ഭൂമിയിലെ ന്യൂക്ലിയർ ഫ്യൂഷൻ സാധ്യതകൾ ?

Simple Science Technology

സൂര്യനിലേതുപോലെ ന്യൂക്ലിയർ ഫ്യൂഷൻ വഴി അപകടരഹിത ഊർജോല്പാദനം സാധ്യമാണോ?

⚛️⚛️⚛️⚛️⚛️⚛️⚛️⚛️⚛️

⭕ന്യൂക്ലിയർ ഫ്യൂഷൻ റിസർച്ചിൽ ഒരു ബ്രേക്ക്ത്രൂ എന്നു പറയാവുന്ന പരീക്ഷണത്തിന്റെ വിശദാംശങ്ങൾ 2022 ഡിസംബർ 13 ന് വിവിധ അമേരിക്കൻ ഗവൺമെന്റ് കാലിഫോർണിയയിലുള്ള ലോറൻസ് ലിവർമോർ ലബോറട്ടറിയിലെ (LLNL) നാഷണൽ ഇഗ്നിഷൻ ഫെസിലിറ്റി (NIF) ന്യൂക്ലിയർ ഫ്യൂഷൻ റിസർച്ചിൽ ഒരു ബ്രേക്ക്ത്രൂ എന്നു പറയാവുന്ന ഒരു പരീക്ഷണത്തിന് സാക്ഷ്യം വഹിച്ചു. ആ പരീക്ഷണത്തിന്റെ വിശദാംശങ്ങൾ വിവിധ അമേരിക്കൻ ഗവണ്മെന്റ് ഡിപ്പാർട്ടുമെന്റുകൾ ചേർന്ന് ഒരു വാർത്താസമ്മേളനത്തിലൂടെ പുറത്തുവിടുകയായിരുന്നു.

????എന്താണ് ന്യൂക്ലിയർ ഫ്യൂഷൻ ?എങ്ങനെ ആണ് അത് പ്രാവർത്തികമാക്കുന്നത് .

⭕വലിയ അളവിലുള്ള ശുദ്ധോർജ ഉൽപാദനമാണ് ന്യൂക്ലിയർ ഫ്യൂഷൻ അഥവാ ആണവസംയോജനം വഴി കൈവരിക്കാൻ പറ്റുന്നത്. സൂര്യനിൽ നിന്നുള്ള ഊർജ ഉൽപാദനത്തിനു കാരണമാകുന്നതും ഫ്യൂഷൻ തന്നെയാണ്. ലോകത്ത് ഇന്ത്യയുൾപ്പെടെ പല രാജ്യങ്ങളിലും ആണവനിലയങ്ങളുണ്ടെങ്കിലും ഇവയെല്ലാം ആണവവിഘടനം (ന്യൂക്ലിയർ ഫിഷൻ) അടിസ്ഥാനമാക്കി പ്രവർത്തിക്കുന്നവയാണ്. ഫിഷനിൽ നിന്ന് ഏറെ വ്യത്യസ്തമാണ് ഫ്യൂഷൻ. ഫിഷനിൽ യുറേനിയം പോലുള്ള ഭാരമേറിയ ആറ്റം, വലുപ്പം കുറഞ്ഞ രണ്ടോ അതിൽ കൂടുതലോ ആറ്റങ്ങളായി വിഘടിച്ച് ഊർജം പുറത്തുവിടും. എന്നാൽ ഫ്യൂഷനിൽ നേരെ തിരിച്ചുള്ള പ്രവർത്തനമാണ്. വലുപ്പം കുറഞ്ഞ രണ്ട് ആറ്റങ്ങൾ സംയോജിച്ച് ഒരു വലിയ ആറ്റം രൂപീകരിക്കപ്പെടുകയും വലിയ തോതിൽ ഊർജപ്രവാഹം നടക്കുകയും ചെയ്യും

⭕ന്യൂക്ലിയർ ഫ്യൂഷനുള്ള വ്യവസ്ഥകൾ ഹൈഡ്രജൻ ആറ്റങ്ങൾ സംയോജിപ്പിക്കുമ്പോൾ, അണുകേന്ദ്രങ്ങൾ ഒരുമിച്ച് വരണം. എന്നിരുന്നാലും, ഓരോ ന്യൂക്ലിയസിലുമുള്ള പ്രോട്ടോണുകൾ പരസ്പരം പുറന്തള്ളാൻ പ്രവണത കാണിക്കും, കാരണം അവയ്ക്ക് ഒരേ ചാർജാണ് (പോസിറ്റീവ്). നിങ്ങൾ എപ്പോഴെങ്കിലും രണ്ട് കാന്തങ്ങൾ ഒരുമിച്ച് സ്ഥാപിക്കാൻ ശ്രമിക്കുകയും അവ പരസ്പരം അകന്നുപോകുകയും ചെയ്തിട്ടുണ്ടെങ്കിൽ, നിങ്ങൾ ഈ തത്ത്വം നേരിട്ട് അനുഭവിച്ചറിഞ്ഞിട്ടുണ്ട്.

