ചുവന്ന നോവ നക്ഷത്ര സ്ഫോടനം

Simple Science Technology

രണ്ട് നക്ഷത്രങ്ങള്‍ കൂട്ടിമുട്ടുന്ന അപൂർവ പ്രതിഭാസമായ റെഡ്‌ നോവ 2022 ല്‍ ഭൂമിയില്‍ നിന്ന് നിരീക്ഷിക്കാന്‍ കഴിയും 

പ്രപഞ്ചത്തിലെ മഹത്തായ ദൃശ്യവിസ്മയം കാണാന്‍ കാത്തിരുന്നോളൂ. രണ്ട് നക്ഷത്രങ്ങള്‍ കൂട്ടിമുട്ടുന്ന അപൂർവ പ്രതിഭാസമായ റെഡ്‌ നോവ 2022 ല്‍ ഭൂമിയില്‍ നിന്ന് നിരീക്ഷിക്കാന്‍ കഴിയും. ഒരു ഗാലക്‌സിയില്‍ പതിനായിരം വർഷത്തിലൊരിക്കല്‍ മാത്രമാണ് ഇത്തരം പ്രതിഭാസങ്ങള്‍ സംഭവിക്കുന്നത്. നമ്മുടെ മാതൃഗാലക്‌സിയായ ക്ഷീരപഥത്തിനപ്പുറമുള്ള നക്ഷത്ര സമൂഹങ്ങളില്‍ സംഭവിക്കുന്ന ഇത്തരം പ്രതിഭാസങ്ങള്‍ ഒരിക്കലും നഗ്‌ന നേത്രങ്ങൾ താണ്ട് കാണാന്‍ കഴിയില്ല. ക്ഷീരപഥത്തില്‍ തന്നെ സംഭവിച്ചാലും അവയെല്ലാം കാണാന്‍ കഴിയുമെന്ന് വിചാരിക്കേണ്ട. കാരണം ക്ഷീരപഥത്തിന്റെ വളരെ ചെറിയൊരു ഭാഗം മാത്രമേ നമ്മുടെ ദൃശ്യപരിധിയില്‍ വരൂ. അതു കൊണ്ടുതന്നെ ഭൂമിയിലെ നിരീക്ഷകന് 2022 ല്‍ സംഭവിക്കുന്ന റെഡ്‌ നോവ അപൂർവങ്ങളില്‍ അത്യപൂർവമായ ദൃശ്യാനുഭവമായിരിക്കും സമ്മാനിക്കുക.

സിഗ്നസ് താരാഗണത്തിലുള്ള kic 9832227 എന്ന് പേരിട്ടിട്ടുള്ള ഇരട്ട നക്ഷത്രങ്ങളാണ് കൂട്ടിമുട്ടുന്നത്. ഭൂമിയില്‍ നിന്ന് 1800 പ്രകാശവർഷം അകലെയുളള ഈ ഇരട്ട നക്ഷത്രങ്ങള്‍ കൂട്ടിയിടിച്ച് തകരുകയും അവിടെ ഒരു തമോദ്വാരം രൂപപ്പെടുകയും ചെയ്തിട്ട് 1800 വർഷങ്ങളായി. 1800 പ്രകാശവർഷം അകലെയുള്ള നക്ഷത്രം എന്നു പറഞ്ഞാല്‍ പ്രസ്തുത നക്ഷത്രത്തില്‍ നിന്നുള്ള പ്രകാശം ഭുമിയിലെത്താന്‍ 1800 വര്ഷങ്ങള്‍ വേണമെന്നാണ് അർഥമാക്കുന്നത്. 2022 ല്‍ ഭൂമിയില്‍ നിന്ന് ദൃശ്യമാകുന്ന റെഡ്‌ നോവ സംഭവിച്ചിട്ട് 1800 വർഷം കഴിഞ്ഞു. ഭൗമ വർഷങ്ങള്‍ കാലഗണനയായി പരിഗണിച്ചാല്‍ എ.ഡി 200 ല്‍ സംഭവിച്ച ഈ പ്രതിഭാസത്തിന്റെ ശോഭ സ്‌പേസിലൂടെ സഞ്ചരിച്ച് ഭൂമിയിലെ നിരീക്ഷകന് ദൃശ്യമാകുന്നത് 2022 ല്‍ മാത്രമാണ്. പ്രപഞ്ചത്തില്‍ ദൂരേയ്ക്ക് നോക്കുന്നത് ഭൂതകാലത്തിലേക്കാണ്. അതായത് വലിയ ദൂരങ്ങളില്‍ ഉള്ള നക്ഷത്രങ്ങള്‍ ഇപ്പോള്‍ അവിടെ ഉണ്ടാകണമെന്നില്ല. മാത്രവുമല്ല പ്രപഞ്ചത്തിൽ അത്തരം കാലഗണനയ്ക്കും വലിയ പ്രസക്തിയില്ല.

