വിരലടയാളം
വിരല്‍തുമ്പിലെ വിസ്മയം
thesimplescience.com
⭕ എത്ര ആസൂത്രിതമായി ഒരു കുറ്റകൃത്യം ചെയ്താലും ആരാലും ശ്രദ്ധിക്കപ്പെടാതെ ഒരു തെളിവ് അവശേഷിപ്പിക്കപ്പെടും. ‘ദൈവത്തിന്‍റെ വിരലടയാളം’ എന്ന് വിളിക്കാവുന്ന ഒരു തെളിവ്. എന്തുകൊണ്ടാണ് അങ്ങനെ വിളിക്കുന്നത്? അതു വിരലടയാളത്തെ പോലെ മായ്ക്കാനാവാത്ത ഒന്നായത് കൊണ്ട്. അതെ. വിരലടയാളം! പ്രകൃതി ഓരോ മനുഷ്യന്‍റെയും വിരല്‍തുമ്പില്‍ ഒളിപ്പിച്ചുവച്ചിരിക്കുന്ന അത്ഭുതം. ഒരാളുടെ വിരലടയാളം ഇതുവരെ ഈ ലോകത്ത് ജീവിച്ചിരുന്നിട്ടുള്ളവര്‍ക്കുമില്ല... ജീവിക്കുന്നവര്‍ക്കുമില്ല... വരുവാനുള്ള തലമുറയ്ക്കുമില്ല... അത് അയാള്‍ക്കുമാത്രം സ്വന്തം. ജനനം മുതൽ മരണം വരെ യാതൊരു മാറ്റവുമില്ലാതെ നിലനിൽക്കുന്ന വിസ്മയം!
⭕ എങ്ങനെയാണ് വിരലടയാളം രൂപമെടുക്കുന്നത്? എന്തുകൊണ്ടാണ് അവ ഓരോത്തരിലും വ്യത്യസ്തമായിരിക്കുന്നത്? വ്യക്തമായ ഒരു ഉത്തരം നല്‍കാന്‍ ശാസ്ത്രത്തിനു ഇന്നും കഴിഞ്ഞിട്ടില്ല. എങ്കിലും ഒരു ഏകദേശധാരണയിലെത്താന്‍ ശാസ്ത്രത്തിനായിട്ടുണ്ട്. വിരലടയാളങ്ങളുടെ ഉത്ഭവം അന്തരികചര്‍മത്തിലെ ‘പാപ്പില്ലറി ബള്‍ബു’കളില്‍ നിന്നാണ്.
⭕ ഒരു കാര്യം ഓര്‍ക്കേണ്ടത് അമ്മയുടെ വയറ്റില്‍ നമ്മള്‍ ഉരുവാകുമ്പോള്‍ ആദ്യമേതന്നെ കൈവിരലോ കൈപ്പത്തിയോ രൂപപ്പെടുന്നില്ല. കൈപ്പത്തിയുടെ സ്ഥാനത്ത് ബലൂണ്‍ പോലെ വീര്‍ത്തു നില്‍ക്കുന്ന മാംസഭാഗമാണ് ആദ്യം കാണപ്പെടുക. പിന്നെ കുഞ്ഞിനു ഒരു മൂന്ന് മാസം പ്രായമെത്തുന്നതൊടെ ഈ മാംസഭാഗം ഉള്ളിലേക്ക് ചുരുങ്ങി വിരലുകൾ രൂപം കൊള്ളുന്നു. ഈ ചൊട്ടി ഉള്‍വലിയലിന്‍റെ ഭാഗമായി പുറത്തെ തൊലിയില്‍ പാടുകള്‍ വീഴുന്നു. ഈ എണ്ണമറ്റ ചുളിവുകളാണ് ക്രമേണ വിരലടയാളമായി തീരുന്നത്. മരിച്ചു കഴിഞ്ഞു തൊലി നശിക്കും വരെ ആ അടയാളം മായുകയുമില്ല. അവയ്ക്കു എത്ര തേയ്മാനം വന്നാലും ശരീരം അതു നേരേയാക്കും.
