പൾസ് ഓക്സീമീറ്റർ

Simple Science Technology

എന്താണ് പൾസ് ഓക്സീമീറ്റർ

Dr. നിഖില കെ ഗോവിന്ദ് & Dr. ദീപു സദാശിവൻ

ഇക്കഴിഞ്ഞ ഏപ്രിൽ 18ന് ഈ ജപ്പാനീസ് ശാസ്ത്രജ്ഞൻ 84 ആം വയസ്സിൽ അന്തരിക്കുമ്പോൾ, അദ്ദേഹം കണ്ടു പിടിച്ച പൾസ് ഓക്സിമീറ്റർ എന്ന മെഡിക്കൽ ഉപകരണം കോവിഡിനെതിരെയുള്ള പോരാട്ടത്തിലും സുപ്രധാനമായ പങ്ക് നിർവ്വഹിച്ചു കൊണ്ടിരിക്കുകയാണ് .

സ്റ്റെതസ്കോപ്പ്, ബി.പി അപ്പാരറ്റസ് പോലെ പൊതുജനങ്ങൾക്കത്ര പരിചിതമല്ലെങ്കിലും നിലവിൽ ആധുനിക വൈദ്യശാസ്ത്രം പ്രാക്ടീസ് ചെയ്യുന്ന ഫിസിഷ്യന്മാരുടെ സന്തത സഹചാരിയാണ് പൾസ് ഓക്സിമീറ്റർ എന്ന കുഞ്ഞൻ ഇലക്ട്രോണിക് ഉപകരണം.

ഈ പൾസ് ഓക്സിമീറ്റർ

രോഗിയുടെ വിരലിൽ ക്ലിപ്പ് ചെയ്യുന്ന ഈ മെഡിക്കൽ ഉപകരണം കുറച്ചു പേരെങ്കിലും കണ്ടിട്ടുണ്ടാവും. രക്തത്തിലെ ഓക്സിജന്റെ അളവ് കണക്കാക്കുന്ന ഉപകരണമാണ് പൾസ് ഓക്സിമീറ്റർ.

രക്തസമ്മർദ്ദം, പൾസ്, ശ്വസന നിരക്ക്, താപനില എന്നിവയ്‌ക്കൊപ്പം മെഡിക്കൽ പ്രൊഫഷണലുകൾ എടുക്കുന്ന അടിസ്ഥാന സുപ്രധാന വൈറ്റൽ സൈനുകളിൽ ഒന്നായി മാറി രക്തത്തിലെ ഓക്സിജന്റെ അളവ്. അതിനു കാരണമായത് ഈ ഉപകരണമായിരുന്നു.

ഈ ഉപകരണം നിങ്ങളുടെ വിരലിലേക്കായിരിക്കും ഘടിപ്പിക്കുക. ചെവിയിലും ഘടിപ്പിക്കാം.

സ്പെക്ട്രോ ഫോട്ടോമെട്രി തത്വം ഉപയോഗിച്ചാണ് ഇത് പ്രവർത്തിക്കുന്നത്.

പൾസ് ഓക്സിമീറ്റർ എങ്ങനെയാണ് ഡോക്ടർമാരെ സഹായിക്കുന്നത്

രക്തത്തിലെ ഓക്സിജന്റെ അളവ് അറിയാൻ മുൻ കാലങ്ങളിൽ ധമനിയിൽ (Artery) നിന്ന് രക്തം കുത്തിയെടുക്കേണ്ടി വന്നിരുന്നു.

രോഗിക്ക് വേദനയുൾപ്പെടെയുള്ള പ്രശ്നങ്ങൾ ഉണ്ടാക്കാവുന്ന ഈ പ്രക്രിയ ഒഴിവാക്കാൻ പൾസ് ഓക്സി മീറ്ററിന്റെ ആവിർഭാവം സഹായിച്ചു.

ഘടിപ്പിച്ച് സെക്കന്റുകൾക്കുള്ളിൽ തന്നെ പൾസ് ഓക്സിമീറ്റർ ഡിസ്പ്ളേയിൽ ഫലം കാണിക്കുന്നു.

ദീർഘകാലാടിസ്ഥാനത്തിൽ ശ്വാസകോശത്തകരാറുകൾ ഉള്ളവർക്ക് / വീട്ടിൽ ഓക്സിജൻ ഉപയോഗിക്കേണ്ടി വരുന്നവർക്ക് വീട്ടിൽ വെച്ചു തന്നെ ഈ ഉപകരണം ഉപയോഗിക്കാവുന്ന അത്ര ലളിതമായ ഒന്നാണിത്.

