ഹൈഡ്രോക്‌സി ക്ലോറോക്വിന്‍

Simple Science Technology

മലേറിയയെ തുരത്തിയ ഹൈഡ്രോക്സി ക്ലോറോക്വിന്റെ ചരിത്രവും - ഇന്നത്തെ പ്രസക്തിയും പിന്നെ സിങ്കോണയും 

thesimplescience.com


      റൂബിയെസിയെ കുടുംബത്തില്‍ വരുന്ന ഒരു ചെറുവൃക്ഷമാണ് ക്വയണ എന്നു മലയാളത്തില്‍ അറിയപ്പെടുന്ന  സിങ്കോണ. ദക്ഷിണ അമേരിക്കയിലെ പെറു, ബൊളീവിയ, ഇക്വഡോര്‍ തുടങ്ങിയ രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന ആന്‍ഡീസ് പര്‍വതമേഖലയാണ് ഈ വൃക്ഷങ്ങളുടെ ജന്മദേശം. സിങ്കോണ ജീനസില്‍ ഏകദേശം 23 സ്പീഷീസുകള്‍ ഉള്ളതായി രേഖപ്പെടുത്തിയിരിക്കുന്നു. ഇവയില്‍ പ്രധാനപ്പെട്ടവയാണ് സിങ്കോണ കാലിസായ (Cinchona calisaya), സിങ്കോണ ഓഫീസിനാലിസ് (Cinchona officinalis), സിങ്കോണ സക്കിറൂബ്ര (Cinchona succirubra), സിങ്കോണ ലെഡ്ജറിയാനാ (Cinchona ledgeriana) എന്നിവ.

 ദക്ഷിണ അമേരിക്കയിലെ ആന്‍ഡീസ് പര്‍വ്വതമേഖലയില്‍ വസിച്ചിരുന്നവര്‍ പനി കുറയ്ക്കുന്ന ഔഷധഗുണം സിങ്കോണയ്ക്കുണ്ടെന്നു പുരാതന കാലം മുതല്‍ക്കുതന്നെ തിരിച്ചറിഞ്ഞിരുന്നു. എന്നാല്‍, ആ കാലഘട്ടത്തില്‍ അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ മലേറിയ ഉണ്ടായിരുന്നില്ല. 16-ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ യൂറോപ്പുകാരുടെ അധിനിവേശത്തോടുകൂടിയാണ് അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ മലേറിയ കാണപ്പെടുന്നത്. ജെസ്യൂട്ട് പാതിരിമാരാണ് 16-ാം നൂറ്റാണ്ടില്‍ സിങ്കോണ എന്ന ഔഷധം ആദ്യമായി യൂറോപ്പില്‍ അവതരിപ്പിച്ചത്. അതിനാല്‍ത്തന്നെ ജെസ്യൂട്ട് പാതിരിമാരുടെ ഔഷധം എന്ന നിലയില്‍ സിങ്കോണ പ്രസിദ്ധമായിരുന്നു. കാള്‍ ലിനെയസ് 1742-ല്‍ ഈ വൃക്ഷത്തിന് സിങ്കോണ എന്ന ജീനസ് നാമം നല്‍കിയത് പെറുവിലെ സിന്‍കോണ്‍ എന്ന സ്പാനിഷ് വൈസ്രോയിയുടെ സ്മരണയ്ക്കായിരുന്നു. അദ്ദേഹത്തിന്റെ പത്‌നിക്ക് 1630-ല്‍ ഈ വൃക്ഷത്തില്‍നിന്നുള്ള ഔഷധം ഉപയോഗിച്ച് രോഗശാന്തി വന്നതായി പറയപ്പെടുന്നു. ഇതിനും വളരെ മുന്‍പു തന്നെ പെറുവില്‍നിന്നുമുള്ള ഒരു വൃക്ഷത്തിന്റെ തൊലി പനിക്കുള്ള ഔഷധമായി സ്‌പെയിനില്‍ ഉപയോഗിച്ചിരുന്നതായി രേഖപ്പെടുത്തിയിരിക്കുന്നു. ബെര്‍നാബ് കോബോ (Barnabé de Cobo) എന്ന ജെസ്യൂട്ട് പാതിരി 1631-ല്‍ സിങ്കോണ എന്ന പനി മരത്തിന്റെ തോല്‍ യൂറോപ്പിലേയ്ക്ക് കൊണ്ടുവന്നതായി രേഖപ്പെടുത്തിയിരിക്കുന്നു. 17-ാം നൂറ്റാണ്ടില്‍ റോമാ നഗരത്തിന്റെ പ്രാന്ത പ്രദേശങ്ങളില്‍ രൂക്ഷമായിരുന്ന ഒരു മഹാമാരിയായിരുന്നു മലേറിയ. ലോകമെമ്പാടും മലേറിയ ബാധിച്ചിരുന്നുവെങ്കിലും മതമേലധ്യക്ഷന്മാര്‍ ഉള്‍പ്പെടെ നിരവധി പേരുടെ ജീവനെടുത്ത റോമിലെ മലേറിയബാധ ഏറെ കുപ്രസിദ്ധമായിരുന്നു. ജെസ്യൂട്ട് പാതിരിമാര്‍ 17-ാം നൂറ്റാണ്ടില്‍ പെറുവില്‍നിന്നും കൊണ്ടുവന്ന സിങ്കോണ മരത്തിന്റെ തൊലിയായിരുന്നു ഈ മഹാമാരിയെ റോമില്‍നിന്നും തുരത്താന്‍ സഹായിച്ചത്. യൂറോപ്പില്‍ സിങ്കോണ പ്രചരിപ്പിക്കുന്നതില്‍ പ്രമുഖനായിരുന്നു പ്രസിദ്ധനായ ജെസ്യൂട്ട് പാതിരി ജുവാന്‍ ഡി ലൂഗോ (Juan de Lugo). ഫ്രാന്‍സിലെ രാജാവായിരുന്ന ലൂയിസ് 14-ാമന്റെ പുത്രനെ സുഖപ്പെടുത്തിയതിലൂടെ സിങ്കോണ ഫ്രെഞ്ച് ജനതയ്ക്കും സുപരിചിതമായി. ബ്രിട്ടീഷ് ചക്രവര്‍ത്തിയായിരുന്ന ചാള്‍സ് രണ്ടാമനു സിങ്കോണയിലൂടെ മലേറിയയില്‍നിന്നും രോഗശാന്തി ലഭിച്ചതോടെ ബ്രിട്ടനിലും സിങ്കോണ പ്രചാരത്തിലായി. 