മനുഷ്യവർഗത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു റെഡ്‌ നോവ കാണാന്‍ പോകുന്നത്. മിഷിഗണിലെ കാൽവിൻ കോളജിലെ അധ്യാപകനായ പ്രൊഫ. ലോറൻസ് മോൾനറും ഗവേഷക വിദ്യാർഥികളും 2013 മുതല്‍ നടത്തിയ ആകാശനിരീക്ഷണത്തിന്റെ ഫലമായാണ് ഈ നിഗമനത്തില്‍ എത്തിച്ചേര്ന്നത്. ഇവരുടെ ഗവേഷണ റിപ്പോര്ട്ട് 2017 ജനുവരി ആദ്യവാരത്തില്‍ അമേരിക്കന്‍ ആസ്‌ട്രോണമിക്കല്‍ സൊസൈറ്റിയുടെ 229-ാമത്തെ വാര്ഷി്ക ഉച്ചകോടിയില്‍ അവതരിപ്പിച്ചു. അപാച്ചേ പോയിന്റ് ഒബ്‌സർവേറ്ററിയിലെയും, വ്യോമിംഗ് യൂണിവേഴ്‌സിറ്റിയിലെയും വിദ്യാര്ഥികളാണ് ലോറന്സ് മോള്നറുടെ ഗവേഷക സംഘത്തിലുള്ളത്. 2013 ല്‍ അപാച്ചേ പോയിന്റ് ഒബ്‌സർവേറ്ററിയിലെ ജ്യോതിശാസ്ത്രജ്ഞനായ കാരന്‍ കിനേമുച്ചി സിഗ്നസ് താരാഗണത്തിലുള്ള ഒരു നക്ഷത്രത്തിന്റെ ശോഭയില്‍ ക്രമാതീതമായി ഉണ്ടാകുന്ന ഏറ്റക്കുറിച്ചിലുകള്‍ നിരീക്ഷിച്ചിരുന്നു. അദ്ദേഹത്തിന്റെ ഈ കണ്ടെത്തലാണ് മോൾനറിനും സംഘത്തിനും പ്രചോദനമായത്. തുടർന്ന് ഗവേഷക സംഘം ഈ നക്ഷത്രത്തെ സൂക്ഷ്മമായി നിരീക്ഷിച്ചു. ഇതൊരു ഇരട്ട നക്ഷത്രമാണോ അതോ ഒരു പൾസറാണോ എന്ന കാര്യത്തില്‍ അവർക്ക് സംശയമുണ്ടായിരുന്നു. കാൽവിൻ ഒബ്‌സർവേറ്ററിയുടെ സഹായത്തോടെ നടത്തിയ നിരീക്ഷണത്തില്‍ പ്രസ്തുത നക്ഷത്രം ഒരു ഇരട്ട നക്ഷത്രമാണെന്ന് തിരിച്ചറിഞ്ഞു.

