എന്താണ് റേഡിയോ കോളർ ?

Simple Science Technology

എന്താണ് റേഡിയോ കോളർ ? എങ്ങനെയാണ് ഇത് ആനയെ ധരിപ്പിക്കുന്നത്?

⚛️⚛️⚛️⚛️⚛️⚛️⚛️⚛️⚛️ 

https://youtu.be/5tYEQp63cso

⭕കാട്ടാന അടക്കമുള്ള വന്യമൃഗങ്ങളുടെ സാന്നിധ്യം ജിപിഎസ് ഉപയോഗിച്ചു നിരീക്ഷിക്കുന്ന സംവിധാനമാണു റേഡിയോ കോളർ. റബർ കൊണ്ടുള്ള ബെൽറ്റാണു റേഡിയോ കോളർ. നശിച്ചു പോകാതിരിക്കാനും , ആനകൾക്കു മറ്റ് ശാരീരിക അസ്വസ്ഥതകൾ ഉണ്ടാവാതിരിക്കാനുമായി റബർ കൊണ്ടാണ് റേ‍ഡിയോ കോളർ നിർമിക്കുന്നത്.ഏകദേശം 8 കിലോ ഭാരമുള്ള ഇവ ആനയുടെ കഴുത്തിൽ ഘടിപ്പിക്കുന്നു.അഞ്ചു വർഷത്തോളം ഒരു റേഡിയോ കോളർ ഉപയോഗിക്കാനാവും .

⭕മൃഗങ്ങളെക്കുറിച്ചുള്ള പഠനവുമായി ബന്ധപ്പെട്ട് അമേരിക്കയിൽ 1964ലാണ് ആദ്യമായി റേഡിയോ കോളർ സംവിധാനം ഉപയോഗിച്ചത്.മയക്കുവെടി വച്ച ശേഷമാണ് കാട്ടാനയുടെ കഴുത്തിൽ കോളർ ധരിപ്പിക്കുക. റേഡിയോ കോളറിൽ പ്രധാനമായും രണ്ടു യൂണിറ്റുകളാണുള്ളത്– ജിപിഎസ്, ജിഎസ്എം. വന്യമൃഗത്തിന്റെ ലൊക്കേഷൻ മനസ്സിലാക്കാനാണ് ജിപിഎസ് (ഗ്ലോബൽ പൊസിഷനിങ് സിസ്റ്റം). ജിഎസ്എം എന്നാൽ ഗ്ലോബൽ സിസ്റ്റം ഫോർ മൊബൈൽ കമ്യൂണിക്കേഷൻ. ആന എന്താണ് ചെയ്യുന്നതെന്നും (ഓട്ടം, നടത്തം, ഭക്ഷണം മുതലായവ) കൃത്യമായി മനസ്സിലാക്കാൻ കോളറിൽ ഒരു ആക്സിലറോമീറ്ററും ഘടിപ്പിക്കുന്നു.

⭕10 വർഷത്തോളം നിൽക്കുന്ന ബാറ്ററികളും റേഡിയോ കോളറിലുണ്ടാവും. രണ്ടു ലക്ഷം മുതൽ 5 ലക്ഷം വരെ വില വരുന്ന റേഡിയോ കോളറുകൾ ലഭ്യമാണ്.മൊബൈൽ ഫോണിലേതു പോലെ ഒരു സിം റേഡിയോ കോളറിൽ ഉപയോഗിക്കും. പ്രദേശത്തു റേഞ്ച് കൂടുതലുള്ള സിം ആണ് ഇതിനായി തിരഞ്ഞെടുക്കുന്നത്.ജിപിഎസ് ട്രാക്ക് ചെയ്തു തുടങ്ങിയാൽ വിവരങ്ങൾ ജിഎസ്എം വഴി മൊബൈൽ ആപ്പിലോ , വെബ്സൈറ്റുകളിലൂടെയോ ലഭിക്കും. ആന മൊബൈൽ റേഞ്ചിലെത്തുമ്പോൾ മാത്രമേ വിവരങ്ങൾ അപ് ലോഡ് ആവൂ എന്നതു ഒരു പോരായ്മയാണ്.