പെറുവിനും ഇക്വിഡോറിനും ഇടയ്ക്കുള്ള അതിര്‍ത്തി പ്രദേശങ്ങളില്‍നിന്നുമാണ് കൂടു ലും സിങ്കോണ തൊലി ശേഖരിച്ചിരുന്നത്. മുറിക്കുന്ന ഓരോ മരത്തിനു പകരമായും അഞ്ചു തൈകള്‍ കുരിശിന്റെ രൂപത്തില്‍ നടണമെന്നു പാതിരിമാര്‍ നിര്‍ബ്ബന്ധിച്ചിരുന്നു. പ്രശസ്ത ഭിഷഗ്വരനായിരുന്ന സെബാസ്റ്റ്യനോ ബാഡോ (Sebastiano Bado) 1663-ല്‍ സിങ്കോണയെക്കുറിച്ചുള്ള തന്റെ പുസ്തകത്തില്‍ പ്രതിപാദിച്ചതുപോലെ, ദക്ഷിണ അമേരിക്കയില്‍നിന്നും യൂറോപ്യന്‍ അധിനിവേശക്കാര്‍ക്കു ലഭിച്ച ആകെ സ്വര്‍ണ്ണത്തേക്കാളും വെള്ളിയേക്കാളുമേറെ വിലപിടിപ്പുള്ളതാണ് ഈ വൃക്ഷത്തിന്റെ തൊലി. 


⚙️ സാമ്രാജ്യത്വത്തെ വിറപ്പിച്ച രോഗം 

ഇറ്റാലിയന്‍ വൈദ്യശാസ്ത്ര വിശാരദനായിരുന്ന റമസാനിയുടെ അഭിപ്രായത്തില്‍ യുദ്ധമേഖലയില്‍ വെടിമരുന്നിന്റെ കണ്ടുപിടിത്തംപോലെ പ്രാധാന്യമുള്ളതാണ് വൈദ്യശാസ്ത്ര മേഖലയില്‍ സിങ്കോണയുടെ കടന്നുവരവ്.

