ബി സി ജി വാക്സിൻ

Simple Science Technology

ബിസിജി വാക്സിൻ 


ലോകത്ത് ഏറ്റവുമധികം മനുഷ്യജീവനുകള്‍ രക്ഷിച്ച വാക്സിനുകളിലൊന്നാണ്

ബിസിജി വാക്സിന്‍.ഓരോ വര്‍ഷവും കോടിക്കണക്കിനു കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്ന ഈ വാക്സിന്‍ എടുത്തതിന്റെ ഭാഗമായി ഉണ്ടായതാണ് നമ്മുടെ ഇടതു കയ്യുടെ മുകള്‍ഭാഗത്ത് കാണുന്ന അടയാളം. ബിസിജി വാക്സിനിലെ 'ജി' Jean-Marie Guérin എന്ന പേരിനെ കുറിക്കുന്നതാണ്. 

സൂക്ഷ്മാണു ഗവേഷണത്തിലേക്ക് തിരിഞ്ഞ മെഡിക്കല്‍ ഡോക്ടറായ Robert Calmetteഉം, വെറ്ററിനറി ഡോക്ടറായിരുന്ന ജീന്‍ മേരി 

ഗ്യൂറിനും ചേര്‍ന്നാണ് ബിസിജി വാക്സിന്‍ കണ്ടുപിടിക്കുന്നത്. പത്താം വയസില്‍ അച്ഛനെ നഷ്ട്ടപ്പെട്ട ഗ്യൂറിന്‍, വെറ്ററിനറി സര്‍ജനായിരുന്ന രണ്ടാനച്ഛനെ കണ്ടാണ്‌ വെറ്ററിനറി പഠനത്തിനായി ചേരുന്നത്. രക്തത്തില്‍നിന്ന് സിറം വേര്‍തിരിക്കാനുള്ള രീതിയും, Nocardia അടക്കം നിരവധി ബാക്റ്റീരിയകളെയും, വലിയ മൃഗങ്ങളില്‍ ക്ലോരാല്‍ ഹൈഡ്രറ്റ് അനസ്തീഷ്യയുമടക്കമുള്ള കണ്ടെത്തലുകള്‍ നടത്തിയ, ലൂയിസ് പാസ്ച്ചറിന്റെ പ്രിയ ശിഷ്യന്‍ കൂടിയായ, എഡ്മണ്ട് നൊകാർഡ് ആയിരുന്നു വെറ്ററിനറി സ്കൂളിന്റെ ഡയറക്ടര്‍. അവിടെ ലൂയിസ് പാസ്ച്ചറുടെ എഴുപതാം ജന്മദിനാഘോഷ ചടങ്ങില്‍ ഫ്രഞ്ച് പ്രസിഡന്റും, പ്രശസ്ത ശാസ്ത്രജ്ഞരുമൊക്കെ നടത്തിയ അനുസ്മരണ പ്രസംഗങ്ങളാണ് സൂക്ഷ്മാണു ശാസ്ത്ര ഗവേഷകനാകാന്‍ ഗ്യൂറിനെ പ്രേരിപ്പിക്കുന്നത്. പഠനകാലത്തു തന്നെ വെറ്ററിനറി ലാബുകളില്‍നിന്നുള്ള സാമ്പിളുകള്‍ പാസ്ച്ചര്‍ ഇൻസ്റ്റിറ്റ്യൂട്ടില്‍ എത്തിക്കുന്ന ചുമതല സ്വമേധയാ ഏറ്റെടുത്ത ഗ്യൂറിന്‍ പഠനം പൂര്‍ത്തിയാക്കിയ ഉടന്‍ അവിടെ ഗവേഷണ സഹായിയായി ജോലിയാരംഭിച്ചു.

വിഷപ്പാമ്പുകള്‍ക്കെതിരെ ആദ്യമായി പ്രതിവിഷം കണ്ടുപിടിച്ച, മെഡിക്കല്‍ ഡോക്ടര്‍ കൂടിയായിരുന്ന കാൽമെറ്റിനു കീഴിലായിരുന്നു ഗ്യൂറിന്റെ ഗവേഷണ ജീവിതം ആരംഭിച്ചത്. പ്രതിവിഷം, വസൂരി വാക്സിന്‍ മേഖലകളിലെ ഗവേഷണത്തിനു ശേഷമാണ് ഇരുവരും ക്ഷയരോഗത്തിനുള്ള വാക്സിന്‍ ജീവിതലക്ഷ്യമായി സ്വീകരിച്ചത്. 

വസൂരി രോഗത്തിന് പശു പോക്സ് വാക്സിന്‍ കൊടുത്തതു പോലെ പശുക്കളിലെ ക്ഷയരോഗാണുക്കളെ വാക്സിന്‍ ആയി നല്‍കാനുള്ള അതിനു മുമ്പുള്ള ശ്രമങ്ങളെല്ലാം ഗുരുതരമായ രോഗബാധയിലാണ് കലാശിച്ചിരുന്നത്. പശുക്കളിലെ ക്ഷയരോഗാണുക്കളെ നിരന്തരമായി ലബോറട്ടറി മീഡിയയില്‍ വളര്‍ത്തി, രോഗശേഷി പൂര്‍ണമായും ഇല്ലാതാക്കുക എന്നതായിരുന്നു ആശയം. വ്യത്യസ്ത കള്‍ച്ചര്‍ മീഡിയകളില്‍ വ്യത്യസ്ത സാഹചര്യങ്ങളില്‍ ബാക്റ്റീരിയയെ വളര്‍ത്തി. പതിമൂന്നു വര്‍ഷത്തെ കഠിന പ്രയത്നത്തിനു ശേഷം സുരക്ഷിതമായ ബിസിജി വാക്സിന്‍ (Bacillus Calmette–Guérin vaccine) നിർമിക്കപ്പെട്ടു.

1921ല്‍ ആദ്യമായി പരീക്ഷിക്കപ്പെട്ട വാക്സിന്‍ പിന്നീട് ഭൂരിപക്ഷം രാജ്യങ്ങളിലും നവജാത ശിശുക്കള്‍ക്ക് നിര്‍ബന്ധമായും നല്‍കേണ്ട വാക്സിനായി മാറി. കോടിക്കണക്കിനു കുഞ്ഞുങ്ങളെ ഗുരുതരമായ ശൈശവ ക്ഷയരോഗത്തില്‍നിന്നും ഈ വാക്സിന്‍ രക്ഷപ്പെടുത്തിയിട്ടുണ്ട്. ക്ഷയരോഗം കൂടാതെ ഭാഗികമായി മന്ത് രോഗത്തിനെതിരെയും, മൂത്രാശയ ക്യാന്‍സര്‍ ചികിത്സയിലും ബിസിജി വാക്സിന്‍ ഉപയോഗിക്കുന്നുണ്ട്. പ്രതിരോധ സംവിധാനത്തെ ഫലപ്രദമായി ഉത്തേജിപ്പിക്കാന്‍ കഴിവുള്ളവയാണ് ക്ഷയരോഗാണുക്കളുടെ കോശഭിത്തിയിലെ മൈക്കൊളിക് ആസിഡുകള്‍. അതുകൊണ്ടു തന്നെ മറ്റു ചില രോഗാണുക്കള്‍ക്കെതിരെയും ബിസിജി വാക്സിന്‍ ഫലപ്രദമാണെന്ന റിപ്പോര്‍ട്ടുകളുണ്ട്.