മൊണാർക്ക് ചിത്രശലഭം

Simple Science Technology

ആയിരക്കണക്കിനു കിലോമീറ്റുകൾ പിന്നിടുന്ന മൊണാർക്ക് ചിത്രശലഭങ്ങൾ; ജന്മാന്തരങ്ങൾ കടന്നുള്ള അപൂർവയാത്ര 

thesimplescience.com

നമ്മെ അതിശയിപ്പിക്കുന്നവയാണ് മൊണാർക്ക് ചിത്രശലഭങ്ങൾ. വർഷം തോറും മഞ്ഞുപൊഴിയുന്ന ഹേമന്തകാലത്ത് മോണാർക്ക് ചിത്രശലഭങ്ങൾ നടത്തുന്ന ദേശാന്തരഗമനം (migration) പ്രകൃതിയിലെ ഏറ്റവും വർണ്ണശബളമായ പ്രതിഭാസങ്ങളിലൊന്നാണ്. നിർഭാഗ്യകരമെന്നു പറയട്ടെ, കഴിഞ്ഞ.ഇരുപതു വർഷങ്ങൾക്കുള്ളിൽ മൊണാർക്ക് ചിത്രശലഭങ്ങളുടെ എണ്ണത്തിലുണ്ടായ കുറവ് പ്രകൃതിയെ കരുതുന്നവരെ ഏറെ നിരാശരാക്കിയിരുന്നു. വനങ്ങളുടെ നഷ്ടവും കാലാവസ്ഥാമാറ്റവുമൊക്കെയാണ് കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെട്ടത്.അപകടത്തിൻ്റെ ഗൗരവമറിഞ്ഞ കാനഡ, അമേരിക്ക ,മെക്സിക്കോ എന്നീ രാജ്യങ്ങൾ ഒത്തുചേർന്ന് 2014-ൽ ചിത്രശലഭങ്ങളുടെ ദേശാടനപാതയെ സംരക്ഷിക്കാൻ ഒരു ടാസ്ക്ക് ഫോഴ്സിനു രൂപം നൽകി.

നിരവധി പ്രകൃതി സംഘടനകൾ കൂട്ടമായി ശക്തമായ പിന്തുണയുമായെത്തി. അദ്ഭുതകരമായ മാറ്റങ്ങൾ ഉണ്ടാവുക തന്നെ ചെയ്തു .2019 ആയപ്പോഴേക്കും മൊണാർക്ക് ചിത്രശലഭങ്ങളുടെ എണ്ണത്തിൽ വർധനവുണ്ടായതായി റിപ്പോർട്ടുകൾ വന്നു തുടങ്ങിയിരിക്കുന്നു. 2018 നെ അപേക്ഷിച്ചു നോക്കുമ്പോൾ, 144 ശതമാനത്തിൽ കൂടുതൽ വനങ്ങളിൽ അവർ തങ്ങളുടെ സാന്നിധ്യം പുതുതായി അറിയിക്കുകയും ചെയ്തിതിട്ടുണ്ട്. സമാനതകളില്ലാത്ത ഈ ദേശാടന ചക്രത്തേക്കുറിച്ച് പഠിക്കുന്നതിനും, ശലഭങ്ങളെ സംരക്ഷിക്കുന്നതിനുമായി നിരവധി സംഘടനകളും പദ്ധതികളും ഈ മൂന്നു രാജ്യങ്ങളിലും ജാഗ്രതയോടെ പ്രവർത്തിക്കുന്നുണ്ട്. ഇനി വരുന്ന വർഷങ്ങളിലും വിഘ്നങ്ങളില്ലാതെ പ്രകൃതിയുടെ ഈ ആഘോഷം തുടരുമെന്നുതന്നെയാണ് പ്രതീക്ഷിക്കുന്നത്.