⭕ ആദ്യനൂറ്റാണ്ടുകളില്‍ ചൈനയിലെ ചക്രവര്‍ത്തിമാര്‍ രേഖകളില്‍ കയ്യൊപ്പ് പതിപ്പിച്ചതായി കണ്ടെത്തിയിട്ടുണ്ട്. എന്നാലും ആധുനികചരിത്രത്തില്‍ ആ നേട്ടം ബ്രിട്ടീഷ് ഭരണകാലത്തെ ഇന്ത്യയിലെ ഒരു സബ്കളക്ടര്‍ക്കാണ്. വില്യം ഹേര്‍ഷല്‍. ബ്രിട്ടീഷുകാരനായ പുള്ളിയാണ് ഈ ആശയം കണ്ടുപിടിച്ചതെങ്കിലും ഒരുകണക്കിന്പറഞ്ഞാല്‍ ഈ ക്രെഡിറ്റും നമ്മള്‍ ഇന്ത്യാകാര്‍ക്കാണ് :ഉടായിപ്പില്‍ വേന്ദ്രന്മരാണല്ലോ നമ്മള്‍! നമ്മുടെ പൂര്‍വികരും അതുപോലെതന്നെയായിരുന്നു. (just kidding) .
⭕ 1858ല്‍ അദ്ദേഹത്തിന്‍റെ പ്രധാനജോലികളിലൊന്ന് പട്ടാളസേവനത്തില്‍നിന്ന് പിരിഞ്ഞ ശിപായിമാര്‍ക്ക് എല്ലാമാസവും പെന്‍ഷന്‍ നല്‍കുക എന്നതായിരുന്നു. ഒരുദിവസം പെന്‍ഷന്‍കണക്ക് മുന്‍പില്‍വെച്ച അദ്ദേഹം അമ്പരന്നുപോയി. 65ഓളം ശിപായിമാര്‍ക്ക് പതിവായി ഓഫീസില്‍നിന്നും പെന്‍ഷന്‍ കൊടുത്തുപോരുന്നു. എല്ലാം അറുപതും എഴുപതും വയസുകഴിഞ്ഞവര്‍. എന്നാൽ കഴിഞ്ഞ പത്തുവര്‍ഷമായി അവരില്‍ ഒരാള്‍പോലും മരിച്ചിട്ടില്ല!
വൈകാതെ രഹസ്യം പുറത്തുവന്നു. പകുതിയിലധികം പേരും മരിച്ചുപോയവരാണ്. എന്നാല്‍ വര്‍ഷങ്ങാളായി അവര്‍ക്കുപകരം ആരൊക്കെയോ എല്ലാമാസവും കൃത്യമായിവന്നു പെന്‍ഷന്‍ വാങ്ങിപോവുന്നു. എങ്ങനെ ഈ തട്ടിപ്പുവീരന്മാരെ പിടിക്കും? വരുന്നവക്കെല്ലാം അതേ പ്രായവും മട്ടും മീശയും തലപ്പാവുമൊക്കെ. പിന്നെയെന്തു ചെയ്യും?
⭕ ചിന്തയിലാണ്ടു ഓഫീസിലെ കണ്ണാടിച്ചില്ലുപാകിയ ജനലിലൂടെ അസ്തമയസൂര്യനെ നോക്കി അദ്ദേഹമങ്ങനെയിരുന്നു. അങ്ങനെയിരിക്കവേ സൂര്യപ്രകാശത്തില്‍ ഹെര്‍ഷല്‍ വിസ്മയകരമായ ഒരു കാഴ്ചകണ്ടു. കണ്ണാടിയില്‍ നിറയെ പെന്‍ഷന്‍ വാങ്ങാന്‍ വന്നവരുടെ അഴുക്കുപുരണ്ട വിരല്‍പാടുകള്‍!
