ഭൂമിയുടെ ചരിത്രം
ഭൂമിയുടെ ചരിത്രം
thesimplescience.com
⭕ കോടിക്കണക്കിന് വർഷങ്ങക്കു മുൻപ് ഭൂമി രൂപം കൊണ്ടത് മുതൽ ഇന്നേവരെ അതിന്ന് ബാഹ്യമായും ആന്തരികമായും ഉണ്ടായ വികാസപരിണാമങ്ങളുടെ വിവരണമാണ് ഭൂമിയുടെ ചരിത്രം എന്ന വാക്കു കൊണ്ട് ഉദ്ദേശിക്കുന്നത്. ഭൂമിയുടെ ഗതകാലസ്ഥിതികളും അതിന്റെ ചരിത്രത്തിലെ പ്രധാനസംഭവങ്ങളും മനസ്സിലാക്കാൻ ശാസ്ത്രത്തിന്റെ മിക്കവാറും എല്ലാ ശാഖകളും ഉപയോഗപ്പെടുത്തേണ്ടിവരുന്നുണ്ട്. പ്രപഞ്ചത്തിന്റെ പ്രായത്തിന്റെ ഏതാണ്ട് മൂന്നിലൊന്നാണ് ഭൂമിയുടെ പ്രായം എന്നാണ് ശാസ്ത്രലോകത്തിന്റെ നിഗമനം. അത്രയും കാലത്തിനിടയിൽ ഭൂമിയിൽ അനുസ്യൂതവും എണ്ണിയാലൊടുങ്ങാത്തതുമായ നിരവധി മാറ്റങ്ങൾ അതിന്റെ ആന്തരികഘടനയിലും അതിനെ വലയം ചെയ്തുനിൽക്കുന്ന അന്തരീക്ഷത്തിലും അതിൽ ഉരുത്തിരിഞ്ഞ ജൈവമണ്ഡലത്തിലും സംഭവിച്ചിട്ടുണ്ട്.
⭕ ഏതാണ്ട് 454 കോടിവർഷങ്ങൾക്കു മുൻപ് സൂര്യനു ചുറ്റുമുണ്ടായിരുന്ന സൗരവാതകപടലങ്ങൾ (Solar Nebula)ഉറഞ്ഞുകൂടിയാണ്(accretion) ഭൂമി ഉണ്ടായത്. അക്കാലത്ത് ഭൗമന്തരീക്ഷത്തിലുണ്ടായിരുന്നത് അഗ്നിപർവ്വതങ്ങളുടെ സ്ഫോടനം പുറത്തെത്തിച്ചിരുന്ന വാതകങ്ങളാകാനേ തരമുള്ളു. അതിൽ പ്രാണവായുവിന്റെ അളവ് തീരെ ഇല്ലായിരുന്നു. അതിലുണ്ടായിരുന്ന മറ്റു വാതകങ്ങളാകട്ടെ, ഇന്നുകാണുന്ന മട്ടിലുള്ള, മനുഷ്യനടക്കമുള്ള മിക്കവാറും എല്ലാ ജീവിവർഗങ്ങൾക്കും ഹാനികരവുമായിരുന്നു. അതിഭീമങ്ങളായ അഗ്നിപർവ്വതസ്ഫോടനങ്ങളും ശൂന്യാകാശത്തുനിന്ന് ധാരാളമായി വന്നു വീണുകൊണ്ടിരുന്ന അന്യവസ്തുക്കളും കാരണം ഭൂമിയുടെ ഭൂരിഭാഗവും ഉരുകിത്തിളച്ചു കിടന്നിരുന്നു. അക്കൂട്ടത്തിലുണ്ടായ ഒരു അത്യുഗ്രൻ ഉൽക്കാപാതമാണ് ഭൂമിയുടെ ഭ്രമണാക്ഷം ചരിച്ചതും അതിൽ നിന്ന് വലിയൊരു ഭാഗം അടർത്തിത്തെറിപ്പിച്ച് ചന്ദ്രനെ സൃഷ്ടിച്ചതും എന്ന് കരുതപ്പെടുന്നു. കാലംകൊണ്ട് ഭൂമി തണുത്തുറയുകയും അതിന്ന് ഉറച്ച ഒരു പുറംതോട് ഉണ്ടാകുകയും ചെയ്തപ്പോൾ അതിന്നുപുറമെ ജലം സംഭൃതമാകാൻ തുടങ്ങി.