തുടര്‍ന്ന് 200 വര്‍ഷങ്ങളിലേറെ നീണ്ട പര്യവേഷണങ്ങള്‍ക്കൊടുവില്‍ മാത്രമാണ് സിങ്കോണ വൃക്ഷത്തിന്റെ തൈകള്‍ യൂറോപ്പില്‍ മുളപ്പിക്കാനായത്. അങ്ങനെ 19-ാം നൂറ്റാണ്ടില്‍ യൂറോപ്പുകാര്‍ അവരുടെ കോളനികളില്‍ സിങ്കോണ വൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കാന്‍ തുടങ്ങി. അല്‍ജര്‍നോണ്‍ വെഡെല്‍ (Algernon Weddell) എന്ന സസ്യശാസ്ത്രജ്ഞന്‍ ബൊളീവിയ, പെറു എന്നീ രാജ്യങ്ങളില്‍ 1845-ല്‍ നടത്തിയ പനി മരത്തെക്കുറിച്ചുള്ള പര്യവേഷണത്തില്‍ പതിനഞ്ചോളം സിങ്കോണ സ്പീഷീസുകള്‍ കണ്ടെത്തുകയുണ്ടായി. വെഡെല്‍ 1846-ല്‍ യൂറോപ്പില്‍ ആദ്യമായി പാരിസിലെ ബൊട്ടാണിക് ഗാര്‍ഡനില്‍ ബൊളീവിയയില്‍നിന്നും കൊണ്ടുവന്ന സിങ്കോണമരത്തിന്റെ വിത്തുകള്‍ നട്ടുപിടിപ്പിച്ചു. ജാവയിലും മറ്റു ഈസ്റ്റ് ഇന്‍ഡീസ് കോളനികളിലും സിങ്കോണ തോട്ടങ്ങള്‍ നിര്‍മ്മിക്കാനുള്ള ചെടികള്‍ ഇവിടെനിന്നുമാണ് കൊണ്ടുപോയത്. ഇതിനോടൊപ്പം തന്നെ ഡച്ചുകാരും ബ്രിട്ടീഷുകാരും സിങ്കോണ വൃക്ഷത്തിന്റെ തൈകള്‍ അവരുടെ കോളനികളില്‍ പ്രചരിപ്പിക്കുകയുണ്ടായി. ഡച്ച് പര്യവേഷകനായ കാള്‍ ഹസ്‌കാള്‍ 1854-ല്‍ സിങ്കോണയുടെ വിത്തുകള്‍ പെറുവില്‍നിന്നും ശേഖരിച്ചതാണ് പിന്നീട് ജാവയിലും മറ്റും സിങ്കോണ തോട്ടങ്ങള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിച്ചത്. ബ്രിട്ടീഷ് പര്യവേഷകനായ ക്ലെമെന്റ്സ് മാര്‍ഖം (Clements Markham) 1860-ല്‍ ശേഖരിച്ച സിങ്കോണ കാലിസായ (Cinchona calisaya), സിങ്കോണ ഓഫീസിനാലിസ് (Cinchona officinalis) എന്നീ ചെടികളാണ് ശ്രീലങ്കയിലും ഇന്ത്യയിലെ നീലഗിരിയിലും സിങ്കോണ തോട്ടങ്ങള്‍ക്കുവേണ്ടി ആദ്യമായി ഉപയോഗിച്ചത്. എന്നാല്‍, പിന്നീട് ഇക്വിഡോറില്‍നിന്നും കൊണ്ടുവന്ന, തൊലിയില്‍ ചുവന്ന കറ കാണപ്പെടുന്ന, നാല് സിങ്കോണ ആല്‍ക്കലോയ്ഡ്‌സുകളും ഏകദേശം ഒരേ അളവില്‍ കാണപ്പെടുന്ന, സിങ്കോണ സക്കിറൂബ്ര (Cinchona succirubra) എന്ന സ്പീഷീസ് ആണ് ഇന്ത്യയിലും ശ്രീലങ്കയിലും പ്രചരിപ്പിച്ചത്. ശ്രീലങ്കയിലെ ഏകദേശം 64,000 ഏക്കര്‍ സിങ്കോണ തോട്ടങ്ങളില്‍നിന്നും 1886-ല്‍ 15 ദശലക്ഷം പൗണ്ട് മൂല്യം വരുന്ന സിങ്കോണ ലഭിച്ചിരുന്നു. ഇന്ത്യയില്‍ ഡാര്‍ജിലിംഗിലും നീലഗിരിയിലും ആയിരുന്നു പ്രധാന സിങ്കോണ തോട്ടങ്ങള്‍. ഇവിടങ്ങളിലെ സിങ്കോണ ഫാക്ടറികളില്‍ ആല്‍ക്കലോയ്ഡ്‌സ് വേര്‍തിരിച്ചെടുക്കുന്നതിനായി ക്വിനോളജിസ്റ്റുകളെ നിയമിച്ചിരുന്നു. കേരളത്തില്‍ തിരുവനന്തപുരത്തുള്ള പൊന്മുടി മലനിരകളിലും സിങ്കോണ തോട്ടങ്ങള്‍ ഉണ്ടായിരുന്നതായി പറയപ്പെടുന്നു

