മരിയാനാ ട്രഞ്ച്
മരിയാനാ ട്രഞ്ച്
എവറെസ്റ്റ് കൊടുമുടിപോലും മുങ്ങിപ്പോവുന്ന അഗാധ സമുദ്ര ഗര്‍ത്തങ്ങള്‍, അതെ അങ്ങിനെയൊരു സ്ഥലമുണ്ട്, മരിയാനാ ട്രഞ്ച്…നമ്മള്‍ അധിവസിക്കുന്ന ഈ ഭൂമിയില്‍ ഇന്നേവരെ അറിഞ്ഞിട്ടുള്ളതില്‍ വെച്ച് ഏറ്റവും അഗാധമായ ഒരു സ്ഥലം. കരയില്‍ തലയുയര്‍ത്തിപ്പിടിച്ചു നില്‍ക്കുന്ന എവറസ്റ്റ് കൊടുമുടിപോലും ശാന്തസമുദ്രത്തിലെ മരിയാന ട്രെഞ്ചിന്‍റെ ആഴങ്ങളില്‍ മുങ്ങിപ്പോകുന്നു.
മരിയാന ട്രഞ്ച് - പതിനൊന്ന്‍ കിലോമീറ്റര്‍ ആഴം, അതാണിതിന്‍റെ അതിശയിപ്പിക്കുന്ന പ്രത്യേകത.
കൌതുകം നഷ്ടപ്പെടാത്ത ഒരു മനസ് ആയുസ്സിന്‍റെ അവസാന നിമിഷം വരെ നമ്മോടൊപ്പമുണ്ടാവണം. അങ്ങിനെയൊന്നുണ്ടെങ്കില്‍ നമുക്കറിയാന്‍ കടലോളം കാര്യങ്ങള്‍ കാത്തിരിപ്പുണ്ടെന്ന് ചരിത്രാന്വേഷികളിലൂടെ നമ്മള്‍ അറിഞ്ഞുകൊണ്ടേയിരിക്കും.
മരിയാന ട്രഞ്ചിലേക്കുള്ള മനുഷ്യന്‍റെ യാത്രയുടെ ചരിത്രവും അന്വേഷികള്‍ക്ക് കൌതുകവും അറിവുമേകുന്ന ഒരു വിഷയമാണ്.
ഈ ട്രെഞ്ചിനു 69 കിലോമീറ്റര്‍ വീതിയുണ്ട്, ഗ്വാം ദ്വീപിന്‍റെ തെക്ക് കിഴക്ക് മുതല്‍, മരിയാന ദ്വീപുകളുടെ വടക്ക് പടിഞ്ഞാറുവരെ, 2550 കിലോമീറ്റര്‍ നീളത്തില്‍ വ്യാപിച്ചു കിടക്കുന്ന ട്രെഞ്ചിലെ ഏറ്റവും ആഴമേറിയ കേന്ദ്രമാണ് ചലഞ്ചര്‍ ഡീപ്.
സമുദ്രങ്ങളില്‍ ഏറ്റവും ആഴംകൂടിയതും ഭൂമിയിലെ ഏറ്റവും അഗാധമായ സ്ഥലവും ഒരിടത്ത് തന്നെ. അതാണ് ശാന്തസമുദ്രത്തിലെ മരിയാന ട്രഞ്ച്.പതിനൊന്ന്‍ കിലോമീറ്റര്‍ ആഴം എന്ന് പറയുമ്പോള്‍ വിശ്വസിക്കാന്‍ തോന്നുന്നില്ല അല്ലേ? വിശ്വസിച്ചേ പറ്റു. 170 മില്യണ്‍ വര്‍ഷ൦ പഴക്കമുള്ള കടല്‍ അടിത്തട്ട് ആണ് ഇതിന്‍റെത് എന്ന് പറയുമ്പോള്‍അത് മറ്റൊരു അവിശ്വസനീയതയിലേക്കാണ് നമ്മെ കൂട്ടിക്കൊണ്ടു പോവുന്നത്.
ജലത്തിന്‍റെ മര്‍ദ്ദമാവട്ടെ ഇവിടെ ഒരു squre inchil എട്ടു ടണ്ണില്‍ കൂടുതല്‍ എന്ന് പറഞ്ഞാല്‍, ഒരാളുടെ തലയില്‍ അമ്പതോളം ജമ്പോജെറ്റ് വിമാനങ്ങള്‍ ഒന്നിച്ച് വെക്കുന്നതിനു തുല്യം. സൂര്യപ്രകാശം കടന്നു ചെല്ലാത്ത ഒരു ഇരുണ്ട ഭൂഖണ്ടം പോലെയാണിവിട൦. കടലിന്‍റെ അടിത്തട്ടില്‍ hydrothermal vents കളിലൂടെ പുറത്തുവരുന്ന ആസിഡ് ഫ്ലൂയിഡ് അവിടുത്തെ താപനില മുന്നൂര്‍ ഡിഗ്രീ സെല്‍ഷിയസ് വരെ ഉയര്‍ത്തുന്നു. കാര്യങ്ങള്‍ ഇതൊക്കെയാണെങ്കിലും ഇരുനൂറില്‍പരം സൂക്ഷ്മാണു ജീവികളെ ശാസ്ത്രം ഇവിടെ കണ്ടെത്തിക്കഴിഞ്ഞു.