⚙️ ദേശാടനവേളകൾ 

ഭൂഗോളത്തിലെ നിത്യവിസ്മയങ്ങളിലൊന്നായി എണ്ണപ്പെടുന്ന മൊണാർക്ക് ചിത്രശലഭങ്ങളുടെ ദേശാടനം തുടങ്ങുന്നത് വടക്കൻ കാനഡ, അമേരിക്ക എന്നിവിടങ്ങളിൽ നിന്നാണ്. സഞ്ചാരത്തിന്റെ ലക്ഷ്യസ്ഥാനമാകട്ടെ തെക്കു കലിഫോർണിയയിലെയും അല്ലെങ്കിൽ മെക്സിക്കോയിലെയും ശൈത്യമേഖലകളും. ലക്ഷക്കണക്കിന് വരുന്ന ശലഭക്കൂട്ടങ്ങളാണ് സഹയാത്രികർ. അവർ ഒരുമയോടെ ആയിരക്കണക്കിനു കിലോമീറ്റുകൾ പിന്നിടുന്നു. സെപ്റ്റംബർ- ഒക്ടോബർ മാസങ്ങളിലാരംഭിക്കുന്ന യാത്ര നവംബർ മാസത്തോടെ മധ്യ മെക്സിക്കോയിൽ അവസാനിക്കും. മാർച്ചിലായിരിക്കും മടക്കം. പുറപ്പെട്ട ദേശത്ത് തിരിച്ചെത്തുന്നത് ദേശാടനത്തിനു പുറപ്പെട്ടവരുടെ നാലാമത്തെ തലമുറയിലെ ശലഭങ്ങളായിരിക്കും. ജന്മാന്തരങ്ങൾ കടന്നുള്ള ഈ അപൂർവ യാത്രയുടെ ചക്രം ഓരോ വർഷവും ആവർത്തിക്കപ്പെടുന്നു.നാലായിരം കിലോമീറ്ററോളം വരുന്ന ദേശാന്തരഗമന സമയത്ത് അവർ മുട്ടയിടുന്നു. മുട്ടകൾ ശലഭങ്ങളായി തലമുറകൾ മുന്നോട്ടു നീങ്ങുന്നു. ഒടുവിൽ നാലാം ജന്മത്തിലെ പറവകൾ തങ്ങളുടെ മുതുമുത്തശ്ശിമാർ പുറപ്പെട്ട സ്ഥലത്തേക്ക് തിരിച്ചെത്തുകയുമാണ് ചെയ്യുന്നത്.

മൊണാർക്ക് ചിത്രശലഭങ്ങളുടെ(Monarch butterflies) ശാസ്ത്രനാമം Danaus plexippus എന്നാണ്. 6-8 മാസമാണ് ഇവയുടെ ശരാശരി ജീവിതദൈർഘ്യം. 3.7- 4.1 ഇഞ്ചാണ് ചിറകറ്റങ്ങൾ തമ്മിലുള്ള അകലം. ശരീരഭാരം 0.0095 - 0.026 ഔൺസസ് മാത്രം.( ഒരു ഔൺസ് എന്നാൽ 28.35 ഗ്രാം) നട്ടെല്ലില്ലാത്ത ജീവികളിലെ ആർത്രോപോഡ ഫൈലത്തിൽ ഇൻസെക്റ്റ ക്ലാസിലുള്ള ഇവ സസ്യഭുക്കുകളാണ്. ഇവയുടെ കൂട്ടത്തെ വിളിക്കാൻ (FIutter) എന്ന പേരാണ് ഉപയോഗിക്കുന്നത്. മൊണാർക്ക് ചിത്രശലഭങ്ങളുടെ എണ്ണത്തേക്കുറിച്ച് അറിവുകളില്ല. IUCN - പ്രകാരമുള്ള സംരക്ഷണ സ്ഥിതിയും നിലവിൽ പരിശോധിക്കപ്പെട്ടിട്ടില്ല.

ഭൂമിയിൽ ഏറ്റവും എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയുന്നതും ,വിശദമായി പഠനം നടന്നിട്ടുള്ളതുമായ ചിത്രശലഭമാണ് മൊണാർക്ക് . ഓറഞ്ചുവർണ്ണത്തിലുള്ള ചിറകുകളിൽ കറുപ്പു വരകളാൽ നാട തുന്നിയിരിക്കുന്നു. ചിറകിന്റെ അതിരുകളിൽ വെളുത്ത കുത്തുകൾ കൂടി ചേരുമ്പോൾ ശലഭത്തിന്റെ ദൃശ്യചാരുതയേറുന്നു.