രോഗിക്ക് തന്നെ മറ്റൊരാളുടെ സഹായമില്ലാതെ ഉപയോഗിക്കാൻ കഴിയും.

ബി.പി വളരെ കുറയുന്ന അവസ്ഥയിയിലും, മെറ്റ് ഹീമോഗ്ലോബിനീമിയ പോലെയുള്ള അപൂർവ്വമായ അവസ്ഥകളിലും മാത്രമേ കൃത്യമായ ഫലം കിട്ടാതിരിക്കൂ.


പൾസ്‌ ഓക്സിമീറ്റർ റീഡിങ്ങുകൾ എങ്ങനെയാണ് വിലയിരുത്തുന്നത് ❓

95% മുതൽ 100% വരെയുള്ള ഓക്സിജൻ സാച്ചുറേഷൻ ആണ് ആരോഗ്യമുള്ള ഒരാളുടെ രക്തത്തിൽ പൾസ് ഓക്സിമീറ്റർ രേഖപ്പെടുത്തുക.

ഹൈപ്പോക്സീമിയ അഥവാ  ഓക്സിജന്റെ അളവ് കുറയുന്ന അവസ്ഥയിൽ നിങ്ങളുടെ ശരീരാവയവങ്ങൾ ശരിയായി പ്രവർത്തിച്ചേക്കില്ല. ഓക്സിജന്റെ അളവ് കുറവ് തലച്ചോർ, ഹൃദയം പോലുള്ള പ്രധാന അവയവങ്ങളുടെ പ്രവർത്തനത്തെ ബാധിക്കും.

അത്തരം സന്ദർഭങ്ങളിൽ ഓക്സിജൻ നില താഴാനുള്ള കാരണം കണ്ടെത്തി പരിഹരിക്കാൻ ഡോക്ടർ നടപടികളെടുക്കും. ഓക്സിജൻ അളവ് പരിഹരിക്കുന്നതിനായി ഓക്സിജൻ തെറാപ്പി നൽകുകയും ചെയ്യും.

കൂടാതെ ഓപ്പറേഷൻ സമയത്തും തീവ്രപരിചരണത്തിലും പൾസ് ഓക്സിമീറ്റർ ഉപയോഗപ്പെടുത്തുന്നു. ഓക്സിജൻ അളവ് കൂടാതെ ഹൃദയമിടിപ്പിന്റെ തോതും താളവും ഇത് രേഖപ്പെടുത്തുന്നുണ്ട്.

പൾസ് ഓക്സിമീറ്റർ കോവിഡ് -19 നെതിരെയുള്ള പോരാട്ടത്തിലെ ഒരു നിർണായക ഉപകരണമാവുന്നതെങ്ങനെ⁉

കൊറോണ വൈറസ് ബാധിച്ച ഒരാൾക്ക് ന്യുമോണിയയുടെ പ്രാരംഭ ഘട്ടത്തിൽ ഓക്സിജൻ്റെ കുറവ് ഉണ്ടാകാം. എന്നാൽ നേരിയ കുറവുകളെ കറക്റ്റ് ചെയ്യാൻ ശരീരം ശ്രമിക്കുന്നത് കൊണ്ട് അത്തരുണത്തിൽ രോഗിക്ക് വലിയ ശ്വാസതടസ്സം പോലുള്ള ലക്ഷണങ്ങൾ പ്രകടമായിരിക്കില്ല.

അത്തരം സാഹചര്യങ്ങളിൽ, ശ്വാസംമുട്ടൽ തുടങ്ങുന്നതിനു മുൻപ് തന്നെ രക്തത്തിലെ ഓക്സിജൻ അളവ് കുറയുന്നത് പൾസ് ഓക്സിമീറ്റർ ഉപയോഗിച്ച് മനസ്സിലാക്കാം.

94 % ന് താഴെയാണെങ്കിൽ അണുബാധയുള്ളവരുടെ ശ്വാസകോശത്തെ ബാധിച്ചു തുടങ്ങി എന്ന് നിഗമിക്കാൻ കഴിയും. അപ്പോൾ ഓക്സിജൻ തെറാപ്പി തുടങ്ങണം.