യൂറോപ്യന്‍ സാമ്രാജ്യ ശക്തികള്‍ അധിനിവേശകാലത്തു ഏറ്റവും കൂടുതല്‍ ഭയപ്പെട്ടിരുന്നത് മലേറിയ ആയിരുന്നു. ബ്രിട്ടീഷ് സാമ്രാജ്യത്തിനു മാത്രം ആ കാലയളവില്‍ വര്‍ഷം ഏകദേശം 50 ദശലക്ഷം പൗണ്ട് മലേറിയ മൂലം നഷ്ടം വന്നിരുന്നു. വെള്ളക്കാരുടെ ശവകുടീരം എന്ന് ആഫ്രിക്കന്‍ വന്‍കര അറിയപ്പെടാന്‍ കാരണം മലേറിയ മൂലമുണ്ടാകുന്ന മരണങ്ങളായിരുന്നു. ലോകത്തു ഇന്നുവരെ നടന്നിട്ടുള്ള എല്ലാ യുദ്ധങ്ങളിലും കൂടി മരണപ്പെട്ടവരേക്കാള്‍ കൂടുതല്‍ ജനങ്ങള്‍ മലേറിയ മൂലം മരണപ്പെട്ടിട്ടുണ്ട്. മഹാനായ അലക്സാണ്ടര്‍ ചക്രവര്‍ത്തി മലേറിയ ബാധിച്ചാണ് മരിച്ചതെന്ന് കരുതുന്നു. മലേറിയ നിര്‍മ്മാര്‍ജനത്തിനു വേണ്ടിയുള്ള തീവ്രയജ്ഞങ്ങള്‍ ലോകത്താകമാനം നടപ്പാക്കിക്കൊണ്ടിരിക്കുന്നതിനിടയിലും 2018-ല്‍ മാത്രം ഏകദേശം 200 ദശലക്ഷത്തിലധികം ജനങ്ങള്‍ക്കു മലേറിയ ബാധിക്കുകയും അവരില്‍ നാല് ലക്ഷം പേര്‍ മരണപ്പെട്ടതായും രേഖപ്പെടുത്തിയിരിക്കുന്നു.

പ്ലാസ്മോഡിയം ഇനത്തില്‍പ്പെട്ട ഏകകോശ പരാദജീവികളാണ് മലേറിയയ്ക്കു കാരണം. സര്‍ റൊണാള്‍ഡ് റോസ് 1898-ല്‍ കൊതുകിലൂടെയുള്ള മലേറിയ പരാദത്തിന്റെ ജീവിത ചക്രം കണ്ടുപിടിക്കുന്നതുവരെ ഈ രോഗം ശാസ്ത്ര ലോകത്തിനു ഒരു പ്രഹേളിക ആയിരുന്നു. മലേറിയയ്ക്കു എതിരായി ഏകദേശം 1944 വരെ ഉപയോഗത്തിലുണ്ടായിരുന്ന ഏറ്റവും പ്രമുഖമായ ഔഷധമായിരുന്നു സിങ്കോണ മരത്തിന്റെ തൊലിയും, അതില്‍നിന്നും ലഭിച്ച ക്വിനൈന്‍ എന്ന രാസപദാര്‍ഥവും. ക്വിനൈനു മേല്‍ പ്രതിരോധം ഉള്ള സൂക്ഷ്മ ജീവികള്‍ ഉടലെടുത്തതും, മികച്ച മറ്റു ഔഷധങ്ങള്‍ കണ്ടുപിടിച്ചതും മൂലം 1950-കളോടെ ഈ വൃക്ഷത്തിന്റെ വലിയ തോതിലുള്ള ആവശ്യകത കുറഞ്ഞുവന്നു.

