സി.വി.രാമൻ

Simple Science Technology

ശാസ്‌ത്ര മേഖലയില്‍ നൊബേല്‍ പുരസ്‌ക്കാരം കരസ്ഥമാക്കിയ ആദ്യ ഭാരതീയൻ : C.V. രാമൻ

⚛️⚛️⚛️⚛️⚛️⚛️⚛️⚛️⚛️

✍️: Sabu Jose

⭕വിശേഷണങ്ങളേറെയുള്ള പ്രതിഭയാണ്‌ സി വി രാമന്‍. അദ്ദേഹത്തേപ്പോലെയുള്ള ശാസ്‌ത്രകാരന്മാരാണ്‌, അധ്യാപകരാണ്‌ നമ്മുടെ നാടിനും ലോകത്തിനും ആവശ്യമുള്ളത്‌. മിത്തുകളുടെയും മത വിശ്വാസങ്ങളുടെയും പേരില്‍ ശാസ്‌ത്ര തത്വങ്ങളെ വളച്ചൊടിക്കുന്ന കപട ശാസ്‌ത്രജ്ഞരെയല്ല നമുക്കാവശ്യം. അത്തരം കപട ശാസ്‌ത്രജ്ഞരെ പ്രോത്സാഹിപ്പിക്കുന്ന ഒരു സമൂഹം ഇവിടെ വളര്‍ന്നു വരുന്നത്‌ ഭയത്തോടെ മാത്രമേ കാണാന്‍ കഴിയൂ.

രാമന്റെ പ്രഭാവം

November 7 Happy Birthday Sir. C V Raman

⭕ഇന്ത്യയുടെ ശാസ്‌ത്രീയ വിപ്ലവത്തിന്റെ ചരിത്രത്തില്‍ സി.വി രാമന്‌ അതുല്യമായ സ്ഥാനമാണുള്ളത്‌. ശാസ്‌ത്ര മേഖലയില്‍ നൊബേല്‍ പുരസ്‌ക്കാരം കരസ്ഥമാക്കിയ ആദ്യ ഭാരതീയനാണ്‌ ചന്ദ്രശേഖര വെങ്കട്ടരാമന്‍ എന്ന സി.വി രാമന്‍.

⭕ഇന്ത്യയുടെ ശാസ്‌ത്രീയ വിപ്ലവത്തിന്റെ ചരിത്രത്തില്‍ സി.വി രാമന്‌ അതുല്യമായ സ്ഥാനമാണുള്ളത്‌. ശാസ്‌ത്ര മേഖലയില്‍ നൊബേല്‍ പുരസ്‌ക്കാരം കരസ്ഥമാക്കിയ ആദ്യ ഭാരതീയനാണ്‌ ചന്ദ്രശേഖര വെങ്കട്ടരാമന്‍ എന്ന സി.വി രാമന്‍. അതും ഭൗതിക ശാസ്‌ത്രത്തിലെ നൊബേല്‍ പുരസ്‌ക്കാരം. പ്രകാശത്തിന്റെ ക്വാണ്ടം സ്വഭാവവുമായി ബന്ധപ്പെട്ട്‌ നടത്തിയ കണ്ടെത്തലിനാണ്‌ അദ്ദേഹത്തിന്‌ നൊബേല്‍ ലഭിച്ചത്‌. രാമന്‍ പ്രഭാവം എന്ന പേരിലാണ്‌ അദ്ദേഹത്തിന്റെ കണ്ടുപിടുത്തം അറിയപ്പെടുന്നത്‌. ഭൗതികശാസ്‌ത്രത്തില്‍ ഇന്നും ഏറ്റവുമധികം ഗവേഷണ പ്രബന്ധങ്ങള്‍ അവതരിപ്പിക്കപ്പെടുന്നത്‌ രാമന്‍ പ്രഭാവവുമായി ബന്ധപ്പെട്ട വിഷയങ്ങളിലാണെന്നത്‌ അദ്ദേഹത്തിന്റെ കണ്ടുപിടുത്തത്തിന്റെ ശാസ്‌ത്രീയ പ്രാധാന്യം വ്യക്തമാക്കുന്നുണ്ട്‌ ഇന്ത്യയില്‍ ഒരു സിവിലിയന്‌ ലഭിക്കാവുന്ന ഏറ്റവും ഉയര്‍ന്ന ബഹുമതിയായ ഭാരത്‌ രത്‌ന കരസ്ഥമാക്കിയ ശാസ്‌ത്രജ്ഞന്‍ കൂടിയാണ്‌ സി.വി രാമന്‍.

⭕1930 ലാണ്‌ സി.വി. രാമന്‌ ഭൗതികശാസ്‌ത്രത്തിലെ നൊബേല്‍ പുരസ്‌ക്കാരം ലഭിച്ചത്‌. എന്നാല്‍ 1929 ല്‍ തന്നെ ബ്രിട്ടീഷ്‌ രാജാവായ ജോര്‍ജ്‌ അഞ്ചാമന്‍ രാമന്‌ സര്‍ (Knight) പദവി നല്‍കി ആദരിക്കുകയുണ്ടായി. ശാസ്‌ത്ര വിഷയങ്ങളില്‍ നൊബേല്‍ പുരസ്‌ക്കാരം കരസ്ഥമാക്കുന്ന ആദ്യ ഏഷ്യക്കാരനാണ്‌ രാമന്‍. വെള്ളക്കാരനല്ലാത്ത ആദ്യ വ്യക്തിയും രാമന്‍ തന്നെ. തന്റെ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കായി രാമന്‍ നിര്‍മിച്ച ഉപകരണത്തിന്‌ കേവലം മുന്നൂറ്‌ രൂപ മാത്രമായിരുന്നു ചെലവ്‌. 1933 ല്‍ തന്നെ ബാംഗ്ലൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ സയന്‍സിന്റെ ഡയറക്‌ടറായി രാമന്‍ ചുമതലയേറ്റു. ഇന്ത്യ സ്വതന്ത്രമായ വര്‍ഷം തന്നെ സി.വി രാമന്‍ നാഷണല്‍ പ്രൊഫസര്‍ എന്ന വിശിഷ്‌ട അംഗീകാരത്തിന്‌ പാത്രവുമായി. 1954 ല്‍ ആണ്‌ അദ്ദേഹത്തിന്‌ ഭാരത്‌ രത്‌ന സമ്മാനിച്ചത്‌.

