പരിണാമവും പ്രകൃതി നിർധാരണവും
എന്താണ് പരിണാമവും പ്രകൃതി നിർധാരണവും (Natural Selection)
⚛️⚛️⚛️⚛️⚛️⚛️⚛️⚛️⚛️
ടോണി ഡൊമിനിക്
⭕എല്ലാ മതങ്ങളിലും പ്രപഞ്ചത്തെയും ജീവജാലങ്ങളെയുമെല്ലാം ദൈവം സൃഷ്ടിച്ചതിനെക്കുറിച്ചുള്ള കഥകൾ ഉണ്ട്. യഥാർത്ഥത്തിൽ നമ്മളെയും ഈ ജീവജാലങ്ങളെയുമെല്ലാം ഇന്ന് കാണുന്ന രൂപത്തിൽ സൃഷ്ടിച്ചത് ഒരു ദൈവം ആണോ? നമുക്ക് എന്താണ് പരിണാമം എന്ന് നോക്കാം. പരിണാമം സംഭവിക്കുന്നത് മ്യൂട്ടേഷൻ, നാച്ചുറൽ സെലക്ഷൻ എന്നിവ വഴിയാണ്.
????മ്യൂട്ടേഷൻ
⭕നമ്മുടെ ശരീരം കോശങ്ങളാൽ നിർമ്മിക്കപ്പെട്ടിരിക്കുന്നു എന്നറിയാമല്ലോ. കോശത്തിന്റെ ന്യൂക്ലിയസിൽ സ്ഥിതി ചെയ്യുന്ന DNA യിൽ ആണ് ജീനുകളുടെ സ്ഥാനം. ഒരു കേക്ക് റെസിപ്പിയിലെ ചേരുവകൾ എങ്ങനെയാണോ ആ കേക്കിന്റെ രുചിയും രൂപവും തീരുമാനിക്കുന്നത് അതുപോലെ ജീനുകളാണ് ജീവികളിലെ സ്വഭാവ സവിശേഷതകൾ തീരുമാനിക്കുന്നത്.
രണ്ടു ലക്ഷം കോടി കോശവിഭജനങ്ങൾ ഒരു ദിവസം മനുഷ്യനിൽ നടക്കുന്നുണ്ട്. നമ്മുടെ ശരീരത്തിലെ പഴയതും, കേടുവന്നതും, നശിച്ചതും ആയ കോശങ്ങൾക്ക് പകരമായി പുതിയ കോശങ്ങൾ ഇങ്ങനെ കോശവിഭജനത്തിലൂടെ ഉണ്ടാകുന്നു. ജീവികളുടെ വളർച്ചക്കും കോശ വിഭജനം ആവശ്യമാണ്.
⭕കോശവിഭജനത്തിൽ ഒരു കോശം വിഭജനം നടന്നു രണ്ടു തുല്യ കോശങ്ങളുടെ പതിപ്പുകളായാണ് മാറേണ്ടത്. എന്നാൽ സാധാരണയായി ജീവികളിൽ കോശങ്ങളുടെ പകർപ്പെടുക്കപ്പെടുന്ന സമയത്ത് അതിന്റെ ഘടനയിൽ തെറ്റുകൾ ഉണ്ടാകുന്നു, അഥവാ മ്യൂട്ടേഷൻ സംഭവിക്കുന്നു. ഒരു നിർവചനം ആയി പറയുകയാണെങ്കിൽ, ക്രോമസോമിനു പുറത്തുള്ള DNA യുടെയോ മറ്റു ജനിതകവസ്തുക്കളുടെയോ ന്യൂക്ലിയോടൈഡ് കൂട്ടങ്ങളിൽ ഉണ്ടാകുന്ന മാറ്റം ആണ് മ്യൂട്ടേഷൻ.
⭕ഇങ്ങനെ കോശങ്ങളിലെ DNA കളിലോ, മറ്റു ജനിതകവസ്തുക്കളിലോ ഉണ്ടാകുന്ന മാറ്റങ്ങൾ പലപ്പോഴും ആ ജീവിക്ക് ദോഷകരമാകാനിടയാകും. ബാക്കിയുള്ളവ ഒന്നുകിൽ ഒരു ദോഷവും ഉണ്ടാക്കാത്തവയും , അല്ലെങ്കിൽ നേരിയതോതിൽ ഗുണകരവും ആയിരിക്കാം. മ്യൂട്ടേഷൻ ജീവികൾക്കു പലപ്പോഴും ദോഷകരമായതുമൂലം ഇത്തരം മ്യൂട്ടേഷന് വിധേയമായ ജീനുകളെ പഴയ അവസ്ഥയിലേക്ക് എത്തിച്ച് കേടുതീർക്കാനുള്ള മെക്കാനിസം ജീവികളിൽത്തന്നെ ഉണ്ട്.
