നമ്മളെല്ലാം കെമിക്കൽസ് ആണോ?

Simple Science Technology

നമ്മളെല്ലാം കെമിക്കൽസ് ആണോ?

⚛️⚛️⚛️⚛️⚛️⚛️⚛️⚛️⚛️

https://youtu.be/LYXFJMAsYHw

⭕ശവശരീരങ്ങൾ സൂക്ഷിക്കാനുപയോഗിക്കുന്ന ഫോർമാൽഡിഹൈഡ്, നെയിൽ പോളിഷ് റിമൂവറുകളിൽ ഉപയോഗിക്കുന്ന അസെറ്റോൺ (അസെറ്റോൺ തീ പിടിക്കുന്ന സംയുക്തമാണ്!), ലിവർ സിറോസിസിന് വരെ കാരണമാവുന്ന എഥനോൾ, ഒന്നാന്തരം രാസവളങ്ങളായ യൂറിയ, അമോണിയ, കോഴിമുട്ടയുടെ വെള്ളയിൽ കാണപ്പെടുന്ന ആൽബുമിൻ!!

⭕മനുഷ്യശരീരത്തിൽ കാണപ്പെട്ട ഒരു ശരീരദ്രവത്തെ പറ്റി പഠിക്കുകയായിരുന്ന ശാസ്ത്രജ്ഞന്മാർ ഇപ്പോഴും ഞെട്ടിയിരിക്കുകയാണ്. കാരണം അത്രയധികം കെമിക്കൽസാണ് പരിശോധിച്ച ഓരോ മനുഷ്യനിലും അവർ കണ്ടെത്തിയിരിക്കുന്നത്. രാസവസ്തു എന്ന് പറഞ്ഞാൽ തന്നെ നമുക്കറിയാം ശരീരത്തിന്, ആരോഗ്യത്തിന്, ദീർഘായുസിനൊക്കെ കേടുണ്ടാക്കുന്ന ഒന്നാണെന്ന്. അങ്ങനത്തെ 4000-ന് മുകളിൽ രാസവസ്തുക്കൾ ഒരു ശരീരദ്രവത്തിലുണ്ടെങ്കിൽ പിന്നെ പറയുകയും വേണ്ടല്ലോ. 

⭕ഇരുപതിലധികം ആസിഡുകൾ, ഡൈഹൈഡ്രോക്സി എപ്പി ആൻഡ്രോസ്റ്റീൻ ഡയോൺ എന്നൊക്കെയുള്ള പേര് കേട്ടാൽ പോലും ഒരു സാധാരണ മനുഷ്യൻ ഞെട്ടിപ്പോവുന്ന തരം കെമിക്കൽസ്, പലതരം സ്റ്റീറോയിഡുകൾ, പ്രമേഹരോഗികളിൽ അമിത അളവിൽ കാണപ്പെടുന്ന ഗ്ലൂക്കോസും കീറ്റോൺ ബോഡികളും, എലിവിഷത്തിലുപയോഗിക്കുന്ന സിങ്ക് (Zn), ചോക്കുണ്ടാക്കാനുപയോഗിക്കുന്ന കാത്സ്യവും കാർബണും ഓക്സിജനുമാണെങ്കിൽ ഞെട്ടിക്കുന്ന അളവിലും! ഇരുമ്പ്, കോപ്പർ, അലുമിനിയം ഒക്കെ ഹാർഡ് വെയർ കടകളിൽ മാത്രമേ ഈ ശാസ്ത്രജ്ഞർ ഇതിനുമുമ്പ് ഒന്നിച്ചു കണ്ടിട്ടുണ്ടായിരുന്നുള്ളൂ.

⭕ഇവയിൽ പലതും പലതരം അസുഖങ്ങൾക്കും, അളവൽപ്പം കൂടിയാൽ മരണത്തിന് തന്നെയും കാരണമാവുന്നവയാണെന്ന് പറയാതെ തന്നെ നിങ്ങൾക്കറിയാം. പല രാസവസ്തുക്കളും നിലം തുടയ്ക്കാനുള്ള ലോഷനും ശിവകാശിപ്പടക്കവും എന്തിന് ഗ്രനേഡുകളും ബോംബുകളും പോലും ഉണ്ടാക്കാൻ ഉപയോഗിക്കുന്നവയാണെന്നത് അതിന്റെ ഭീകരത വർദ്ധിപ്പിക്കുന്നു.

⭕ഇനിയും ഉണ്ട്. അധികം പറഞ്ഞ് പേടിപ്പിക്കുന്നില്ല. ഇക്കൂട്ടത്തിൽ ഏറ്റവും കൂടിയ അളവിൽ കാണപ്പെടുന്ന രാസവസ്തു ഡൈ ഹൈഡ്രജൻ മോണോക്സൈഡ് എന്ന സംയുക്തമാണ്. ആണവനിലയങ്ങളിൽ ചൂടു കുറയ്ക്കാനായി വലിയ അളവിൽ ഉപയോഗിക്കുന്ന ദ്രാവകരൂപത്തിലുള്ള ഈ കെമിക്കലിന്റെ അളവ് ആണവനിലങ്ങളിലേതിനേക്കാൾ ഭീകരമാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. 

