SAAS എന്ന സാങ്കേതിക വിദ്യ
ഇപ്പോൾ എവിടേയും ചർച്ചാ വിഷയമായ ഡേറ്റാ കൈമാറ്റത്തിലെ SAAS എന്ന സാങ്കേതിക വിദ്യ പരിചയപ്പെടാം
✍️ രാഹുല്‍ കെ.
⭕ എന്നും രാവിലെ എഴുന്നേറ്റ് 1 മണിക്കൂർ ദൂരെ ഉള്ള ജോലിസ്ഥലത്തേക്ക് പോവേണ്ട ഒരാൾ ആണ് നിങ്ങൾ എന്നു കരുതുക. യാത്രയ്ക്ക് എന്തൊക്കെ ആണ് നിങ്ങളുടെ ഓപ്‌ഷന്‍?
ഒന്നു പരിശോധിക്കാം ,
1.സ്വന്തമായി ഒരു കാർ വാങ്ങുക.
♦️ജോലിസ്ഥലത്തേക്ക് കാറോടിച്ചു പോവുക. – ഇതിനു വേണ്ടി നിങ്ങൾ കാറിനു കാശുമുടക്കണം, പെട്രോൾ അടിക്കണം, കാറിന്റെ ഇൻഷുറൻസ് അടക്കണം, വർഷാവർഷം സർവീസ് ചെയ്യണം, അതൊന്നും കൂടാതെ നിങ്ങൾക്ക് നന്നായി കാർ ഓടിക്കാൻ അറിയുകയും വേണം. കാർ വർക് ഷോപ്പിൽ ആയാൽ കുറച്ചു ദിവസം നിങ്ങളുടെ യാത്ര മുടങ്ങുകയും ചെയ്യും.
2.ഒരു കാർ വാടകയ്ക്ക് എടുക്കുക. -
♦️മറ്റ് ചിലവുകൾ ഇല്ല. ദിവസം വാടക ആയി ഒരു തുക കൊടുക്കണം എന്നു മാത്രം. അപ്പോഴും നിങ്ങൾ ഒരു നല്ല ഡ്രൈവർ ആയിരിക്കണം.
3.ഒരു ടാക്‌സി വിളിക്കുക. -
♦️എവിടെ പോവണം എന്നു ഡ്രൈവർക്ക് വഴി പറഞ്ഞു കൊടുക്കുക.
4.മറ്റുള്ളവരുടെ കൂടെ ആ റൂട്ടിൽ ഓടുന്ന ബസിൽ കയറുക. -
♦️നിങ്ങൾക്ക് ഇറങ്ങേണ്ടുന്ന ഇടത്ത് ഇറങ്ങുക.
⭕ചോയ്സ് ഒന്നിൽ നിന്ന് നാലിലേക്ക് എത്തുമ്പോൾ നിങ്ങൾക്കുണ്ടാവുന്ന ചിലവുകളും ബാധ്യതകളും കുറഞ്ഞു വരുന്നതായി ശ്രദ്ധിച്ചു കാണുമല്ലോ.
⭕ നിങ്ങൾക്കുള്ള ഈ നാലു ചോയിസുകളെ സോഫ്റ്റ്‌വെയർ മേഖലയിലെ സർവീസും ആയി ബന്ധപ്പെടുത്തിയാൽ ഗണനക്രമത്തിൽ താഴെ ഉള്ള പേരുകൾ ഇട്ട് വിളിക്കാം.
♦️On Premise Solution
IaaS (Infrastructure as a service)
♦️PaaS (Platform as a service)
♦️SaaS (Software as a service)
⭕ IaaS,PaaS, SaaS എന്നിവ സോഫ്റ്റ്‌വെയർ മേഖലയിലെ ക്ലൗഡ് സർവീസുകൾ നല്കുന്നതിലേ മൂന്ന് രീതികൾ ആണെന്ന് പറയാം.