ഹോമിയോ മരുന്നുകളില്‍ പ്രധാനപ്പെട്ടതാണ് സിങ്കോണ. 

⚙️ വഴിത്തിരിവായ കണ്ടെത്തല്‍ !

ക്വിനോലിന്‍ ആല്‍ക്കലോയ്ഡ് വിഭാഗത്തില്‍ പെടുന്ന ക്വിനൈന്‍ എന്ന സസ്യരാസപദാര്‍ത്ഥമാണ് സിങ്കോണ വൃക്ഷത്തിന്റെ ഔഷധ ഗുണത്തിനാധാരം. ഫ്രെഞ്ച് ഔഷധശാസ്ത്രജ്ഞരായ ജോസഫ് പെല്ലെറ്റിയര്‍ (Joseph Pelletier), ജോസഫ് കാവെന്റി (Joseph Caventou) എന്നിവര്‍ 1820-ല്‍ ആദ്യമായി സിങ്കോണയില്‍നിന്നും ക്വിനൈന്‍ വേര്‍തിരിച്ചെടുത്തു. അവര്‍ വേര്‍തിരിക്കല്‍ പ്രക്രിയ പേറ്റന്റ് ചെയ്യാതെ എല്ലാവര്‍ക്കും ഉപയുക്തമാവുന്ന രീതിയില്‍ പ്രസിദ്ധീകരിക്കുകയാണുണ്ടായത്. ജാവ, ശ്രീലങ്ക, ഇന്ത്യ എന്നിവിടങ്ങളിലെ തോട്ടങ്ങളില്‍നിന്നുമുള്ള വൃക്ഷങ്ങളാണ് ഈ സസ്യരാസപദാര്‍ത്ഥം വലിയതോതില്‍ വേര്‍തിരിച്ചെടുക്കാന്‍ വേണ്ടി ഉപയോഗിച്ചിരുന്നത്. തുടര്‍ന്നു മറ്റെല്ലാ മരുന്നുകളേയും നിഷ്പ്രഭമാക്കി മലേറിയയ്ക്കുള്ള ഏക പ്രതിവിധിയായി ക്വിനൈന്‍. ക്വിനിഡിന്‍ (quinidine) സിങ്കോനിന്‍ (cinchonine) സിങ്കോനിഡിന്‍ (cinchonidine) എന്നിവയാണ് സിങ്കോണ വൃക്ഷങ്ങളില്‍ കാണപ്പെടുന്ന മറ്റു പ്രധാന ആല്‍ക്കലോയിഡുകള്‍.

ഒന്നാം ലോകമഹായുദ്ധത്തെ തുടര്‍ന്ന് ഉണ്ടായ ക്വിനൈന്‍ ക്ഷാമവും ക്വിനൈന്‍ പ്രതിരോധിക്കുന്ന പുതിയ ഇനം സൂക്ഷ്മജീവികളുടെ ആവിര്‍ഭാവവും പുതിയ രാസസംയുക്തങ്ങളെ സൃഷ്ടിക്കുന്നതിലേയ്ക്കു നയിച്ചു. തുടര്‍ന്ന് ഹാന്‍സ് അണ്ടര്‍സാഗ് (Hans Andersag) എന്ന ശാസ്ത്രജ്ഞന്‍ 1934-ല്‍ 4-അമിനോ ക്വിനോലിന്‍ വിഭാഗത്തില്‍ വരുന്ന ക്ലോറോക്വിന്‍ പരീക്ഷണശാലയില്‍ വികസിപ്പിച്ചെടുത്തു. 1940-കളില്‍ മാത്രമാണ് ക്ലോറോക്വിന്‍ മലേറിയയ്ക്കു എതിരായി ഉപയോഗിക്കാന്‍ തുടങ്ങിയത്. ക്ലോറോക്വിന്‍ പ്രതിരോധിക്കുന്ന സൂക്ഷ്മജീവികള്‍ ഉടലെടുത്തതിനെ തുടര്‍ന്നു പാര്‍ശ്വഫലങ്ങള്‍ കുറവുള്ള, ക്വിനൈനോട് സാമ്യമുള്ള, വിവിധ സംയുക്തങ്ങള്‍ കണ്ടുപിടിക്കുകയുണ്ടായി. ഇവയില്‍ പ്രമുഖമായതാണ് 1946-ല്‍ അവതരിപ്പിച്ച ഹൈഡ്രോക്‌സി ക്ലോറോക്വിന്‍. എന്നിരുന്നാലും ഇപ്പോഴും മലേറിയയ്ക്കു എതിരെയുള്ള ഔഷധ സഞ്ചയങ്ങളില്‍ ക്വിനൈനു പ്രത്യേക സ്ഥാനം ഉണ്ട്. 

