ഇൻഡക്ഷൻ കുക്കർ
ഇൻഡക്ഷൻ കുക്കർ- പ്രവർത്തിക്കുന്നതെങ്ങിനെ ..???
⭕ വൈദ്യുതി ഉപയോഗിച്ച് പ്രവർത്തിപ്പിക്കാവുന്ന അടുപ്പാണ് ഇൻഡക്ഷൻ കുക്കർ(Induction Cooker). വൈദ്യുത-കാന്തിക തരംഗങ്ങളുപയോഗിച്ചാണ് ഇത് പ്രവർത്തിക്കുന്നത്. ചൂട് നേരിട്ട് അടുപ്പത്ത് വെച്ച വസ്തുവിലേക്ക് പ്രവഹിക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത.
⭕ ഒരു ചാലകത്തിന്റെ അടുത്തുള്ള വിദ്യുത്കാന്തിക ദോലനങ്ങൾ പ്രസ്തുത ചാലകത്തിലേക്ക് വൈദ്യുതി പകർന്നു (induce) നൽകുന്നു എന്നതാണ് ഇൻഡക്ഷൻ കുക്കറിന്റെ അടിസ്ഥാന തത്ത്വം. വൈദ്യുതോർജ്ജം സംബന്ധിച്ച് നൂറ്റാണ്ടുകൾക്ക് മുമ്പ് മനുഷ്യൻ കണ്ടെത്തിയ ഈ തത്ത്വമാണ് പുതു തലമുറ പാചക യന്ത്രമായ ഈ കുക്കറിൽ ഉപയോഗിക്കുന്നതെന്നത് കൌതുകകരമാണ്. ഇലക്ട്രോണിക്സിന്റെ വികാസത്തിന്റെ ഭാഗമായി അർദ്ധചാലകങ്ങളുടെ നിർമ്മിതി കൈവരിച്ച മുന്നേറ്റമാണ് ഇന്ന് ഈ കുക്കറിന്റെ വ്യാപനത്തിനു കാരണമായത്. വളരെ കട്ടികൂടിയ ഒരു ചാലകത്തിൽ ചെലുത്തപ്പെടുന്ന കാന്തിക ദോലനം, ഉയർന്ന അളവിലുള്ള “എഡ്ഡി കരണ്ട്” സൃഷ്ടിക്കുകയും, ചാലകത്തിന്റെ കുറഞ്ഞ രോധം, ഹിസ്റ്റെരിസിസ് എന്നിവ മൂലം ഉയർന്ന നിരക്കിൽ താപോർജ്ജം പുറപ്പെടുവിക്കുകയും ചെയ്യുന്നു. ഒരു നിയന്ത്രണ യൂണിറ്റിനാൽ നിയന്ത്രിതമായ ഒരു ഓസിലേറ്ററാണ് ഇതിന്റെ അടിസ്ഥാന ഘടകം. ഉയർന്ന ആവൃത്തി തരംഗങ്ങൾ പുറത്തുവിടുന്ന ഈ ഘട്ടത്തിൽ നിന്നു ലഭിക്കുന്ന തരംഗങ്ങൾ അനുയോജ്യമായ രീതിയിൽ മോഡുലേറ്റ് ചെയ്യപ്പെട്ട്, ,കാന്തിക തരംഗങ്ങൾ സൃഷ്ടിക്കാൻ പര്യാപതമായ ഒരു കമ്പിച്ചുറ്റിലേക്ക് നയിക്കപ്പെടുന്നു. ഇപ്രകാരം കമ്പിച്ചുറ്റിലെത്തുന്ന വൈദ്യതകാന്തിക ദോലനങ്ങൾ പ്രസരിപ്പിക്കുന്ന ഊർജ്ജം പാത്രത്തിലെത്തുകയും മേലെ സൂചിപ്പിച്ച പ്രകാരം പാത്രത്തെ ചൂടാക്കുകയും ചെയ്യുന്നു. ഈ കമ്പിച്ചുറ്റുകളുടെ വ്യാസത്തിനനുസരിച്ചുള്ള പാത്രങ്ങൾ ഉപയോഗിക്കുക എന്നത് ക്ഷമതയുമായും ഉപകരണത്തിന്റെ ആയുസ്സുമായും ബന്ധപ്പെട്ടുകിടക്കുന്നു.
⚙️ ഗുണങ്ങൾ
⭕ പാചകത്തിനായ് ഉപയോഗിക്കുന്ന പാത്രം തന്നെ നേരിട്ട് ചൂടാവുന്നു എന്നതിനാൽ പ്രസരിച്ചു പോകുന്ന ഊർജ്ജ നഷ്ടം, താപ സ്രോതസ്സിന്റെ താപന ക്ഷമതക്കുറവ് തുടങ്ങിയവ മൂലമുള്ള നഷ്ടം ഒഴിവാകുന്നു.
യാതൊരുവിധ രാസപ്രവർത്തനവും ഉണ്ടാക്കുന്നില്ല എന്നതിനാൽ പരിസ്ഥിതി മലിനീകരണം ഒഴിവാകുന്നു.
പച്ചക്കറികളുടെയും മറ്റം പോഷകാംശങ്ങൾ നഷ്ടമാവാതെ തന്നെ വേവിക്കുന്നു.
മറ്റുള്ള അടുപ്പുകളെക്കാൾ അപകട സാധ്യത കുറവായതിനാൽ എവിടെ വെച്ചു സുരക്ഷിതമായി ഭക്ഷണം പാകം ചെയ്യാനാവുന്നു.
പുക, ചൂട് എന്നിവ സഹിക്കാതെ തന്നെ പാചകം ചെയ്യാവുന്നതു കൊണ്ട് പാചകക്കാരന്റെ ആരോഗ്യത്തെ കൂടി സംരക്ഷിക്കുന്നു.
വളരെ രൂക്ഷമായ പാചകവാതക ക്ഷാമവും ഇന്ധനക്ഷാമവും നേരിടുന്ന പശ്ചാത്തലത്തിൽ ഒരു ബദൽ സംവിധാനം കൂടിയാണിത്.