ബ്രോയിലർ ചിക്കൻ

Simple Science Technology

ബ്രോയിലർ കോഴികള്‍ വേഗം വളരുന്നത് ഹോർമോൺ കുത്തിവെച്ചിട്ടോ ?

⚛️⚛️⚛️⚛️⚛️⚛️⚛️⚛️⚛️

https://youtu.be/nApDkv_TC9g

✍️ ഡോ. സുവർണ ഹരിദാസ് (വെറ്റെറിനറി സര്‍ ജൻ )

⭕ഏറെക്കാലങ്ങളായി നമ്മൾ കേള്‍ക്കുന്ന ഒരു കാര്യമാണ് ഹോര്‍മോണ്‍ കുത്തി വെയ്ക്കപ്പെട്ട ബ്രോയ്‌ലര്‍ കോഴികളും അവ കഴിക്കുന്നത് മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളും. ഈ പ്രചാരണത്തിന് എന്തെങ്കിലും ശാസ്ത്രീയാടിസ്ഥാനമുണ്ടോ?.

⭕നമ്മുടെ ദൈനംദിന പ്രശ്നങ്ങള്‍ക്ക് വസ്തുനിഷ്ഠമായ ഉത്തരം കണ്ടെത്തുന്നതിനു ശാസ്ത്രീയമായ വിശകലനവും നിരീക്ഷണവും ഏറെ സഹായകരമാണ്. കേള്‍ക്കുമ്പോൾ ശരിയാണെന്ന് തോന്നുന്ന പലതും ചിലപ്പോൾ കൂടുതൽ അന്വേഷിക്കുമ്പോൾ ശരിയല്ലെന്ന് ബോധ്യപ്പെടാം. അങ്ങനെ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നതും ഏറെക്കാലങ്ങളായി നമ്മൾ കേള്‍ക്കുന്നതുമായ ഒരു കാര്യവുമാണ് ഹോര്‍മോണ്‍ കുത്തി വെയ്ക്കപ്പെട്ട ബ്രോയ്‌ലര്‍ കോഴികളും അവ കഴിക്കുന്നത് മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളും. എന്നാല്‍ ഈ പ്രചാരണത്തിന് എന്തെങ്കിലും ശാസ്ത്രീയാടിസ്ഥാനമുണ്ടോ? ബ്രോയ്‌ലർ കോഴികൾ നാല്പത് ദിവസത്തിൽ രണ്ടര കിലോ ശരീരഭാരം എത്തുന്നതെങ്ങനെ? ഈ ദ്രുതഗതിയിലെ ശരീരഭാരവർദ്ധനയിൽ ഹോര്‍മോണുകൾക്ക് പങ്കുണ്ടോ? ഒറ്റ വാചകത്തിൽ ഉത്തരം പറയാം. ബ്രോയ്‌ലർ കോഴികളുടെ ശരീരഭാരം കൂടുന്നത് ഹോർമോണുകൾ കുത്തി വെക്കുന്നത് കൊണ്ടല്ല. ഇത് കേൾക്കുമ്പോൾ ഉടലെടുക്കുന്ന സ്വാഭാവികമായ സംശയം നമ്മൾ അടുക്കള മുറ്റത്ത് വളർത്തുന്ന കോഴികൾക്ക് ഈ ഒരു വളർച്ചാ തോത് കാണുന്നില്ലല്ലോ എന്നതാണ്. ആ വ്യത്യാസം വരുന്നത് ജനിതക തിരഞ്ഞെടുപ്പ് (genetic selection) കൊണ്ടാണ്. അടുക്കള മുറ്റത്തു നമ്മൾ മുട്ടയ്ക്ക് വേണ്ടി വളർത്തുന്ന കോഴികളിൽ നിന്ന് വ്യത്യസ്തമാണ് ഇറച്ചിക്കോഴികൾ. കഴിക്കുന്ന ഭക്ഷണം ശരീരഭാരമായി മാറ്റുവാനുള്ള കഴിവ് (ഫീഡ് കൺവെർഷൻ എഫിഷ്യൻസി) ഇവയ്ക്ക് വളരെ കൂടുതൽ ആണ്. ഒരു കിലോ ശരീരഭാരം ഉണ്ടാകാൻ ബ്രോയ്‌ലർ കോഴിക്ക് ആവശ്യം വരിക ഒന്നര കിലോ തീറ്റ മാത്രമാണ്. കൃത്യമായ ബ്രീഡ് തിരഞ്ഞെടുപ്പുകളിലൂടെയാണ് ഇത് സാധ്യമാകുന്നത്.