ക്വിനൈന്‍ അനുബന്ധ സംയുക്തങ്ങള്‍ മലേറിയയ്ക്കു എതിരെ പ്രവര്‍ത്തിക്കുന്ന രീതി ശാസ്ത്രലോകം കണ്ടെത്തിയിട്ടുണ്ട്. മലേറിയയ്ക്കു കാരണമായ പ്ലാസ്മോഡിയം ഇനത്തില്‍പ്പെട്ട പരാദജീവികള്‍ മറ്റു ജീവികളുടെ ചുവന്ന രക്താണുക്കളിലെ ഹീമോഗ്ലോബിനെ വിഘടിപ്പിക്കുന്നു. ഹീമോഗ്ലോബിനിലെ പ്രോട്ടീന്‍ ഭാഗത്തെ ഉപയോഗിക്കുന്ന പരാദം ഹീമ് എന്ന ഭാഗത്തെ ആതിഥേയ കോശത്തില്‍ പിന്‍തള്ളുന്നു. ഇപ്രകാരം ബാക്കിവരുന്ന, കോശങ്ങള്‍ക്കു ഹാനികരമായ ഹീമ് കൂട്ടം ചേര്‍ന്ന് ഹീമോസോയിന്‍ അല്ലെങ്കില്‍ മലേറിയ പിഗ്മെന്റ് എന്ന ഹാനികരമല്ലാത്ത പദാര്‍ത്ഥമായി മാറുന്നു. ക്ഷാര ഗുണമുള്ള ക്വിനൈന്‍, ക്ലോറോക്വിന്‍ തുടങ്ങിയ ക്വിനോലിന്‍ സംയുക്തങ്ങള്‍ കൊഴുപ്പുകൊണ്ടുള്ള കോശസ്തരം മറികടക്കാന്‍ കഴിവുള്ള സംയുക്തങ്ങളാണ്. ഇപ്രകാരം കോശങ്ങള്‍ക്കുള്ളിലെത്തുന്ന ഇവ കോശദ്രവ്യത്തിലെ അമ്ലഗുണമുള്ള ലൈസോസോമുകളില്‍ ശേഖരിക്കപ്പെടുകയും അവിടെ ഹീമോസോയിന്‍ ഉണ്ടാകുന്ന പ്രക്രിയ തടയുകയും ചെയ്യൂന്നു. തന്മൂലം ഹാനികരമായ ഹീമ് കൂടുതലാവുകയും പരാദജീവി നശിക്കുകയും ചെയ്യുന്നു. 

ക്ലോറോക്വിന്‍, ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ എന്നീ ക്വിനോലിന്‍ അനുബന്ധ സംയുക്തങ്ങള്‍ വൈറസുകള്‍ക്കെതിരേയും ഫലപ്രദമാണ്. വൈറസ് കണങ്ങള്‍ ആതിഥേയ കോശങ്ങള്‍ക്കുള്ളിലേയ്ക്കു കടക്കുന്നത് അവയുടെ പുറംചട്ടയിലുള്ള പ്രോട്ടീന്‍, ആതിഥേയ കോശങ്ങളിലെ എ സി ഇ 2 റിസെപ്റ്ററുമായി (ACE-2 Receptor) പ്രതിപ്രവര്‍ത്തിക്കുന്നതിലൂടെയാണ്. ക്വിനോലിന്‍ സംയുക്തങ്ങള്‍ സാര്‍സ് കൊറോണ വൈറസിന്റെ പുറംചട്ടയിലുള്ള സ്പൈക്ക് പ്രോട്ടീനുമായും ആതിഥേയ കോശങ്ങളിലെ എ സി ഇ 2 റിസെപ്റ്ററുമായും പ്രതിപ്രവര്‍ത്തിക്കുന്നതിലൂടെ വൈറസ് കണങ്ങള്‍ ആതിഥേയ കോശങ്ങള്‍ക്കുള്ളിലേയ്ക്കു കടക്കുന്ന പ്രക്രിയ തടസപ്പെടുത്തുന്നു. 