⭕സംയോജനം നേടുന്നതിന്, ഈ പ്രവണതയെ മറികടക്കാൻ നിങ്ങൾ പ്രത്യേക വ്യവസ്ഥകൾ സൃഷ്ടിക്കേണ്ടതുണ്ട്. സംയോജനം സാധ്യമാക്കുന്ന വ്യവസ്ഥകൾ ഇതാ: ഉയർന്ന താപനില ഹൈഡ്രജൻ ആറ്റങ്ങൾക്ക് പ്രോട്ടോണുകൾക്കിടയിലുള്ള വൈദ്യുത വികർഷണത്തെ മറികടക്കാൻ ആവശ്യമായ ഊർജ്ജം നൽകുന്നു.

⭕സംയോജനത്തിന് ഏകദേശം 100 ദശലക്ഷം കെൽവിൻ താപനില ആവശ്യമാണ് (സൂര്യന്റെ കാമ്പിനെക്കാൾ ഏകദേശം ആറിരട്ടി ചൂട്).ഈ താപനിലയിൽ, ഹൈഡ്രജൻ ഒരു വാതകമല്ല പ്ലാസ്മയിലായിരിക്കും . എല്ലാ ഇലക്ട്രോണുകളും ആറ്റങ്ങളിൽ നിന്ന് നീക്കം ചെയ്യപ്പെടുകയും സ്വതന്ത്രമായി സഞ്ചരിക്കുകയും ചെയ്യുന്ന ദ്രവ്യത്തിന്റെ ഉയർന്ന ഊർജ്ജാവസ്ഥയാണ് പ്ലാസ്മ .സൂര്യൻ ഈ താപനില കൈവരിക്കുന്നത് അതിന്റെ വലിയ പിണ്ഡവും ഗുരുത്വാകർഷണബലവും ഈ പിണ്ഡത്തെ കാമ്പിൽ ഞെരുക്കുന്നതുമാണ്. ഈ താപനില കൈവരിക്കാൻ നമ്മൾ മൈക്രോവേവ്, ലേസർ , അയോൺ കണികകൾ എന്നിവയിൽ നിന്നുള്ള ഊർജ്ജം ഉപയോഗിക്കണം .ഉയർന്ന മർദ്ദം ഹൈഡ്രജൻ ആറ്റങ്ങളെ ഒന്നിച്ച് ഞെരുക്കുന്നു. അവ പരസ്പരം 1x10 -15 മീറ്ററിനുള്ളിൽ ഉണ്ടായിരിക്കണം.സൂര്യൻ അതിന്റെ പിണ്ഡവും ഗുരുത്വാകർഷണബലവും ഉപയോഗിച്ച് ഹൈഡ്രജൻ ആറ്റങ്ങളെ അതിന്റെ കാമ്പിൽ ഞെക്കിപ്പിടിക്കുന്നു.

⭕നിലവിലെ സാങ്കേതികവിദ്യ ഉപയോഗിച്ച്, ഡ്യൂറ്റീരിയം-ട്രിറ്റിയം സംയോജനം സാധ്യമാക്കാൻ ആവശ്യമായ താപനിലയും സമ്മർദ്ദവും മാത്രമേ നമുക്ക് നേടാനാകൂ. ഡ്യൂറ്റീരിയം-ഡ്യൂറ്റീരിയം സംയോജനത്തിന് ഭാവിയിൽ സാധ്യമായേക്കാവുന്ന ഉയർന്ന താപനില ആവശ്യമാണ്. ആത്യന്തികമായി, ഡ്യൂറ്റീരിയം-ഡ്യൂട്ടീരിയം സംയോജനം മികച്ചതായിരിക്കും, കാരണം ലിഥിയത്തിൽ നിന്ന് ട്രിറ്റിയം ഉണ്ടാക്കുന്നതിനേക്കാൾ കടൽജലത്തിൽ നിന്ന് ഡ്യൂട്ടീരിയം വേർതിരിച്ചെടുക്കുന്നത് എളുപ്പമാണ്. കൂടാതെ, ഡ്യൂറ്റീരിയം റേഡിയോ ആക്ടീവ് അല്ല, ഡ്യൂറ്റീരിയം-ഡ്യൂറ്റീരിയം പ്രതിപ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജം നൽകും.