ഇരട്ട നക്ഷത്രമാണെന്ന് തിരിച്ചറിഞ്ഞ 1309 സ്‌കോർപിയുടെ സ്വഭാവത്തിലുള്ള സവിശേഷതകളെല്ലാം kic 9832227 നും ഉണ്ട്. ഒരു പൊതു ഗുരുത്വകേന്ദ്രത്തെ ആധാരമാക്കി പരസ്പരം ഭ്രമണം ചെയ്തിരുന്ന 1309 സ്‌കോർപിയുടെ ഭ്രമണകാലം ക്രമേണ കുറഞ്ഞുവരികയും അപ്രതീക്ഷിതമായി കൂട്ടിയിടിച്ച് തകരുകയുമാണുണ്ടായത്. 2008 ല്‍ സംഭവിച്ച ഈ പ്രതിഭാസം നഗ്‌നനേത്രങ്ങള്‍ കൊണ്ട് നിരീക്ഷിക്കാന്‍ കഴിഞ്ഞിരുന്നില്ല. 1309 സ്‌കോര്പിയുടെ വിധി തന്നെയായിരിക്കും kic 9832227 നും ഉണ്ടാവുക. 2018 നും 2020 നും ഇടയിലായിരിക്കും ഈ പ്രതിഭാസം ദര്ശിക്കാന്‍ കഴിയുക എന്നായിരുന്നു ആദ്യം കരുതിയിരുന്നത്. കൂടുതല്‍ സൂക്ഷ്മമായ നിരീക്ഷണത്തിന്റെ ഫലമായാണ് ഈ അദ്ഭുത ദൃശ്യം 2022 ല്‍ ദൃശ്യമാകും എന്ന നിഗമനത്തില്‍ ഗവേഷകസംഘം എത്തിച്ചേർന്നത്. ഏതാനും ചില ചെറിയ ടെലസ്‌ക്കോപ്പുകളുടെ സഹായത്തോടെയുളള ഗവേഷക സംഘത്തിന്റെ കണ്ടെത്തലുകള്‍ പിന്നീട് വെരി ലാർജ് അറേ, മൗനകിയയിലുള്ള നാസയുടെ ഇൻഫ്രാറെഡ് ടെലസ്‌ക്കോപ്പ് ഫെസിലിറ്റി, യൂറോപ്യന്‍ സ്‌പേസ് ഏജൻസിയുടെ ബഹിരാകാശ നിരീക്ഷണ കേന്ദ്രമായ എക്‌സ്.എം.എം. ന്യൂട്ടണ്‍ എന്നീ ശക്തമായ ടെലസ്‌ക്കോപ്പുകളുടെ സഹായത്തോടെ ശരിവയ്ക്കുകയായിരുന്നു.


 എന്താണ് ഇരട്ട നക്ഷത്രങ്ങള്‍ 

ഒരു പൊതു ഗുരുത്വകേന്ദ്രത്തെ ആധാരമായി പരസ്പരം ഭ്രമണം ചെയ്യുന്ന രണ്ടു നക്ഷത്രങ്ങളാണ് ഇരട്ടനക്ഷത്രങ്ങള്‍ എന്നറിയപ്പെടുന്നത്. ഒരു നക്ഷത്രസമൂഹത്തിലെ 20 ശതമാനം നക്ഷത്രങ്ങളും ഇത്തരത്തിലുള്ളവയായിരിക്കും. പൊതു ഗുരുത്വകേന്ദ്രത്തെ ആധാരമാക്കി ഭ്രമണം ചെയ്യുന്ന രണ്ടിലധികം നക്ഷത്രങ്ങളുള്ള മൾട്ടിപ്പിള്‍ സ്റ്റാര്‍ സിസ്റ്റങ്ങളുമുണ്ട്. ഇത്തരം നക്ഷത്ര വ്യൂഹങ്ങളുടെ ഇടയിലുള്ള അതിശക്തമായ ഗുരുത്വക്ഷേത്രം കാരണം ഇവയുടെ സമീപം ഗ്രഹ രൂപീകരണത്തിനുള്ള സാധ്യത കുറവാണ്. അപൂർവമായി അങ്ങനെ സംഭവിച്ചാല്‍ തന്നെ അവയില്‍ ജീവനുണ്ടാകാനുള്ള സാധ്യത തീരെയില്ല. സൂര്യനേപ്പോലെയുള്ള ഒറ്റ നക്ഷത്രങ്ങൾക്ക് ചുറ്റുമാണ് ഗ്രഹരൂപീകരണത്തിനും അവയില്‍ ജീവന്‍ ഉദ്ഭവിക്കുന്നതിനുമുള്ള സാധ്യത കൂടുതലുള്ളത്. ഇരട്ട നക്ഷത്രങ്ങൾക്കിടയിലുള്ള അകലം കുറവായതുകൊണ്ടും അവ ഭൂമിയില്‍ നിന്ന് വളരെ അകലെയായതുകൊണ്ടും ഭൂമിയിലുള്ള നിരീക്ഷകന് അവയെ ഒറ്റ നക്ഷത്രങ്ങളായാണ് കാണപ്പെടുന്നത്. രാത്രി ആകാശത്ത് നഗ്‌നനേത്രങ്ങള്‍ കൊണ്ട് നാം കാണുന്ന നക്ഷത്രങ്ങളില്‍ പകുതിയും ഇരട്ട നക്ഷത്രങ്ങളോ, മൾട്ടിപ്പിള്‍ സ്റ്റാര്‍ സിസ്റ്റമോ ആണ്.

