ആയൂർവേദത്തിന്റെ പ്രശ്നങ്ങൾ എന്തെല്ലാമാണ്?

Simple Science Technology

ആയുർവേദത്തിന്റെ പ്രശ്നങ്ങൾ എന്തെല്ലാമാണ്?

⚛️⚛️⚛️⚛️⚛️⚛️⚛️⚛️⚛️

⭕ആയുർവേദത്തിൽ, രോഗങ്ങൾ ഉണ്ടാവുന്നത് വാത-പിത്ത-കഫങ്ങളുടെ ഏറ്റക്കുറച്ചിൽ കൊണ്ടാണ് എന്നതാണ് വിശ്വാസം. വാത-പിത്ത-കഫം എന്താണ് എന്നോ അത് എങ്ങനെ അളക്കാം എന്ന് ചോദിച്ചാൽ ഏകാഭിപ്രായത്തിൽ കൃത്യമായ ഒരുത്തരം ആയുർവ്വേദ ഡോക്ടർമാർക്ക് പോലും പറയാൻ സാധിക്കുന്നില്ല. പത്തു ആയുർവേദക്കാരോട് ചോദിച്ചാൽ അത് അനുഭവത്തിൽ കൂടി മനസ്സിലാവുന്നതാണ് എന്ന് തുടങ്ങി പത്തു തരം ഉത്തരങ്ങൾ ആണ് കിട്ടുക. ഇത് സയൻസിന്റെ രീതിശാസ്ത്രത്തിന് നിരക്കുന്നതല്ല. Alternate physics, alternate chemistry എന്നൊന്ന് ഇല്ല എന്നിരിക്കെ ഒരു ചോദ്യത്തിന് പരസ്പരബന്ധമില്ലാത്ത പല ഉത്തരങ്ങൾ സാധ്യമല്ലല്ലോ.

⭕ആധുനിക വൈദ്യം രോഗകാരണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഉദാഹരണമായി വൈറസ്, ബാക്റ്റീരിയ, ഫംഗസ്, പരാദങ്ങൾ തുടങ്ങി മോശം ജീവിത ശൈലി തുടങ്ങിയ കാരണങ്ങൾ കൊണ്ടാണ് രോഗങ്ങൾ ഉണ്ടാവുന്നത്. ഒരു രോഗലക്ഷണം കാണുമ്പോൾ അത് എന്ത് കൊണ്ടാണ് ഉണ്ടാവുന്നത് എന്ന് കൃത്യമായി നിർണ്ണയിച്ചാൽ മാത്രമേ ശാസ്ത്രീയമായ ചികിത്സ സാധ്യമാവൂ. ഒരു ബാക്ടീരിയ ആണ് രോഗകാരണം എങ്കിൽ ആ ബാക്ടീരിയ ഏതാണ് എന്ന് തിരിച്ചറിയണം. അതിന് എതിരെ പ്രവർത്തിക്കുന്ന തന്മാത്ര ഏതാണ് എന്ന് പരീക്ഷണങ്ങളിലൂടെ തിരിച്ചറിഞ്ഞു പാർശ്വഫലങ്ങൾ പരമാവധി കുറഞ്ഞ ആന്റിബയോട്ടിക്ക് മരുന്ന് ഉൽപ്പാദിപ്പിച്ചു കൃത്യമായ ക്ലിനിക്കൽ ട്രയലുകൾക്ക് ശേഷം വിപണിയിലിറങ്ങും. വൈറസ്സിനെയോ ബാക്റ്റീരിയയെയോ തിരിച്ചറിയാൻ ഉള്ള ഒരു മാർഗവും ആയുർവേദത്തിന്റെ സമാനമായ ഇതര വൈദ്യങ്ങളിലോ ഇല്ല.

⭕ഉദാഹരണത്തിന് മഞ്ഞപ്പിത്തത്തിന്റെ കാര്യമെടുക്കാം. മഞ്ഞപ്പിത്തം ഒരു രോഗലക്ഷണം ആണ്. അതുണ്ടാവുന്നത് Hepatitis A, B, C തുടങ്ങിയ മൂന്ന് വൈറസുകൾ കാരണമാണ്. Hepatitis-A കൊണ്ടുണ്ടാവുന്ന മഞ്ഞപ്പിത്തം ഒരു self-limiting disease ആണ്. അതായത് മരുന്നൊന്നും കഴിച്ചില്ലെങ്കിലും അൽപ്പകാലത്തിനുള്ളിൽ തന്നെ മാറും. എന്നാൽ Hepatitis- B & C കരളിനെ ബാധിക്കുന്ന അപകടകാരി ആണ്. ഈ മൂന്ന് വൈറസുകൾ കൊണ്ടുണ്ടാവുന്ന മഞ്ഞപ്പിത്തത്തിന് ഒരേ ലക്ഷണങ്ങൾ ആണ്.