⭕ ഇതിൽ SaaS ആണ് ഇപ്പോഴുള്ള ചർച്ചകളിലെ മുഖ്യകേന്ദ്രം. SaaS നെ കുറിച്ച് സംസാരിക്കുന്നതിനു മുൻപ് സെർവർ, ക്ലൗഡ് തുടങ്ങിയ സാങ്കേതിക പദങ്ങളും ആയി ബന്ധമില്ലാത്തവർക്ക് വേണ്ടി അവയെന്താണെന്നു വളരെ ലളിതമായി ഒന്നു പറഞ്ഞു വെക്കാം.
⭕സെർവർ എന്നാൽ ഒരു വലിയ കമ്പ്യൂട്ടർ ആയി സങ്കല്പിച്ചാൽ മതി ആകും. നിങ്ങളുടെ വീട്ടിലെ കമ്പ്യൂട്ടർ നേക്കാൾ പ്രവർത്തന ക്ഷമതയും, സംഭരണശേഷിയും സുരക്ഷാ ക്രമീകരണങ്ങളും ഉള്ള ഒരു കമ്പ്യൂട്ടർ.
⭕ അങ്ങനെ എങ്കിൽ ക്ലൗഡ് എന്നു പറയുന്നത്- ഈ സെർവറുകളുടെ ശൃംഖലയും അതിനെ കൈകാര്യം ചെയ്യാനുള്ള പ്രോഗ്രാമുകളുടെ കൂട്ടവും ആണെന്ന് പറയാം. സെർവറിലേക്കുള്ള ട്രാഫിക്ക് റൂട്ട് ചെയ്യുക, ബാലൻസ് ചെയ്യുക, വിവരങ്ങൾ ബാക്കപ്പ് ചെയ്യുക, ഹാക്കർമാരുടെ ആക്രമണം ചെറുക്കുക , സെർവറിന്റെ യഥാർത്ഥ അഡ്രസ് മറച്ചു വെക്കുക എന്നിവ ക്ലൗഡിന്റെ ഭാഗമായുള്ള പ്രോഗ്രാമുകൾ നിർവഹിക്കുന്ന ചില സേവനങ്ങൾ ആണ്. ക്ലൗഡ് സേവനങ്ങൾ നൽകുന്നതിൽ എടുത്തു പറയാവുന്ന പേരാണ് ആമസോണ്‍.
⭕ SaaS നെ കുറിച്ചു ഇനി കൂടുതൽ അടുത്തു നിൽക്കുന്ന മറ്റൊരു ഉദാഹരണത്തിലൂടെ വ്യക്തമാക്കുന്നത് ആയിരിക്കും നല്ലത്.
നിങ്ങളൊരു ചെറിയ ഹോട്ടലുടമ ആണെന്നിരിക്കട്ടെ. നിങ്ങളുടെ ദൈനംദിന വ്യവഹാരങ്ങൾ എളുപ്പമാക്കാൻ ഒരു ബില്ലിംഗ് സോഫ്റ്റ്‌വെയർ സഹായിക്കും. സോഫ്റ്റ്‌വെയർ വില കൊടുത്തു വാങ്ങുന്നു, ആ സോഫ്റ്റ്‌വെയർ കടയിൽ ഉള്ള കമ്പ്യൂട്ടറിൽ ഇൻസ്റ്റാൾ ചെയ്യുന്നു.