ഇരട്ട നക്ഷത്രങ്ങൾക്ക് ജ്യോതിശാസ്ത്രത്തില്‍ വളരെയധികം പ്രസക്തിയുണ്ട്. നക്ഷത്രങ്ങളുടെ മാസ് അളക്കുന്നതിനും പ്രപഞ്ചത്തിലെ വലിയ ദൂരങ്ങള്‍ അളക്കുന്നതിനുമുളള സ്‌കെയിലായി ജ്യോതിശാസ്ത്രജ്ഞര്‍ ഇരട്ട നക്ഷത്രങ്ങളെ ഉപയോഗപ്പെടുത്തുന്നുണ്ട്. ചില ഇരട്ടനക്ഷത്രങ്ങളെ നഗ്‌നനേത്രങ്ങള്‍ കൊണ്ടു തന്നെ തിരിച്ചറിയാന്‍ കഴിയും. എന്നാല്‍ ഭൂരിഭാഗം ഇരട്ട നക്ഷത്രങ്ങളെയും തിരിച്ചറിയുന്നത് സ്‌പെക്‌ട്രോസ്‌കോപ്പി, ആസ്‌ട്രോമെട്രി തുടങ്ങിയ ശാസ്ത്രീയ നിരീക്ഷണ സംവിധാനങ്ങളിലൂടെയാണ്. തെക്കു കിഴക്കന്‍ ചക്രവാളത്തില്‍ വെട്ടിത്തിളങ്ങുന്ന സിറിയസ് ഒരു നീല ഭീമന്‍ നക്ഷത്രവും ഒരു വെള്ളക്കുള്ളന്‍ നക്ഷത്രവും ചേർന്ന ഇരട്ട നക്ഷത്രവ്യൂഹമാണ്. 1802 ല്‍ സര്‍. വില്യം ഹെർഷല്‍ ആണ് ഇരട്ട നക്ഷത്രങ്ങള്‍ എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത്. എന്നാല്‍ 1650 ല്‍ ജിയോവനി ബാറ്റിസ്റ്റ ദൂരദർശിനി ഉപയോഗിച്ച് ഇരട്ട നക്ഷത്രങ്ങളെ കണ്ടെത്തിയിരുന്നു. 1803 ല്‍ ഹെർഷല്‍ 700 ഇരട്ട നക്ഷത്രങ്ങളുടെ ഒരു കാറ്റലോഗ് പ്രസിദ്ധീകരിച്ചു. ഇന്ന് ലക്ഷക്കണക്കിന് ഇരട്ട നക്ഷത്രങ്ങളെ തിരിച്ചറിഞ്ഞു കഴിഞ്ഞിട്ടുണ്ട്. യു. എസ്. നേവല്‍ ഒബ്‌സർവേറ്ററി മാത്രം ഒരു ലക്ഷം ഇരട്ട നക്ഷത്രങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട്.