89% ത്തിന് താഴെയാണെങ്കിൽ ശ്വാസകോശത്തരാറ് അനുമാനിക്കാം.

ഇതിലൂടെ ശ്വാസകോശത്തെ അപകടകരമായി ബാധിക്കുന്നതിനു മുൻപ് തന്നെ വേണ്ട ചികിത്സാ നടപടികളെടുക്കാൻ സഹായിക്കുകയും, സങ്കീർണതകൾ തടയാനും ഉപകാരപ്രദമാവുന്നു.

സുരക്ഷിതവും സൗകര്യപ്രദവും വിലകുറഞ്ഞതുമായ പൾസ് ഓക്സിമെട്രി രീതി ക്ലിനിക്കൽ ഉപയോഗത്തിൽ വിലപ്പെട്ടതാണ്, രോഗനിർണ്ണയത്തിൽ മാത്രമല്ല ചികിത്സ ഫലപ്രദമായോ എന്നും രോഗി മെച്ചപ്പെടുന്നുണ്ടോ എന്നും മനസ്സിലാക്കാൻ സഹായിക്കുന്നു.

പൾസ് ഓക്സിമീറ്റർ കണ്ടു പിടിച്ച തകുവോ അവോയാഗിയെക്കുറിച്ച് കുറിച്ച് കൂടി പറഞ്ഞു കൊണ്ട് അവസാനിപ്പിക്കാം.

1970 കളിലാണ് ജാപ്പനീസ് എഞ്ചിനീയറായ തകുവോ അവോയാഗി ഈ ഉപകരണം കണ്ടുപിടിക്കുന്നത്.

ചെവിയിൽ മുറുകെപ്പിടിപ്പിക്കുന്ന തരം ആദ്യകാല ഉപകരണങ്ങൾ കൃത്യതയില്ലാത്തതും വിശ്വസനീയമല്ലാത്തതും അസൗകര്യമുള്ളതുമായിരുന്നു.

ഒരു ഗണിതശാസ്ത്ര സൂത്രവാക്യം ആവിഷ്കരിച്ചുകൊണ്ട്, മുമ്പത്തേതിനേക്കാൾ കൂടുതൽ കൃത്യതയോടെ ഓക്സിജന്റെ അളവ് അളക്കുന്ന ഒരു ഉപകരണം അദ്ദേഹം സൃഷ്ടിച്ചു.

ഇന്നത്തെ പൾസ് ഓക്സിമീറ്ററുകളെല്ലാം ഡോ. ​​അവോയാഗിയുടെ പൾസ് ഓക്സിമെട്രിയുടെ തത്വങ്ങളെ അടിസ്ഥാനമാക്കിയുള്ളവയാണ്.

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് എഞ്ചിനീയർമാരിൽ നിന്ന് ആരോഗ്യ പരിപാലന സാങ്കേതികവിദ്യയിലെ പുതുമകൾക്കായി ഐ‌ഇ‌ഇഇ മെഡൽ നേടിയ ആദ്യത്തെ ജാപ്പനീസ് വ്യക്തിയാണ് ശ്രീ അവോയാഗി.

അദ്ദേഹത്തിൻറെ ഈ കണ്ടുപിടിത്തം മൂലം ആധുനിക വൈദ്യശാസ്ത്രത്തിൽ ഉണ്ടാക്കിയ ചില മാറ്റങ്ങൾ,

♦️ന്യുമോണിയ മൂലമുള്ള മരണനിരക്കിൽ കാര്യമായ കുറവ്.

♦️അനസ്തേഷ്യയുമായി ബന്ധപ്പെട്ട മരണനിരക്കിൽ വലിയ കുറവ്.

 ♦️മാസം തികയാതെ ജനിച്ചു വീഴുന്ന കുഞ്ഞുങ്ങളിൽ ഓക്സിജൻ തെറാപ്പിയുടെ പാർശ്വഫലമായി ഉണ്ടായേക്കാവുന്ന റെറ്റിന തകരാറുകൾ വൻതോതിൽ കുറച്ചു.

♦️ഇതൊക്കെ ഈ കുഞ്ഞൻ ഉപകരണം ഉണ്ടാക്കിയ വലിയ ചികിത്സാ വിപ്ലവങ്ങൾ ആണ്, അത് തുടർന്ന് കൊണ്ടേ ഇരിക്കുന്നു.