ക്വിനോലിന്‍ സംയുക്തങ്ങള്‍ കോശങ്ങള്‍ക്കുള്ളിലേക്കു വൈറസ് കണങ്ങള്‍ കടക്കുന്നതിനെ തടയുന്നതിനൊപ്പം കോശത്തിനുള്ളിലെത്തിയതിനു ശേഷവും വൈറസിനെതിരെ പ്രവര്‍ത്തിക്കുന്നു. വൈറസ് കണങ്ങള്‍ ആതിഥേയ കോശങ്ങള്‍ക്കുള്ളിലേയ്ക്ക് കടക്കുന്നത് ആതിഥേയ കോശസ്തരം ഉപയോഗിച്ചുണ്ടാക്കിയ എന്‍ഡോസോം എന്ന കവചത്തിനുള്ളിലാണ്. വൈറസിന്റെ ജനിതക കണങ്ങള്‍ ഇത്തരം എന്‍ഡോസോമുകളില്‍നിന്നും ലൈസോസോമുകളിലേക്കു മാറ്റപ്പെടുന്നു. ആതിഥേയ കോശദ്രവ്യത്തിലെ അമ്ലഗുണമുള്ള വാക്യൂളുകളായ ലൈസോസോമുളില്‍ വെച്ചാണ് വൈറസിന്റെ തുടര്‍ന്നുള്ള പ്രൊട്ടീന്‍ വിഘടനം പോലെയുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ക്ഷാരഗുണമുള്ള ക്വിനോലിന്‍ സംയുക്തങ്ങള്‍ എന്‍ഡോസോമുകളിലും ലൈസോസോമുകളിലും ശേഖരിക്കപ്പെടുകയും അവയുടെ അമ്ലതയുടെ തോത് കുറക്കുകയും വൈറസ് കണങ്ങളുടെ ഇവയില്‍വെച്ച് നടക്കേണ്ട പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തുകയും ചെയ്യുന്നു.

രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പ്രധാന പങ്കുവഹിക്കുന്നവയാണ് സൈറ്റോകൈനുകള്‍. എന്നാല്‍, ഇവയുടെ കൂടിയ തോതിലുള്ള ഉത്പാദനം ശരീരത്തിനു ദോഷകരമാണ്. കൊറോണ വൈറസ് ബാധിക്കുമ്പോള്‍ ശരീരത്തില്‍ പ്രതിരോധ കോശങ്ങളും ഇന്റര്‍ലുകീന്‍-6 (interleukin-6) പോലുള്ള സൈറ്റോകൈനുകളും കൂടുതലായി ഉത്പാദിപ്പിക്കപ്പെടുകയും തന്മൂലം ശ്വാസകോശത്തിനു വീക്കം, ശ്വാസതടസം എന്നിവ സൃഷ്ടിക്കുന്ന സൈറ്റോകൈന്‍ സ്റ്റോം എന്ന അവസ്ഥ ഉണ്ടാവുകയും ചെയ്യുന്നു. ഇത്തരം അവസ്ഥക്കെതിരെയും ഫലപ്രദമായി ഉപയോഗിക്കാവുന്ന ഔഷധമാണ് ഹൈഡ്രോക്‌സി ക്ലോറോക്വിന്‍. 