ഉത്തര ദക്ഷിണ അമേരിക്കകളാണ് ജന്മദേശമെങ്കിലും ,ഇഷ്ട വിഭവമായ മിൽക്ക് വീഡ് (milk weed) വളരുന്ന ഉഷ്ണമേഖലകളിലേക്കും അവ വ്യാപിച്ചിട്ടുണ്ട്. തെക്കേ അമേരിക്കയിൽ നിന്ന് മൊണാർക്ക് ശലഭങ്ങൾ അപ്രത്യക്ഷമായിക്കഴിഞ്ഞിരിക്കുന്നു. വടക്കേ അമേരിക്കയിലെ മൊണാ ർക്കുകളെ രണ്ടായി തരം തിരിച്ചിട്ടുണ്ട്. റോക്കി മലകളുടെ പടിഞ്ഞാറു ദേശത്ത് പ്രജനനം നടത്തി ശൈത്യകാലത്ത് തെക്കൻ കലിഫോർണിയയിലേക്ക് ദേശാടനം നടത്തുന്ന വെസ്റ്റേൺ മൊണാർക്കുകളാണ് ഒരു വിഭാഗം. വടക്കേ അമേരിക്കയുടെ വിശാല സമതലങ്ങളിലും കാനഡയിലും പ്രജനനം നടത്തി മധ്യ മെക്സിക്കോയിലേക്ക് യാത്രയാവുന്ന ഈസ്‌റ്റേൺ മൊണാർക്കുകളാണ് രണ്ടാമത്തെ കൂട്ടർ.ഹവായ്, പോർച്ചുഗൽ, സ്പെയിൻ, ഓസ്ട്രേലിയ, ന്യൂസീലൻഡ് എന്നിവിടങ്ങളിലും ഇവയുടെ സാന്നിധ്യമുണ്ട്.

⚙️ ജീവിതചക്രം 

മിൽക്ക് വീഡ് ചെടിയുടെ ഇലകളിൽ ഓരോ മുട്ടകളും പ്രത്യേകം പ്രത്യേകമായി ഇടുന്ന പെൺ ചിത്രശലഭങ്ങൾ, അവയുൽപാദിപ്പിക്കുന്ന പ്രത്യേക സ്രവം കൊണ്ട് മുട്ടകൾ ഇലയിൽ ഒട്ടിക്കുകയും ചെയ്യുന്നു. 2-5 ആഴ്ച സമയത്തിനുള്ളിൽ ഏകദേശം 300- 500 മുട്ടകളാണ് ഒരു പെൺ ശലഭം നിക്ഷേപിക്കാറുള്ളത്. ഏതാനും ദിവസങ്ങൾക്കുള്ളിൽ മുട്ടകൾ വിരിഞ്ഞ് ലാർവകൾ (caterpillars) പുറത്തു വരും. മിൽക്ക് വീഡ് മാത്രം ഭക്ഷണമാകുന്ന ഇവ ഈ സമയത്ത് മതിയാകും വരെ തിന്ന് വളർച്ച പ്രാപിക്കുന്നു. രണ്ടാഴ്ച നിലനിൽക്കുന്ന ലാർവക്കാലത്തിനു ശേഷം ,സുരക്ഷിതമായൊരു കവചം തുന്നിയുണ്ടാക്കി പ്യൂപ്പയായി (chrysalis) സുഖശയനത്തിലാവുന്നു. ഒന്നോ രണ്ടോ ആഴ്ചകൾക്കു ശേഷം പുഴു പോലെയിരുന്ന ശരീരത്തിന്റെ രൂപാന്തരീകരണം (metamorphosis ) പൂർത്തിയാക്കി പൂർണ്ണ വളർച്ചയെത്തിയ കറുപ്പും ഓറഞ്ചും നിറമുള്ള ചിത്രശലഭമായി പുറത്തു വരുന്നു.( കാഫ്കയുടെ നോവൽ മെറ്റമോർഫോസിസിലെ ഗ്രിഗർ സാംസയെപ്പോലെ).

 ⚙️ ഇനിയെന്ത് ചെയ്യുമീ ശലഭങ്ങൾ 

രൂപാന്തരീകരണം നടന്നു പറന്നിറങ്ങുന്ന കാലത്തിനനുസരിച്ചായിരിക്കും മൊണാർക്കുകൾ അടുത്തത് എന്തെന്ന് തീരുമാനിക്കുക. ശലഭമായിറങ്ങുന്നത് വസന്തത്തിലേക്കോ ,വേനലിന്റെ ആരംഭത്തിലേക്കോ ആണെങ്കിൽ ദിവസങ്ങൾക്കുള്ളിൽ അവർ പ്രത്യുത്പാദനം തുടങ്ങും. ശലഭങ്ങൾ വിരിയുമ്പോൾ വേനലവസാനമോ, മഴക്കാലമോ ആണെങ്കിൽ ഹേമന്തമാണ് ( winter) വരുന്നതെന്നും, ഗ്രീഷ്മദേശങ്ങൾ തേടിയുള്ള ദേശാടന വേളയെത്തിയെന്നും അവർക്കറിയാം.