⭕1924 ല്‍ ഇംഗ്ലണ്ടിലെ റോയല്‍ സൊസൈറ്റിയിലെ അംഗമായി തിരഞ്ഞെടുക്കപ്പെടുമ്പോല്‍ രാമന്‌ 36 വയസ്സ്‌ മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ. കൂടാതെ 1925 ല്‍ റഷ്യന്‍ സയന്‍സ്‌ അക്കാദമിയുടെ ശതാബ്‌ദി ആഘോഷത്തില്‍ പങ്കെടുത്ത രാമന്‌ റഷ്യയിലെ പരമോന്നത പുരസ്‌ക്കാരമായ ലെനിന്‍ പീസ്‌ അവാര്‍ഡും ലഭിച്ചു. നവംബര്‍ 7 സി.വി രാമന്റെ ജന്മ ദിനമാണ്‌. അന്ധവിശ്വാസവും അശാസ്‌ത്രീയതയും ഭ്രാന്തമായ ആവേഗത്തില്‍ ഇന്ത്യയൊട്ടാകെ പടര്‍ന്നുപിടിക്കുമ്പോള്‍ ശാസ്‌ത്രത്തേയും ശാസ്‌ത്രീയ ഗവേഷണത്തെയും എങ്ങനെയാണ്‌ നോക്കിക്കാണേണ്ടതെന്ന്‌ രാമന്റെ ജീവിതം വരച്ചു കാണിക്കുന്നുണ്ട്‌. തദ്ദേശീയമായതെല്ലാം നല്ലതാണെന്നും എല്ലാ ശാസ്‌ത്രവും ഉദ്‌ഭവിച്ചത്‌ തങ്ങളുടെ വേദഗ്രന്ഥങ്ങളിലാണെന്നും കൊട്ടിഘോഷിക്കുന്ന അതീത ഭൗതിക വാദികള്‍ക്ക്‌ ഒരു പക്ഷെ എന്താണ്‌ ശാസ്‌ത്രീയ ഗവേഷണമെന്നോ അതിനാവശ്യമായ സമര്‍പ്പണമെന്താണെന്നോ മനസ്സിലായി എന്നുവരില്ല. എങ്കിലും ശാസ്‌ത്രബോധമുള്ള ഒരു ന്യൂനപക്ഷമെങ്കിലും ഇവിടെയുണ്ടെന്നതില്‍ തര്‍ക്കമില്ല. തീര്‍ച്ചയായും രാമന്റെ പ്രഭാവം അവരില്‍ സ്വാധീനം ചെലുത്തുകതന്നെ ചെയ്യും. ചാണകത്തില്‍ നിന്ന്‌ പ്ലൂട്ടോണിയം ഉണ്ടാക്കുന്നവര്‍ക്കും ഈച്ചയുടെ ചിറകില്‍ ഔഷധം കണ്ടുപിടിക്കുന്നവര്‍ക്കും രോഗശാന്തി ശുശ്രൂഷകര്‍ക്കുമെല്ലാം ഒരു യഥാര്‍ഥ ശാസ്‌ത്രജ്ഞന്റെ ഗവേഷണമാര്‍ഗം വിചിത്രമായി തോന്നാം. ശാസ്‌ത്രത്തിന്‌ ഒരു രീതിയും സമീപനവുമുണ്ട്‌. ഗവേഷണത്തിന്‌ ചില ചിട്ടകളും ക്രമവുമുണ്ട.്‌ കപട ശാസ്‌ത്രകാരന്‍മാര്‍ക്ക്‌ അതൊരിക്കലും പിന്‍തുടരാന്‍ കഴിയില്ല.

⭕1888 നവംബര്‍ ഏഴിനാണ്‌ സി.വി. രാമന്‍ ജനിച്ചത്‌. തമിഴ്‌നാട്ടിലെ തഞ്ചാവൂര്‍ ജില്ലയില്‍ ചന്ദ്രശേഖര അയ്യരുടെയും പാര്‍വതി അമ്മാളുടെയും എട്ട്‌ മക്കളില്‍ രണ്ടാമനായാണ്‌ രാമന്റെ ജനനം. വിശാഖപട്ടണത്തെ എ. വി. എന്‍ കോളജില്‍ ഗണിത ശാസ്‌ത്രാധ്യാപകനായിരുന്നു ചന്ദ്രശേഖര അയ്യര്‍. പിതാവിനൊപ്പം വിശാഖപട്ടണത്ത്‌ കഴിയാന്‍ സാധിച്ചത്‌ നല്ലൊരു പഠനാന്തരീക്ഷം ലഭിക്കുന്നതിന്‌ രാമന്‌ സഹായമായി. സ്‌കൂള്‍ പഠനകാലത്ത്‌ ഉന്നത നിലവാരം കാഴ്‌ചവച്ച വിദ്യാര്‍ഥിയായിരുന്നു രാമന്‍. സ്‌കോളര്‍ഷിപ്പുകളും സമ്മാനങ്ങളും രാമന്‍ വരിക്കൂട്ടി. കുട്ടിയായിരിക്കുമ്പോള്‍ തന്നെ ഒരു ഡൈനമോ സ്വന്തമായി നിര്‍മിച്ച്‌ ഭൗതികശാസ്‌ത്രത്തിലുള്ള തന്റെ സാമര്‍ഥ്യം രാമന്‍ തെളിയിച്ചു. അതിബുദ്ധിമാനായിരുന്നെങ്കിലും രാമന്റെ ശാരീരിക ആരോഗ്യ സ്ഥിതി മോശമായിരുന്നു. പതിനൊന്നാമത്തെവയസില്‍ ഒന്നാം റാങ്കോടെ മെട്രിക്കുലേഷന്‍ പാസായ രാമന്‍, അച്ഛന്‍ പഠിപ്പിച്ചിരുന്ന കോളജില്‍ തന്നെ ഇന്റമീഡിയറ്റിന്‌ ചേരുകയും ഒന്നാമനായിത്തന്നെ പാസാവുകയും ചെയ്‌തു.