ഈ മ്യൂട്ടേഷനുകൾ ജീവികളുടെ ശരീരത്തിൽ നിറം, ആകൃതി, വലിപ്പം, സ്വഭാവം മുതലായവയിൽ വളരെ ചെറിയ വ്യത്യാസങ്ങൾ ഉണ്ടാക്കുന്നു.
????നാച്ചുറൽ സെലക്ഷൻ
⭕മ്യൂട്ടേഷനുകൾ ജീവികളുടെ ശരീരത്തിൽ ചെറിയ വ്യത്യാസങ്ങൾ ഉണ്ടാക്കുന്നു എന്ന് നാം കണ്ടു. ഈ വ്യത്യാസങ്ങളോട് കൂടെ ജനിക്കുന്ന ജീവി, നിലവിലുള്ള പരിസ്ഥിക്ക് അനുയോജ്യമാണെങ്കിൽ മാത്രം അതിജീവിക്കുന്നു. പരിസ്ഥിതിക്ക് അനുകൂലമല്ലാത്ത വ്യത്യാസങ്ങളാണ് മ്യൂട്ടേഷൻ മൂലം ഉണ്ടാകുന്നതെങ്കിൽ അവ അതിജീവിക്കുന്നില്ല, അല്ലെങ്കിൽ നശിച്ചുപോകുന്നു.
⭕ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിൽ 1845 വരെ ഇളം നിറത്തിലുള്ള പെപ്പെർഡ് മോത്ത് ബട്ടർഫ്‌ളൈകൾ പരക്കെ ഉണ്ടായിരുന്നു. മരങ്ങളുടെ തടികളിൽ പറ്റിപിടിച്ചുകൊണ്ടാണ് ഈ ശലഭങ്ങൾ പകൽ കഴിച്ചു കൂട്ടിയിരുന്നത്. ഇരപിടിയന്മാരായ ചില പക്ഷികളായിരുന്നു അവയുടെ പ്രധാന ശത്രുക്കൾ. ശലഭങ്ങളുടെ നിറവും മരത്തൊലിയുടെ നിറവും തമ്മിലുള്ള സാമ്യം മൂലം ഇളം നിറമുള്ള ശലഭങ്ങൾ വളരെ വിരളമായേ പക്ഷികളുടെ ഇരയായിരുന്നുള്ളു. അങ്ങനെ കറുത്ത നിറമുള്ള ശലഭങ്ങളെ അപേക്ഷിച്ച് ഇളം നിറമുള്ളവ കൂടുതൽ അതിജീവിക്കുകയും അവയുടെ എണ്ണം കൂടി കൂടിയും വന്നു.
⭕മാഞ്ചസ്റ്ററിൽ കൽക്കരി ഉപയോഗിച്ചു പ്രവർത്തിക്കുന്ന വ്യവസായശാലകൾ വന്നതിനു ശേഷം പരിതസ്ഥിതിയിൽ മാറ്റമുണ്ടായി. വ്യവസായശാലകളിൽ നിന്ന് വന്ന കരിയും പുകയും മറ്റും ഒട്ടിപ്പിടിച്ച് മരത്തടികളുടെ നിറം കറുപ്പായി മാറി. പുതിയ പരിതസ്ഥിതിയിൽ ഇളം നിറമുള്ളവ കണ്ണിൽപെടുകയും കറുത്ത നിറമുള്ളവ കണ്ണിൽ പെടാതിരിക്കുകയും ചെയ്തു. അങ്ങനെ കറുത്ത നിറമുള്ളവക്ക് അനുകൂലമായ രീതിയിൽ പ്രകൃതിനിർധാരണം നടക്കുകയും കറുത്ത ശലഭങ്ങൾ കൂടിയ തോതിൽ അതിജീവിക്കുകയൂം പെരുകുകയും ചെയ്തു. 1895 മുതൽ 1970 വരെ കറുത്ത നിറമുള്ളശലഭങ്ങൾ ധാരാളമായി കാണപ്പെട്ടു. കൽക്കരി ഉപയോഗിച്ചു പ്രവർത്തിക്കുന്ന വ്യവസായശാലകളുടെ എണ്ണം കുറഞ്ഞതോടെ വീണ്ടും ഇളം നിറത്തിലുള്ള ശലഭങ്ങളുടെ എണ്ണം വർധിക്കാൻ തുടങ്ങി.