⭕ഏറ്റവും സാധാരണയായ കേരള വനം വകുപ്പിന്റെ കൈവശമുള്ള ജി.എസ്.എം റേഡിയോ കോളർ മൊബൈൽ നെറ്റുവർക്കുകൾ ഇല്ലാത്ത സ്ഥലങ്ങളിൽ പ്രവർത്തിക്കില്ല. ഇത് പരിഹരിനായി

രാജ്യാന്തര സംഘടനയായ വേൾഡ് വൈൽഡ് ലൈഫ് ഫണ്ടിന്റെ ഉടമസ്ഥതയിലുള്ള സാറ്റലൈറ്റ് റേഡിയോ കോളർ ഇന്ത്യയിൽ ആസാം വനം വകുപ്പിന്റെ ഉടമസ്ഥതയിൽ ഉണ്ട്.

സാറ്റലൈറ്റ് ഫോണിന് സമാനമായി പ്രവർത്തിക്കുന്ന സംവിധാനമാണിത്. മൊബൈൽ റേഞ്ചിലൂടെയല്ലാതെ സാറ്റലൈറ്റ് വഴി നേരിട്ട് ട്രാക്ക് ചെയ്യുമെന്നതാണു ഈ റേഡിയോ കോളറിന്റെ പ്രത്യേകത.മൊബൈൽ ടവറിന്റെ സഹായമില്ലാതെ വിവരങ്ങൾ കൈമാറാം .

⭕ജിപിഎസ് സംവിധാനമുള്ള മൈക്രോ ചിപ്പ് സെൻസറുകളുടെ സഹായത്തോടെ മൃഗങ്ങളുടെ സ്ഥാനം, ചെറു ചലനം എന്നിവ സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കാം. പെട്ടെന്ന് അഴിഞ്ഞു പോകാതിരിക്കാനാണ് കോളര്‍ ആനയുടെ കഴുത്തില്‍ കെട്ടുന്നത്. റേഡിയോ കോളർ ധരിച്ച മൃഗങ്ങൾ ജനവാസകേന്ദ്രങ്ങൾക്ക് സമീപത്തേക്ക് എത്തിയാലുടൻ, ബൾക്ക് എസ്എംഎസ് സേവനങ്ങളിലൂടെയും മറ്റ് മാർഗങ്ങളിലൂടെയും വനംവകുപ്പിന് പ്രദേശവാസികളെ വിവരം അ‌റിയിക്കാനും മറ്റ് നടപടികൾ സ്വീകരിക്കാനും കഴിയും.

⭕ഡാർട്ടിങ് എന്നു വിളിക്കപ്പെടുന്ന മയക്കുവെടി വയ്ക്കൽ പ്രക്രിയയിലൂടെയാണ് കാട്ടാനയുടെ കഴുത്തിൽ കോളർ ധരിപ്പിക്കുക. സൂചിയേറ് മത്സരത്തിന്റെ ഇംഗ്ലിഷ് നാമമാണു ഡാർട്ടിങ്. ആനകളുടെ ശരീരത്തിൽ മയക്കാനുള്ള മരുന്നടങ്ങിയ ചെറിയ സിറിഞ്ച് വെടിവച്ചു തറപ്പിക്കുകയാണു ചെയ്യുന്നത്. ഇതിനായി പ്രത്യേക തോക്കുകളുണ്ട്. ഈ തോക്ക് ഉപയോഗിച്ചു മയക്കുമരുന്ന് സിറിഞ്ചിലൂടെ തറപ്പിക്കുമ്പോൾ സിറിഞ്ചിലെ ചാർജ് റിലീസാവുകയും മയക്കുമരുന്ന് ആനയുടെ ശരീരത്തിൽ പ്രവേശിക്കുകയും ചെയ്യുന്നു. തളച്ച കാട്ടാനകളെ ലോറിയിൽ കയറ്റുന്നതിനു മുൻപായി ആന്റിഡോട്ട് നൽകും. ചെവിയുടെ അരികിലുള്ള ഞരമ്പുകളിലൂടെയാണ് ഈ കുത്തിവയ്പ്പ് നൽകുന്നത്. 