⭕ നിങ്ങളുടെ ബില്ലിംഗ് വിവരങ്ങൾ എല്ലാം ആ കമ്പ്യൂട്ടറിലെ സ്റ്റോറേജിൽ സൂക്ഷിക്കാം. ഇതെല്ലാം ചെയ്യാൻ നിങ്ങൾ ഉപയോഗിച്ചത് നിങ്ങളുടെ കംപ്യൂട്ടറിലെ ഓപ്പറേറ്റിംഗ് സിസ്റ്റവും , ഹാർഡ് ഡിസ്കും , നിങ്ങൾ വാങ്ങിയ സോഫ്റ്റ്‌വെയറൂം ഒക്കെ ആണ്. കാര്യം സിംപിൾ ആണെങ്കിലും ഈ ഒരു കാര്യം ചെയ്യാൻ നിങ്ങൾ നടത്തിയ മുതക്കുമുടലിൽ കമ്പ്യൂട്ടർ മേടിക്കാൻ ഉപയോഗിച്ച തുക, വിൻഡോസ് ഓപറേറ്റിംഗ് സിസ്റ്റം ആണെങ്കിൽ അതിന്റെ ലൈസൻസ് തുക, കംപ്യൂട്ടറിലെ ആന്റിവൈറസ് സോഫ്റ്റ് വെയറിനുള്ള തുക, സോഫ്റ്റ് വെയറിന് ഉള്ള തുക ഇത് എല്ലാം പെടും. കൂടാതെ വർഷാവർഷം ഇതിന് കേട് വരാതെ നോക്കണം, ഹാർഡ് ഡിസ്ക് അടിച്ചു പോയാൽ ഉള്ള ഡാറ്റ മുഴുവൻ പോവും അങ്ങനെ പരിപാലനത്തിനുള്ള കഷ്ടപ്പാട് വേറെ. പക്ഷെ നിങ്ങൾ ഇപ്പോഴും ചെറിയ ബിസിനസ് ആണ് നടത്തുന്നത്. കാര്യങ്ങൾ കുഴപ്പമില്ലാതെ നടന്നു പോവുന്നു.
⭕ നിങ്ങളുടെ ഹോട്ടൽ ബിസിനസ്സ് അഭിവൃദ്ധി പ്രാപിച്ചു , ഇപ്പൊ പലയിടങ്ങളില്ലായി പത്തോ ഇരുപതോ ഹോട്ടലുകളുടെ നടത്തിപ്പുകാരൻ ആണ് നിങ്ങൾ. അപ്പോൾ പഴയത് പോലെ അതത് ഹോട്ടലുകളിലെ കപ്യൂട്ടറിൽ ബില്ലിംഗ് ചെയ്യുകയും അവിടെ തന്നെ സൂക്ഷിക്കുകയും ചെയ്യുകയും ചെയ്താൽ ശരിയാവുകയില്ല. ഒരു വഴി- ബില്ലിംഗ് സോഫ്റ്റ്‌വെയർ നവീകരിച്ചു ഇന്റർനെറ്റ് വഴി ഉപയോഗത്തിന് സജ്ജമാകുകയും അത് ഒരു നെറ്റ് വർക്കുമായി ബന്ധിപ്പിച്ചിട്ടുള്ള സെർവറിൽ ഇൻസ്റ്റാൾ ചെയ്യുകയും ചെയ്യാം എന്നതാണ്. ഇപ്പോൾ നിങ്ങൾക്ക് 20 ഹോട്ടലുകളിലെയും ബില്ലിംഗ് വിവരങ്ങൾ ഒരിടത്തു ഇരുന്നു വീക്ഷിക്കാം. പക്ഷെ പഴയത് പോലെയുള്ള പരിപാലന ചിലവുകൾ അവിടെതന്നെ ഉണ്ട്.
