ELT

Simple Science Technology

ഭൂമിയിലെ ഏറ്റവും വലിയ ടെലസ്കോപ് എല്‍റ്റ് ഒരുങ്ങുന്നു - ഭൗ മേതര ജീവൻ തിരയാൻ

⚛️⚛️⚛️⚛️⚛️⚛️⚛️⚛️⚛️t

hesimplesciences.com

✍️ : Sabu Jose

⭕ലോകത്തിന്നുവരെ നിര്‍മിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും വലുതും ശക്തവും സംവേദനക്ഷമവുമായ ഓപ്ടിക്കല്‍ ടെലസ്‌കോപ്പ് (ദൃശ്യപ്രകാശം ആധാരമായി പ്രവര്‍ത്തിക്കുന്ന ദൂരദര്‍ശിനി) നിര്‍മാണം പുരോഗമിക്കുകയാണ്. യൂറോപ്യന്‍ സതേണ്‍ ഒബ്‌സര്‍വേറ്ററി (USO) യാണ് നിർമാതാക്കൾ. യൂറോപ്പിലെ 15 രാജ്യങ്ങളുടെ സഹകരണത്തോടെ നിര്‍മിക്കുന്ന എല്‍റ്റ് (Extremely Large Telescope - ELT) സ്ഥാപിക്കപ്പെടുന്നത് ചിലിയിലെ അറ്റക്കാമ മരുഭൂമിയിലുള്ള സെറോ അര്‍മാസോണ്‍ പര്‍വതത്തിന്റെ മുകളിലാണ്. സമുദ്ര നിരപ്പില്‍നിന്ന് 3060 മീറ്റര്‍ ഉയരത്തില്‍ സ്ഥാപിക്കപ്പെടുന്ന ഈ ദൂരദര്‍ശിനിയുടെ പ്രവര്‍ത്തനത്തിന് അറ്റക്കാമ മരുഭൂമിയിലെ വരണ്ട കാലാവസ്ഥ തീര്‍ത്തും അനുയോജ്യമാണ്. യൂറോപ്യന്‍ സതേണ്‍ ഒബ്‌സര്‍വേറ്ററിയുടെതന്നെ വെരിലാര്‍ജ് ടെലസ്‌കോപ്പിന് സമീപത്തുതന്നെയാണ് എല്‍റ്റും നിര്‍മിക്കുന്നത്. 

