ടൈം ട്രാവല്‍

Simple Science Technology

നമ്മുടെ ചിന്തകൾക്ക് വഴങ്ങാത്ത 'സമയം ' എന്ന പ്രതിഭാസം

ടൈം ട്രാവല്‍ സാധ്യമാണോ?

ടൈം ട്രാവല്‍ ,സമയം താണ്ടിയുള്ള യാത്രകള്‍ നമ്മുടെ മനസ്സുകളില്‍ നിരവധി സയന്‍സ് ഫിക്ഷനുകളിലൂടെ സ്ഥാനം പിടിച്ചിട്ടുള്ള ഒരു സ്വപ്നമാണ്. ബാക്ക് ടു ദ ഫ്യൂച്ചര്‍, ടെര്‍മിനേറ്റര്‍ അതില്‍ ചില ഉദാഹരണങ്ങള്‍ മാത്രം.

നമ്മളില്‍ പലരും ഒരു ടൈം ട്രാവല്‍ സ്വപ്നം കണ്ടിട്ടുള്ളവര്‍ ആയിരിക്കും. കാലത്തിനു പിമ്പോട്ട് പോയി നമ്മളുടെ ചെറുപ്പ കാലം കാണുവാനോ, നമ്മുടെ തെറ്റായ ഏതെങ്കിലും തീരുമാനം തിരുത്താനോ, അല്ലെങ്കില്‍ നമ്മള്‍ ആരാധിക്കുന്ന ഏതെങ്കിലും ചരിത്ര പുരുഷന്മാരെ കാണുവനോ, അങ്ങനെ പല സ്വപ്നങ്ങള്‍. അതുമല്ലെങ്കില്‍ കാലത്തിനു മുമ്പോട്ട് പോയിട്ട് കാലം നമ്മള്‍ക്കായി കരുതി വെച്ചിരിക്കുന്നതു കാണാനും നമ്മള്‍ക്കാഗ്രഹം ഉണ്ടാകില്ലെ?

ശരിക്കും നമ്മള്‍ക്ക് ടൈം ട്രാവല്‍ എപ്പോഴേലും സാധ്യമാകുമോ? ശാസ്ത്രജ്ഞര്‍ എന്താണു വിശ്വസിക്കുന്നത്? നമ്മള്‍ക്ക് നോക്കാം…

ടൈം ട്രാവല്‍ സാധ്യമാണോ എന്നു മനസ്സിലാക്കാന്‍ ആദ്യം നമ്മള്‍ക്ക് സമയം എന്താണെന്നു മനസ്സിലാക്കാം.

എന്താണു സമയം എന്നതുകൊണ്ടു അര്‍ത്ഥമാക്കുന്നത്?

2500 വര്‍ഷങ്ങള്‍ക്ക് മുന്പ് അരിസ്റ്റോട്ടില്‍ പറഞ്ഞു: “സമയം എല്ലാ മനസ്സിലാകാത്ത വസ്തുക്കളില്‍ വെച്ച് ഏറ്റവും മനസ്സിലാകാത്ത ഒരു വസ്തുവാണ്”

അതിന്നും സമയത്തിന്‍റെ കാര്യത്തില്‍ ശരിയാണ്. സാധാരണയായി സമയം നമ്മള്‍ക്കെല്ലാവര്‍ക്കും പരിചയമുള്ള ഒരു സംഗതിയാണല്ലോ? 60 സെക്കന്‍റ് ഒരു മിനിറ്റും, 60 മിനിറ്റ് ഒരു മണിക്കൂറും, 24 മണിക്കൂര്‍ ഒരു ദിവസ്സവും അങ്ങനെ അങ്ങനെ…