പക്ഷെ കാര്യങ്ങൾ വിചാരിച്ചതിനെക്കാൾ വേഗത്തിൽ ആണ് മുന്നോട്ട് പോയത്, 20 ഹോട്ടലുകളിൽ നിന്നും ആയിരക്കണക്കിന് ഹോട്ടലുകൾ ഉള്ള ഒരു ഹോട്ടൽ ശൃംഖലയിലേക്ക്
⭕ നിങ്ങളുടെ ബിസിനസ് വളർന്നിരിക്കുന്നു. പഴയ സെർവറിനോ സോഫ്റ്റ്‌വെയറിനോ ഒരുമിച്ചു വരുന്ന വിവരങ്ങൾ കൈകാര്യം ചെയ്യാൻ സാധ്യമല്ല, ഇത്രയും വിവരങ്ങൾ സൂക്ഷിക്കാൻ സെർവറിൽ സ്ഥലവും ഇല്ല!. സോഫ്റ്റ്‌വെയർ നവീകരിക്കണം, കൂടുതൽ സെർവറുകളും വാങ്ങണം, ഇന്റർനെറ്റ് ബാൻഡ് വിഡ്ത് കൂട്ടണം. ഇത് ഒരു തവണത്തേക്ക് ചെയ്യാം. പക്ഷേ വലിയ ശേഷിയുള്ള സെർവറുകൾ സ്ഥാപിക്കാൻ ഒരു പാട് ചിലവുണ്ട്, ഭാവിയിൽ ഇനിയും ആവശ്യം വന്നേക്കാം. സോഫ്റ്റ്‌വെയർ നവീകരണവും അതിൽ പുതിയതായി ഉണ്ടാവുന്ന പ്രശ്നങ്ങളും വലിയ തലവേദന ആണ്. അത് മാത്രം അല്ല ഇത്രയും ഹോട്ടലുകളിൽ നിന്നുള്ള വിവരങ്ങൾ നിങ്ങൾക്ക് പരിശോധിക്കേണ്ടതുണ്ട്, എവിടെ ആണ് ലാഭം, ഇവിടെ ആണ് നഷ്ടം, ഓരോ സീസണുകളിലെ ട്രെൻഡ് എങ്ങനെയാണ് ,കൂടുതൽ ആൾകാർ ഇഷ്ടപ്പെടുന്ന വിഭവങ്ങൾ ഏതാണ് -ഇതെല്ലാം നിങ്ങൾക്ക് അറിയണം.
⭕ അപ്പോഴാണ് ഒരു കമ്പനി അവരുടെ സൊല്യൂഷനും ആയി നിങ്ങൾക്ക് മുന്നിൽ എത്തുന്നത്. നിങ്ങൾ സെർവറുകളെകുറിച്ചോ സോഫ്റ്റ്‌വെയറിനെകുറിച്ചോ വേവലാതിപ്പെടേണ്ട.അതിന്റെ പരിപാലനം, നവീകരണം , വിവരങ്ങളുടെ സംഭരണം എല്ലാം അവർ നോക്കിക്കൊള്ളും. ഇന്റർനെറ്റിലൂടെ അവരുടെ ബില്ലിംഗ് സോഫ്റ്റ്‌വെയർ നിങ്ങൾക്ക് ഉപയോഗിക്കാം, ഒരു മൊബൈൽ ഫോണോ ടാബോ മതിയാകും അതിനു. ഉപയോഗത്തിനുള്ള വാടക മാത്രം നൽകിയാൽ മതി. ഈ സേവന രീതിയെ സാസ് അഥവാ സോഫ്റ്റ്‌വെയർ ആസ് എ സർവീസ് എന്നു പറയാം.