⭕1903 ല്‍ മദ്രാസിലെ പ്രസിഡന്‍സി കോളജില്‍ ബി.എയ്‌ക്ക്‌ ചേര്‍ന്ന രാമന്‍ ബിരുദ പഠനത്തിനെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വിദ്യാര്‍ഥിയായിരുന്നു. അധ്യാപകര്‍ എല്ലാവരും ഇംഗ്ലിഷുകാരായിരുന്നു എന്നത്‌ രാമന്‌ വലിയ നേട്ടമായി. 1904 ല്‍ ഇംഗ്ലീഷിലും ഭൗതികശാസ്‌ത്രത്തിലും സ്വര്‍ണ മെഡല്‍ നേടിക്കൊണ്ടാണ്‌ രാമന്‍ ബിരുദം പുര്‍ത്തീകരിച്ചത്‌. ഉപരിപഠനത്തിനായി ലണ്ടനിലേക്ക്‌ പോകാന്‍ അധ്യാപകര്‍ നിര്‍ദ്ദേശിച്ചുവെങ്കിലും ആരോഗ്യ സ്ഥിതി മോശമായതുകൊണ്ട്‌ പ്രസിഡന്‍സി കോളജില്‍ തന്നെയാണ്‌ രാമന്‍ എം.എയ്‌ക്ക്‌ ചേര്‍ന്നത്‌. 1907 ല്‍ ഒന്നാം റാങ്കോടെ രാമന്‍ ബിരുദാനന്തര ബിരുദവും പൂര്‍ത്തീകരിച്ചു. അക്കാലത്ത്‌ ഇന്ത്യയില്‍ ശാസ്‌ത്ര ഗവേഷണത്തിനുള്ള സാഹചര്യം ഇല്ലായിരുന്നു. അതുകൊണ്ടുതന്നെ ഗവേഷണത്തിനുള്ള രാമന്റെ ആഗ്രഹം സഫലമായില്ല. ഗവേഷണം നടത്തണമെങ്കില്‍ ഇംഗ്ലണ്ടില്‍ പോകണം. ആരോഗ്യസ്ഥിതി അതിനും അനുവദിച്ചില്ല. മിടുക്കന്‍മാരായ പല വിദ്യാര്‍ഥികളെയും പോലെ ഐ.സി.എസ്‌ പാസാവുക മറ്റൊരു മാര്‍ഗമായി രാമന്‍ സ്വീകരിക്കാനൊരുങ്ങി. അവിടെയും പ്രശ്‌നമുണ്ടായി. ഇന്ത്യന്‍ സിവില്‍ സര്‍വീസ്‌ പഠിക്കണമെങ്കില്‍ അന്ന്‌ ഇംഗ്ലണ്ടില്‍ പോകണമായിരുന്നു. അതിനാല്‍ ആ ആഗ്രഹവും രാമന്‍ ഉപേക്ഷിച്ചു. തുടര്‍ന്ന്‌ സഹോദരന്റെ പാത സ്വീകരിച്ച്‌ ഫിനാന്‍ഷ്യല്‍ സിവില്‍ സര്‍വീസിന്‌ ശ്രമിക്കുകയും എഫ്‌.സി.എസ്‌ പരീക്ഷ വിജയിക്കുകയും ചെയ്‌തു.

⭕ജോലി ലഭിക്കുന്നതിനു മുമ്പ്‌ തന്നെ രാമന്റെ വിവാഹം നടന്നു. അതൊരു പ്രേമ വിവാഹമായിരുന്നു. രാമന്റെ സുഹൃത്തും പുരോഗമനവാദിയുമായ രാമസ്വാമിയുടെ ബന്ധുവായ ലോകസുന്ദരി എന്ന യുവതിയുമായി രാമസ്വാമിയുടെ വീട്ടില്‍ വച്ച്‌ പരിചയത്തിലാവുകയും അവരുടെ സൗഹൃദം പ്രണയത്തിലും ഒടുവില്‍ വിവാഹത്തിലും എത്തിച്ചേരുകയായിരുന്നു. അക്കാലത്തെ പരമ്പരാഗത രീതിയനുസരിച്ച്‌ തങ്ങളുടെ വിവാഹക്കാര്യത്തില്‍ വരനോ വധുവിനോ യാതൊരുവിധ അഭിപ്രായ സ്വാതന്ത്യ്രവുമില്ലായിരുന്നു. ആ കാലഘട്ടത്തിലാണ്‌ രാമന്റെ പ്രണയ വിവാഹമുണ്ടായത്‌. മാത്രവുമല്ല രാമന്‍ ബ്രാഹ്മണനും ലോകസുന്ദരി മറ്റൊരു ജാതിയില്‍പെട്ട ആളുമായതിനാല്‍ രാമന്റെ അമ്മയും ബന്ധുക്കളും വിവാഹത്തിന്‌ എതിരായിരുന്നു. എന്നാല്‍ അച്ഛന്റെ പിന്‍തുണയും രാമന്റെ ഉറച്ച തീരുമാനവും കാരണം ലോകസുന്ദരി രാമന്റെ സഹധര്‍മ്മിണിയായി. രണ്ട്‌ മക്കളാണ്‌ ഈ ദമ്പതികള്‍ക്കുള്ളത്‌ ചന്ദ്രശേഖറും ജോതിശാസ്‌ത്രജ്ഞനായ രാധാകൃഷ്‌ണനും.