ഇതിനെയാണു ലീനിയര്‍ ടൈം എന്ന് പറയുന്നത്. നമ്മുടെ ഈ ത്രീ ഡയമെന്ഷണല്‍ ലോകത്ത് നീളവും വീതിയും ഉയരവും സ്ഥിരമായി നിലനില്‍ക്കുന്നതു കൊണ്ട് നമ്മള്‍ക്ക് ആ ഡയമെന്ഷനുകളില്‍ എത്ര വേണമെങ്കിലും മുന്പോട്ടും പുറകോട്ടും പോകാം. ഉദ്ദാഹരണമായി നമ്മള്‍ ഒരു കടയില്‍ പോയി എന്നു വിചാരിക്കുക, അവിടെ നിന്ന് നമ്മള്‍ തിരിച്ചു വീട്ടിലേക്കു വരുന്നു. നമ്മള്‍ക്കു വീണ്ടും ആ കടയിലേക്കു തിരിച്ച് പോകാം, പക്ഷെ നമ്മള്‍ ആദ്യം കടയില്‍ പോകാന്‍ ചിലവാക്കിയ സമയത്തിലൂടെ നമ്മള്‍ക്ക് ഒരിക്കലും തിരിച്ചു പോകാന്‍ കഴിയില്ല.

സമയം ഒരു ആരോ പോലെയാണ്, ഒരേ ഡയറക്ഷനിലേക്ക് മാത്രം പൊയ്ക്കൊണ്ടിരിക്കുന്ന ആരോ. ശാസ്ത്രജ്ഞര്‍ അതിനെയാണ് ആരോ ഓഫ് ടൈം എന്ന് വിളിക്കുന്നത്.

ടൈം തുടങ്ങുന്നത് പ്രപഞ്ചത്തിന്‍റെ ഉത്ഭവത്തില്‍ നിന്നാണ്. ബിഗ് ബാങ്ങിലൂടെ ഈ പ്രപഞ്ചം മുഴുവനും ഉണ്ടായ ആ നിമിഷം തന്നെ സമയവും ഉത്ഭവിച്ചു.

ആല്‍ബെര്‍ട് ഐന്‍സ്റ്റീന്‍ തന്‍റെ ആപേക്ഷിക സിദ്ധാന്തത്തിലൂടെ സമയം എന്നതു ഒരു മായ ആണെന്നും അതു ബഹിരാകാശത്ത് നിരീക്ഷകന്‍റെ വേഗത്തിനനുസ്സരിച്ചു മാറിക്കോണ്ടിരിക്കുമെന്നും സമയം വെറും ആപേക്ഷികമാണെന്നും തെളിയിച്ചു. ഐന്സ്റ്റീനെ സംബന്തിച്ചിടത്തോളം സമയം ഒരു നാലാമത്തെ ഡയമെന്‍ഷന്‍ ആണ്. സ്പേസ് എന്നതു നീളം, ഉയരം, വീതി മുതലായ മൂന്നു ഡയമെന്‍ഷനിലാല്‍ സ്ഥിതീകരിക്കാവുന്ന ഒരു ഇടമായിട്ടാണു കരുതുന്നത്. സമയം അവിടെ ഗതി നിയന്ത്രിക്കുന്ന നാലാമത്തെ ഡയമെന്‍ഷനാണ്.

ഐന്‍സ്റ്റീന്‍റെ സ്പെഷ്യല്‍ ആപേക്ഷിക സിദ്ധാന്തമനുസരിച്ച്, മറ്റൊരു വസ്തുവിന്‍റെ വേഗത്തിനു ആപേക്ഷികമായി സ്പേസ്സില്‍ സഞ്ചരിക്കുന്ന ഒരാള്‍ക്ക് സമയം വേഗത്തില്‍ പോകുന്നതായിട്ടോ പതുക്കെ പോകുന്നതായിട്ടോ അനുഭവപ്പെടും. പ്രകാശത്തിന്‍റെ വേഗത്തിനടുത്ത വേഗത്തില്‍ സഞ്ചരിക്കുന്ന ഒരു ബഹിരാകാശപേടകത്തില്‍ സഞ്ചരിക്കുന്ന ഒരു വ്യക്തിക്ക് തന്‍റെ പ്രായം ഭൂമിയിലുള്ള ഒരു വ്യക്തിയേക്കാള്‍ പതുക്കയെ നീങ്ങുകയുള്ളൂ.