 നക്ഷത്ര സംഘട്ടനങ്ങള്‍ 

രണ്ട് നക്ഷത്രങ്ങള്‍ കൂട്ടിമുട്ടി അവയുടെ ദ്രവ്യമെല്ലാം സ്‌പേസിലേക്ക് ചിതറിത്തെറിക്കുകയോ, കൂടിച്ചേർന്ന് വലിയൊരു നക്ഷത്രമായി മാറുകയോ ചെയ്യുന്ന പ്രതിഭാസമാണ് നക്ഷത്ര സംഘട്ടനം. ഒരു നക്ഷത്രസമൂഹത്തില്‍ പതിനായിരം വർഷത്തില്‍ ഒരിക്കല്‍ മാത്രമേ ഇത്തരം പ്രതിഭാസങ്ങള്‍ സംഭവിക്കൂ. പ്രപഞ്ചത്തിലെ ഏതു നക്ഷത്രത്തിനും ഇത്തരമൊരു അന്ത്യമുണ്ടാകാന്‍ സാധ്യതയുണ്ട്. അണുസംയോജന പ്രക്രിയകള്‍ നടന്നുകൊണ്ടിരിക്കുന്ന നക്ഷത്രങ്ങളും മൃതനക്ഷത്രങ്ങളായ വെള്ളക്കുള്ളന്മാര്‍, ന്യൂട്രോണ്‍ താരങ്ങള്‍, തമോദ്വാരങ്ങള്‍ എന്നിവയും സൂര്യനേപ്പോലെയുള്ള മഞ്ഞക്കുള്ളന്മാര്‍, തിരുവാതിര പോലെയുള്ള ഭീമന്‍ നക്ഷത്രങ്ങള്‍, ഈറ്റ കരീന, UY SCUTI പോലെയുള്ള അതിഭീമന്‍ നക്ഷത്രങ്ങള്‍ എന്നിവയുമെല്ലാം ഇത്തരം നക്ഷത്ര സംഘട്ടനങ്ങളില്‍ അകപ്പെടാറുണ്ട്. കുള്ളന്‍ നക്ഷത്രങ്ങള്‍ ഭീമന്‍ നക്ഷത്രങ്ങളുമായി കൂടിയിടിക്കുമ്പോഴും, ന്യൂട്രോണ്‍ താരങ്ങള്‍ പരസ്പരം കൂട്ടിയിടിക്കുമ്പോഴും അവയുടെ അവശേഷിക്കുന്ന നക്ഷത്രക്കാമ്പിന്റെ പിണ്ഡം ടോൾമാന്‍-ഓപ്പൺഹൈമര്‍-വോൾക്കോഫ് സീമയ്ക്കും മുകളിലായാല്‍ അതിന്റെ ഫലമായി ഒരു തമോദ്വാരം രൂപപ്പെടും. തമോദ്വാരങ്ങള്‍ പരസ്പരം കൂട്ടിമുട്ടിയാല്‍ അത് മറ്റൊരു ഭീമന്‍ തമോദ്വാരത്തിന്റെ പിറവിയ്ക്ക് കാരണമാകും. ഈ രണ്ടു പ്രതിഭാസങ്ങളും ശക്തമായ ഗുരുത്വാകർഷണ തരംഗങ്ങള്‍ സൃഷ്ടിക്കും. സ്ഥലകാലത്തിലുണ്ടാകുന്ന പ്രക്ഷുബ്ധതകളാണ് ഗുരുത്വാകർഷണ തരംഗങ്ങള്‍. സൂര്യനേപ്പോലെയുള്ള മുഖ്യ ശ്രേണീ നക്ഷത്രങ്ങള്‍ കൂട്ടിമുട്ടുമ്പോള്‍ അവശേഷിക്കുന്ന നക്ഷത്രക്കാമ്പിന്റെ പിണ്ഡം ചന്ദ്രശേഖര്‍ സീമ (1.44 സൗര പിണ്ഡം) മറികടന്നാല്‍ അവിടെ ഒരു വെള്ളക്കുള്ളന്‍ നക്ഷത്രം പിറക്കും. ഭൂമിയേക്കാള്‍ അൽപം വലിയ ഒരു വജ്ര ഗോളമാണ് വെള്ളക്കുള്ളന്‍. തമോദ്വാരം പോലെ വെള്ളക്കുള്ളനും മൃത നക്ഷത്രമാണ്.

എന്നാൽ ചില പഠനങ്ങൾ പറയുന്നത് 2022 ൽ റെഡ് നോവ ദൃശ്യമാകില്ല എന്നാണ്. 2028 നുള്ളിൽ കാണാൻ സാധിക്കുമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.