❓ബ്രോയ്‌ലർ ഇനങ്ങൾ ഉണ്ടാകുന്നതെങ്ങനെ?

⭕നമ്മുടെ വീട്ടിൽ രണ്ടു പശുക്കൾ ഉണ്ടെന്നു കരുതുക. ഒന്നിന് നല്ല കറവയും, രണ്ടാമത്തേതിന് കുറവുമാണെന്നു കരുതുക. ഒരേ കാളയുടെ ബീജത്തിൽ നിന്ന് ഗർഭം ധരിച്ചാൽ നല്ല കറവയുള്ള പശുവിനുണ്ടാകുന്ന കുഞ്ഞിനു രണ്ടാമത്തേതിന്റെ കുഞ്ഞിനേക്കാൾ കറവകൂടുതൽ ആയിരിക്കും. അങ്ങനെ വരുമ്പോൾ ആദ്യത്തെ പശുവിനെ നിർത്തി രണ്ടാമത്തെ പശുവിനെ നമ്മൾ ഒഴിവാക്കില്ലേ? പ്രകൃതി നിർദ്ധാരണമെന്ന പ്രക്രിയയുടെ നിര്‍മിതരൂപമാണിത്. പെട്ടെന്ന് ശരീരഭാരം വർദ്ധിക്കുന്ന ബ്രോയ്‌ലർ കോഴികൾ ഉണ്ടായതും ഇങ്ങനെ തന്നെ. നമ്മൾ ഇന്ന് കാണുന്ന കോഴികളുടെയെല്ലാം പ്രപിതാമഹൻ ആണ് ‘റെഡ് ജംഗിൾ ഫൗൾ’ എന്ന കാട്ടുകോഴി. മനുഷ്യർ കൃഷിയും, മൃഗപരിപാലനവും തുടങ്ങിയപ്പോൾ മെരുക്കിയെടുത്ത പല ജീവികളിൽ ഒന്നാണിത്. അതിൽ നിന്നാണ് പലയിനങ്ങൾ ഉണ്ടായത്. തുടക്കത്തിൽ കോഴിപ്പോരിനും മൃഗബലിക്കുമായി ഉപയോഗിച്ചിരുന്ന കോഴികളെ പിന്നീട് മുട്ടയ്ക്കും മാംസത്തിനും വേണ്ടി വളർത്താൻ തുടങ്ങി. ആദ്യകാലത്തു വളർത്തിയിരുന്ന കോഴികള്‍ വർഷത്തിൽ മുപ്പത് മുട്ടകൾ മാത്രമാണ് നൽകിയിരുന്നത്. മാംസത്തിനേക്കാൾ എല്ലുകൾക്ക് ഭാരമുണ്ടായിരുന്നു. മുൻപ് പറഞ്ഞ ഉദാഹരണം പോലെ പെട്ടന്ന് ശരീരഭാരം വർദ്ധിക്കുന്ന കോഴികളെ പരിപാലിച്ചു കൊണ്ട് ബ്രോയ്‌ലർ കോഴികളുടെ വർഗങ്ങളും, കൂടുതൽ മുട്ടയുത്പാദിപ്പിക്കുന്നവയെ പരിപാലിച്ചു കൊണ്ട് മുട്ടക്കോഴികളുടെ വർഗങ്ങളും മനുഷ്യർ സൃഷ്ടിക്കുകയാണുണ്ടായത്. ഇങ്ങനെ നമ്മൾ 'നിര്‍മിച്ചെടുക്കുന്ന' കോഴികളുടെ മാംസം സുരക്ഷിതമാണോ? തീർച്ചയായും സുരക്ഷിതമാണ്. നമ്മൾ ഇന്ന് കാണുന്ന പച്ചക്കറികളും പഴങ്ങളും ജീവിവർഗങ്ങളും എല്ലാം ഇത്തരത്തിൽ തിരെഞ്ഞെടുപ്പു പ്രക്രിയയിലൂടെ കടന്നു വന്നവയാണ്. തവിട് കുറഞ്ഞ, കൂടുതൽ ധാന്യമുള്ള നെല്ല്, കായ്ഫലം കൂടിയ തെങ്ങുകൾ, ഉത്പാദന ശേഷി കൂടിയ പശുക്കൾ എന്നിവ പോലെ ഒരെണ്ണം മാത്രമാണ് ബ്രോയ്‌ലർ കോഴിയും. മനുഷ്യർക്കാവശ്യമുള്ള പോഷകങ്ങളെക്കുറിച്ചുള്ള പഠനങ്ങളെക്കാൾ കൂടുതൽ പഠനങ്ങൾ ബ്രോയിലർ കോഴികൾക്കാവശ്യമായ പോഷകങ്ങളെപ്പറ്റി നടന്നിട്ടുണ്ട്..