⭕ ഭൂമിയിൽ ഏറ്റവും ആദ്യത്തെ ജൈവരൂപം പ്രത്യക്ഷപ്പെടുന്നത് 380 - 350 കോടി വർഷങ്ങൾക്കുമുൻപുള്ള കാലത്താണ്. അതിന്റെ അറിയപ്പെടുന്ന ആദ്യതെളിവുകൾ പടിഞ്ഞാറൻ ഗ്രീൻലാൻഡിൽനിന്നും അസ്ത്രേലിയയിൽനിന്നും ആണ് കിട്ടിയിട്ടുള്ളത്. പടിഞ്ഞാറൻ ഗ്രീൻലാൻഡിലെ 370 കോടി വർഷം പഴക്കം നിർണ്ണയിച്ച പാറകളിൽനിന്ന് ജൈവപ്രക്രിയയിൽ നിന്ന് രുപം കൊണ്ട ഗ്രാഫൈറ്റ് ശകലങ്ങൾ കണ്ടെത്തിയിട്ടുണ്ട്. പടിഞ്ഞാറൻ ആസ്ത്രേലിയയിലെ 348 കോടി വർഷം പഴക്കം കണ്ട മണൽപ്പാറകളിൽനിന്ന് മൈക്രോബുകളുടെ ഫോസ്സിലുകളും കണ്ടെത്തിയിട്ടുണ്ട്.പ്രകാശസംശ്ലേഷണശേഷിയുള്ള ജൈവരൂപങ്ങൾ 200 കോടി വർഷങ്ങൾക്ക് മുൻപ് പ്രത്യക്ഷപ്പെട്ടതോടെ അവ ഭൗമാന്തരിക്ഷത്തിൽ പ്രാണവായു നിറക്കാൻ തുടങ്ങി. ഏതാണ്ട് 58 കോടി വർഷം മുൻപ് വരെ ജീവൻ അതിന്റെ സൂക്ഷ്മരൂപത്തിൽ, ലളിതമാതൃകകളിൽ മാത്രമാണ് നിലനിന്നിരുന്നത്. ഈ കാലത്താണ് ബഹുകോശജീവികളുടെ ഉദയം. പിന്നീട് വന്ന കാംബ്രിയൻ കാലഘട്ടത്തിൽ ജീവൻ, അതിശീഘ്രവും അതിവുപുലവുമായ തോതിൽ വൈവിദ്ധ്യം സമാർജ്ജിച്ചു.ഇക്കാലത്താണ് ഇന്നു കാണുന്ന മിക്കവാറും എല്ലാ ജീവിവർഗ്ഗങ്ങളുടേയും ഉദയം.
⭕ ഭൂമി ഉണ്ടായതുമുതൽതന്നെ ഭൗമാന്തർശാസ്ത്രപരമായ മാറ്റങ്ങളും ജീവൻ ഉടലെടുത്തതോടെതന്നെ അതിന്റെ ജീവശാസ്ത്രപരമായ മാറ്റങ്ങളും നിരന്തരമായി നമ്മുടെ ഗ്രഹത്തിൽ സംഭവിക്കുന്നുണ്ടായിരുന്നു. ജൈവമാതൃകകൾ തുടർച്ചയായി പരിണമിച്ചുകൊണ്ടിരിക്കുകയും പുതിയ രൂപങ്ങൾ കൈവരിക്കുകയും ചെയ്തു. അവയോരോന്നിലും പലപ്പോഴും പുതിയ അവാന്തരവിഭാഗങ്ങളും ഉടലെടുത്തുകൊണ്ടിരുന്നു. ചില ജീവിവർഗ്ഗങ്ങൾക്ക് പലകാരണങ്ങൾകൊണ്ടും വംശനാശം സംഭവിക്കുകയും ചെയ്തു പോന്നു. ഇപ്പോഴും നീങ്ങിക്കൊണ്ടിരിക്കുന്ന ഭൗമഫലകങ്ങൾ സമുദ്രങ്ങളുടേയും വൻകരകളുടേയും അതിരുകൾ തുടർച്ചയായി മാറ്റിമറിച്ചിരുന്നതുകൊണ്ട് അവയെ ആശ്രയിച്ചുനിൽക്കുന്ന ജീവിവർഗങ്ങളും മാറിക്കൊണ്ടിരുന്നു. തിരിച്ച് ജൈവമണ്ഡലം ഭൂമിയുടെ അജൈവമണ്ഡലത്തിലും സ്വാധീനം ചെലുത്തി; ഓസോൺ പാളിയുടെ രൂപപ്പെടുത്തൽ, അന്തരീക്ഷം പ്രാണവായുസമ്പന്നമാക്കൽ, മണ്ണിന്റെ നിർമ്മിതി എന്നിവയെല്ലാം അങ്ങനെ സംഭവിച്ചതാണ്.