ലൂസി ട്രോജൻ ഛിന്നഗ്രഹം

Simple Science Technology

ലൂസി ട്രോജൻ ഛിന്നഗ്രഹങ്ങളിൽ

Sabu Jose

സൗരയൂഥത്തിന്റെ ഉദ്ഭവ രഹസ്യം കണ്ടുപിടിക്കാൻ നാസ ഒരുങ്ങുന്നു. നാസ അംഗീകരിച്ച രണ്ട് ബഹിരാകാശ റോബോട്ടിക് ദൗത്യങ്ങളായ ലൂസിയും സൈക്കിയും യഥാക്രമം 2021 ലും 2023 ലും വിക്ഷേപിക്കപ്പെടും.

സൗരയൂഥത്തിന്റെ ഉദ്ഭവ രഹസ്യം കണ്ടുപിടിക്കാൻ നാസ ഒരുങ്ങുന്നു. നാസ അംഗീകരിച്ച രണ്ട് ബഹിരാകാശ റോബോട്ടിക് ദൗത്യങ്ങളായ ലൂസിയും സൈക്കിയും യഥാക്രമം 2021 ലും 2023 ലും വിക്ഷേപിക്കപ്പെടും. ലൂസി (Lucy) ദൗത്യം വ്യാഴത്തിന്റെ ആറ് ട്രോജൻ ഛിന്നഗ്രഹങ്ങളില്‍ (Trojan Asteroids) നിരീക്ഷണം നടത്തുമ്പേൾ പൂർണമായും ലോഹനിർമിതമായ ഛിന്നഗ്രഹമായ 16 സൈക്കി (16 Psyche) യാണ് സൈക്കി ദൗത്യം നിരീക്ഷണത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്. വ്യാഴത്തിന്റെ ലെഗ്രാൻഷ്യൻ പോയിന്റിൽ കുരുങ്ങിക്കിടക്കുന്ന ട്രോജൻ ഛിന്നഗ്രങ്ങൾക്ക് സൗരയൂഥത്തിന്റെ പ്രായം തന്നെയുണ്ട്. ഇവയ്ക്ക് സൗരയൂഥം രൂപംകൊണ്ട കാലത്തെ ഘടനയും രൂപവും തന്നെയാണ് ഇപ്പോഴുമുള്ളത്. അതുമാത്രവുമല്ല ഇവ സൗരയൂഥത്തിന്റെ പലഭാഗത്തായി രൂപപ്പെട്ടവയാണ്. വ്യാഴത്തിന്റെ ഗുരുത്വാകർഷണ ബലം കാരണം ഗ്രഹത്തിന്റെ സൂര്യനു ചുറ്റുമുള്ള പ്രദക്ഷിണ പഥം പങ്കിടുന്നവയാണിവ. ആദ്യമായാണ് ഒരു ലോഹനിർമിതമായ ഛിന്നഗ്രഹത്തിലേക്ക് ഒരു കൃത്രിമ ഉപഗ്രഹം അയ്‌യക്കുന്നത്. ഈ ബഹുമതി സൈക്കി സ്വന്തമാക്കും.

2021 ഒക്‌ടോബറില്‍ ലൂസി ദൗത്യം വിക്ഷേപിക്കപ്പെടും. സൗരയൂഥത്തിന്റെ പിറവി രഹസ്യങ്ങൾ തിരയുന്ന ദൗത്യത്തിന് മനുഷ്യ പൂർവികനായി കരുതുന്ന ലൂസിയുടെ പേരിടുന്നത് തീർത്തും അനുയോജ്യമാണ്. 2025  പേടകം ആസ്റ്ററോയ്ഡ് ബെല്‍ട്ടില്‍ പ്രവേശിക്കും. 2027 മുതല്‍ 2033 വരെ ആറ് ട്രോജൻ ഛിന്നഗ്രഹങ്ങളിൽ പേടകം നിരീക്ഷണം നടത്തും. ട്രോജൻ ഛിന്നഗ്രഹങ്ങളില്‍ നിരീക്ഷണം നടത്താനായി അയക്കുന്ന ആദ്യ ദൗത്യമാണ് ലൂസി. നാസയുടെ വിഖ്യാത ദൗത്യമായ ന്യൂ ഹൊറൈസൺസിന്റെയും, ഛിന്നഗ്രഹത്തില്‍ ആദ്യമായി പര്യവേഷണം നടത്തിയ ഒസിറിസ് – റെക്‌സിന്റെയും പിന്നില്‍ പ്രവർത്തിച്ച ശാസ്ത്രജ്ഞരാണ് ലൂസി ദൗത്യത്തിന് ചുക്കാൻ പിടിക്കുന്നത്.