ഈ അഗാധ ഗര്‍ത്തത്തിന്‍റെ ഓരോ ഘട്ടങ്ങളിലും അതാത് സാഹചര്യങ്ങള്‍ക്കനുസൃതമായി ജീവിക്കുന്ന പലതരം ജലജീവികളെ കാണാം.. അവയുടെ ശരീര ഘടനയും ജീവിതരീതിയും, താപനിലയും, ജല മര്‍ദ്ദവും, വെളിച്ചത്തിന്‍റെ ലഭ്യതയും, കുറവും, അഭാവവും ഉള്ള ഓരോ മേഖലകള്‍ക്കുമനുസരിച്ചിരിക്കുന്നു. ഏതു സാഹചര്യങ്ങളെയും അതിജീവിക്കുന്ന അത്ഭുത ജീവികളുടെ വിസ്മയ ലോകത്തില്‍ ജലക്കരടികള്‍ ഇവിടുത്തെ പ്രത്യേകതയാണ്.
ട്രെഞ്ചിലെ മര്‍ദ്ദത്തിന്‍റെ 6 ഇരട്ടി മര്‍ദ്ദം വരെ ഇതിനു താങ്ങാന്‍ പറ്റും. 1875ല്‍ ആണ് മരിയന്‍ ട്രെന്ച് കണ്ടുപിടിക്കപ്പെടുന്നത്. 1957ല്‍ സോവിയറ്റ് റഷ്യയുടെ റിസേര്‍ച് കപ്പല്‍ Vityaaz ഇതിന്‍റെ ആഴം 11034 മീറ്റര്‍ എന്ന് കണ്ടെത്തി. 1960 ല്‍ അമേരിക്കന്‍ നേവിയുടെTrieste എന്ന മുങ്ങല്‍ നൌക ആദ്യമായി ട്രെഞ്ചിന്‍റെ അടിത്തട്ട് കണ്ടു. അമരിക്കന്‍ നേവി ക്യാപ്റ്റന്‍ ജാക്വസ് പിക്കാര്‍ഡും, പിന്നെ വാല്‍ഷ് ഡോനും സംയുക്തമായി ഒരു യാത്ര നടത്തി. 1995ല്‍ ജപ്പാനിന്‍റെ കൈകോ എന്ന മുങ്ങിക്കപ്പല്‍ ട്രെഞ്ചിന്‍റെ അടിത്തട്ടില്‍ നിന്നും സാമ്പിള്‍ ശേഖരിച്ചു.
2012ല്‍ ഹോളിവുഡ് സിനിമാസംവിധായകന്‍ ജയിംസ് കാമറൂന്‍ Deep sea challenger എന്ന DSVയിലൂടെ 11 കിലോ മീറ്റര്‍ കടല്‍ അടിത്തട്ടിലെത്തി.
ഈ അത്ഭുതലോകം കാണാനും സാമ്പിള്‍ ശേഖരിക്കാനും Deep Sea Challenger സമുദ്രത്തിന്‍റെ പലഭാഗങ്ങളിലും പരീക്ഷണ യാത്രകള്‍ നടത്തിയിരുന്നു. ഒടുവില്‍ 2012 മാര്‍ച്ച് 26നു രണ്ടു മണിക്കൂര്‍ മുപ്പത്താറു മിനിട്ട് കൊണ്ട് കാമറൂണ്‍ സമുദ്രോപരിതലത്തില്‍ നിന്ന് പതിനൊന്ന്‍ കിലോമീറ്റര്‍ ആഴങ്ങളിലേക്ക് സഞ്ചരിച്ചു ട്രെഞ്ചിന്‍റെ ഏറ്റവും അടിത്തട്ടിലെത്തി. അവിടെ നിന്നും തിരികെ സുരക്ഷിതമായി വന്നെത്തുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ലോകം ഉറ്റു നോക്കിയ വിസ്മയകരമായ ഒരു യാത്രയായിരുന്നു അത്.
മനുഷ്യന്‍ എപ്പോഴും ശൂന്യാകാശത്തേക്കായിരുന്നല്ലോ തന്‍റെ കണ്ണുകള്‍ തുറന്നു വെച്ചത്. കാണാനും അറിയാനും ഏറെ പണിപപെട്ടതും അവിടേക്ക് തന്നെ. എന്നാല്‍ സമുദ്രത്തെക്കുറിച്ച് നമുക്ക്വ ളരെക്കുറച്ചു അറിവുകളെ ഉണ്ടായിരുന്നുള്ളൂ, അതിനു കാരണ൦ വെറും അഞ്ചു ശതമാനം മാത്രമേ കടലിനെ തുറന്നറിയാന്‍ നമ്മള്‍ ശ്രമിച്ചിട്ടുള്ളു എന്നുള്ളതാണ്. കാറ്റും കോളും നിറഞ്ഞ ആര്‍ത്തിരമ്പുന്ന കടലിനെക്കുറിച്ച് നമ്മള്‍ ഒത്തിരി കണ്ടും കേട്ടുമറിഞ്ഞു.
സൂര്യപ്രകാശം ചെന്നെത്താത്ത, അലകളില്ലാത്ത കടലിന്‍റെ ഇരുളിലേക്ക് ഊളിയിട്ടാല്‍ എന്തൊക്കെ വിസ്മയകരമായ കാഴ്ചകളാണ് മറഞ്ഞിരിക്കുന്നതെന്ന് മരിയാന ട്രെഞ്ചു പറയും. മരിയന്‍ ട്രെഞ്ചിന്‍റെ പതിനൊന്നു കിലോമീറ്റര്‍ ആഴങ്ങളിലേക്ക് ഊഴ്ന്നിറങ്ങുമ്പോള്‍ അതിന്‍റെ ഓരോ ഘട്ടത്തിലും പ്രകൃതി ഒളിപ്പിച്ചുവെച്ച നിഗൂഡ സൌന്ദര്യം അതിശയിപ്പിക്കുന്ന ഒരു ചരിത്രം തന്നെയാണ്!