അതായത് പരിതസ്ഥിതികളോട് യോജിച്ചു പോകാവുന്ന സ്വഭാവ സവിശേഷതകളോട് കൂടി ജനിക്കുന്ന ജീവികൾ അതിജീവിക്കുന്നു, അല്ലാത്തവ നശിച്ചുപോകുന്നു. ഇതാണ് നാച്ചുറൽ സെലക്ഷൻ അഥവാ പ്രകൃതി നിർധാരണം.
⭕പ്രകൃതിയോട് യോജിച്ചു പോകുവാൻ കഴിയുന്ന രീതിയിൽ സ്വഭാവ സവിശേഷതകൾ, ജീവികൾ മനഃപൂർവം ഉണ്ടാക്കുന്നതല്ല. പ്രകൃതിയിലെ അപ്പോഴത്തെ സാഹചര്യം കാരണം ഉണ്ടാകുന്നതും അല്ല. പിന്നെയോ, മ്യൂട്ടേഷനുകൾ നടന്നുണ്ടാകുന്ന മാറ്റങ്ങൾ അപ്പോഴത്തെ പരിതസ്ഥിതികളോട് യോജിച്ചു പോകാവുന്നവയാണെങ്കിൽ ജീവികൾ അതിജീവിക്കും അല്ലെങ്കിൽ നശിച്ചു പോകും.
????പരിണാമം
⭕അങ്ങനെ മ്യൂട്ടേഷനിലൂടെയും, ഇണചേരുന്നതിലൂടെയും ജീവികളുടെ ശരീരത്തിലെ നിറം, ആകൃതി, വലിപ്പം, സ്വഭാവം എന്നിവയിൽ കൊച്ചു കൊച്ചു മാറ്റങ്ങൾ ഉണ്ടാകുന്നു. ഈ മാറ്റങ്ങൾ അനേകായിരം തലമുറകളിലൂടെ, ലക്ഷകണക്കിന് വര്ഷങ്ങളെടുത്ത് കടന്നുപോകുമ്പോൾ വലിയ മാറ്റങ്ങൾഉണ്ടാകുന്നു. ഇത്തരം വലിയ മാറ്റങ്ങൾ ആണ് ഒരു ജീവിയിൽ നിന്നും മറ്റൊരു ജീവി അഥവാ സ്പീഷിസിൽ നിന്നും മറ്റൊരു സ്പീഷീസിലേക്കു ജീവികൾ പരിണമിക്കാൻ കാരണം.
⭕ഒരേ ജീവിവർഗത്തിലുള്ള ജീവികൾ രണ്ടു വ്യത്യസ്ത ഭൂപ്രദേശങ്ങളിൽ പരസ്പരം ഇണചേരാനാകാത്ത വിധം ഒറ്റപ്പെട്ടു പോയാൽ അവയിൽ ഉണ്ടാകുന്ന മ്യൂട്ടേഷനുകളും പരിണാമവും മൂലം അനേകായിരം തലമുറകൾ കഴിയുമ്പോൾ ഈ രണ്ടു ജീവിവർഗങ്ങളും വ്യത്യസ്ത ജീവിവർഗങ്ങളായി പരിണമിച്ചിട്ടുണ്ടാകാം. ഒരു ഏകകോശ ജീവിയിൽ നിന്നും ഇങ്ങനെ പരിണാമത്തിലൂടെയാണ് ഭൂമിയിൽ ഇന്ന് ജീവിച്ചിരിക്കുന്നതും വംശനാശം സംഭവിച്ചതുമായ 400 കോടി ജീവജാലങ്ങളും ഉണ്ടായത്.
⭕പരിണാമത്തിനു യാതൊരു ദിശയുമില്ല. ഒരു ജീവി പരിണമിച്ചു വേറൊരു ജീവിയോ, ജീവികളോ ആകാം. വേറൊരു ജീവി വർഗം പരിണമിച്ചു വന്നാലും ആദ്യം ഉണ്ടായ ജീവിവർഗം നശിച്ചു പോകണമെന്നില്ല.
കുരങ്ങാനെന്താണ് മനുഷ്യനായി പരിണമിക്കാത്തത് എന്ന ചോദ്യം ചില പരിണാമ വിരോധികളോ, പരിണാമത്തെക്കുറിച്ച് വ്യക്തമായ ധാരണ ഇല്ലാത്തവരോ ചോദിക്കുന്നത് കാണാറുണ്ട്. യഥാർത്ഥത്തിൽ നമ്മുടെയും ചിമ്പാൻസിയുടെയും പൊതുപൂർവികൻ ഒന്നാണ് അതല്ലാതെ കുരങ്ങു പരിണമിച്ചല്ല മനുഷ്യർ ഉണ്ടായത്.