അതുപോലെ അദ്ദേഹത്തിന്‍റെതന്നെ ജെനറല്‍ ആപേക്ഷിക സിദ്ധാന്തമനുസ്സരിച്ച് ഗുരുത്വാകര്‍ഷണത്തിനു സമയത്തെ ബെണ്ട് ചെയ്യാന്‍ സാധിക്കും. വ്യക്തമായിപ്പറഞ്ഞാല്‍, ഒരു നാലു ഡയമെന്ഷനുള്ള ഒരു ഘടനയായി സ്പേസ്-ടൈമ്മിനെ മനസ്സില്‍ കാണുക, അതില്‍ മാസ്സുള്ള ഒരു വസ്തു വെക്കുമ്പോള്‍ അതിന്‍റെ മാസ്സ് കാരണം ആ ഘടനയില്‍ ഒരു കുഴി രൂപപ്പെടുന്നു. അതായതു മാസ്സുള്ള ഏതു വസ്തുവും സ്പേസ്സ് ടൈമിനെ ബെന്ഡ് ചെയ്യും. ആ കുഴിയുടെ ചെരിവു മൂലം ആ വസ്തുവിന്‍റെ അടുത്തുള്ള മറ്റു വസ്തുക്കള്‍ അതിന്‍റെ അടുത്തേക്ക് നീങ്ങിപ്പോകുന്നു. സ്പേസ്-ടൈമില്‍ ഉള്ള ആ കുഴിയാണ് നമ്മള്‍ ഗുരുത്വാകര്‍ഷണമായി കരുതുന്നത്.

ഐന്‍സ്റ്റീന്‍റെ രണ്ട് ആപേക്ഷിക സിദ്ധാന്തങ്ങളും ജി.പി.എസ് സാറ്റലൈറ്റ് ടെക്നോളജി ഉപയോഗിച്ച് സ്ഥിതീകരിച്ചുട്ടുണ്ട്. ഭൂമിയിലെ നിരീക്ഷകനേക്കാള്‍ വേഗത്തില്‍ സഞ്ചരിച്ച സാറ്റലൈറ്റില്‍ 38 മൈക്രോ സെക്കന്‍റ് ലാഭിക്കാന്‍ സാധിച്ചു. 

ഒരു തരത്തില്‍ പറഞ്ഞാല്‍ ബഹിരാകാശയാത്രികര്‍ ടൈം ട്രാവല്ലേര്‍സ് ആണു!!! അവര്‍ ഭൂമിയില്‍ തിരിച്ചെത്തുമ്പോള്‍ ഭൂമിയിലുള്ള തങ്ങളൂടെ ഇരട്ടകളേക്കാള്‍ വളരെ വളരെ ചെറിയ രീതിയില്‍ ചെറുപ്പമായിരിക്കും!!