⭕സൂര്യനിൽ ഹൈഡ്രജൻ ആറ്റങ്ങളുടെ സംയോജനം വഴിയാണ് ഊർജ ഉൽപാദനം.എന്നാൽ, വളരെ ഉയർന്ന താപനില, പ്ലാസ്മ സമ്മർദം എന്നിവ ആവശ്യമായതിനാലും ഇതു പ്രായോഗികതലത്തിൽ ഭൂമിയിൽ സൃഷ്ടിക്കുക ബുദ്ധിമുട്ടായതിനാലും ഫ്യൂഷൻ നിലയങ്ങളിൽ ഹൈഡ്രജന്റെ ആറ്റമിക വകഭേദങ്ങളായ ഡ്യൂട്ടീരിയവും ട്രീറ്റിയവും തമ്മിലുള്ള സംയോജനമാണ് നടത്തുന്നത്. ന്യൂക്ലിയർ ഫ്യൂഷൻ തുടങ്ങുന്നതിനും പ്ലാസ്മ അടങ്ങിയിരിക്കുന്ന കാന്തികമണ്ഡലം നിലനിർത്തുന്നതിനും ഉയർന്ന തോതിൽ ഊർജം ആവശ്യമാണ്. സാധാരണ രണ്ട് വ്യത്യസ്ത രീതിയിൽ ആണ് മനുഷ്യർ ഫ്യൂഷൻ നടപ്പിലാക്കുന്നത് .

⭕അതിൽ ആദ്യത്തേത്  ടോക്കമാക്ക് എന്ന വലിയ ചേമ്പറിൽ  അടക്കി നിർത്തുകയാണു ചെയ്യുന്നത്.ഈ അതിതാപനിലയിൽ ഫ്യൂഷൻ റിയാക്ടർ ഡ്യൂറ്റീരിയം, ട്രിറ്റിയം ഇന്ധനങ്ങളുടെ ഒരു സ്ട്രീം ചൂടാക്കി ഉയർന്ന താപനിലയുള്ള പ്ലാസ്മ ഉണ്ടാക്കും. കാന്തികമണ്ഡലത്തിൻ്റെ സാന്നിധ്യം പ്ലാസ്മയെ ഞെരുക്കുകയും അങ്ങനെ സംയോജനം നടക്കുകയും ചെയ്യും. ഫ്യൂഷൻ റിയാക്ഷൻ ആരംഭിക്കാൻ ആവശ്യമായ വൈദ്യുതി ഏകദേശം 70 മെഗാവാട്ട് ആയിരിക്കും , ഇതിന്റെ ഫലമായി ഉണ്ടാകുന്ന വൈദ്യുതിയുടെ അളവ് ഏകദേശം 500 മെഗാവാട്ട് ആയിരിക്കും . ഫ്യൂഷൻ ഏകദേശം 300 മുതൽ 500 സെക്കൻഡ് വരെ നീണ്ടുനിൽക്കും . പ്ലാസ്മ റിയാക്ഷൻ ചേമ്പറിന് പുറത്തുള്ള ലിഥിയം ബ്ലാങ്കറ്റുകൾ ഫ്യൂഷൻ റിയാക്ഷനിൽ നിന്ന് ഉയർന്ന ഊർജ ന്യൂട്രോണുകളെ ആഗിരണം ചെയ്ത് കൂടുതൽ ട്രിറ്റിയം ഇന്ധനം ഉണ്ടാകും. ബ്ലാങ്കറ്റുകൾ ന്യൂട്രോണുകളാൽ ചൂടാക്കപ്പെടുകയും ചെയ്യും.നീരാവി ഉണ്ടാക്കുന്നതിനായി ചൂട് ഒരു ഹീറ്റ് എക്സ്ചേഞ്ചറിലേക്ക് വാട്ടർ-കൂളിംഗ് ലൂപ്പ് വഴി ചൂട് കൈമാറും. നീരാവി വൈദ്യുത ടർബൈനുകളെ കറക്കി വൈദ്യുതി ഉൽപ്പാദിപ്പിക്കും .