 ദേശാടനക്കാലം 

ഈസ്‌റ്റേൺ മോണാർക്കുകളിൽ, വേനലവസാനമോ മഴയുടെ തുടക്കത്തിലോ ശലഭമായി പുറത്തിറങ്ങുന്നവയാണ് ശൈത്യകാലത്ത് ദക്ഷിണ ദേശങ്ങളിലേക്ക് വാർഷിക ദേശാടനം നടത്തുക. ദിനങ്ങൾ ഹ്രസ്വമാകുന്ന, തണുപ്പ് മൂടുന്ന വടക്കേ അമേരിക്കയിലും കാനഡയിലുമുള്ള തങ്ങളുടെ പ്രജനന താവളങ്ങൾ ഉപേക്ഷിച്ച്, ഗ്രീഷ്മാതപം പേറുന്ന മധ്യ മെക്സിക്കോയിലെ മലനിരകൾ തേടി അവർ ദക്ഷിണായനം തുടങ്ങുന്നു. അവിടെയവർ ഒയാമൽ ഫിർ മരങ്ങളിൽ ശൈത്യകാലം കടന്നു പോകുന്നതുവരെ കൂട്ടം കൂടിയിരിക്കുന്നു. ദിനങ്ങൾ നീളം വയ്ക്കാൻ തുടങ്ങുമ്പോൾ ഉത്തരദേശത്തേക്ക് തിരിച്ചുള്ള യാത്ര തുടങ്ങും. വഴിവക്കുകളിൽ മുട്ടയിടാനായി യാത്രകൾക്ക് ചെറുവിരാമമിടുകയും ചെയ്യും.

നാട്ടിലെക്ക് പുതുതലമുറകൾ എത്തുമ്പോഴേക്കം മുട്ടയിടൽ അവസാനിച്ചിട്ടുണ്ടാകും. തിരിച്ചു കാനഡയിൽ എത്തുന്ന സമയത്തിനിടയിൽ നാലഞ്ചു തലമുറകളിലേക്ക് ശലഭസൗന്ദര്യം കൈമാറപ്പെട്ടിട്ടുണ്ടാവും. വെസ്‌റ്റേൺ മൊണാർക്കുകളാകട്ടെ ശൈത്യകാലത്ത് കലിഫോർണിയൻ തീരങ്ങൾ തേടിയാവും യാത്രയാവുന്നത്. മുൻപേ നിശ്ചയമുള്ള നൂറുകണക്കിന് തീര സ്ഥലങ്ങളിൽ ശൈത്യമകലാൻ അവർ കാത്തിരിക്കും. വസന്തത്തിന്റെ ആരംഭലക്ഷണങ്ങൾ കാണുമ്പോൾ കലിഫോർണിയയിലേക്കും മറ്റു പടിഞ്ഞാറൻ സ്റ്റേറ്റുകളിലേക്കുമായി പിൻമടക്കം തുടങ്ങും.

സുദീർഘമായ ഈ ദേശാന്തരഗമനം സാധ്യമാക്കാൻ പ്രകൃതി ഈ ചിത്രശലഭങ്ങളെ പ്രത്യേകമായി ഒരുക്കിയിട്ടുണ്ട്. സൂര്യനെയാണ് അവർ ഗതി നിയന്ത്രണത്തിന് ഏറ്റവുമധികം ആശ്രയിക്കുന്നത്. മേഘാവൃതമായ ദിനങ്ങളിൽ വഴി നടത്താൻ അവർക്ക് സ്വാഭാവികമായുള്ള ഒരു മാഗ്നറ്റിക് കോമ്പസ് സ്വന്തമായുണ്ട്. ഒപ്പം ദീർഘ ദൂരം പറക്കാൻ കഴിവു നൽകുന്ന മാംസപേശികൾ ശരീരത്തിലുറപ്പിക്കുന്ന ഒരു പ്രത്യേക ജീൻ അവരുടെ പാരമ്പര്യത്തിൽ നിയതി മുദ്രണം ചെയ്തിട്ടുമുണ്ട്.

