എന്താണ് ഭൂമികുലുക്കം?
എന്താണ് ഭൂമികുലുക്കം ? അതിന്റെ കാരണങ്ങളും
⚛️⚛️⚛️⚛️⚛️⚛️⚛️⚛️⚛️
⭕ഭൂമിയുടെ ഉപരിതലം അവിചാരിതമായി ചലിക്കുന്നതിന് ഭൂകമ്പം അഥവാ ഭൂമികുലുക്കം എന്നു പറയുന്നു. ഭൂകമ്പങ്ങൾ ദുരന്തകാരണമാകാറുണ്ട്. ഭൂകമ്പത്തെ കുറിച്ചുള്ള പഠനത്തിന് ഭൂകമ്പ വിജ്ഞാന ശാസ്ത്രം (seismology) എന്നു പറയുന്നു. 1903-ൽ ലോക ഭൂകമ്പ വിജ്ഞാന സമിതി രൂപീകൃതമായി. ഭൂകമ്പത്തെ കുറിച്ചുള്ള ആധികാരിക പഠനങ്ങൾക്ക് ഈ സമിതിയാണ് മേൽനോട്ടം വഹിക്കുന്നത്. 1906 ഏപ്രിൽ 18-നു അമേരിക്കയിലെ സാൻഫ്രാസിസ്കോയിലുണ്ടായ ഭൂകമ്പവും, അതിനെ തുടർന്നുണ്ടായ സാൻ ആന്ദ്രിയാസ് ഭ്രംശവുമാണ് ഭൂകമ്പത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ നൽകിയത്. ഭൂകമ്പം സൃഷ്ടിക്കപ്പെടുന്ന ബിന്ദുവിന് അധികേന്ദ്രം എന്നു പറയുന്നു. ഇന്ന് ഭൂകമ്പത്തിന്റെ ശക്തി അളക്കാനായി പൊതുവേ റിച്ചർ മാനകം ഉപയോഗിക്കുന്നു. റിച്ചർ മാനകത്തിൽ മൂന്നിനു താഴെയുള്ള ഭൂകമ്പങ്ങൾ ദുരന്തങ്ങൾ സൃഷ്ടിക്കാറില്ല.
⭕ഏതെങ്കിലും സ്ഥലത്ത് വലിയ നാശം വിതയ്ക്കുന്ന ഭൂമികുലുക്കത്തിന് പ്രധാനാഘാതം (Major Shock) എന്നു പറയുന്നു. പ്രധാനാഘാതത്തിനു മുമ്പായി അധികേന്ദ്രത്തിലും ചുറ്റുമായി ഉണ്ടാകുന്ന ചെറിയ കുലുക്കങ്ങളെ മുന്നാഘാതങ്ങൾ (Fore shock) എന്നു പറയുന്നു. പ്രധാനാഘാതത്തിനു ശേഷമുണ്ടാകാറുള്ള ചെറു ഭൂകമ്പ പരമ്പരയെ പിന്നാഘാതങ്ങൾ (After Shock) എന്നും പറയുന്നു. പിന്നാഘാതങ്ങൾ ചിലപ്പോൾ മാസങ്ങളോളം നീണ്ടു നിൽക്കാറുണ്ട്.
???? കാരണങ്ങൾ :
ഭൂമിയുടെ ഉള്ളിൽ നടക്കുന്ന രണ്ടുതരം കാര്യങ്ങൾ ഭൂകമ്പങ്ങൾക്ക് കാരണമാകാറുണ്ട്.
1. വിവർത്തന പ്രവർത്തനങ്ങൾ (Tectonic Activities)
2.അഗ്നിപർവ്വത പ്രവർത്തനങ്ങൾ (Volcanic Activities)എന്നിവയാണവ.