⭕ഇതിനെ മാഗ്നറ്റിക് കൺഫൈൻമെന്റ് എന്ന് ഇതറിയപ്പെടുന്നു. പ്ലാസ്മയെ കാന്തികമണ്ഡലത്തിൽ അടക്കി നിർത്തുന്നതിനു പകരം ഇനേർഷ്യൽ കൺഫൈൻമെന്റ് എന്ന മറ്റൊരു രീതിയാണ് ഉപയോഗിക്കുന്നത് .അതീവശക്തിയുള്ള 192 ലേസർ ബീമുകൾ കൊണ്ട് ഹൈഡ്രജൻ ഐസോട്ടോപ്പുകൾ അടങ്ങിയ, ഒരു കുരുമുളകിന്റെയത്രയും വലിപ്പമുള്ള ഗോളാകൃതിയിലുള്ള ഷെല്ലിനെ സൂര്യന്റെ മധ്യഭാഗത്തുള്ളതിനേക്കാൾ സാന്ദ്രതയിലേക്കും താപനിലയിലേക്കും അതീവ മർദ്ദത്തിൽ implosion വഴി കംപ്രസ് ചെയ്ത് ഫ്യൂഷനുണ്ടാക്കുന്ന ഇനേർഷ്യൽ കൺഫൈൻമെൻറ് എന്ന ഫ്യൂഷന്റെ ഒരു വകഭേദമാണ് NIF-ൽ ഉപയോഗിക്കുന്നത്. ലേസറുകൾ നേരിട്ട് ഷെല്ലിൽ ഫോക്കസ് ചെയ്യാതെ അതിനു പുറമെയുള്ള മറ്റൊരു ഷെല്ലിൽ ഫോക്കസ് ചെയ്ത് അതുകൊണ്ടുണ്ടാവുന്ന എക്സ്റേകൾ ഉപയോഗിച്ചാണ് ഇന്ധനമടങ്ങിയ ഷെല്ലിനെ implod ചെയ്യിക്കുന്നത് എന്നു മാത്രം.

⭕ഈ implosion-നു ശേഷമാണ് ഫ്യൂഷൻ ഉപയോഗിച്ച് വാണിജ്യാടിസ്ഥാനത്തിൽ ഊർജ്ജം ഉൽപ്പാദിപ്പിക്കുന്നതിന്റെ ഏറ്റവും വലിയ വെല്ലുവിളി വരുന്നത്. 1970-കൾ മുതൽ ഗവേഷണങ്ങൾ നടന്നിട്ടുണ്ടെങ്കിലും, സ്ഥിരമായി ഫ്യൂഷൻ റിയാക്ഷനുകൾ സൃഷ്ടിക്കാൻ നമുക്ക് കഴിഞ്ഞിട്ടുണ്ടെങ്കിലും ഫ്യൂഷന്റെ പ്രധാന പ്രശ്നം എനർജി ബഡ്ജറ്റിന്റേതായിരുന്നു.

⭕ഒരു ഫ്യൂഷൻ റിയാക്ടർ വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തിക്കണമെങ്കിൽ അതിൽ നിന്നുൽപ്പാദിപ്പിക്കുന്ന ഊർജ്ജം അത് പ്രവർത്തിപ്പിക്കാൻ ചെലവാക്കുന്ന ഊർജ്ജത്തേക്കാൾ കൂടുതലായിരിക്കണം. ഇവിടെയാണ് ഇതുവരെ നായകനായിരുന്ന പ്ലാസ്മ വില്ലനാവുന്നത്. സഹജമായിത്തന്നെ പ്ലാസ്മയിൽ ഉടലെടുക്കുന്ന, ഊർജ്ജത്തെ പ്രസരണം ചെയ്യുന്ന ഒരുപാട് ഇൻസ്റ്റബിലിറ്റികൾ ഉണ്ട്. ഇതുകൊണ്ട് ഫ്യൂഷനു വേണ്ട എനർജി പലവഴിയിൽ പാഴായിപ്പോവും. ഇവയും ഏകതാനമായല്ലാത്ത ഇമ്പ്ലോഷനും ഒക്കെ ഫ്യൂഷന്റെ എഫിഷ്യൻസി കുറയ്ക്കും.