⭕1907 ജൂണില്‍ രാമന്‍ ജോലിയില്‍ പ്രവേശിച്ചു. കല്‍ക്കത്തയില്‍ അക്കൗണ്ടന്റ്‌ ജനറല്‍ ആയാണ്‌ ജോലി ആരംഭിച്ചത്‌. രാമന്റെ കല്‍ക്കത്തയിലെ വാടക വീടിനു സമീപമായിരുന്നു ഇന്ത്യന്‍ അസോസിയേഷന്‍ ഫോര്‍ ദ കള്‍ട്ടിവേഷന്‍ ഓഫ്‌ സയന്‍സ്‌ എന്ന സ്ഥാപനം സ്ഥിതി ചെയ്‌തിരുന്നത്‌. ജോലി സമയത്തിനുശേഷം അവിടുത്തെ ലബോറട്ടറിയില്‍ ഗവേഷണം നടത്തുന്നതിന്‌ രാമന്‌ അനുമതി ലഭിച്ചു. അതിരാവിലെയും രാത്രിയിലുമായി രാമന്‍ തന്റെ ഗവേഷണ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടു. ഇതിനിടെ റംഗൂണിലേക്കും നാഗ്‌പൂരിലേക്കും സ്ഥലം മാറ്റങ്ങള്‍ ഉണ്ടായെങ്കിലും അധികം താമസിക്കാതെ കല്‍ക്കത്തയിലേക്ക്‌ മടങ്ങിയെത്താന്‍ രാമന്‌ സാധിച്ചു രാമന്‍ തന്റെ ഗവേഷണ ഫലങ്ങള്‍ അപ്പപ്പോള്‍ തന്നെ പ്രസിദ്ധീകരിച്ചിരുന്നു. അതിന്റെ ഫലമായി 1912 ല്‍ കഴ്‌സണ്‍ റിസര്‍ച്ച്‌ ്രൈപസും 1913 ല്‍ വുഡ്‌ബേണ്‍ റിസര്‍ച്ച്‌ മെഡലും അദ്ദേഹത്തിന്‌ ലഭിച്ചു.

⭕കല്‍ക്കത്ത യൂണിവേഴ്‌സിറ്റി വൈസ്‌ ചാന്‍സലര്‍ സര്‍ അഷുതോഷ്‌ മുഖര്‍ജിയുടെ ക്ഷണം സ്വീകരിച്ച്‌ 1917 ല്‍ സര്‍ക്കാര്‍ ഉദ്യോഗം രാജിവച്ച്‌ രാമന്‍ കല്‍ക്കത്ത യൂണിവേഴ്‌സിറ്റി സയന്‍സ്‌ കോളജില്‍ ഭൗതിക ശാസ്‌ത്രവിഭാഗം മേധാവിയായി ചുമതലയേറ്റു. സര്‍ക്കാര്‍ ജോലിക്ക്‌ ലഭിച്ചിരുന്ന വേതനത്തിന്റെ പകുതിമാത്രമായിരുന്നു യൂണിവേഴ്‌സിറ്റിയില്‍ നിന്ന്‌ ലഭിച്ചത്‌. എന്നാല്‍ അതൊന്നും രാമനെന്ന ഗവേഷകന്നെ അലോസരപ്പെടുത്തിയില്ല. ഉദ്യോഗത്തിന്റെ തലവേദനകളില്ലാതെ ഗവേഷണം നടത്താന്‍ കഴിയും എന്ന കാര്യം മാത്രമാണ്‌ കല്‍ക്കത്ത യൂണിവേഴ്‌സിറ്റിയില്‍ രാമനെ ആകര്‍ഷിച്ചത്‌. യൂണിവേഴ്‌സിറ്റിയില്‍ പ്രൊഫസറാണെങ്കിലും രാമന്‍ കൂടുതല്‍ സമയവും ചെലവഴിച്ചത്‌ ഇന്ത്യന്‍ അസോസിയേഷനിലായിരുന്നു. രാമനോടൊപ്പം ഇന്ത്യന്‍ അസോസിയേഷനും വളരാനാരംഭിച്ചു പുതിയ കണ്ടെത്തലുകളും ശാസ്‌ത്രപ്രസിദ്ധീകരണങ്ങളും അവിടെ നിന്നുണ്ടായി. രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ ഇന്ത്യന്‍ അസോസിയേഷനില്‍ ഗവേഷണം നടത്താനെത്തി. തുടര്‍ച്ചയായി ശാസ്‌ത്ര ക്ലാസുകള്‍ സംഘടിപ്പിക്കപ്പെട്ടു. രാമന്‍ ഒരു കറകളഞ്ഞ ഗവേഷകനും പ്രഭാഷകനും ശാസ്‌ത്രജ്ഞനുമായി തെളിഞ്ഞുവന്നു. ഒടുവില്‍ രാമന്‍ ഇന്ത്യന്‍ അസോസിയേഷന്റെ സെക്രട്ടറിയുമായി. ആ സ്ഥാപനത്തേക്കുറിച്ച്‌ സ്ഥാപകനായ മഹേന്ദ്രലാല്‍ സര്‍ക്കാര്‍ കണ്ട സ്വപ്‌നം രാമന്‍ യാഥാര്‍ഥ്യമാക്കുകയായിരുന്നു.