ഇവരണ്ടുമല്ലാതെ അണക്കെട്ടുകൾ ഉണ്ടാക്കുന്നതു പോലുള്ള കടുത്ത സമ്മർദ്ദം ഭൂവൽക്കത്തിലെ ചെറുഭ്രംശരേഖകൾക്ക് താങ്ങാനാവാതെ വരുമ്പോഴും ഭൂമികുലുക്കമുണ്ടാവാറുണ്ട്. ഇത്തരം ചലനങ്ങളെ പ്രേരിത ചലനങ്ങൾ എന്നു വിളിക്കുന്നു. മറ്റു മാനുഷിക പ്രവർത്തനങ്ങളുടെ ഫലമായുണ്ടാകുന്ന (ഉദാ: അണുബോംബ് സ്ഫോടനം, ഖനി പ്രവർത്തനങ്ങൾ) ഭൂവല്ക ചലനങ്ങൾക്ക് ഭൂകമ്പം എന്നു സാധാരണ പറയാറില്ല.
⭕വിവർത്തന പ്രവർത്തനങ്ങൾ
ഭൂമിയുടെ ഉത്ഭവകാലത്ത് കത്തിജ്ജ്വച്ചുകൊണ്ടിരുന്ന ഭൂമി സാവധാനം തണുത്തുറയുകയുണ്ടായി. ഭൂവല്ക്കം ആദ്യം തണുക്കുകയും അന്തർഭാഗങ്ങളിലേക്ക് സാവധാനം തണുക്കുകയും ചെയ്തു. ഈ പ്രവർത്തനത്തിന്റെ ഫലമായി ഭൂവല്ക്കത്തിന്റെ പലഭാഗങ്ങളിലും ആഴമേറിയ പൊട്ടലുകൾ ഉണ്ടായി. ഇത്തരം പൊട്ടലുകളെ ഭ്രംശ രേഖകൾ എന്നു വിളിക്കുന്നു. ഭൂവല്ക്കത്തിന്റേയും താഴെ ഇന്നും ഉറയാത്ത ശിലാദ്രവങ്ങളുണ്ട്(Magma). അതുകൊണ്ട് ഭ്രംശരേഖകൾക്കിരുപുറവുമുള്ള ഖണ്ഡങ്ങൾ അഥവാ ഫലകങ്ങൾ തിരശ്ചീനമായും ലംബമായും ശിലാദ്രവങ്ങൾക്കു മുകളിലൂടെ തെന്നിനീങ്ങുന്നു. ഇത്തരം തെന്നിനീങ്ങലുകളിൽ ഖണ്ഡങ്ങൾ തമ്മിൽ കൂട്ടിയിടിക്കാറുണ്ട്. തത്ഫലമായുണ്ടാകുന്ന ഭൂഖണ്ഡങ്ങളുടെ ഞെരിഞ്ഞമരിലിനാൽ ഉണ്ടാകുന്ന ഇലാസ്തിക ബലം ഊർജ്ജമായി പുറത്തു വരുന്നതുകൊണ്ട് വിവർത്തന ഭൂമികുലുക്കമുണ്ടാവാറുണ്ട്. ഭ്രംശരേഖകൾക്ക് സമീപമുള്ള പ്രദേശങ്ങളിലായിരിക്കും ഇത്തരം ഭൂകമ്പങ്ങൾ ഉണ്ടാവുക.
⭕ഇങ്ങനെയുണ്ടാകുന്ന ഭൂകമ്പങ്ങൾക്ക് ആവർത്തനക്രമമുണ്ട്. ഭ്രംശരേഖകളിൽ ഊർജ്ജം ശേഖരിക്കപ്പെടുന്നതനുസരിച്ചാണിവിടെ ഭൂകമ്പങ്ങളുണ്ടാകുന്നത്. ഭൂഫലകങ്ങളുടെ ചലനം ആർജ്ജവത്തോടെ നടക്കുന്ന പ്രദേശങ്ങളിൽ പെട്ടെന്നു തന്നെ ഫലകങ്ങളുടെ വക്കുകൾ വലിയുകയും പൊട്ടിപ്പോവുകയും ഭൂകമ്പമുണ്ടാവുകയും ചെയ്യുന്നു.