സൈക്കി ദൗത്യത്തിനും വളരെയധികം ശാസ്ത്രീയ പ്രാധാന്യമുണ്ട്. ഇതുവരെ കണ്ടെത്തിയതി പൂർണമായ ലോഹനിർമിതമായ ഏക ഛിന്നഗ്രഹമാണ് 16 സൈക്കി. 210 കിലോമീറ്റർ വ്യാസമുള്ള ഈ ഛിന്നഗ്രഹം പൂർണമായും നിക്കലും ഇരുമ്പും കൊണ്ടാണ് നിർമിക്കപ്പെട്ടിരിക്കുന്നത്. ഭൂമിയുടെ കോറിനോട് സാദൃശ്യമുണ്ട് ഇതിന്. 2023 ലാണ് സൈക്കി ദൗത്യം വിക്ഷേപിക്കപ്പെടുന്നത്. 2023  പേടകം ഛിന്നഗ്രഹത്തിലെത്തും. ഭൂകേന്ദ്രത്തേക്കുറിച്ച് നമുക്ക് ഏകദേശ ധാരണയുണ്ടെങ്കിലും അവിടെ എത്തിച്ചേരാൻ സാധിക്കില്ല. ഭൗമാന്തർഭാഗത്തെ ഉയർന്ന മർദവും ഊഷ്മാവും ഇത്തരമൊരു പര്യവേഷണം അസാധ്യമാക്കുന്നുണ്ട്. ഭൗമോപരിതലത്തില്‍ നിന്നും കേവലം 12 കിലോമീറ്റർ ആഴമുള്ള ഒരു തുരങ്കമാണ് ഇതുവരെ നിർമിച്ചിട്ടുള്ളത്തി  ഏറ്റവും വലുത്. ഈ പരിമിതിയാണ് സൈക്കി ദൗത്യത്തിലൂടെ മറികടക്കുന്നത്. 16 സൈക്കി ഛിന്നഗ്രഹത്തെ അടുത്ത് നിരീക്ഷിക്കാൻ കഴിയുന്നത് ഭൂകേന്ദ്രത്തില്‍ നേരിട്ടെത്തി നിരീക്ഷണം നടത്തുന്നതിന് തുല്യമാണ്. ഗ്രഹരൂപീകരണത്തിന്റെ തുടക്കത്തിലുള്ള അവസ്ഥ വ്യക്തമായി മനസ്സിലാക്കാൻ ഇതിലൂടെ സാധിക്കും. ഭൂകേന്ദ്രത്തിന്റെ പുറംപാളിയായ ‘ഔട്ടർ കോർ’ ഭൗമോപരിതലത്തില്‍ നിന്നും ഏകദേശം 2890 കിലോമീറ്റർ അടിയിലാണുള്ളത്.