കൂടുതല്‍ ശ്രദ്ധയോടെ നോക്കിയപ്പോള്‍ അതിനകത്ത് എന്തൊക്കയോ വരകളും ചുഴികളും. കൂടുതല്‍ അടുത്തെത്തി നോക്കിയപ്പോള്‍ അദ്ദേഹത്തിനു ഒരുകാര്യം ബോധ്യമായി. ഓരോത്തരുടെയും അടയാളം ഒന്നിന്നൊന്നു വ്യത്യസ്ഥമാണ്. താന്‍ മുന്‍പ് കണ്ടുമുട്ടിയ ചൈനീസ് പണമിടപാടുകാരുടെ ഒരു ചടങ്ങ് അദ്ദേഹത്തിനു ഓർമ്മ വന്നു. കടം കൊടുക്കുമ്പോള്‍ ഇടപാടുകാരനെ കൊണ്ട് ഉടമ്പടിപത്രത്തില്‍ വെറുതെ ഒരു ഉറപ്പിനു വിരലു പതിപ്പിക്കുന്നത് ഓര്‍ത്തു. വിരല്‍പ്പാടുകള്‍ക്ക് എന്തെങ്കിലും പ്രത്യേകതയുണ്ടോ? എങ്കില്‍ അതിലൂടെ വിരലുകളുടെ ഉടമസ്ഥനെ തിരിച്ചറിയാന്‍ കഴിഞ്ഞാലോ?!
⭕ ഹേര്‍ഷലിന് ആവേശമായി. ഒരു തടിച്ച പുസ്തകത്തില്‍ തന്‍റെ ഓഫീസിലുള്ളവരുടെയും പെന്‍ഷന്‍കാരുടേയും മുഴുവന്‍ വിരലടയാളങ്ങളെടുത്തു പഠനം ആരംഭിച്ചു. കൂട്ടുകാരുടെയും അയല്കാരുടെയും കണ്ടുമുട്ടിയവരുടെയുമൊക്കെ വിരലടയാളങ്ങള്‍ അദ്ദേഹം ശേഖരിച്ചു. അങ്ങനെ ഒരു മാസത്തിനകം അയ്യായിരത്തിലധികം അടയാളങ്ങള്‍ ഹേര്‍ഷല്‍ തന്‍റെ പുസ്തകത്തില്‍ പതിച്ചുവെച്ചു. പിന്നെ മുഴുവന്‍ സമയവും അദ്ദേഹം പഠനത്തിനു നീക്കിവെച്ചു. അങ്ങനെ വിരലടയാളത്തിന്‍റെ അത്ഭുതരഹസ്യങ്ങള്‍ അദ്ദേഹം മനസിലാക്കി. രണ്ടു പേരുടെ ഒരുപോലെയല്ലന്നു മാത്രമല്ല. ഒരാളുടെ പത്തു വിരലിലെ അടയാളങ്ങള്‍ പോലും വെവ്വേറെയാണ്.
⭕ അതോടെ ഹേര്‍ഷല്‍ ഓഫീസില്‍ അദ്ഭുതങ്ങള്‍ കാട്ടിത്തുടങ്ങി. താനില്ലാത്തപ്പോള്‍ ആരൊക്കെയാണ് മുറിയില്‍ വന്നു ഫയലുകള്‍ എടുത്തതെന്ന് ഹേര്‍ഷല്‍ കിറുകൃത്യമായി പ്രവചിച്ചു. മേശപ്പുറത്തു പതുങ്ങികിടന്ന വിരല്പാടിലൂടെയാണ് സബ്കളക്ടര്‍ ഈ അത്ഭുതം കാട്ടുന്നതെന്ന് അറിയാതെ സഹപ്രവര്‍ത്തകര്‍ അമ്പരന്നു.