⭕ആവശ്യമായ പോഷകങ്ങളും ഊർജവും അടങ്ങിയ സമീകൃതാഹാരം നൽകുന്നതിലൂടെ മെച്ചപ്പെട്ട വളര്‍ച്ചാ നിരക്ക് ഉണ്ടാകുന്നു. വളർച്ചാ ഹോർമോണുകൾ കുത്തിവെക്കുന്നു എന്ന കഥ പിന്നെ എങ്ങനെ വന്നതാണ്? ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ (FDA) 1956ൽ ബീഫ് ബ്രീഡുകളിൽ ഗ്രോത് ഹോർമോൺ പെല്ലറ്റ്സിന്റെ (Growth Hormone Pellets) ഉപയോഗം അപ്രൂവ് ചെയ്തിരുന്നു. നൂറ് മുതൽ ഇരുന്നൂറ് ദിവസം വരെ ഫീഡ്‌ലോട്ടിൽ (feedlot) നിൽക്കുന്ന കന്നുകാലികൾക്ക് കൊഴുപ്പ് കുറഞ്ഞ മാംസോത്പാദനത്തിന് സഹായിക്കാൻ വേണ്ടിയാണ് ഈ കുത്തിവെയ്പ്പുകള്‍ അനുവദിച്ചത്. എന്നാല്‍, ഇതേ ഹോർമോണുകൾ വെറും നാല്പതു ദിവസം മാത്രം വളര്‍ത്തപ്പെടുന്ന കോഴികളിൽ പ്രയോജനം നൽകുന്നില്ല. മറ്റൊരു പ്രധാനകാര്യം, ഗ്രോത് ഹോർമോണിന്റെ ഘടനാപരമായ സവിശേഷതയാണ്.പ്രോടീൻ/സ്റ്റിറോയ്ഡ് എന്നിങ്ങനെ രണ്ട് തരത്തിൽ ഉള്ള ഹോർമോണുകൾ ആണുള്ളത്. ഇൻസുലിൻ പോലെ ഒരു പ്രോടീൻ ഹോർമോണാണ് ഗ്രോത് ഹോർമോണും. പ്രോടീൻ ഹോർമോണുകളുടെ ഒരു പ്രത്യേകത എന്നത്, അവ അന്നനാളത്തിൽ എത്തുമ്പോൾ തന്നെ വിഘടിക്കുകയും പ്രവർത്തനക്ഷമം അല്ലാതെ ആവുകയും ചെയ്യും എന്നതാണ്. പ്രമേഹരോഗികള്‍ക്ക് ഇൻസുലിൻ കുത്തിവെപ്പായി മാത്രം നൽകുന്നതിന്റെ ശാസ്ത്രീയവശം ഇതാണ്.