⭕വളരെ വലുതും സംവേദനക്ഷമത കൂടിയതുമായ ദൂരദര്‍ശിനികള്‍ പൊതുവെ ദൃശ്യപ്രകാശത്തെ ആധാരമാക്കി പ്രവര്‍ത്തിക്കുന്നവയല്ല. ഭൗമാന്തരീക്ഷത്തിലെ പ്രക്ഷുബ്ധതകള്‍ നിരീക്ഷണത്തെ തടസ്സപ്പെടുത്താമെന്നതുകൊണ്ട് ഇത്തരം ദൂരദര്‍ശിനികള്‍ സാധാരണയായി എക്‌സ്-റേ, ഇന്‍ഫ്രാറെഡ്, റേഡിയോ തരംഗദൈര്‍ഘ്യത്തിലാണ് പ്രവര്‍ത്തിക്കുന്നത്. സ്‌ക്വയര്‍ കിലോമീറ്റര്‍ അറേയും (SKA), അല്‍മയും (ALMA), ടി.എം.ടി (Thitry Meter Telescope)യുമെല്ലാം അത്തരത്തിലുള്ള ഭീമന്‍ ദൂരദര്‍ശിനികളാണ്. എന്നാല്‍ അഡാപ്റ്റീവ് ഒപ്റ്റിക്‌സ് എന്ന നൂതന സാങ്കേതികവിദ്യയില്‍ പ്രവര്‍ത്തിക്കുന്നതുകൊണ്ട് ഭൗമാന്തരീക്ഷത്തിന്റെ പ്രക്ഷുബ്ധതകള്‍ എല്‍റ്റിനെ ബാധിക്കില്ല. 39.3 മീറ്ററാണ് ഈ ദൂരദര്‍ശിനിയുടെ പ്രാഥമിക ദര്‍പ്പണത്തിന്റെ വ്യാസം. നിലവിലുള്ള മറ്റേതു ദൂരദര്‍ശിനിയിലുള്ളതിലും വലിയ ദര്‍പ്പണമായിരിക്കുമിത്. ദര്‍പ്പണത്തിന്റെ വ്യാസം കൂടുന്നതിനുസരിച്ച് ദൂരദര്‍ശിനി സ്വീകരിക്കുന്ന പ്രകാശത്തിന്റെ അളവും വര്‍ധിക്കും. മനുഷ്യനേത്രം സ്വീകരിക്കുന്ന പ്രകാശത്തിന്റെ 10 കോടി മടങ്ങ് പ്രകാശ കണങ്ങളെ സ്വീകരിക്കാന്‍ എല്‍റ്റിന്റെ കണ്ണുകള്‍ക്ക് കഴിയും. ഗലീലിയോയുടെ ആദ്യ ദൂരദര്‍ശിനിയെക്കാള്‍ 80 ലക്ഷം മടങ്ങ് ശക്തമാണ് എല്‍റ്റ്. നിലവിലുള്ള ഏറ്റവും വലിയ ഒപ്ടിക്കല്‍ ടെലസ്‌കോപ്പായ വി.എല്‍.ടി (Very Large Telescope)യെക്കാള്‍ 26 മടങ്ങ് ശക്തമായിരിക്കും ഈ ദൂരദര്‍ശിനി. 978 ച. മീറ്റര്‍ കളക്ടിംഗ് ഏരിയയുള്ള എല്‍റ്റ് നല്‍കുന്ന ചിത്രങ്ങള്‍ ഹബിള്‍ സ്‌പേസ് ടെലസ്‌കോപ്പില്‍നിന്നു ലഭിക്കുന്ന ചിത്രങ്ങളെക്കാള്‍ 15 മടങ്ങ് വ്യക്തതയും സൂക്ഷ്മതയുള്ളതുമായിരിക്കും. 135 കോടി ഡോളര്‍ നിര്‍മാണ ചെലവ് പ്രതീക്ഷിക്കുന്ന ഈ ഭീമന്‍ ദൂരദര്‍ശിനിയുടെ നിര്‍മാണം 2014 ൽ ആരംഭിച്ചു. 10 വര്‍ഷമെങ്കിലുമെടുക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കൊടുവില്‍ 2025 ല്‍ ദൂരദര്‍ശിനി പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാകും. 

⭕സൗരകുടുംബത്തിനു വെളിയില്‍ മറ്റു നക്ഷത്രങ്ങളുടെ വാസയോഗ്യമേഖലയിലുള്ള ഭൗമസമാന ഗ്രഹങ്ങളെ നിരീക്ഷിക്കുകയാണ് ഇ-എല്‍റ്റിന്റെ പ്രഥമ ദൗത്യം. ഭൂമിക്കു വെളിയിലുള്ള എക്‌സോപ്ലാനറ്റുകളില്‍ ജീവന്‍ കണ്ടെത്തുന്നതിന് നേരിട്ടുള്ള നിരീക്ഷണത്തിന് ശക്തമാണ് ഈ ദൂരദര്‍ശിനി. അതുകൂടാതെ, ഗ്രഹരൂപീകരണത്തിന്റെ വിവിധ ഘട്ടങ്ങള്‍ അപഗ്രഥിക്കുകയും നക്ഷത്രാന്തര സ്‌പേസിലെ ജലബാഷ്പത്തെക്കുറിച്ചും ജൈവഘടകങ്ങളെക്കുറിച്ചും പഠനം നടത്തുകയും ചെയ്യും. പ്രപഞ്ചോല്പത്തിയെ തുടര്‍ന്ന് ആദ്യ നക്ഷത്രങ്ങളുടെ രൂപീകരണവും തമോഗര്‍ത്തങ്ങളും നക്ഷത്രസമൂഹങ്ങളുടെ പ്രവര്‍ത്തനവും തമ്മിലുള്ള ബന്ധം കണ്ടെത്തുന്നതും എല്‍റ്റിന്റെ വിഷയമാണ്. ഗാലക്‌സികളുടെ പരിണാമവും രാസമൂലകങ്ങളുടെ രൂപീകരണവും പഠിക്കുന്ന എല്‍റ്റ് പ്രപഞ്ചവികാസത്തെക്കുറിച്ചും അതിനു കാരണമാകുന്ന ശ്യാമ ഊര്‍ജ (Dark energy)ത്തിന്റെ പ്രഭാവത്തെക്കുറിച്ചും പ്രപഞ്ചത്തിലെ ദുരൂഹ പ്രതിഭാസമായ ശ്യാമദ്രവ്യത്തിന്റെ (Dark matter) സാന്നിധ്യത്തെക്കുറിച്ചും കൂടുതല്‍ വ്യക്തതയുള്ള ചിത്രങ്ങള്‍ നല്‍കുമെന്നാണ് കണക്കാക്കപ്പെടുന്നത്. 