⭕വാത-പിത്ത-കഫ സിന്ധാന്തം ഉപയോഗിച്ച് Hepatitis A, B, C കൊണ്ടുണ്ടായ ഒരേ ലക്ഷണം ഉള്ള മഞ്ഞപിത്തം എങ്ങനെ വേർതിരിച്ചു തിരിച്ചറിയും? മഞ്ഞപ്പിത്തം ചികിൽസിക്കാൻ ആയി ആയുർവേദക്കാർ കൊടുക്കുന്നത് കീഴാർനെല്ലി ആണ്. Hepatitis B, C കൊണ്ടുണ്ടാവുന്ന മഞ്ഞപ്പിത്തത്തിന് കീഴാർനെല്ലി കൊടുത്തു ആധുനിക വൈദ്യം ഒഴിവാക്കിയാൽ കരളിന്റെ കാര്യം പോക്കാണ്. അതായത് ഒരു ചികിത്സയും ചെയ്യേണ്ടാത്ത Hepatitis-A മഞ്ഞപ്പിത്തത്തിന് കീഴാർനെല്ലി കൊടുത്താൽ ഫലം ഉണ്ടായതായി തോന്നാം. വിഷമുള്ള പാമ്പാണോ വിഷമില്ലാത്ത പാമ്പാണോ കടിച്ചത് എന്ന് നിശ്ചയമില്ലാത്ത അവസ്ഥയിൽ പച്ചമരുന്ന് ചികിത്സ തേടുന്നത് പോലെയാണ് ഇത്. വിഷമില്ലാത്ത പാമ്പാണ് കടിച്ചതെങ്കിൽ പച്ച മരുന്ന് ചികിത്സ ഫലിച്ചതായി തോന്നും. വിഷമുള്ള പാമ്പാണെങ്കിൽ പച്ചമരുന്ന് ചികിത്സ ചെയ്താൽ രോഗി മരിക്കും. 

⭕Dose and frequency makes the poison എന്നാണ്. നമ്മുടെ ശരീരത്തിന് അത്യാവശ്യമായ പച്ചവെള്ളം 6 ലിറ്റർ ഒറ്റയിരിപ്പിന് കുടിച്ചാൽ മരണം വരെ സംഭവിക്കാം. അധികമായാൽ അമൃതും വിഷമാണ് എന്ന് പറയുന്നത് അത് കൊണ്ടാണ്. ആയുർവേദ കഷായങ്ങളുടെ കാര്യമെടുത്താൽ ധാരാളം ചെടികൾ പിഴിഞ്ഞാണ് അത് നിർമ്മിക്കുന്നത്. ഏതൊരു ചെടിയിലും alkaloids, acids, glycosides, resins, tanins, steroids തുടങ്ങി ധാരാളം രാസഘടകങ്ങളും കൂടാതെ heavy metals, digoxin തുടങ്ങിയ വിഷങ്ങളും ഉണ്ടാവും. ഇതിൽ പല രാസപദാർത്ഥങ്ങളും ഒരു പരിധി കഴിഞ്ഞാൽ വൃക്കകളെയും കരളിനേയും തകരാറിൽ ആകുന്നതാണ്. ഒരു മരുന്നിനു ഫലം ഉണ്ടെങ്കിൽ പാർശ്വഫലങ്ങളും ഉണ്ടാവും. ഈ പാർശ്വഫലങ്ങൾ പഠിക്കാനുള്ള ഒരു പ്രയത്നവും ആയുർവേദത്തിന്റെ ഭാഗത്തു നിന്ന് കാണാനില്ല. ആയുർവേദ മരുന്നുകൾക്ക് യാതൊരു പാർശ്വഫലങ്ങളും ഇല്ല എന്ന തെറ്റായ പൊതുബോധം ജനങ്ങളിൽ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത് കൊണ്ട് അത്തരം പഠനങ്ങളുടെ സാധ്യതയും വിദൂരമാണ്.

⭕മോഡേൺ മെഡിസിൻ പ്രാക്റ്റീസ് ചെയ്യുന്ന ഡോക്ടർ നിങ്ങൾക്ക് അനാവശ്യമായി മരുന്ന് എഴുതി അല്ലെങ്കിൽ സിറ്റി സ്കാൻ എഴുതി എന്ന് നിങ്ങൾക്ക് തോന്നിയത് കൊണ്ട് നിങ്ങൾ ആയുർവ്വേദം പരീക്ഷിക്കുന്നു. മോഡേൺ മെഡിസിൻ പ്രാക്റ്റീസ് ചെയ്യുന്ന ഡോക്ടർ നിങ്ങൾക്ക് അനാവശ്യമായി സിറ്റി സ്കാൻ എഴുതിയാൽ അത് ചൂഷണം ആണ്. അത് കൊണ്ട് മോഡേൺ മെഡിസിൻ അശാസ്ത്രീയമാവുന്നില്ല. അത് പോലെ ആയുർവ്വേദം ശാസ്ത്രീയവും ആവുന്നില്ല, എന്തെന്നാൽ രോഗ നിർണ്ണയത്തിനുള്ള ആയുർവേദത്തിന്റെ അടിസ്ഥാനം തന്നെ തെറ്റാണ്.