⭕1921 ല്‍ യൂറോപ്പില്‍ നിന്നുള്ള കപ്പല്‍ യാത്രയില്‍ കടലിന്റെ നീല നിറം നിരീക്ഷിച്ച രാമന്‍ ആരംഭിച്ച പ്രകാശ പഠനത്തിന്റെ തുടര്‍ച്ചയാണ്‌ അദ്ദേഹവും ശിഷ്യന്‍മാരും ചേര്‍ന്ന്‌ 1928 ല്‍ കണ്ടുപിടിച്ച രാമന്‍ പ്രഭാവം. ഏതെങ്കിലും ഒരു പ്രത്യേക നിറത്തിലുള്ള ഏകവര്‍ണ കിരണങ്ങളെ (Monochromatic Light) സുതാര്യമായ പദാര്‍ഥങ്ങളില്‍കൂടി കടത്തിവിട്ടാല്‍ പ്രകീര്‍ണനം മൂലം ആ നിറത്തില്‍ നിന്നും വ്യത്യസ്‌തമായ നിറത്തോടുകൂടിയ രശ്‌മികള്‍ ഉണ്ടാകുന്നു. പ്രകീര്‍ണനം മൂലമുണ്ടാകുന്ന പുതിയ പ്രകാശ രശ്‌മിയെ ഒരു പ്രിസത്തില്‍കൂടി കടത്തിവിട്ടാല്‍ വര്‍ണരാജിയില്‍ പുതിയ ചില രേഖകള്‍ പ്രത്യക്ഷപ്പെടുന്നു. ഈ പുതിയ രേഖകളെ രാമന്‍ രേഖകള്‍ (Raman Lines) എന്നും ഈ വര്‍ണരാജിയെ രാമന്‍ വര്‍ണരാജി (Raman Spectrum) എന്നും വിളിക്കുന്നു. ദ്രാവകങ്ങളില്‍ പ്രകാശത്തിന്റെ വിസരണവുമായി ബന്ധപ്പെട്ടുള്ള ഈ പ്രതിഭാസമാണ്‌ രാമന്‍ പ്രഭാവം (Raman Effect) അഥവാ രാമന്‍ വിസരണം (Raman Scattering). സി.വി രാമനൊപ്പം പ്രൊഫ. കെ. എസ്‌ കൃഷ്‌ണനും ഇതേ പരീക്ഷണങ്ങള്‍ നടത്തിയിരുന്നു. അതേത്തുടര്‍ന്ന്‌ ജി. ലാന്‍ഡ്‌സ്‌ബെര്‍ഗും, എല്‍.ഐ.മാന്‍ഡല്‍സ്റ്റമും ക്രിസ്റ്റലുകളില്‍ നടത്തിയ പരീക്ഷണങ്ങളിലും ഈ പ്രതിഭാസം കണ്ടെത്തിയിരുന്നു. 1923 ല്‍ ഡോ. എ. സ്‌കെംകല്‍ നടത്തിയ പ്രവചനമാണ്‌ പിന്നീട്‌ സി.വി. രാമന്‍ പരീക്ഷണങ്ങളിലൂടെ തെളിയിച്ചത്‌ എന്ന്‌ പറയുന്നുണ്ട്‌. പ്രകാശ രശ്‌മികള്‍ക്ക്‌ ദ്രാവക തന്മാത്രകളിലുണ്ടാകുന്ന രാമന്‍ വിസരണത്തിന്റെ ഫലമായാണ്‌ കടലിന്‌ നിലനിറമുണ്ടാകുന്നത്‌ എന്ന്‌ വിശദീകരിക്കപ്പെട്ടു. രാമന്‍ തന്റെ ഗവേഷണ പ്രബന്ധം സമര്‍പ്പിച്ച ഫ്രെബ്രുവരി 28 ഇന്ത്യയില്‍ ദേശീയ ശാസ്‌ത്ര ദിനമായി ആഘോഷിക്കുന്നു.

⭕ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായ പണ്‌ഡിറ്റ്‌ ജവാഹര്‍ലാല്‍ നെഹ്‌റുവിന്റെ അടുത്ത സുഹൃത്തായിരുന്നു സി.വി രാമന്‍. ഭൗതികശാസ്‌ത്രത്തില്‍ നൊബേല്‍ പുരസ്‌ക്കാരം നേടിയ സുബ്രഹ്മണ്യം ചന്ദ്രശേഖര്‍ രാമന്റെ മരുമകനാണ്‌. നക്ഷത്ര പരിണാമത്തിലെ ഒരു ഘട്ടം അറിയപ്പെടുന്നത്‌ ചന്ദ്രശേഖര്‍ സീമ എന്ന പേരിലാണ്‌. രാമന്റെ സമര്‍ഥരായ ശിഷ്യരുടെ ഗണത്തില്‍ ഡോ. വിക്രം സാരാഭായിയും ഉള്‍പ്പെടുന്നു. ഗവേഷണ പ്രബന്ധം അവതരിപ്പിച്ച 1928 ല്‍ തന്നെ നൊബേല്‍ പുരസ്‌ക്കാരം രാമന്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ഭൗതികശാസ്‌ത്രത്തിലെ 1928 ലെ നൊബേല്‍ പുരസ്‌ക്കാരം ഓവന്‍ റിച്ചാര്‍ഡ്‌സണും 1929 ലെ അവാര്‍ഡ്‌ ലൂയി ഡിബ്രോളിയുമാണ്‌ നേടിയത്‌. ഇത്‌ രാമന്‌ കടുത്ത നിരാശയുണ്ടാക്കി. എന്നാല്‍ 1930 ലെ പുരസ്‌ക്കാരം തനിക്കു തന്നെ ലഭിക്കുമെന്ന്‌ ഉറപ്പിച്ച രാമന്‍ ആ വര്‍ഷം ജൂലൈയില്‍ തന്നെ അവാര്‍ഡ്‌ വാങ്ങാനായി സ്വീഡനിലേക്ക്‌ പോകാന്‍ വിമാന ടിക്കറ്റ്‌ ബുക്ക്‌ ചെയ്‌തു. അവാര്‍ഡ്‌ പ്രഖ്യാപനം നടക്കുന്നത്‌ നവംബറിലാണ്‌. പ്രഖ്യാപന ദിനം വരെയുള്ള പത്രങ്ങള്‍ രാമന്‍ അരിച്ചുപെറുക്കുമായിരുന്നു. പത്രത്തില്‍ വാര്‍ത്ത കണ്ടില്ലെങ്കില്‍ കോപാകുലനായി പത്രം വലിച്ചെറിയുന്ന ശീലവും അദ്ദേഹത്തിനുണ്ടായിരുന്നു.