⭕798 ദര്‍പ്പണങ്ങള്‍ സംയോജിപ്പിച്ചുകൊണ്ടാണ് ദൂരദര്‍ശിനിയുടെ 39.3 മീറ്റര്‍ വ്യാസമുള്ള ഭീമാകാരമായ പ്രൈമറി മിറര്‍ നിര്‍മിക്കുന്നത്. 1.45 മീറ്റര്‍ വീതിയുള്ള ഈ ദര്‍പ്പണങ്ങള്‍ക്ക് 50 മില്ലിമീറ്റര്‍ മാത്രമേ കട്ടിയുണ്ടാവുകയുള്ളൂ. ദര്‍പ്പണങ്ങളെ കൃത്യമായി സംയോജിപ്പിക്കുന്നതിനു വേണ്ടിയാണ് അവയുടെ കട്ടി കുറച്ചിരിക്കുന്നത്. ദൂരദര്‍ശിനിയുടെ പ്രധാന ഘടക ഭാഗങ്ങള്‍ക്കെല്ലാം കൂടി 2800 ടണ്‍ ഭാരമുണ്ടാകും. എല്‍റ്റിന്റെ സെക്കണ്ടറി മിററിന്റെ വ്യാസമാകട്ടെ, യൂറോപ്പിലെ ഏറ്റവും വലിയ ദൂരദര്‍ശിനികളിലൊന്നായ വില്യം ഹെര്‍ഷല്‍ ടെലസ്‌കോപ്പിന്റെ പ്രാഥമിക ദര്‍പ്പണത്തിന് തുല്യമാണ്. ഇത് 4.2 മീറ്റര്‍ വരും. 

⭕എല്‍റ്റ് കേവലമൊരു ദൂരദര്‍ശിനി മാത്രമല്ല. നിരവധി ശാസ്ത്രീയ ഉപകരണങ്ങള്‍ അനുബന്ധമായി സജ്ജീകരിക്കുന്ന ഒരു വിവിധോദ്ദേശ്യ പര്യവേഷണ നിലയമാണിത്. ദൂരദര്‍ശിനിയുടെ നിരീക്ഷണമേഖലയില്‍ നിമിഷങ്ങള്‍ക്കുള്ളില്‍ മാറ്റംവരുത്തുന്നതിനും നിരീക്ഷണത്തിന്റെ ആഴവും പരപ്പും വ്യത്യാസപ്പെടുത്തുന്നതിനും ഈ അനുബന്ധ ഉപകരണങ്ങള്‍ക്കു കഴിയും. 8 അനുബന്ധ ഉപകരണങ്ങളാണ് ദൂരദര്‍ശിനിയുമായി കൂട്ടിയിണക്കുന്നത്. കോഡക്‌സ്, ഈഗിള്‍, എപിക്‌സ്, ഹാര്‍മണി, മെറ്റിസ്, മിക്കാഡോ, ഓപ്റ്റിമസ്, സിംപിള്‍ എന്നീ പേരുകളിലറിയപ്പെടുന്ന സ്‌പെക്ട്രോഗ്രാഫുകളും ദൃശ്യപ്രകാശത്തിലും ഇന്‍ഫ്രാറെഡ് തരംഗദൈര്‍ഘ്യത്തിലും ഒരുപോലെ സംവേദനക്ഷമമായ ഹൈ-റെസല്യൂഷന്‍ ക്യാമറകളും അനുബന്ധ ഉപകരണങ്ങളില്‍പെടും. നിര്‍മാണത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ ചെക്ക് റിപ്പബ്ലിക്ക്, ജര്‍മനി, ഹോളണ്ട്, സ്വീഡന്‍, സ്വിറ്റ്‌സര്‍ലണ്ട് എന്നീ രാജ്യങ്ങളുടെ പിന്തുണ ഈ പദ്ധതിക്കുണ്ട്. എല്‍റ്റ് ഒരു ചരിത്രസംഭവമാകും. ശാസ്ത്രസമൂഹം അതിനായി കാത്തിരിക്കുകയാണ്.