⭕ന്യൂക്ലിയർ ഫ്യൂഷൻ ഗവേഷണത്തിലെ വഴിത്തിരിവ് ലേസർ ഫ്യൂഷനിലെ ഇത്തരം പ്രശ്നങ്ങൾ കാരണം ഇതുവരെ ഫ്യൂഷനുണ്ടാക്കാൻ ഉപയോഗിച്ചതിനേക്കാളും ഊർജ്ജം ഫ്യൂഷൻ റിയാക്ഷനിൽ നിന്ന് ലഭിച്ചിരുന്നില്ല. അതായത് “സ്വയം ജ്വലനം – ഇഗ്നിഷൻ” എന്ന ഒരു സ്റ്റേറ്റിൽ ലേസർ ഫ്യൂഷൻ ഇതുവരെ എത്തിയിരുന്നില്ല.

⭕ഇതാണ് കഴിഞ്ഞയാഴ്ചയിലെ പരീക്ഷണത്തിൽ ഒറ്റയടിക്ക് മാറി മറഞ്ഞിരിക്കുന്നത്. ഫ്യൂഷൻ നടക്കാൻ ഏകദേശം രണ്ടു മെഗാജൂൾ ലേസർ എനർജി ഉപയോഗിച്ചപ്പോൾ ഫ്യൂഷനിൽ നിന്ന് ഇക്കുറി തിരിച്ചു കിട്ടിയത് മൂന്നിലധികം മെഗാജൂൾ എനർജിയാണ്. അതായത് ശരിക്കും ഒരു എനർജി ഗെയ്ൻ – ഇഗ്നിഷൻ. മറ്റൊരു തരത്തിൽ പറഞ്ഞാൽ ലേസർ ഫ്യൂഷനിലെ ഏറ്റവും വലിയ ഒരു കടമ്പ ശാസ്ത്രജ്ഞർ തരണം ചെയ്തിരിക്കുന്നു. എല്ലാ അർത്ഥത്തിലും ഒരു ബ്രേക്ക് ത്രൂ. ഇനിയുള്ള പരിശ്രമങ്ങളെല്ലാം ഈ ഗെയ്ൻ കൂട്ടുന്നതിനായിരിക്കും.

⭕ഇനിയും കടമ്പകളേറെ എങ്കിലും നിങ്ങളുടെ എനർജി കമ്പനിയെ വിളിച്ച് അക്കൗണ്ട് കാൻസൽ ചെയ്യാൻ വരട്ടെ. ഒരു പത്തു കെറ്റിൽ വെള്ളം തിളപ്പിക്കാനാവശ്യമായ ഊർജ്ജമേ NIF-ലെ ഈ പരീക്ഷണം ഉണ്ടാക്കിയിട്ടുള്ളൂ. ഫ്യൂഷൻ വാണിജ്യാടിസ്ഥാനത്തിൽ ഉൽപ്പാദിപ്പിക്കുന്നതിന് ഇനിയും ഒട്ടേറെ കടമ്പകൾ താണ്ടേണ്ടതുണ്ട്. ഇതിൽ പ്രധാനം ഫ്യൂഷൻ ഡ്രൈവ് ചെയ്യുന്ന ലേസറുകൾ തന്നെയാണ്. ദിവസവും ഒന്നോ രണ്ടോ തവണ ഫ്യൂഷനാവശ്യമായ എനർജി പൾസുകൾ ഉൽപ്പാദിപ്പിക്കാനേ NIF-ൽ ഇപ്പോഴുള്ള ലേസറുകൾക്ക് കഴിവുള്ളൂ. ഒരു സെക്കൻഡിൽ പത്തു ലേസർ പൾസുകളെങ്കിലും (10 Hz) ഉണ്ടാക്കാൻ കഴിയുന്ന ഒരു ലേസർ സിസ്റ്റം വാണിജ്യാടിസ്ഥാനത്തിൽ ഫ്യൂഷൻ റിയാക്ടറുകൾ ഉണ്ടാക്കാൻ ആവശ്യമാണ്. അത്രയും ത്വരിതഗതിയിൽത്തന്നെ ഫ്യൂഷൻ ഇന്ധനമടങ്ങിയ ഷെല്ലുകളും ഉൽപ്പാദിപ്പിക്കണം. റിയാക്ടറിന്റെ ഏറ്റവും ഉള്ളിലുള്ള, ന്യൂട്രോണുകളുടെ വേഗം കുറയ്ക്കുന്ന, അതോടൊപ്പം ട്രിഷിയം ഉൽപ്പാദിപ്പിക്കുന്ന ലിഥിയം ലെയറും ഇത്രയും ഉയർന്ന അളവിലുള്ള ചൂടിനെ ദീർഘനേരം നേരിടാൻ കഴിയുന്ന മറ്റു മെറ്റീരിയലുകളും വികസിപ്പിച്ചെടുക്കണം. വളരെ വലിയ എഞ്ചിനീയറിങ്, ടെക്‌നോളജി, എക്കോണമിക് വെല്ലുവിളികൾ. പക്ഷേ കുറേക്കൊല്ലങ്ങൾക്കപ്പുറത്തതാണെങ്കിലും എത്തിപ്പിടിക്കാവുന്നവ.