⭕ആനയുടെ വലുപ്പം, പ്രായം എന്നിവ അനുസരിച്ച് കൃത്യമായ ഡോസിലാണ് സിറിഞ്ചിൽ മയക്കുമരുന്ന് നൽകുക. അവ അധികമായാൽ ആന ചെരിഞ്ഞ് കിടക്കുകയോ ഇരിക്കുകയോ ചെയ്യും. അത് ആനയുടെ ജീവന് ഭീഷണിയാണ്. മയക്കാനായി ഉപയോഗിക്കുന്നത് കൈറ്റാമൈൻ- സൈലാൻ എന്ന മിശ്രിതമാണ്. ആനയുടെ ആന്തരിക പ്രവർത്തനങ്ങളെ സാരമായി ബാധിക്കാത്ത രീതിയിലാണ് ഈ മരുന്നുകളുടെ പ്രവർത്തനം. മരുന്നിന്റെ പ്രവർത്തനഫലമായി ആനയുടെ കണ്ണിലെ കൃഷ്ണമണികൾ വികസിക്കും.

മയക്കുവെടിയേറ്റ ആന അരമണിക്കൂർ മുതൽ 45 മിനുട്ടിനുള്ളിൽ മയക്കത്തിൽ പ്രവേശിക്കും. ആ മയക്കം മണിക്കൂറുകൾ നീണ്ടുനിൽക്കും. ഈ സമയത്തിനുള്ളിൽ അവയെ മാറ്റണം.ഇനി അഥവാ മയക്കം വിട്ടാൽ ബൂസ്റ്റർ ഡോസ് നൽകും. പിന്നീട് മയക്കം വിടാൻ മറ്റൊരു ഇഞ്ചക്ഷൻ നൽകും.

⭕വിയർപ്പു ഗ്രന്ഥികൾ കുറവുള്ള ആന ചെവിയാട്ടുന്നതിലൂടെ രക്തപ്രവാഹം വർധിപ്പിച്ചാണ് ശരീര താപനില കുറയ്ക്കുന്നത്. എന്നാൽ, മയക്കത്തിലായ ആന ചെവിയാട്ടൽ നിർത്തും. ഈ സാഹചര്യത്തിൽ ആനയ്ക്ക് ഹൈപ്പർ തെർമിയ എന്ന അവസ്ഥയുണ്ടായി ജീവൻ തന്നെ അപകടത്തിലാകാൻ സാധ്യതയു ണ്ട്. അതിനാലാൽ വെയിലിന്റെ ചൂടു കുറവുള്ള രാവിലെയോ , വൈകുന്നേരമോ ഡാർട്ടിങിന് തിരഞ്ഞെടുക്കുന്നത്. ശരീര താപനില കുറയ്ക്കാൻ ഇടയ്ക്കിടെ വെള്ളം ഒഴിച്ചു കൊടുക്കാറുണ്ട്.

⭕കണ്ണിലേക്കു കൂടുതൽ പ്രകാശം കയറുന്നതും , മുന്നിലെ കാഴ്ചകളും തടയാനായി മയക്കുവെടിയേറ്റ കാട്ടാനയുടെ കണ്ണ് കറുത്ത തുണി കൊണ്ടു മറയ്ക്കും. കണ്ണടയ്ക്കാത്തതിനാൽ വെയിലും കാറ്റും കൊണ്ടു വരണ്ടു പോകാതിരിക്കാനും കറുത്ത തുണി സഹായിക്കും.

⭕ആനകളുടെ ശരീരത്തിൽ കൂടുതൽ നാൾ റേഡിയോ കോളറിംഗ് ഉറപ്പിക്കൽ വിജയിക്കില്ല കാരണം അങ്ങേയറ്റം ബുദ്ധിശക്തിയുള്ള മൃഗമായ ആനകൾ തന്നെ കോളറുകൾ നീക്കം ചെയ്യാൻ ശ്രമിച്ചു കൊണ്ടിരിക്കും.സംസ്ഥാനത്ത് വടക്കനാടൻ കൊമ്പൻ, കല്ലൂ‍ർ കൊമ്പൻ എന്നിവയെ മുൻപ് ഇത് ഘടിപ്പിച്ച് നിരീക്ഷിച്ചിരുന്നു.