⭕ ഇവിടെ നിങ്ങളുടെ ആവശ്യങ്ങൾ മുൻകൂട്ടി അറിഞ്ഞു രൂപപ്പെടുത്തിയ സോഫ്റ്റ്‌വെയറിന്റെ സേവനം മാത്രം നിങ്ങൾ വാടകയ്ക്ക് എടുക്കുകയാണ്. ആദ്യ ഉദാഹരണത്തിൽ- ബസിൽ കയറി ടിക്കറ്റ് എടുത്ത് യാത്ര ചെയ്യുന്നത് പോലെ തന്നെ. നിങ്ങൾക്ക് സോഫ്റ്റ്‌വെയർ സേവനം നൽകിയ സ്ഥാപനം ഒന്നുകിൽ തങ്ങളുടേതായ ക്ലൗഡ് വികസിപ്പിച്ചു അതായിരിക്കാം ഉപയോഗിക്കുന്നത് . അതല്ലെങ്കിൽ ആമസോൺ പോലുള്ള ക്ലൗഡ് സേവനദാതാക്കളിൽ നിന്നു അവരുടെ സേവനം കടമെടുത്തതും ആവാം
⭕ സാസ് തൊട്ട് ക്ലൗഡ് സേവനങ്ങൾ നൽകുന്ന ടെക്‌നോളജി കമ്പനികളെല്ലാം വളരെ പ്രധാന്യം നൽകുന്ന മേഖലയാണ് വിവരങ്ങളുടെ സുരക്ഷിതത്വം. കാരണം ആ വിശ്വാസ്യത തകർന്നാൽ അവർക്ക് നിലനിൽപ്പില്ല തന്നെ. ഇന്റർനെറ്റ് വഴി ഉപയോഗിക്കപ്പെടുന്ന അപ്പ്ലിക്കേഷനുകൾ എല്ലാം എൻഡ് ടു എൻഡ് എൻക്രിപ്ഷൻ വഴി സുരക്ഷിതമാക്കാൻ സേവനദാതാക്കൾ ശ്രദ്ധവെക്കുന്നു.
⭕ ഇനി ക്ലൗഡിലെ ഡാറ്റ സുരക്ഷയെ കുറിച്ചു- ആമസോണ്‍ പോലുള്ള കമ്പനികൾ തരുന്ന സുരക്ഷ ലോക്കൽ സെർവറുകൾക്കോ, നിങ്ങളുടെ സ്വന്തം കമ്പ്യൂട്ടറിനു തന്നെയോ തരാൻ ആകില്ല. ആ സുരക്ഷ ആണ് അവരുടെ ട്രേഡ്മാർക്ക്. അതായത് നമ്മുടെ സി-ഡിറ്റിന്റെ സെർവരുകളെക്കാൾ സുരക്ഷിതമായിരിക്കും ആമസോണ് ക്ലൗഡ് സെർവർ എന്നർത്ഥം. ലോക്കൽ സെർവറുകളേക്കാൾ ക്ലൗഡ് അടിസ്ഥാനമാക്കിയുള്ള സെർവരുകളെ ആകർഷകമാക്കുന്നത് ഈ സുരക്ഷിതത്വം മാത്രമല്ല, നിങ്ങളുടെ ആവശ്യാനുസരണം സംഭരണശേഷി, പ്രവർത്തനം ശേഷി എന്നിവ നിമിഷങ്ങൾക്കുള്ളിൽ കൂട്ടാനും കുറക്കാനും ഉള്ള കഴിവ് കൂടെയാണ്. ഈ വിഭവങ്ങൾ എത്ര ഉപയോഗിക്കുന്നു എന്നു നോക്കി മാത്രം നിങ്ങളുടെ വാടക നിശ്ചയിക്കപ്പെടുന്നുള്ളൂ.
ആമസോണ്‍ മാത്രമല്ല ഈ രംഗത്തെ അതികായർ കേട്ടോ. ഗൂഗിൾ, മൈക്രോസോഫ്റ്റ് എന്നീ ടെക്‌നോളജി ഭീമന്മാർക്കും തങ്ങളുടെ ക്ലൗഡ് സേവങ്ങൾ ഉണ്ട്.
⭕ ഇനി സാസ്-നു നിലവിലുള്ള ചില ഉദാഹരണങ്ങൾ കൂടെ പറഞ്ഞു നിർത്താം- ജിമെയിലിന്റെ എന്റർപ്രൈസ് വേർഷൻ ആയ ജി സ്യൂട്ട്, മൈക്രോസോഫ്റ്റ് 365 എന്നിവ ആ ഗണത്തിൽ പെടുത്താം.