????എന്തൊക്കെയാണ് ഇതിന്റെ മേന്മ ?

1) ഫ്യൂഷൻ റിയാക്ടറുകൾക്ക് പരിധിയില്ലാത്ത ഇന്ധനം പ്രകൃതിയിലുണ്ട്. പ്രപഞ്ചത്തിൽ വ്യാപകമാണ് ഹൈഡ്രജൻ; അതിന്റെ വകഭേദമായ ഡ്യൂട്ടീരിയം സമുദ്രജലത്തിൽ നിന്നു വേർതിരിച്ചെടുക്കാം. ഹെവിവാട്ടർ റിയാക്ടറുകൾ, ലിഥിയം ഉപയോഗിച്ച് ഫ്യൂഷൻ റിയാക്ടറുകളിൽ നടത്തുന്ന ബ്രീഡിങ് എന്നിവ വഴി ട്രീറ്റിയവും ലഭിക്കും.

2) ദീർഘകാലം ആണവ വികിരണശേഷിയുള്ള ഉപോൽപന്നങ്ങളും മാലിന്യങ്ങളും ഫിഷൻ റിയാക്ടറുകളിൽ ഉടലെടുക്കാം. എന്നാൽ ഫ്യൂഷൻ റിയാക്ടറിൽ ഈ പ്രശ്നമില്ല.

3) ആണവ അപകടങ്ങൾ ഫ്യൂഷൻ റിയാക്ടറുകളിൽ സംഭവിക്കില്ല. ഫിഷൻ റിയാക്ടറുകളിൽ പ്രവർത്തനം നിർത്തിയ ശേഷവും, ആണവപ്രവർത്തനങ്ങൾ കുറഞ്ഞതോതിൽ നടക്കുകയും ഊർജം ഉൽപാദിപ്പിക്കുകയും ചെയ്യും.

⭕ലോകത്തു പലയിടങ്ങളിലും ഫ്യൂഷൻ ഗവേഷണങ്ങൾ നടക്കുന്നുണ്ട്. ഇതിനു വലിയ ഉദാഹരണമാണ് ഈറ്റർ (ITER). 35 രാജ്യങ്ങളുടെ പരിശ്രമത്തിലൂടെ നിർമിക്കുന്ന വലിയ ഫ്യൂഷൻ റിയാക്ടറാണ് ഈറ്റർ. പ്ലാസ്മയെ കാന്തികമായി തൂക്കിനിർത്തുന്നതരം പദ്ധതികളിൽ ഉൾപ്പെട്ടതാണിത്. 2035ൽ ആദായകരമായ ഊർജോൽപാദനം നടത്താൻ ഈറ്റർ ലക്ഷ്യമിടുന്നു.

⭕സ്വകാര്യ നിക്ഷേപകരും രംഗത്തുണ്ട്. യുഎസിലെ മാസച്യുസിറ്റ്സ് ആസ്ഥാനമായുള്ള കോമൺവെൽത്ത് ഫ്യൂഷൻ സിസ്റ്റംസ് (സിഎഫ്എസ്) മാസച്യുസിറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി(MIT)യുമായി ചേർന്ന് ആണവ ഫ്യൂഷൻ റിയാക്ടർ സ്പാർക്കിന്റെ (SPARC) നിർമാണത്തിലാണ്. 2025ൽ ആദായകരമായ ഫ്യൂഷൻ ഊർജം സൃഷ്ടിക്കാൻ ഇവർ ലക്ഷ്യമിടുന്നു. യുകെയിലെ കുൽഹാം ആസ്ഥാനമായുള്ള ടോകാമാക് എനർജി, കാനഡ ആസ്ഥാനമായുള്ള ജനറൽ ഫ്യൂഷൻ തുടങ്ങിയവരെല്ലാം ഈ മേഖലയിലെ പ്രബലരാണ്.

✍️ Asim