഡ്വാൻറ്റേജ്.

ഇമ്മ്യൂണോ തെറാപ്പി എന്ന ശാസ്ത്ര ശാഖയ്ക്ക് മറ്റ് മാർഗങ്ങൾ ഫലപ്രദം അല്ലാതെ വരുമ്പോൾ മാത്രമാണ് പ്രസക്തി. പക്ഷേ സാധാരണ മാർഗങ്ങൾ കൊണ്ട് നിയന്ത്രിക്കാൻ പറ്റാത്ത രോഗിയ്ക്കാണ് ഇതിനുപ്രസക്തി. ഇങ്ങനെ ഒരാളിനെ ഞാനെന്റെ കഴിഞ്ഞ ഇരുപത്തിനാലു വർഷത്തെ മെഡിക്കൽ പ്രാക്ടീസിടയിൽ കണ്ടിട്ടില്ല എന്നുള്ളതാണ് സത്യം. അതുകൊണ്ടുതന്നെ ഇമ്യൂണോ തെറാപ്പിയ്ക്കായി ഇതുവരെ ഒരാളെയും ഞാനായിട്ട് പറഞ്ഞു വിട്ടിട്ടില്ല.

മൂക്കിന്റേയും ശ്വാസകോശത്തിന്റേയും അലർജി സമയത്ത് ചികിത്സിച്ചില്ലെങ്കിൽ, അത് കൂടിക്കൂടി വരികയും ഗുരുതരമായ കോംപ്ലിക്കേഷനുകൾ ഉണ്ടാക്കുകയും ചെയ്യും എന്നുള്ള സത്യം നാം തിരിച്ചറിയണം. കണ്ണിന്റേയും അലർജി ചികിത്സയ്ക്കണമെന്നുണ്ടെങ്കിൽ മൂക്കിലെ അലർജി അതിന്റെ കൂടെ കൃത്യമായി ചികിത്സിക്കണം. ശരീരത്തിന്റെ ഒരു ഭാഗത്ത് ഉണ്ടാക്കുന്ന അലർജി ഇമ്മ്യൂൺ റസ്പോൺസ്, മറ്റുഭാഗങ്ങളിലും അലർജി പ്രശ്നം ഉണ്ടാകും എന്നുള്ള ശാസ്ത്ര സത്യം നാം തിരിച്ചറിയാതെ പോകരുത്. രോഗിയെ വേണം ചികിത്സിക്കാൻ. രോഗിയുടെ ഒരു ഭാഗത്തെ മാത്രമായി ചികിത്സിക്കുന്നത് ഫലം ചെയ്യില്ല.