നൊബേല്‍ പുരസ്‌ക്കാരം നേടിയതിനുശേഷം 1933 ല്‍ ബാംഗ്ലൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ സയന്‍സിന്റെ ഇന്ത്യക്കാരനായ ആദ്യ ഡയറക്‌ടറായി രാമന്‍ ചുമതലയേറ്റു. ആരോടും വിട്ടുവീഴ്‌ച ചെയ്യാത്ത സ്വഭാവമായിരുന്നു രാമന്റേത്‌. അത്‌ അദ്ദേഹത്തിന്‌ ഒട്ടേറെ ശത്രുക്കളെയുണ്ടാക്കി. ആരെയും അനുനയിപ്പിക്കനോ ശത്രുത അവസാനിപ്പിക്കാനോ രാമന്‍ ശ്രമിച്ചില്ല. 1933 ല്‍ കല്‍ക്കത്തയില്‍ നിന്ന്‌ ബാംഗ്ലൂരിലേക്ക്‌ രാമന്‍ ചേക്കേറിയത്‌ കല്‍ക്കത്തയുടെ നഷ്‌ടവും ബാംഗ്ലൂരിന്റെ നേട്ടവുമായി. 1930 കളുടെ തുടക്കം വരെ ആരാലും ശ്രദ്ധിക്കപ്പെടാതിരുന്ന ബാംഗ്ലൂര്‍ ഇന്ന്‌ ഇന്ത്യയുടെ ശാസ്‌ത്ര തലസ്ഥാനം എന്ന്‌ വിശേഷിപ്പിക്കപ്പെടുന്നുണ്ടെങ്കില്‍ അതിന്റെ കാരണം സി.വി. രാമന്റെ സാന്നിധ്യമാണ്‌. 1948 ല്‍ ഇന്ത്യന്‍ ഇന്‍സിറ്റ്യൂട്ട്‌ ഓഫ്‌ സയന്‍സില്‍ നിന്ന്‌ വിരമിച്ച രാമന്‍ അതിനുശേഷം ബാംഗ്ലൂരില്‍ രാമന്‍ റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ട്‌ സ്ഥാപിച്ചു. വിരമിക്കുന്നതുവരെ അദ്ദേഹം അതിന്റെ ഡയറക്‌ടറായി പ്രവര്‍ത്തിച്ചു. 1970 നവംബര്‍ 21 ന്‌ 82-ാമത്തെ വയസ്സില്‍ സി.വി രാമന്‍ അന്തരിച്ചു. രാമന്‍ റിസര്‍ച്ച്‌ ഇന്‍സ്‌ററിറ്റ്യൂട്ടിലാണ്‌ മൃതദേഹം സംസ്‌ക്കരിച്ചത്‌. അദ്ദേഹത്തിന്റെ ആഗ്രഹ പ്രകാരം യാതൊരു വിധത്തിലുമുള്ള മതപരമായ ചടങ്ങുകളും നടന്നില്ല.

⭕രാമന്‍ പ്രഭാവത്തില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നില്ല സി.വി രാമന്റെ ശാസ്‌ത്രജീവിതം. 1932 ല്‍ രാമന്‍ കണ്ടെത്തിയ ക്വാണ്ടം ഫോട്ടോണ്‍ സ്‌പിന്‍ പ്രകാശത്തിന്റെ ക്വാണ്ടം സ്വഭാവത്തിന്‌ അടിവരയിടുന്നതായിരുന്നു. ബനാറസ്‌ ഹിന്ദു സര്‍വകലാശാലയുടെ ശിലാസ്ഥാപനത്തില്‍ രാമന്‍ പങ്കെടുത്തിരുന്നു. ഗണിതശാസ്‌ത്രത്തിലും ഭൗതികശാസ്‌ത്രത്തിലുമുള്ള പുതിയ പാതകളേക്കുറിച്ച്‌ മൂന്ന്‌ ദിവസം അദ്ദേഹം പ്രഭാഷണം നടത്തി. തന്റെ മരണം വരെ ബനാറസ്‌ ഹിന്ദു സര്‍വകലാശാലയിലെ സ്ഥിരം വിസിറ്റിംഗ്‌ പ്രൊഫസര്‍ എന്ന സ്ഥാനവും അദ്ദേഹം അലങ്കരിച്ചു. ശബ്‌ദ തരംഗങ്ങളുമായി ബന്ധപ്പെട്ടുള്ള ഗവേഷണവും രാമന്റെ ഇഷ്‌ട വിഷയമായിരുന്നു. കമ്പനങ്ങള്‍കൊണ്ട്‌ ശബ്‌ദമുണ്ടാകുന്ന സംഗീത ഉപകരണങ്ങളിലാണ്‌ അദ്ദേഹം ഗവേഷണം നടത്തിയത്‌. രാമനും ശിഷ്യനായ നരേന്ദ്രനാഥും ചേര്‍ന്ന്‌ ശബ്‌ദതരംഗങ്ങളില്‍ പ്രകാശത്തിനുണ്ടാകുന്ന വിസരണത്തിന്റെ (Acousto-optic effect) സൈദ്ധാന്തിക വിശദീകരണം നല്‍കി. രാമന്‍-നാഥ്‌ തിയറി എന്നാണിത്‌ അറിയപ്പെടുന്നത്‌. ലേസറുമായി ബന്ധപ്പെട്ടുള്ള ഗവേഷണങ്ങളിലും രാമന്‍ ഏര്‍പ്പെട്ടിരുന്നു.

