കൊതുക് കുത്തുമ്പോൾ അവിടെ ചൊറിച്ചിൽ വരുന്നത് എന്തുകൊണ്ട്..?

Simple Science Technology

കൊതുക് കുത്തുമ്പോൾ അവിടെ ചൊറിച്ചിൽ വരുന്നത് എന്തുകൊണ്ട്..?

⚛️⚛️⚛️⚛️⚛️⚛️⚛️⚛️⚛️

✍️: ഡോ. അബേഷ് രഘുവരൻ

⭕കൊതുകുകൾക്ക് ചോര വേണമെങ്കിൽ അങ്ങ് കുടിച്ചിട്ട് പോയാൽ പോരെ? എന്തിനാ വെറുതെ ഒരുമാതിരി ചൊറിച്ചിൽ ഉണ്ടാക്കുന്ന പൊടികൂടി വിതറിയിട്ടുപോകുന്നത്? ചോദ്യം ന്യായമാണ്. കൊതുകു കടിച്ചാൽ ആ ഭാഗത്ത് ചൊറിച്ചിൽ വരും. അവിടമാകെ തടിച്ചു വീർക്കുകയും ചെയ്യും. എന്താണ് ഈ ചൊറിച്ചിലിന്റെ ഗുട്ടൻസ്?

⭕വാസ്തവത്തിൽ കൊതുകുകൾ നമ്മളെ കുത്തുകയല്ല ചെയ്യുന്നത്. അവർ അവരുടെ പ്രോബോസിസ് (Proboscis) എന്ന സ്ട്രോ പോലെയുള്ള അവയവം ഉപയോഗിച്ചുകൊണ്ട് രക്തം വലിച്ചുകുടിക്കുകയാണ് ചെയ്യുന്നത്. ഈ പ്രോബോസിസിന് ആറ് ഭാഗങ്ങളാണുള്ളത്. ഇവയിൽ നാലെണ്ണം ഉപയോഗിച്ച് നമ്മുടെ ത്വക്കും രക്തക്കുഴലുകളും തുളയ്ക്കുകയും അതിലെ കോശങ്ങളെ വിടർത്തുകയും ചെയ്യുന്നു. അതിനുശേഷം അഞ്ചാമത്തെ ഭാഗമായ 'ഹൈപ്പോഫാരിങ്സ്' (Hypo pharynx) ഉപയോഗിച്ച് നമ്മുടെ ശരീരത്തിലേക്ക് രക്തം കട്ടപിടിക്കാതിരിക്കുവാനുള്ള ഒരു ആന്റികൊയാഗുലന്റ് (Anticoagulant) അടങ്ങിയിരിക്കുന്ന ഉമിനീർ പകരുന്നു. അതുമൂലം ആ ഭാഗത്തെ രക്തം കട്ടപിടിക്കാതെ ഇരിക്കുകയും, പ്രോബോസിസിലെ ആറാമത്തെ ഭാഗമായ ലേബ്രം(Labrum) ഉപയോഗിച്ച് രക്തം വളരെ അനായാസമായി വലിച്ചെടുക്കുവാനുമാകുന്നു. 

⭕ഇനിയാണ് നമ്മുടെ ശരീരത്തിന്റെ പ്രവർത്തനം തുടങ്ങുന്നത്. ശരീരം ആ ആന്റികൊയാഗുലന്റിനെ ഒരു അക്രമണകാരിയായി കണക്കാക്കുകയും അതിനെതിരെ ഹിസ്റ്റമിൻ (Histamin) ഉൽപാദിപ്പിക്കുകയും ചെയ്യുന്നു. ഈ ഹിസ്റ്റമിൻ രക്തക്കുഴലുകളെ വികസിപ്പിക്കുകയും അതുവഴി കൂടുതൽ പ്രതിരോധഭടന്മാർ (Immune Cells) എത്തുകയും ഇതിനെതിരെ പൊരുതുകയും ചെയ്യുന്നു. ഇതുവഴി ആ ഭാഗം സുഖപ്പെടുമെങ്കിലും ഹിസ്റ്റമിന്റെ സാന്നിധ്യം ഉള്ളതിനാൽ അവിടെ ചൊറിച്ചിൽ അനുഭവപ്പെടുന്നു. അതായത് നമ്മുടെ ശരീരത്തിൽ തന്നെ ഉൽപാദിപ്പിക്കുന്ന ഹിസ്റ്റമിൻ ആണ് കൊതുക് കടിച്ച ഭാഗത്ത് ചൊറിച്ചിലിന് കാരണമാകുന്നത് എന്നർഥം. പാവം കൊതുകിനെ നാം സംശയിച്ചത് വെറുതേ ആയി അല്ലേ!!

⭕കൂടാതെ, കൊതുകുകൾക്ക് വിശന്നിട്ടാണ് രക്തം കുടിക്കുന്നതെന്ന് നാം കരുതുന്നുണ്ടാവും. എന്നാൽ കൊതുകുകൾ ഭക്ഷണമായിട്ടല്ല രക്തം കുടിക്കുന്നത്. പിന്നെയോ? അവയുടെ പ്രത്യുൽപാദനത്തിന് വേണ്ടി എന്ന് ചുരുക്കിപ്പറയാം. അതായത്, അവയുടെ മുട്ടകൾക്ക് ആവശ്യമായ പോഷകങ്ങൾ നേടുവാൻ വേണ്ടിയാണ് അവർ ഇങ്ങനെ ചെയ്യുന്നത്. രക്തം അമിനോ അമ്ലങ്ങളുടെയും, മാംസ്യത്തിന്റെയുമൊക്കെ നല്ല സ്രോതസ്സ് ആണല്ലോ. അതുകൊണ്ടുതന്നെ പെൺകൊതുകുകൾ മാത്രമേ മറ്റുള്ളവരുടെ രക്തം കുടിക്കാറുള്ളൂ. ആൺകൊതുകുകൾ രക്തം കുടിക്കാറില്ല. മാത്രമല്ല, കൊതുകുകൾ അവരുടെ ആഹാരത്തിനായി ജലം, പൂവുകളിലെ തേൻ, ചെടിയുടെ സ്രവം എന്നിവയെയൊക്കെയാണ് ആശ്രയിക്കുന്നത്.