സൂര്യനു ചുറ്റുമുള്ള വ്യാഴത്തിന്റെ പരിക്രമണപഥം പങ്കിടുന്ന ഛിന്നഗ്രഹങ്ങളാണ് ട്രോജൻ ഛിന്നഗ്രഹങ്ങൾ. ഗ്രീക്ക് മിത്തോളജിയില്‍ നിന്നാണ് ഈ പേര് സ്വീകരിച്ചിട്ടുള്ളത്. വ്യാഴത്തിനു ചുറ്റും രണ്ട് സ്ഥാനങ്ങളിലാണ് ഇവ കാണപ്പെടുന്നത്. ഗ്രഹത്തിന്റെ ഗുരുതുബലം കാരണം ‘ലോക്ക്ഡ്’ അവസ്ഥയി സ്ഥിതിചെയ്യുന്ന ഇവയ്ക്ക് സ്വതന്ത്രചലനമില്ല. ഗ്രഹത്തിന്റെ സഞ്ചാരപാതയില്‍ 60 ഡിഗ്രി മുൻപിലും 60 ഡിഗ്രി പിന്നിലുമാണ് ഈ സ്ഥാനങ്ങൾ. ലെഗ്രാൻഷ്യൻ പോയിന്റുകൾ എന്നാണീ സ്ഥാനങ്ങൾ അറിയപ്പെടുന്നത്. ഭൂമിയുൾപ്പടെ എല്ലാ ഗ്രഹങ്ങൾക്കും ‘ഗ്രാവിറ്റി ലോക്ക്ഡ്’ ആയ ഇത്തരം സ്ഥാനങ്ങളുണ്ട്. 1772  ഇറ്റാലിയൻ ഗണിതശാസ്ത്രജ്ഞനായ ജോസഫ് ലൂയി ലെഗ്രാൻഷെയാണ് ഇത്തരം സ്ഥാനങ്ങളേപ്പറ്റി ആദ്യമായി പ്രവചിച്ചത്. അതുകൊണ്ടാണ് ഇത്തരം സ്ഥാനങ്ങളെ ലെഗ്രാൻഷ്യൻ പോയിന്റുകൾ എന്ന് വിളിക്കുന്നത്. ‘588 അക്കിലസ്’ ആണ് ആദ്യമായി കണ്ടെത്തിയ ട്രോജൻ ഛിന്നഗ്രഹം. 1906 ജർമൻ ജ്യോതിശാസ്ത്രജ്ഞനായ മാക്‌സ് വൂൾഫ് ആണ് ഈ ഛിന്നഗ്രഹത്തെ കണ്ടെത്തിയത്. ഇതുവരെ വ്യാഴത്തിന്റെ 6178 ട്രോജൻ ഛിന്നഗ്രഹങ്ങളെ കണ്ടെത്തിയിട്ടുണ്ട്. ഇത് വലിയ ഛിന്നഗ്രഹങ്ങളുടെ കണക്കാണ്. എന്നാ ഒരു കിലോമീറ്ററിലധികം വ്യാസമുള്ള പത്തുലക്ഷം ട്രോജൻ ഛിന്നഗ്രഹങ്ങളെങ്കിലും വ്യാഴത്തിനുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ഇത് ആസ്റ്ററോയ്ഡ് ബെല്‍ട്ടിലുള്ള ഛിന്നഗ്രഹങ്ങളുടെ എണ്ണത്തിന് തുല്യമാണ്. ചൊവ്വയ്ക്കും വ്യാഴത്തിനും ഇടയില്‍ ഗ്രഹരൂപീകരണം നടക്കാതെപോയ മേഖലയിലെ ദ്രവ്യ പിണ്ഡങ്ങളെയാണ് ആസ്റ്ററോയ്ഡ് ബെല്‍ട്ട് എന്നുവിളിക്കുന്നത്. വ്യാഴത്തിന്റെ ശക്തമായ ഗുരുത്വവലിവാണ് ഈ മേഖലയില്‍ ഗ്രഹരൂപീകരണത്തിന് തടസ്സമായി നിന്നത്.

വ്യാഴത്തിനു മാത്രമല്ല ട്രോജൻ ഛിന്നഗ്രഹങ്ങളുളളത്. സൗരയൂഥത്തിലെ എല്ലാഗ്രഹങ്ങൾക്കും ലെഗ്രാൻഷ്യൻ പോയിന്റുകളും അവിടങ്ങളില്‍ കുരുങ്ങിക്കിടക്കുന്ന ഛിന്നഗ്രഹങ്ങളുമുണ്ട്. എന്നാല്‍ വ്യാഴത്തിന്റെ ഗുരുത്വബലം സൗരയൂഥത്തിലെ മറ്റ് ഗ്രഹങ്ങളെ അപേക്ഷിച്ച് വളരെ കൂടുതലായതിനാല്‍ വ്യാഴത്തിനാണ് ഏറ്റവുമധികം ട്രോജൻ ഛിന്നഗ്രഹങ്ങളുള്ളത്. സൗരയൂഥത്തിന്റെ ഉദ്ഭവ സമയത്ത് രൂപപ്പെട്ടതും ഘടനാമാറ്റമില്ലാതെ ഇപ്പോഴും നിലനിക്കുന്നതുമായതുകൊണ്ട് ട്രോജൻ ഛിന്നഗ്രഹങ്ങളേക്കുറിച്ച് പഠനം നടത്തുന്നതിലൂടെ സൗരയൂഥത്തിന്റെ രൂപീകരണ സമയത്തുള്ള ദ്രവ്യത്തിന്റെ അവസ്ഥ മനസ്സിലാക്കാൻ കഴിയും.