⭕അതായത് ബ്രോയ്‌ലർ കോഴിയുടെ തീറ്റയിൽ ഗ്രോത് ഹോർമോൺ കലർത്തിയാൽ അത് കോഴിയെയോ, അത് വഴി മനുഷ്യരെയോ ബാധിക്കുക എന്നത് ശാസ്ത്രീയമായി സാധ്യമല്ല. പ്രശ്നങ്ങള്‍ അവിടം കൊണ്ടു തീരുന്നില്ല. ഇനി ഗ്രോത് ഹോർമോണിന് എന്തെങ്കിലും പ്രബലമായ ഒരു പ്രഭാവം ബ്രോയ്‌ലർ കോഴികളുടെ വളർച്ചയിൽ ഉണ്ടാക്കണം എങ്കിൽത്തന്നെ ദിവസത്തിൽ പല പ്രാവശ്യം കുത്തിവെപ്പ് എടുക്കേണ്ടി വരും (Czarick and Fairchild, 2012) എന്നാണ് ശാസ്ത്രീയപഠനങ്ങള്‍ പറയുന്നത്. ആയിരക്കണക്കിന് കോഴികൾ ഉള്ള ബ്രോയിലർ ഫാമുകളിൽ ഇത് തീർത്തും പ്രായോഗികമല്ലാത്തതും, വളരെ ചിലവേറിയതുമായ മാർഗമാണ്. ഇങ്ങനെ കുത്തിവെച്ചു എന്നു തന്നെ ഇരിക്കട്ടെ, മാംസത്തിൽ അടങ്ങിയിരിക്കുന്ന ഗ്രോത് ഹോർമോൺ മനുഷ്യരുടെ അന്നനാളത്തിൽ വെച്ചു വിഘടിച്ചു പോവുകയും ചെയ്യും. ഏതൊരു ജീവിയിലും വളർച്ചയ്ക്ക് ആവശ്യമായ ഈസ്റ്റ്രജൻ, പ്രോജെസ്റ്റെറോൻ, റെസ്റ്റോസ്റ്റിറോൻ തുടങ്ങിയ സെക്സ് ഹോർമോണുകൾ ഉണ്ട്. ഇവ സ്റ്റിറോയ്ഡ് കാറ്റഗറിയിൽ ഉള്ളവയാണ്. ബ്രോയ്‌ലർ കോഴികളിലും ഇത്തരം പ്രകൃതിദത്തമായ ഹോർമോണുകള്‍ ഉണ്ട്. എന്നാൽ ഈ ഹോര്‍മോണുകളിലെ 2 മുതൽ 5% വരെ മാത്രമാണ് അന്നനാളത്തിൽ നടക്കുന്ന ഉപാപചയ പ്രവർത്തനങ്ങളും ഫസ്റ്റ് പാസ് എഫക്റ്റും (first pass effect) കടന്നു ബയോആക്റ്റീവ് ഫോമിൽ മനുഷ്യശരീരത്തിൽ എത്തുക (Parodi et al, 2010). നാനോഗ്രാമിൽ മാത്രം അടങ്ങിയിട്ടുള്ള ഒരു വസ്തുവിന്റെ 2% എന്നത് പ്രബലമായ ഒരു അളവല്ല. ഫീഡ് അഡിറ്റിവ്‌സ് ബ്രോയ്‌ലർ കോഴികള്‍ക്ക് നല്‍കേണ്ടുന്ന പോഷകങ്ങളെ പറ്റി വളരെയധികം പഠനങ്ങൾ നടന്നിട്ടുണ്ട് എന്ന് പറഞ്ഞിരുന്നല്ലോ. മൾട്ടി വിറ്റാമിനുകൾ, എൻസൈമുകള്‍, പിഎച് നിലനിർത്തുന്നതിനായി ചേര്‍ക്കുന്ന വസ്തുക്കള്‍ എന്നിവയാണ് നിലവില്‍ അംഗീകൃത കോഴിത്തീറ്റയിൽ ചേർക്കപ്പെടുന്ന ഫീഡ് അഡിറ്റിവ്സ്. ഇവയൊന്നും തന്നെ മനുഷ്യർക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നവയല്ല. 