⚙️ ചേലിനു വേണമൊരു കോട്ട 

മൊണാർക്ക് ചിത്രശലഭങ്ങളുടെ അനുപമമായ സൗന്ദര്യം പലപ്പോഴും അവർക്കു തന്നെ അപകടകരമാണ്. കടുംനിറങ്ങളുള്ള മേനി ശലഭങ്ങളെ പെട്ടെന്ന് തിരിച്ചറിയപ്പെടാനിടയാക്കുന്നു. എന്നാൽ സുരക്ഷയ്ക്കായി അവർ ആയുധമാക്കുന്നതും ശരീരസൗന്ദര്യത്തെ തന്നെയാണ്. ഇരപിടിയൻമാർക്ക് കടുംനിറങ്ങൾ നൽകുന്ന മുന്നറിയിപ്പ് അവയുടെ ദേഹത്തിന്റെ അരുചിയേക്കുറിച്ചും വിഷാംശത്തേപ്പറ്റിയുമാണ്. മൊണാർക്കുകൾ ഭക്ഷണമാക്കുന്ന മിൽക്ക് വീഡുകൾ വിഷച്ചെടികളാണ്. മൊണാർക്കുകൾക്ക് ഇവയെ വിഷമേശാതെ കഴിക്കാമെന്നു മാത്രമല്ല, അവയിലെ വിഷവസ്തുവിനെ ശരീരത്തിൽ സൂക്ഷിച്ച് ശത്രുക്കളെ, പ്രത്യേകിച്ച് മുഖ്യശത്രുക്കളായ പക്ഷികളെ വിഷബാധയേൽപ്പിക്കാനും കഴിയുന്നു.

⚙️ നിലനിൽപ് അപകടത്തിലാകുമ്പോൾ 

മൊണാർക്കുകളുടെ എണ്ണത്തിൽ വലിയ കുറവുണ്ടെന്ന് കണ്ടെത്തിയ പ്രകൃതി സ്നേഹികൾ അമേരിക്കൻ ഗവൺമെന്റിനോട് ഈ സുന്ദര ജൈവ ശിൽപങ്ങളെ എൻഡെയ്ഞ്ചേർഡ് സ്പീഷിസ് പട്ടികയിൽ പെടുത്താൻ അഭ്യർത്ഥിച്ചിരിക്കുന്നു. വെസ്റ്റേൺ മൊണാർക്കുകളുടെ എണ്ണം 1980-നെ അപേക്ഷിച്ചു താരതമ്യം ചെയുമ്പോൾ 99 ശതമാനവും, ഈസ്റ്റേൺ വിഭാഗത്തിന്റേത് 80 ശതമാനവും കുറഞ്ഞതായി കണക്കാക്കപ്പെടുന്നു. മൊണാർക്കുകൾ മുട്ടയിടുന്ന, കാറ്റർ പില്ലറുകൾ ഭക്ഷണമാക്കുന്ന കള സസ്യമായ മിൽക്ക് വീഡ് അപ്രത്യക്ഷമാകുന്നതാണ് മുഖ്യ ഭീഷണി.

കൃഷിയുടെ വ്യാപനവും കളനാശിനികളുടെ ഉപയോഗവും കളസസ്യങ്ങളെ നശിപ്പിച്ചിരിക്കുന്നു. അന്തരീക്ഷ താപനിലയിലും കാലാവസ്ഥയിലും ഉണ്ടാകുന്ന ചെറിയ മാറ്റങ്ങൾ പോലും മോണാർക്കുകൾക്കു താങ്ങാൻ ബുദ്ധിമുട്ടാണ്. അപ്പോൾ കാലാവസ്ഥാമാറ്റം അവയെ ബാധിക്കുമെന്ന കാര്യം പറയേണ്ടതില്ലല്ലോ? അവയുടെ ജീവിതചക്രത്തെ, ദേശാന്തര യാത്രകളെ മാറ്റിമറിക്കാൻ കാലാവസ്ഥാ മാറ്റത്തിന് നിഷ്പ്രയാസം കഴിയും. പ്രപഞ്ചത്തിലെ ഏറ്റവും ഭംഗിയുള്ളവയിൽപ്പെട്ട, ജൈവികമായി സങ്കീർണമായ ദേശാടനസ്വഭാവവുമുള്ള അപൂർവ ജീവിയായ മൊണാർക്ക് ശലഭങ്ങളെ നിലനിർത്താൻ നടത്തുന്ന പലതരത്തിലുള്ള ശ്രമങ്ങൾ ഫലം കണ്ടു തുടങ്ങിയെന്നതിൽ നമുക്ക് തൽക്കാലം ആശ്വസിക്കാം