അടുത്ത പെന്‍ഷന്‍ ദിവസം വന്നു. പണം കൊടുക്കുന്നതിനു മുന്‍പ് ഹേര്‍ഷല്‍ ഓരോത്തരുടെയും വിരപ്പാട് പഴയതുമായി ഒത്തുനോക്കി. ഒട്ടുമുക്കാല്‍ പേരും വേഷംമാറി വന്നവരായിരുന്നു. ഓരോ തവണയും പണം വാങ്ങാന്‍ സൌകര്യമുള്ള ആരെങ്കിലുമൊക്കെയാണ് വന്നിരുന്നത്. കൂടാതെ ഒരാള്‍ തന്നെ പലപേരിലും വന്നു വാങ്ങിയിരുന്നു. ഹേര്‍ഷല്‍ വിരല്‍പാടുകളുടെ സഹായത്താല്‍ പെന്‍ഷന്‍പറ്റുന്നവരുടെ എണ്ണം 67ല്‍ നിന്നും 20 ആയി കുറച്ചു. ആറുമാസക്കാലമായി താൻ പഠനം നടത്തി തെളിയിച്ച വിരലടയാളം എന്ന അത്ഭുതപ്രതിഭാസത്തെ വിശദീകരിച്ചുകൊണ്ട് ഹേര്‍ഷല്‍ ഒരു പ്രബന്ധം തയ്യാറാക്കി. വ്യക്തികളെ തിരിച്ചറിയാന്‍ ഏറ്റവും നല്ല ശാസ്ത്രീയമാര്‍ഗ്ഗം വിരലടയാളമാണെന്ന് അതില്‍ പറഞ്ഞിരുന്നു. അതിനാല്‍ ജയിലില്‍ കിടക്കുന്ന മുഴുവന്‍ കുറ്റവാളികളുടെയും വിരലടയാളം എടുത്തു സൂക്ഷിക്കണമെന്ന് ഹേര്‍ഷല്‍ എഴുതിവെച്ചു. ആ കുറ്റവാളികള്‍ വീണ്ടും കുറ്റം ചെയ്‌താല്‍ പെട്ടെന്ന് തിരിച്ചറിയാമെല്ലോ. ഇത്തരത്തിലുള്ള ഒരു വന്‍പദ്ധതി തയ്യാറാക്കി ഹേര്‍ഷല്‍ തന്‍റെ പ്രബന്ധം വൈസ്രോയിക്ക് അയച്ചുകൊടുത്തു.
⭕ എന്നാല്‍ അതുവായിച്ച വൈസ്രോയി ഒന്നും പിടികിട്ടിയില്ല. ഹേര്‍ഷലിന് എന്തോ മനസികത്തകരാണെന്ന് അദ്ദേഹം കരുതി. ഇങ്ങനെയുള്ള ഒരാളെ ജോലിക്ക് വച്ചതുതന്നെ അബദ്ധമാണെന്ന് ചിന്തിച്ച വൈസ്രോയി ഉടനെ ഹേര്‍ഷലിനെ ലണ്ടനിലേക്ക് മടക്കിയയച്ചു. വിരലടയാളത്തെപ്പറ്റി ആരോടും മിണ്ടിപോവരുതെന്നു താക്കീതും നല്‍കി. ആകെതകര്‍ന്നു പോയ ഹേര്‍ഷല്‍ താന്‍ കണ്ടെത്തിയ വിസ്മയത്തെപ്പറ്റി ആരോടും സംസാരിക്കാനാവാതെ ലണ്ടനിലെ വീട്ടിന്നുള്ളില്‍ ഒതുങ്ങികൂടി.