⭕മറ്റൊന്ന് ആന്റിമൈക്രോബിയൽസ് ആണ്. കോഴിക്കുഞ്ഞുങ്ങളിലെ അണുബാധകൾ തടയാനും അന്നനാളത്തിൽ സ്വാഭാവികമായി കാണുന്ന സൂക്ഷ്മജീവികളുടെ എണ്ണം നിയന്ത്രിക്കാനും അതിൽ മാറ്റം വരുത്തുവാനും വേണ്ടി മുൻപ് ആന്റിമൈക്രോബിയൽസ് ഉപയോഗിച്ചിരുന്നു. എന്നാൽ ആന്റിബയോട്ടിക് റെസിസ്റ്റൻസ് ഉണ്ടാകാനുള്ള സാധ്യതകൾ കണക്കിലെടുത്ത് ഇത്തരം മരുന്നുകളുടെ ഉപയോഗം ഒഴിവാക്കുകയാണുണ്ടായത്. എന്നാല്‍ ഇന്ത്യയിലെ സ്വകാര്യ ഫാമുകളില്‍ ഈ നിയന്ത്രണങ്ങള്‍ ഒന്നും വിലപ്പോവാറില്ല. കമ്പോളാധിഷ്ഠിത മത്സരത്തില്‍ മുന്‍പന്തിയിലെത്തുന്നതിനായി എന്തും ചെയ്യുമെന്ന അവസ്ഥയാണ് നിലനില്‍ക്കുന്നത്. ഇതിനൊരു ഉദാഹരണമാണ് കോളിസ്റ്റിന്‍ എന്ന ആന്റിബയോടിക്‍. മൾടി ഡ്രഗ് റെസിസ്റ്റന്റ് ബാക്റ്റീരിയകൾ മുഖേന മനുഷ്യരില്‍ ഉണ്ടാകുന്ന അസുഖങ്ങൾക്ക് വേണ്ടി നല്‍കുന്ന ശക്തമായ ഒരു മരുന്നാണ് കോളിസ്റ്റിന്‍ (Colistin). ഇന്ത്യയിലെ സ്വകാര്യ ഫാമുകളില്‍ പലയിടങ്ങളിലും കോളിസ്റ്റിന്‍ വ്യാപകമായി ഉപയോഗിക്കുന്നതായി റിപോർടുകൾ ഉണ്ട്. കൃത്യമായ ഡോസിങ്, കാലയളവ്, withdrawal period എന്നിവ പാലിക്കാതെയുള്ള ആന്റിബയോട്ടിക്‍ ഉപയോഗം മൾടി ഡ്രഗ് റെസിസ്റ്റന്റ് ആയ ബാക്റ്റീരിയകള്‍, അഥവാ സൂപ്പര്‍ ബഗുകള്‍, ഉണ്ടാകുന്നതിന് ഇടയാക്കുന്നു എന്നതാണ് ഇതിലെ ദോഷവശം. അവസാന പ്രതിരോധം (last line of defence) എന്ന നിലയിൽ മനുഷ്യരിൽ ഉപയോഗിക്കപ്പെടുന്ന കോളിസ്റ്റിൻ പോലെയുള്ള മരുന്നുകളോട് പ്രതിരോധശേഷി നേടുന്ന സൂപ്പർ ബഗുകൾ ആരോഗ്യരംഗത്ത് കടുത്ത വെല്ലുവിളിയാവും എന്നത് നിസ്തർക്കമാണ്. ഇത്തരം യഥാര്‍ത്ഥപ്രശ്നങ്ങളെ അഭിസംബോധന ചെയ്യുന്നതിനു പകരം “കോഴികളിലെ ഹോര്‍മോണ്‍” എന്ന അശാസ്ത്രീയതയ്ക്ക് പിറകേ പോകുന്നതിലെ അപകടം ഇനിയും നാം തിരിച്ചറിയേണ്ടതുണ്ട്

⭕പൗൾട്രി ഫാമുകളിലെ ആന്റിബയോട്ടിക്കുകളുടെ അനിയന്ത്രിതമായ ഉപയോഗം നിയമം മൂലം നിയന്ത്രിക്കേണ്ടതാണ്. സര്‍ക്കാര്‍ വക ഫാമുകളില്‍ ഈ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുവാന്‍ എളുപ്പമായതു കൊണ്ടു തന്നെ, അവിടങ്ങളില്‍ നിന്നും ഇറച്ചി വാങ്ങുന്നത് കൂടുതല്‍ സുരക്ഷിതമായിരിക്കും. ശാസ്ത്രീയപരിപാലനമുറകളിലൂടെ ലഭിക്കുന്ന ബ്രോയ്‌ലർ ചിക്കന്റെ മാംസം മനുഷ്യരിൽ ആരോഗ്യപരമായ പ്രശ്നങ്ങൾ ഉണ്ടാക്കില്ല. കോഴിയുടെ വളര്‍ച്ച ത്വരിതപ്പെടുത്തുവാന്‍ ഹോര്‍മോണ്‍ കുത്തിവയ്ക്കുന്നു എന്നൊക്കെ പറയുന്നവര്‍ വിഷയത്തെ കുറിച്ച് അറിവില്ലാത്തവരാണ്. അത്തരം അശാസ്ത്രീയമായ കാര്യങ്ങള്‍ പ്രചരിപ്പിച്ചാല്‍, ഈ മേഖലയില്‍ നിലനില്‍ക്കുന്ന യഥാര്‍ത്ഥപ്രശ്നങ്ങളില്‍ നിന്നും ശ്രദ്ധ മാറിപ്പോകും. അത് സമൂഹത്തിനാകെയാണ് ദോഷമുണ്ടാക്കുക.