ഇപ്പോള്‍ ലോകമെങ്ങും വ്യാപിച്ചിരിക്കുന്ന മഹാമാരിയായ കൊവിഡ് ചികിത്സയ്ക്കു ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ ഉപയോഗിക്കാമെന്ന് ഇന്ത്യയുള്‍പ്പെടെ വിവിധ രാജ്യങ്ങളുടെ സര്‍ക്കാര്‍ ഏജന്‍സികള്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൊവിഡിനെതിരെ ഫലപ്രദമായ പല രാസസംയുക്തങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെങ്കിലും അവ മരുന്നായി വിപണിയില്‍ എത്തണമെങ്കില്‍ അവയുടെ മനുഷ്യശരീരത്തില്‍ ഉളവാക്കുന്ന പ്രതിപ്രവര്‍ത്തനങ്ങളെക്കുറിച്ചു പഠിക്കേണ്ടതുണ്ട്. എന്നാല്‍, പതിറ്റാണ്ടുകള്‍ക്കു മുന്‍പു കണ്ടുപിടിച്ച ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ ഈ കടമ്പകളെല്ലാം കടന്ന മരുന്നാണ്. എന്നിരുന്നാലും ഡോക്ടറുടെ ഉപദേശപ്രകാരമല്ലാതെയുള്ള ഈ മരുന്നിന്റെ ദുരുപയോഗം കരള്‍, വൃക്ക എന്നിവയുടെ പ്രവര്‍ത്തനങ്ങളെ ബാധിച്ചു മരണത്തിലേയ്ക്ക് വരെ നയിക്കാവുന്നതാണ്. അതിനാല്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം ഈ മരുന്നിനെ ഡോക്ടറുടെ കുറിപ്പടി പ്രകാരം മാത്രം വിതരണം ചെയ്യാവുന്ന ഷെഡ്യൂള്‍ H1-ല്‍ ഉള്‍പ്പെടുത്തിയിരിക്കയാണ്.

ചരിത്രാതീതകാലം മുതല്‍ സസ്യങ്ങളുടെ ഔഷധ ഗുണം മനുഷ്യരാശിക്കു പരിചിതമായിരുന്നു. ആധുനിക വൈദ്യശാസ്ത്രത്തില്‍ ഇന്ന് ഉപയോഗിക്കുന്ന പകുതിയോളം ഔഷധങ്ങള്‍ പരമ്പരാഗത സസ്യഔഷധങ്ങളില്‍നിന്നും ഉരുത്തിരിഞ്ഞവയാണ്. 1950-കളില്‍ ആന്റിബയോട്ടിക് ഔഷധങ്ങള്‍ സാര്‍വ്വത്രികമാകുന്നതിനു മുന്‍പ് വരെ സസ്യഔഷധങ്ങളായിരുന്നു മാനവരാശിയെ പല മഹാമാരികളില്‍നിന്നും സംരക്ഷിച്ചത് !ലോകത്തെ ഏതെങ്കിലും പകര്‍ച്ചവ്യാധിയില്‍നിന്നും ഏറ്റവും കൂടുതല്‍ ജനങ്ങളെ രക്ഷിച്ചെന്ന ഖ്യാതിയുള്ള ഔഷധങ്ങളിലൊന്നാണ് സിങ്കോണ വൃക്ഷത്തില്‍നിന്നും ലഭിക്കുന്ന ക്വിനൈന്‍. 17-ാം നൂറ്റാണ്ടു മുതല്‍ 20-ാം നൂറ്റാണ്ടിന്റെ അവസാനം വരെ യൂറോപ്പ്യന്മാരുടെ പേടിസ്വപ്നമായിരുന്ന മലേറിയയ്‌ക്കെതിരെ ഫലപ്രദമായി ഉപയോഗിച്ചിരുന്ന ഔഷധമാണ് ക്വിനൈന്‍. മലേറിയ എന്ന മഹാമാരിയോട് ഉപമിക്കാവുന്നതാണ് ഇന്നു നമ്മള്‍ അഭിമുഖകരിക്കുന്ന കൊവിഡ് എന്ന പകര്‍ച്ചവ്യാധി. ഇന്നു ലോകത്തെയാകെ, വിശേഷിച്ചു ഇറ്റലി, സ്‌പെയിന്‍, ബ്രിട്ടന്‍ എന്നീ യൂറോപ്യന്‍ രാജ്യങ്ങളെ ഗ്രസിച്ചിരിക്കുന്ന കൊവിഡ് എന്ന മഹാമാരിക്കും ഫലപ്രദമായ പ്രതിവിധി ക്വിനൈനില്‍നിന്നും ഉരുത്തിരിച്ചെടുത്ത ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ എന്ന രാസപദാര്‍ത്ഥമാണെന്നുള്ളത് കൗതുകകരമാണ്.