⭕അള്‍ട്രാസോണിക്‌, ഹൈപര്‍സോണിക്‌ ആവൃത്തികളിലുളള ശബ്‌ദതരംഗങ്ങളും എക്‌സ്‌-കിരണങ്ങളുമായുള്ള പ്രതിപ്രവര്‍ത്തനവും അവ ക്രിസ്റ്റലുകളില്‍ സൃഷ്‌ടിക്കുന്ന പ്രഭാവവുമായിരുന്നു രാമന്റെ മറ്റൊരു ഗവേഷണ വിഷയം. ക്വാണ്ടം ബലതന്ത്രത്തിന്‌ മാത്രം വഴങ്ങുന്ന പ്രതിഭാസമാണ്‌ പ്രഭാവം അഥവാ എഫക്‌ട്‌. ക്ലാസിക്കല്‍ ഫിസിക്‌സില്‍ എന്താണ്‌ പ്രഭാവമെന്ന്‌ വിശദീകരിക്കാന്‍ കഴിയില്ല. രാമന്റെ ഗവേഷണങ്ങളെല്ലാം ക്വാണ്ടം ബലതന്ത്രവുമായി ബന്ധപ്പെട്ടാണ്‌ നടന്നത്‌.

⭕ഇതിനിടെ ഒരു വ്യാവസായിക സ്ഥാപനം കൂടി രാമന്‍ സ്ഥാപിക്കുകയുണ്ടായി. 1943 ല്‍ ഡോ.കൃഷ്‌ണമൂര്‍ത്തിയുമായി ചേര്‍ന്ന്‌ ട്രാവന്‍കൂര്‍ കെമിക്കല്‍ ആന്റ്‌ മാനുഫാക്‌ചറിംഗ്‌ കമ്പനി ലിമിറ്റഡ്‌ (TCM Limited) രാമന്‍ സ്ഥാപിച്ചു. തീപ്പെട്ടി വ്യവസായത്തിന്‌ ആവശ്യമായ പൊട്ടാസ്യം ക്ലോറേറ്റിന്റെ നിര്‍മാണമാണ്‌ ഈ സ്ഥാപനത്തില്‍ നടന്നത്‌. പിന്നീട്‌ കമ്പനിയുടെ നാല്‌ യൂണിറ്റുകള്‍ കൂടി ദക്ഷിണേന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കാനാരംഭിച്ചു. ക്രിസ്റ്റല്‍ ഡൈനമിക്‌സ്‌, കൊളോയ്‌ഡുകളുമായി ബന്ധപ്പെട്ട പ്രഭാവങ്ങള്‍, മാഗ്നറ്റിക്‌ അനൈസോട്രോപി, മനുഷ്യ നേത്രത്തിന്റെ പ്രകാശ സംവേദനം, ഇറിഡിസന്‍സ്‌ തുടങ്ങിയ മേഖലകളിലെ ഗവേഷണങ്ങളിലും ഇതിനകം രാമന്‍ തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു.

⭕സി.വി രാമന്‌ നൊബേല്‍ പുരസ്‌ക്കാരം ലഭിച്ചതു സംബന്ധിച്ച്‌ ചില വിവാദങ്ങളുമുണ്ടായിട്ടുണ്ട്‌. റഷ്യന്‍ ശാസ്‌ത്രജ്ഞരായ ലാന്‍ഡ്‌സ്‌ബെര്‍ഗും മാന്‍ഡല്‍സ്റ്റമും 1928 ല്‍ തന്നെ പ്രകാശത്തിന്റെ സവിശേഷ സ്വഭാവത്തേക്കുറിച്ച്‌ ഗവേഷണം നടത്തുകയും പ്രബന്ധം സമര്‍പ്പിക്കുകയും ചെയ്‌തിരുന്നു. എന്നാല്‍ നൊബേല്‍ പുരസ്‌ക്കാര സമിതി അവരെ പരിഗണിക്കാതെ സി.വി രാമന്‌ മാത്രമായി പുരസ്‌ക്കാരം നല്‍കുകയാണുണ്ടായത്‌. എന്നാല്‍ പുരസ്‌ക്കാര സമിതി ഇതിന്‌ ന്യായീകരണം നല്‍കുന്നുണ്ട്‌. ഒന്നാമതായി റഷ്യന്‍ ശാസ്‌ത്രജ്ഞര്‍ ഈ പ്രഭാവം കണ്ടെത്തിയത്‌ ക്രിസ്റ്റലുകളില്‍ മാത്രമാണ്‌. എന്നാല്‍ രാമനും കെ.എസ്‌. കൃഷ്‌ണനും ദ്രാവകങ്ങളിലും വാതകങ്ങളിലും ഖര പദാര്‍ഥങ്ങളിലും ഈ പ്രഭാവം നടക്കുന്നുണ്ടെന്ന്‌ തെളിയിച്ചു. ഇത്‌ പ്രകാശത്തിന്റെ സ്വാഭാവികവും പ്രാപഞ്ചികവുമായ ഒരു സവിശേഷതയാണെന്ന്‌ തെളിയിക്കാന്‍ കഴിഞ്ഞതും സി.വി രാമനാണ്‌. മാത്രവുമല്ല റഷ്യന്‍ ശാസ്‌ത്രജ്ഞര്‍ അവരുടെ പ്രബന്ധം അവതരിപ്പിച്ചപ്പോള്‍ റഫറന്‍സ്‌ ആയി രാമന്റെ ഗവേഷണ പ്രബന്ധം ഉപയോഗിക്കുന്നതായി സൂചിപ്പിക്കുന്നുണ്ട്‌. രാമന്‍ രേഖകളും ഇന്‍ഫ്രാറെഡ്‌ രേഖകളും തമ്മിലുണ്ടാകാവുന്ന അനിശ്ചിതത്വം (The Uncertainty) വിവരിക്കുന്നതിനും റഷ്യന്‍ ശാസ്‌ത്രജ്ഞര്‍ക്ക്‌ കഴിഞ്ഞില്ല. രാമന്‍ സ്വീകരിച്ച പരീക്ഷണ രീതി തന്മാത്രാ ഭൗതികത്തിലെ വിവിധ മേഖലകളില്‍ പ്രയോജനപ്പെടുത്താന്‍ കഴിയുന്നതാണ്‌. അണുകേന്ദ്ര ഭൗതികത്തിലും (Nuclear Physics) ക്വാണ്ടം സ്വഭാവമായ സ്‌പിന്‍ (quantum spin) വിശദീകരിക്കുന്നതിലും രാമന്റെ സമീപനമാണ്‌ വിജയിക്കുന്നത്‌. അതുകൊണ്ടുതന്നെയാണ്‌ നൊബേല്‍ പുരസ്‌ക്കാരം മൂന്ന്‌ ശാസ്‌ത്രജ്ഞര്‍ക്ക്‌ വിഭജിച്ചു നല്‍കാതെ രാമന്‌ മാത്രമായി സമ്മാനിക്കാന്‍ പുരസ്‌ക്കാര സമിതി തീരുമാനിച്ചത്‌.