⭕ഏകദേശം 350 കോടി (3.5 billion) വർഷങ്ങൾക്കു മുൻപാണ് ഏക കോശ ജീവികളുടെ രൂപത്തിൽ ഭൂമിയിൽ ജീവനുണ്ടായത്. ആ ഏക കോശ ജീവി കോടിക്കണക്കിനു വർഷങ്ങൾ കൊണ്ട് പരിണമിച്ചാണ് ഭൂമിയിൽ ഇന്ന് വരെ ജനിച്ചിട്ടുള്ള എല്ലാ ജീവജാലങ്ങളും ഉണ്ടായത്. ആ ഏകകോശ ജീവിയിൽ നിന്നാണ് 48.5 കോടി (485 million) വർഷങ്ങൾക്കു മുൻപേ മത്സ്യങ്ങളും, 36.3 കോടി (363 million) വർഷങ്ങൾക്കു മുൻപേ സസ്യങ്ങളും പരിണമിച്ചത്.
⭕ജലത്തിൽ ജീവിച്ചിരുന്ന ചില ജീവികൾക്ക് പരിണാമം സംഭവിച്ച് ഏകദേശം 34 കോടി (340 million) വർഷങ്ങൾക്കു മുൻപേ കരയിലും വെള്ളത്തിലും ജീവിക്കുന്ന ഉഭയജീവികളും പിന്നീട് ഉരഗങ്ങളും ഉണ്ടായി. അവയിൽ നിന്നാണ് 22.5 കോടി (225 million) വർഷങ്ങൾക്കു മുൻപേ ദിനോസറുകളും, പിന്നീട് പക്ഷികളും പരിണമിച്ചു വന്നത്. 8 കോടി (80 million) വർഷങ്ങൾക്കു മുൻപേ ഉറുമ്പുകളും 5.5 കോടി (55 million) വർഷങ്ങൾക്കു മുൻപ് ഇന്ന് കാണുന്ന തരത്തിലുള്ള പക്ഷികളും ഉണ്ടായി.
⭕20 ലക്ഷം (2 million) വർഷങ്ങൾക്കു മുൻപാണ് ആസ്‌ട്രെലോ പിത്തിക്കസ് ആഫ്രിക്കാനസ് എന്ന ജീവി വർഗ്ഗത്തിൽ നിന്ന് മനുഷ്യൻ്റെ വർഗമായ ഹോമോ വിഭാഗം പരിണമിച്ചത്. അവയിൽ പ്രധാനപ്പെട്ട വിഭാഗങ്ങൾ ആണ് ഹോമോ ഹാബിലിസ്, ഹോമോ ഇറക്ടസ്, ഹോമോ നിയാണ്ടെർതാലെൻസിസ്, കൂടാതെ ഹോമോ സാപിയൻസ്. ഇതിൽ ഹോമോ സാപിയൻസ് എന്ന വിഭാഗത്തിലെ ആധുനിക മനുഷ്യരായ നമ്മൾ ഈ ഭൂമിയിൽ പരിണമിച്ചു വന്നത് 2.5 ലക്ഷം (250,000) വർഷങ്ങൾക്കു മുൻപാണ്.
⭕ഭൂമിയിലെ ജീവികളുടെ പരിണാമത്തെ നിറയെ ശാഖകളും ചില്ലകളും ഇലകളുമുള്ള ഒരു വലിയ വൃക്ഷത്തോട് സാമ്യപ്പെടുത്താം. ഇപ്പോൾ ജീവിച്ചിരിക്കുന്ന ജീവികൾ ഇലകളാണെങ്കിൽ നമ്മുടെ പൂർവികരായ ജീവികൾ മരത്തിന്റെ ചില്ലകളും അവരുടെ പൂർവികർ ശാഖകളും എല്ലാ ജീവികളുടെയും പൊതു പൂർവികനായ ഏകകോശ ജീവി വൃക്ഷത്തിൻ്റെ ഏറ്റവും താഴെയുള്ള തടിയും ആയിരിക്കും. ഏതെങ്കിലും രണ്ടു ജീവികളെ എടുത്താൽ നമുക്ക് അവയുടെ ഒരു പൊതു പൂർവികനെ കണ്ടെത്താൻ സാധിക്കും. ഉദാഹരണത്തിന് നമ്മുടെയും ചിമ്പാൻസിയുടെയും പൊതുപൂർവികൻ ഒന്നാണെന്ന് നമ്മൾ ഇതിനോടകം മനസിലാക്കിയിരുന്നല്ലോ.