⭕ഇന്നത്തെ ആയുർവേദ ആരാധകർ ആയുർവേദത്തിന്റെ തലതൊട്ടപ്പന്മാരായ ചരകനും സുശ്രുതനും വാക്ഭടനുമൊക്കെ സർവ്വജ്ഞാനികൾക്കുള്ള ആദരം കൊടുക്കുന്നുണ്ട്. സമാനമായ തത്വജ്ഞാനികൾക്ക് ഋഷി തുല്യമായ പദവി കൊടുത്തു ആരാധിക്കുന്നുണ്ട്. ഇവർ ഇന്ദ്രിയങ്ങളെ അതിജീവിച്ചതായും, മനുഷ്യന്റെ പരിധിക്ക് അപ്പുറം പ്രപഞ്ചത്തെ മനസ്സിലാക്കി എന്ന് ഈ ആരാധകർ മിഥ്യാ ധരിച്ചു വച്ചിരിക്കുന്നു. തീർച്ചയായും ഈ മനീഷികൾ അവർ ജീവിച്ചിരുന്ന കാലത്തേ ഏറ്റവും ബുദ്ധിയുള്ളവർ ആയിരുന്നു. എന്നാൽ അവരുടെ അറിവുകൾക്ക് കാലഘട്ടത്തിന്റെ പരിമിതികൾ ഉണ്ടായിരുന്നു. അത് കൊണ്ടാണ് ഒരു സ്ത്രീ അവളുടെ മാസമുറയുടെ നാലാം ദിവസം കുളിച്ച ശേഷം ഭർത്താവിനെ അല്ലാതെ ഒരു അന്യ പുരുഷനെ കണ്ടാൽ അവൾക്കുണ്ടാവുന്ന കുട്ടി അന്യപുരുഷനെ പോലെ ഇരിക്കും എന്ന് ചരകൻ എഴുതിവച്ചത്. ആ കാലഘട്ടത്തിന്റെ അറിവിന്റെ പരിമിതിയിൽ നിന്ന് കൊണ്ടാണ് പാമ്പു കടിച്ചാൽ അതിന് ചികിത്സയായി കടിച്ച പാമ്പിനെ അപ്പൊ തന്നെ തിരിച്ചു കടിക്കണം എന്നും ഇനി അതിനു കഴിഞ്ഞില്ലെങ്കിൽ കല്ലോ മണ്ണാങ്കട്ടയോ കടിച്ചു ആ തുപ്പൽ എടുത്തു കടി കിട്ടിയ സ്ഥലത്തു തേക്കുക എന്ന് വാക്ഭടൻ എഴുതിവച്ചത്. ഇത്തരത്തിൽ ഉള്ള ധാരാളം യുക്തിഹീനമായ ചികിത്സാരീതികൾ ചരകസംഹിതയിലും സുശ്രുതസംഹിതയിലും ധാരാളമായി കാണാം. ആ കാലഘട്ടത്തിൽ ഒരു മൈക്രോസ്കോപ്പ് ഉണ്ടായിരുന്നെങ്കിൽ വാത-പിത്ത-കഫ പോലെയുള്ള അശാസ്ത്രീയ സിദ്ധാന്തങ്ങൾ ജനിക്കുമായിരുന്നില്ല. ഇതൊക്കെ ഇന്നും ആയുർവേദ ടെക്സ്റ്റ് ബുക്കുകളിൽ കുട്ടികൾക്ക് പഠിക്കാനുണ്ട് എന്നത് ശാസ്ത്രീയ മനോവൃത്തിക്ക് നേരെ എത്ര മാത്രം പുറംതിരിഞ്ഞു നിൽക്കുകയാണ് നമ്മുടെ സമൂഹം എന്നതിന്റെ ഉദാഹരണമാണ്.

⭕പഞ്ചേന്ദ്രിയങ്ങളുടെ പരിധിക്ക് അപ്പുറം പ്രപഞ്ചത്തെ മനസ്സിലാക്കാൻ സയൻസ് പഠിച്ച മനുഷ്യർക്ക് ഇന്ന് സാധിച്ചിട്ടുണ്ട്. അവർ ടെലെസ്കോപ്പും മൈക്രോസ്കോപ്പും തുടങ്ങി ആധുനിക ഉപകരണങ്ങൾ കണ്ടു പിടിച്ചു. ഈ ആധുനിക ഉപകരണങ്ങൾ ഉപയോഗിച്ച് ശാസ്ത്രജ്ഞർ മനസ്സിലാക്കിയ കാര്യങ്ങൾ ഗുഹയിൽ അടച്ചിരുന്നു ധ്യാനിച്ച് ഇരുട്ടിലേക്ക് നോക്കി അകത്തേക്ക് ഉൾവലിഞ്ഞു ഇന്ദ്രിയങ്ങളെ പീഡിപ്പിച്ചു ലോകത്തെ ബഹിഷ്കരിച്ചു ഗുരുക്കന്മാർ മനസ്സിലാക്കിയതും ഒരേ കാര്യങ്ങൾ ആണെന്നാണ് പൊതുബോധ ധാരണ. ആ മഹാ മനീഷികൾ ലോകത്തിന് നൽകിയ ദർശനങ്ങൾ അജ്ഞത മാത്രമാണ്.

Credits : Rakesh Unnikrishnan