⭕ഗർഭസ്ഥശിശുക്കളിൽ മുതൽ സകലമാന മനുഷ്യരിലും ഇത്രയധികം രാസവസ്തുക്കളടങ്ങിയ ഈ ശരീരദ്രവം ഉണ്ടെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. മാത്രമല്ല മരുന്നു കമ്പനികൾ, ലാബുകൾ, ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകർ ഒക്കെ ഈ രാസവസ്തുക്കളുടെ അളവുകൾ കൃത്യമായി നിലനിർത്തണമെന്ന് ശഠിക്കാറുണ്ടത്രേ! സർക്കാർ സംവിധാനങ്ങൾ പോലും അതിന് കൂട്ടു നിൽക്കുന്നു! 

⭕പ്രത്യേകതരം ഇരുമ്പ് സംയുക്തത്തിന്റെ സാന്നിധ്യമുള്ളതിനാൽ ഈ ശരീരദ്രവത്തിന് ഒരുതരം ചുവന്ന നിറമാണ്. നിണം, രുധിരം, ചോര എന്നിങ്ങനെ പേരുകളിൽ കവികളും സാംസ്കാരിക നായകരും നൂറ്റാണ്ടുകളായി ആശങ്ക പ്രകടിപ്പിച്ചിട്ടുള്ള ഇതിനെ സർവ്വസാധാരണമായി നമ്മൾ വിളിക്കുന്നത് രക്തം അഥവാ ബ്ലഡ് എന്നാണ്. 

⭕ ഈ പ്രപഞ്ചത്തിലെ സകലതും രാസവസ്തുക്കളാൽ നിർമ്മിതമാണ്. രാസവസ്തു അഥവാ കെമിക്കൽ എന്നു പറഞ്ഞാൽ രാസവളത്തിൽ മാത്രം കാണുന്നതല്ല. ഹൈഡ്രജൻ ബലൂണുകളിൽ ഉപയോഗിക്കുന്ന ഭാരമില്ലാത്ത ആ വാതകം കൊണ്ടാണ് നിങ്ങളുടെ കയ്യിലിരിക്കുന്ന മൊബൈൽ ഫോൺ ഉണ്ടാക്കിയിരിക്കുന്നതെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? വിശ്വസിക്കണം. കാരണം കോടിക്കണക്കിന് വർഷങ്ങൾ കൊണ്ട് ഹൈഡ്രജനിൽ നിന്നാണ് ഇന്ന് നമുക്കറിയാവുന്ന സകല മൂലകങ്ങളും ഉണ്ടായി വന്നിട്ടുള്ളത്. ആ മൂലകങ്ങളെ സംസ്കരിച്ചാണ് സകലതും നമ്മളുണ്ടാക്കുന്നത്.

⭕മനുഷ്യശരീരവും അതുപോലെ രാസവസ്തുക്കളാൽ "മാത്രം" നിർമ്മിതമാണ്. നമ്മൾ കഴിക്കുന്ന ഭക്ഷണം, വെള്ളം, മദ്യം, ശ്വസിക്കുന്ന വായു ഒക്കെ ഓരോ തരം രാസവസ്തുക്കളാണ്. ആണവനിലയങ്ങളിൽ ഉപയോഗിക്കുന്ന ഡൈ ഹൈഡ്രജൻ മോണോക്സൈഡെന്ന് (H2O) മുകളിൽ സൂചിപ്പിച്ചത് വെള്ളത്തെയാണ്. 

⭕നമ്മുടെ ജീവൻ നിലനിൽക്കുന്നത് തന്നെ രാസപ്രക്രിയയിലൂടെയാണ്. നമ്മൾ ചിന്തിക്കുന്നത്, കാണുന്നത്, വിശക്കുന്നത്, ദഹിക്കുന്നത്, തല്ലുകൂടുന്നത്, ദേഷ്യം വരുന്നത്, കഥയെഴുതുന്നത്, ആസ്വദിക്കുന്നത്, കള്ളം പറയുന്നത് ഒക്കെ വെറും രാസപ്രക്രിയകളാണ്. ഇപ്പോൾ നിങ്ങളിത് വായിച്ച് മനസിലാക്കുന്നതും.

⭕മേൽപ്പറഞ്ഞ ഓരോ കെമിക്കലും നമുക്കാവശ്യമുള്ളതാണ്. പക്ഷെ ഇവ ഓരോന്നിന്റെയും അളവും പരസ്പരമുളള പ്രതിപ്രവർത്തനങ്ങളുമാണ് അതിന്റെ ശരീരത്തിലെ സ്വഭാവം തീരുമാനിക്കുന്നത്. ജീവൻ നിലനിർത്താനാവശ്യമായ ഗ്ലൂക്കോസിന്റെ അളവ് കൂടിയാൽ ഒരാൾ പ്രമേഹരോഗിയായി. അതുപോലെ ശുദ്ധമായ ഓക്സിജൻ വലിയ അളവിൽ ശ്വസിച്ചാൽ നമ്മൾ മരിച്ചുപോകാം.

വേദവാക്യം: കെമിക്കൽ എന്നു കേട്ടാൽ പേടിക്കേണ്ടതില്ല. കാരണം തത്വമസി. നാമെല്ലാം അതാകുന്നു. 

Dr. Manoj Vellanad