നമ്മള്‍ക്കിനി ടൈം ട്രാവല്ലിനെക്കുറിച്ചുള്ള മൂന്ന് പ്രധാന തിയറികള്‍ നോക്കാം


വോം ഹോളിലൂടെ സഞ്ചരിക്കുക

ഇന്‍റെര്‍സ്റ്റെല്ലാര്‍ എന്ന സിനിമയിലൂടെ വോം ഹോള്‍ എല്ലാവരും കേട്ടിരിക്കുമല്ലോ? വോം ഹോള്‍ എന്നതു സ്പേസ്സ് ടൈമിന്‍റെ രണ്ട് വിദൂര സ്ഥലങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു ഷോര്‍ട് കട്ടാണ്. ഒരു സിദ്ധാന്തമനുസ്സരിച്ച് ഒരു വോം ഹോള്‍ രൂപം കൊള്ളുന്നത് ഒരു ബ്ലാക്ക് ഹോളും ഒരു വൈറ്റ് ഹോളൂം കൂടിച്ചേര്‍ന്നാണ്. ബ്ലാക്ക് ഹോള്‍ നമ്മള്‍ക്കെല്ലാവര്‍ക്കും അറിയാവുന്നപോലെ ഗുരുത്വാകര്‍ഷണം വളരെ ക്കൂടുതല്‍ ഉള്ള ഒരിടമാണ് അതിലൂടെ വെളിച്ചം പോലും പുറത്തു കടക്കില്ല. വൈറ്റ് ഹോള്‍ എന്നത് ബ്ലാക്ക് ഹോളിന്‍റെ നേരെ വിപരീത സ്വഭാവമുള്ള സ്ഥലമാണ്. അത് ഏല്ലാത്തിനെയും വികര്‍ഷിക്കും. സിദ്ധാന്തമനുസ്സരിച്ച് ഒരു വോം ഹോളിന്‍റെ ഒരറ്റം ബ്ലാക്ക് ഹോളും മറ്റോരറ്റം വൈറ്റ് ഹോളും ആയിരിക്കും. അതിലൂടെ കടക്കുന്നവര്‍ പ്രകാശത്തിന്‍റെ വേഗത്തില്‍ സഞ്ചരിക്കുന്നു. അതിനാല്‍ അവര്‍ക്ക് ഭൂമിയിലുള്ള ആളുകളെക്കാള്‍ പതുക്കെയെ സമയം നീങ്ങുകയുള്ളു. അവര്‍ തിരിച്ചു വരുമ്പോള്‍ ഭൂമി അവര്‍ പോയതിനെക്കാള്‍ വര്‍ഷങ്ങള്‍ മുന്പോട്ട് പോയിരിക്കും പക്ഷെ അവര്‍ക്ക് മണിക്കൂറുകളേ തങ്ങളൂടെ ജീവിതത്തില്‍ നഷ്ടപ്പെട്ടിരിക്കൂ.   

തമോഗര്‍ത്തത്തിലൂടെ

മറ്റൊരു മാര്‍ഗം ബ്ലാക്ക് ഹോളീനു ചുറ്റും വലം വെക്കുക എന്നതാണ്. നമ്മള്‍ക്കറിയാവുന്നതു പോലെ ബ്ലാക്ക് ഹോളില്‍ ഗുരുത്വാകര്‍ഷണം വളരെ വലുതാണ്. ഗുരുത്വാകര്‍ഷണം കൂടുതല്‍ ഉള്ളിടത്ത് സമയം അതു കുറവുള്ളടത്തേക്കാള്‍ പതുക്കയെ സഞ്ചരിക്കൂ. അതിനാല്‍ നിങ്ങള്‍ ഒരു ബ്ലാക്ക് ഹോളിനെ വലം വെച്ചു തിരിച്ചു വരുംബോള്‍ ഭൂമിയില്‍ വര്‍ഷങ്ങള്‍ കടന്നു പോയേക്കം.

ആല്‍ക്കുബൈര്‍ വാര്‍പ്പ് ഡ്രൈവ്

മെക്സിക്കന്‍ തിയററ്റിക്കല്‍ ഫിസിസ്സിസ്റ്റ് ആയ മിഗ്വേല്‍ ആല്‍ക്കുബൈറിന്‍റെ താണീ തിയറീ. അതനുസ്സരിച്ച് ഒരു സ്പേസ്സ് ക്രാഫ്റ്റിന്‍റെ മുന്പിലെ സ്പേസ്സ് ടൈം ചുരുങ്ങുകയും അതിന്‍റെ പിന്നിലെ സ്പേസ്സ് ടൈം വലുതാകുകയും ചെയ്യുമ്പോള്‍ ആ സ്പേസ്സ് ക്രാഫ്റ്റ് പ്രകാശത്തിനേക്കാള്‍ വളരെ വേഗത്തില്‍ സഞ്ചരിക്കുന്നു. തന്മൂലം ആപേക്ഷിക സിദ്ധാന്ത പ്രകാരം അതിലുള്ളവര്‍ക്ക് ഭൂമിയിലുള്ളവരെക്കാള്‍ പതുക്കയെ സമയം പോകുകയുള്ളൂ.

അവസാനമായി ടൈം ട്രാവല്‍ സാധ്യമാണോ? ഇന്നത്തെ ഫിസിക്സിന്‍റെ സാധ്യതകള്‍ക്കൊണ്ട് അതു സാധ്യമല്ലെങ്കിലും ഭാവിയില്‍ നമ്മള്‍ അതു സാധ്യമാക്കിയെടുക്കുമെന്നു പ്രതീക്ഷിക്കാം.