ചുവന്ന വർണരാജി പ്രദർശിപ്പിക്കുന്ന ഇരുണ്ട ദ്രവ്യപിണ്ഡങ്ങളാണ് വ്യാഴത്തിന്റെ ട്രോജൻ ഛിന്നഗ്രഹങ്ങൾ. ഇത്തരം ദ്രവ്യശകലങ്ങളില്‍ ജലസാന്നിധ്യം ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ‘തോലിൻ’ എന്ന ഓർഗാനിക് പോളിമറിന്റെ ഒരു ആവരണം ഇവയ്ക്ക് പുറമെയുണ്ടാകും. സൗരവികിരണങ്ങളാണ് ഇത്തരം പോളിമറുകളുടെ സൃഷ്ടിക്കു പിന്നില്‍. 0.8 മുത 2.5 ഗ്രാം/ഘനസെന്റിമീറ്റർ വരെയാണ് വ്യാഴത്തിന്റെ ട്രോജൻ ഛിന്നഗ്രഹങ്ങളുടെ സാന്ദ്രത. ഇതുവരെ ശുക്രനും ഭൂമിക്കും ഒന്നുവീതവും, ചൊവ്വയ്ക്ക് ഏഴും, വ്യാഴത്തിന് 6178 ഉം, യുറാനസിന് ഒന്നും, നെപ്ട്യൂണിന് പതിനെട്ടും ട്രോജൻ ഛിന്നഗ്രഹങ്ങളുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ബുധനും ശനിയ്ക്കും ഇത്തരം ഛിന്നഗ്രഹങ്ങളുണ്ടാകാമെങ്കിലും അവയെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. സൂര്യന്റെ സാമീപ്യം ബുധന്റെ ഛിന്നഗ്രഹങ്ങളെ നിരീക്ഷിക്കാൻ തടസ്സമായി നില്‍ക്കുമ്പോൾ ശനിയുടെ കാര്യത്തില്‍ വ്യാഴമാണ് വിലങ്ങുതടിയായി നില്‍ക്കുന്നത്. 2011-ലാണ് ഭൂമിയുടെ ട്രോജൻ ഛിന്നഗ്രഹത്തെ കണ്ടെത്തിയത്. ഭൂമിയുടെ നാലാം ലെഗ്രാൻഷ്യൻ പോയിന്റില്‍ സ്ഥിതിചെയ്യുന്ന ഈ ഛിന്നഗ്രഹത്തിന് 2010 TK 7 എന്നാണ് പേരിട്ടിരിക്കുന്നത്.

ആസ്റ്ററോയ്ഡ് ബെല്‍ട്ടിലുള്ള പത്ത് വലിയ ഛിന്നഗ്രഹങ്ങളിലൊന്നാണ് 16 സൈക്കി. 210 കിലോമീറ്റർ വ്യാസമുള്ള ഈ ദ്രവ്യപിണ്ഡത്തിന് ആസ്റ്ററോയ്ഡ് ബെല്‍ട്ടിന്റെ ആകെ പിണ്ഡത്തിന്റെ ഒരു ശതമാനത്തില്‍ താഴെ പിണ്ഡമുണ്ട്. ലോഹനിർമിതമായ (M-type)ഛിന്നഗ്രഹങ്ങളില്‍ ഇതുവരെ കണ്ടെത്തിയതില്‍ ഏറ്റവും വലുതാണ് 16 സൈക്കി. 1852 മാർച്ച് 17 ന് ഇറ്റാലിയൻ ജ്യോതിശാസ്ത്രജ്ഞനായ ആനിബ ഡി ഗസ്പാരിസ് ആണ് ഈ ഛിന്നഗ്രഹത്തെ കണ്ടെത്തിയത്. ഗ്രീക്ക് പൂരാണ കഥാപാത്രമായ സൈക്കിയുടെ പേരാണ് ഈ ഛിന്നഗ്രഹത്തിന് നല്‍കിയിരിക്കുന്നത്. റഡാർ നിരീക്ഷണങ്ങളിലൂടെ മനസ്സിലായത് ഈ ഛിന്നഗ്രഹം നിർമിക്കപ്പെട്ടിരിക്കുന്നത് പൂർണമായും നിക്കലും ഇരുമ്പും ഉപയോഗിച്ചാണെന്നാണ്. ഈ ഛിന്നഗ്രഹത്തിന്റെ ഉപരിതലത്തില്‍ ഹൈഡ്രോക്‌സില്‍ രൂപത്തിലുള്ള ജലസാന്നിധ്യം തിരിച്ചറിഞ്ഞിട്ടുണ്ട്.