⭕ ഭൂകമ്പ തരംഗങ്ങള്‍ (seismic waves)
ഭൂകമ്പത്തിന്റെ ഊര്‍ജം തരംഗരൂപത്തിലാണ് സഞ്ചരിക്കുന്നത്. ഇത്തരം തരംഗങ്ങള്‍ പുറപ്പെടുന്ന ബിന്ദുവിനെ ഭൂകമ്പ നാഭി എന്നും, ആ ബിന്ദുവിന് ഏറ്റവുമടുത്ത് ഭൗമോപരിതലത്തിലുള്ള ബിന്ദുവിനെ അധികേന്ദ്രം എന്നുമാണ് വിളിക്കുന്നത്. ഭൂകമ്പതരംഗങ്ങള്‍ ഭൂകമ്പനാളിയില്‍ നിന്നും നാനാഭാഗത്തേക്കും പ്രവഹിക്കും. മൂന്നൂതരം തരംഗങ്ങളാണ് ഭൂകമ്പനാളിയില്‍ നിന്നും പുറപ്പെടുന്നത്. പ്രാഥമിക തരംഗങ്ങള്‍ അനുദൈര്‍ഘ്യ തരംഗങ്ങളാണ്. തരംഗദിശയ്‌ക്ക് സമാന്തരമായി മുന്നോട്ടും പിന്നോട്ടും ചലിക്കുന്ന അനുദൈര്‍ഘ്യ തരംഗങ്ങള്‍ക്ക് ഖര-ദ്രവ ഭാഗങ്ങളില്‍ സഞ്ചരിക്കാന്‍ കഴിയും. സെക്കന്റില്‍ എട്ടുകിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്ന ഇത്തരം തരംഗങ്ങള്‍ ഭൗമോപരിതലത്തിലെത്തുമ്പോള്‍ അവയുടെ ഊര്‍ജത്തിന്റെ ചെറിയൊരു ഭാഗം അന്തരീക്ഷത്തിലേക്ക് നിക്ഷേപിക്കാറുണ്ട്. തത്‌ഫലമായുണ്ടാകുന്ന ശബ്‌ദം ആവൃത്തി കുറവുകാരണം (5 ഹെട്‌സ്) മനുഷ്യര്‍ക്ക് കേള്‍ക്കാന്‍ കഴിയില്ലെങ്കിലും മറ്റു പല ജന്തുക്കളും ശ്രവിക്കുകയും രക്ഷാനടപടികള്‍ എടുക്കുകയും ചെയ്യാറുണ്ട്. മനുഷ്യന്റെ ശ്രാവ്യപരിധി 20 ഹെട്‌സിനും 20,000 ഹെട്‌സിനും ഇടയില്‍ ആവൃത്തിയുള്ള ശബ്‌ദതരംഗങ്ങളാണ്. ഉദ്‌ഭവ സ്ഥാനത്തുനിന്നും തുടങ്ങുന്ന ഊര്‍ജപ്രവാഹം തിരമാലകള്‍ പോലെയാണ് സഞ്ചരിക്കുന്നത്. ഭൗമോപരിതലത്തിലെത്തുമ്പോള്‍ അത് രൗദ്രഭാവം പ്രാപിക്കും. ദ്വിതീയ തരംഗങ്ങള്‍ അനുപ്രസ്ഥ തരംഗങ്ങളാണ്. അതുകൊണ്ടുതന്നെ അവയ്‌ക്ക് ദ്രവങ്ങളിലൂടെ സഞ്ചരിക്കാന്‍ കഴിയില്ല. സെക്കന്റില്‍ 5 കിലോമീറ്റര്‍ വേഗതയിലാണവ സഞ്ചരിക്കുന്നത്. ഉപരിതലതരംഗങ്ങളാണ് ഭൗമോപരിതലത്തെ ചലിപ്പിക്കുന്നത്. ഇവ സെക്കന്റില്‍ 3.2 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്നവയാണ്.
Courtesy : Wikipedia, Luca & JR Studio