⭕ എന്നാല്‍ ഒരുതരത്തില്‍ വിരലടയാളത്തിനു മറ്റൊരു അവകാശി കൂടിയുണ്ട്. ജപ്പാനില്‍ ഒരു ആശുപത്രിയില്‍ ജോലി നോക്കിയിരുന്ന ഒരു സ്കോട്ട്ലണ്ടുകാരന്‍ ഡോക്ടര്‍ ഹെന്‍റി ഫാള്‍ഡ്. ഒരിക്കല്‍ ചികിത്സക്കിടയില്‍ ഒരു മണ്‍പാത്രം നിര്‍മിക്കുന്ന കോളനി സന്ദര്‍ശിക്കാനിടയായ ഫാള്‍ഡിന്‍റെ ശ്രദ്ധ ഉണക്കാന്‍വച്ചിരുന്ന മണ്‍പാത്രങ്ങളില്‍ പതിഞ്ഞു. പാത്രങ്ങളില്‍ നിറയെ അതുണ്ടാക്കിയവരുടെ വിരല്‍പാടുകള്‍! പാത്രമെടുത്ത് പരിശോധിച്ച ഫാള്‍ഡ് അതിലെ സൂക്ഷ്മരേഖകളും കണ്ടുപിടിച്ചു. അതില്‍ അദ്ദേഹത്തിനു വലിയ കൌതുകം തോന്നി.
⭕ വീട്ടിലെത്തിയശേഷമുള്ള ഒരു മാസത്തെ വിശദമായ പഠനത്തിനകം വിരലടയാളത്തിന്‍റെ പ്രത്യേകതകളും അതില്‍ നിന്ന് വ്യക്തികളെ തിരിച്ചറിയാമെന്നും അദ്ദേഹം കണ്ടെത്തി. അങ്ങനെയിരിക്കെ ഒരുദിവസം ഫാള്‍ഡിന്‍റെ വീട്ടില്‍നിന്നു വെള്ളിപാത്രങ്ങിലൊന്നു കളവുപോയി. നീണ്ട തിരച്ചിലിനൊടുവില്‍ പാത്രം തൊഴുത്തില്‍ നിന്നും കണ്ടുകിട്ടി. പക്ഷേ കള്ളനെ എങ്ങനെ പിടികൂടും?! അപ്പോഴാണ് ഫാള്‍ഡ് വെള്ളിപാത്രത്തിന്‍റെ അരികിലായി കരിപുരണ്ട ഒരു വിരല്‍പ്പാട് കണ്ടത്. വീട്ടിലെ പരിചാരകരുടെ മുഴുവന്‍ വിരല്‍പാടും ശേഖരിച്ചു പരിശോധിച്ച ഫാള്‍ഡ് ഒരാളുടെ വിരല്‍പ്പാട് പാത്രതിലുള്ളത് തന്നെയെന്നു കണ്ടെത്തി. ഹേർഷലിനുണ്ടായ ദുരന്തം ഫാള്‍ഡിനു ഉണ്ടായില്ല. ഫാള്‍ഡിന്‍റെ വിരലടയാളപഠനം പിന്നീട് ജപ്പാനിലെ പോലീസിന് പലവിധത്തില്‍ സഹായകരമായി. കുറ്റവാളികളെന്നു സംശയിക്കുന്നവരുടെ വിരലടയാളം നോക്കി യഥാര്‍ത്ഥപ്രതികളെ ഫാള്‍ഡ് പോലീസിന് കണ്ടെത്തികൊടുത്തു.
ഈ വിഷയത്തില്‍ കൂടുതല്‍ ഗവേഷണത്തിന് ഫാള്‍ഡ് ‘പരിണാമസിദ്ധാന്തത്തിന്‍റെ ഉപജ്ഞാതാ’വിനു തന്‍റെ ഗവേഷണഫലങ്ങള്‍ വച്ച് കത്തെഴുത്തി. എന്നാല്‍ പ്രായധിക്യം മൂലം ഡാര്‍വിന്‍ കൂടുതല്‍ ഗവേഷണത്തിനു മറ്റൊരാളെ ചുമതലപ്പെടുത്തി. പിന്നീട് ഗവേഷണം നടത്തിയത് പ്രശസ്തശാസ്ത്രജ്ഞന്‍ ഫ്രാന്‍സിസ് ഗാള്‍ട്ടനായിരുന്നു. സാക്ഷാല്‍ ചാള്‍സ് ഡാര്‍വിന്‍റെ സഹോദരൻ...