⭕വലിയൊരു ബൗദ്ധിക സംവാദത്തിനും രാമന്റെ ജീവിതത്തില്‍ ഇടമുണ്ടായി. ബൗദ്ധിക സംവാദത്തിലുപരി രാഷ്‌ട്രീയപരവും വ്യക്തിപരവുമായ പ്രശ്‌നങ്ങളിലേക്കും ഈ സംവാദം വാതില്‍ തുറന്നു. ലാറ്റിസ്‌ ഡൈനമിക്‌സുമായി ബന്ധപ്പെട്ട്‌ രാമന്‍ അവതരിപ്പിച്ച ഒരു സിദ്ധാന്തമാണ്‌ സംവാദത്തിന്‌ തുടക്കം കുറിച്ചത്‌. അത്‌ മാക്‌സ്‌ ബോണിന്റെ തെര്‍മല്‍ തിയറിയില്‍ നിന്ന്‌ വ്യത്യസ്‌തമായിരുന്നു. ക്വാണ്ടം ഭൗതികജ്ഞനായ മാക്‌സ്‌ ബോണും പീറ്റര്‍ ഡിബൈയും ചേര്‍ന്ന്‌ അവതരിപ്പിച്ച തെര്‍മല്‍ തിയറി ഉപയോഗിച്ചായിരുന്നു അതുവരെ ഈ പ്രഭാവം വിശദീകരിപ്പെട്ടിരുന്നത്‌. ഈ സമീപനത്തെയാണ്‌ രാമന്റെ സിദ്ധാന്തം ചോദ്യം ചെയ്‌തത്‌. രാമന്‌ പിന്‍തുണ നല്‍കിയത്‌ ഇന്ത്യയില്‍ നിന്നുള്ള ശാസ്‌ത്രജ്ഞരും ബാംഗ്ലൂരിലെ സഹപ്രവര്‍ത്തകരും മാത്രമായിരുന്നു. എന്നാല്‍ ബോണിന്റെ ബന്ധങ്ങള്‍ അദ്ദേഹത്തിന്‌ ലോക ശാസ്‌ത്രസമൂഹത്തിന്റെ പിന്‍തുണ നേടിക്കൊടുത്തു 1940 കളില്‍ ഇംഗ്ലണ്ടിലെ ഭൗതിക ശാസ്‌ത്രജ്ഞര്‍ പോലും ബോണിന്റെ സിദ്ധാന്തത്തില്‍ കാര്യമായ താത്‌പര്യം കാണിച്ചിരുന്നില്ല. എങ്കിലും ശാസ്‌ത്ര സമൂഹത്തിന്റെ വലിയ പിന്‍തുണയുണ്ടായിരുന്നതു കൊണ്ട്‌ സംവാദത്തില്‍ മാക്‌സ്‌ ബോണിനായിരുന്നു മുന്‍തൂക്കം ലഭിച്ചത്‌. മാക്‌സ്‌ ബോണിന്റെ ഇന്ത്യാ സന്ദര്‍ശനത്തില്‍ സി.വി രാമന്‍ താത്‌പര്യം കാണിച്ചില്ലെന്നുമാത്രമല്ല അത്‌ ശാസ്‌ത്രലോകത്തിന്‌ ഒരു നേട്ടവുമുണ്ടാക്കാതെ ഒരു ചടങ്ങുമാത്രമായിത്തീര്‍ന്നതും ചരിത്രമാണ്‌.

⭕സി.വി രാമന്റെ പേരില്‍ നിരവധി സ്ഥാപനങ്ങളും പാതകളും ആശുപത്രികളും രാജ്യത്തെമ്പാടുമുണ്ട്‌. കണിശക്കാരനായ അധ്യാപകന്‍, സൂക്ഷ്‌മതയുള്ള ഗവേഷകന്‍, ലളിത ജീവിതം നയിച്ച ശാസ്‌ത്രജ്ഞന്‍, വിദഗ്‌ധനായ വാഗ്മി എന്നിങ്ങനെ വിശേഷണങ്ങളേറെയുള്ള പ്രതിഭയാണ്‌ രാമന്‍. അദ്ദേഹത്തേപ്പോലെയുള്ള ശാസ്‌ത്രകാരന്മാരാണ്‌, അധ്യാപകരാണ്‌ നമ്മുടെ നാടിനും ലോകത്തിനും ആവശ്യമുള്ളത്‌. മിത്തുകളുടെയും മത വിശ്വാസങ്ങളുടെയും പേരില്‍ ശാസ്‌ത്ര തത്വങ്ങളെ വളച്ചൊടിക്കുന്ന കപട ശാസ്‌ത്രജ്ഞരെയല്ല നമുക്കാവശ്യം. അത്തരം കപട ശാസ്‌ത്രജ്ഞരെ പ്രോത്സാഹിപ്പിക്കുന്ന ഒരു സമൂഹം ഇവിടെ വളര്‍ന്നു വരുന്നത്‌ ഭയത്തോടെ മാത്രമേ കാണാന്‍ കഴിയൂ.