ന്യൂറാലിങ്ക്

Simple Science Technology

ന്യൂറാലിങ്ക് ഒരുക്കുന്ന അത്ഭുതലോകവും മായക്കാഴ്ചകളും

⭕ജൈവശാസ്ത്രപരമായി ഏറ്റവും സങ്കീര്‍ണ നിര്‍മിതികളിലൊന്നാണ് മനുഷ്യ മസ്തിഷ്‌കം. ഇന്നും മുഴുവനായി പിടികിട്ടിയിട്ടില്ലാത്ത തലച്ചോറില്‍ വലിയ ഇടപെടല്‍ നടത്താനാകുമോ എന്ന പരീക്ഷണങ്ങളിലാണ് ന്യൂറോസയന്‍സ്. പ്രായമായവരിലും മറ്റും കണ്ടുവരുന്ന ടിനിറ്റസ് എന്ന തുടര്‍ച്ചയായി ചെവിയില്‍ മൂളല്‍ കേള്‍ക്കുന്ന രോഗാവസ്ഥ ന്യൂറലിങ്ക് വഴി ഭേദമാക്കാനാകുമെന്ന് അവകാശപ്പെട്ടിരിക്കുകയാണ് ഇലോണ്‍ മസ്‌ക്.

മസ്തിഷ്‌കത്തില്‍ ആകെ 85 ബില്യണ്‍ ന്യൂറോണുകളും അവക്കിടയില്‍ 100 ട്രില്യണ്‍ ബന്ധങ്ങളുമുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഇത് പ്രപഞ്ചത്തോട് ഉപമിക്കുകയാണെങ്കില്‍ ക്ഷീരപഥത്തിലെ 400 ബില്യണ്‍ നക്ഷത്രങ്ങള്‍ക്ക് തുല്യമാണ് എണ്ണത്തിലെന്ന് പറയേണ്ടി വരും.

⭕ഇലോണ്‍ മസ്‌കിന്റെ സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ന്യൂറലിങ്ക് കംപ്യൂട്ടറിനും തലച്ചോറിനും ഇടയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ന്യൂറോപ്രോസ്‌തെറ്റിക് ഉപകരണം കണ്ടെത്തിയിട്ടുണ്ട്. ഈ ചിപ് അഞ്ചുവര്‍ഷത്തിനകം ടിനിറ്റസ് ഭേദമാക്കാന്‍ സഹായിക്കുമെന്നാണ് മസ്‌ക് ട്വീറ്റു ചെയ്തിരിക്കുന്നത്. 

???? എന്താണ് ന്യൂറലിങ്ക്?

ഒരു നാണയത്തിന്റെ വലുപ്പമുള്ള ചിപ് തലയോട്ടിക്കും തലച്ചോറിനും ഇടയില്‍ ശസ്ത്രക്രിയയിലൂടെ സ്ഥാപിക്കുകയാണ് ചെയ്യുന്നത്. തലച്ചോറിലെ ന്യൂറോണുകളുമായി ഇതിന്റെ ആയിരക്കണക്കിന് നാരുകള്‍ നേരിട്ട് ബന്ധിപ്പിച്ചിരിക്കും. തലമുടിയുടെ നാലിലൊന്ന് കനം മാത്രമാണ് ഓരോ നാരിനും ഉള്ളത്. തലച്ചോറില്‍ ഘടിപ്പിച്ച ഈ ഉപകരണം പുറത്തുള്ള കംപ്യൂട്ടറുമായി ബ്ലൂടൂത്ത് സാങ്കേതികവിദ്യയിലൂടെ ബന്ധിപ്പിക്കും. നാഡികളുമായി ബന്ധപ്പെട്ട അസുഖങ്ങള്‍ പരിഹരിക്കാന്‍ ന്യൂറലിങ്ക് ഉപകരണങ്ങള്‍ സഹായിക്കുമെന്നാണ് പ്രതീക്ഷ. മറവിരോഗം, നട്ടെല്ലിനുണ്ടാകുന്ന ആഘാതത്തെ തുടര്‍ന്ന് അരക്കു താഴെ തളരുന്ന അവസ്ഥ, കൈകാലുകള്‍ തളര്‍ന്ന അവസ്ഥ, അപസ്മാരം എന്നിവയ്ക്ക് ഇതുവഴി പരിഹാരമാകുമെന്നും ഇലോണ്‍ മസ്‌ക് അവകാശപ്പെട്ടിരുന്നു. ഇംപ്ലാന്റബിൾ ബ്രെയിൻ-മെഷീൻ ഇന്റർഫേസുകൾ (ബി‌എം‌ഐ) വികസിപ്പിച്ചെടുക്കുന്ന എലോൺ മസ്‌കും മറ്റുള്ളവരും ചേർന്ന് സ്ഥാപിച്ച ഒരു അമേരിക്കൻ ന്യൂറോ ടെക്നോളജി കമ്പനിയാണ് ന്യൂറലിങ്ക് കോർപ്പറേഷൻ. 

⭕ഈ വര്‍ഷം തന്നെ മനുഷ്യന്റെ തലച്ചോറില്‍ ന്യൂറലിങ്കിന്റെ ചിപ്പ് ഘടിപ്പിക്കുമെന്ന് ഇലോണ്‍ മസ്‌ക്. ശരീരം തളര്‍ന്നു കിടക്കുന്നവര്‍ക്ക് പുതിയ ജീവിതം നല്‍കുന്നതായിരിക്കും ഈ നീക്കമെന്ന പ്രതീക്ഷയും ഒരു ജേണലിന് നല്‍കിയ അഭിമുഖത്തില്‍ മസ്‌ക് പ്രതീക്ഷ പ്രകടിപ്പിച്ചു. അമേരിക്കന്‍ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ (FDA) അനുമതി ലഭിക്കുന്ന മുറക്ക് ഈ ലക്ഷ്യവും നേടാനാകുമെന്നാണ് മസ്‌ക് കരുതുന്നത്. 

⭕കുരങ്ങില്‍ കൃത്യമായി പ്രവര്‍ത്തിക്കുന്ന ന്യൂറലിങ്ക് നമുക്കുണ്ട്. ഇത് സുരക്ഷിതവും വിശ്വസിക്കാവുന്നതുമായ സാങ്കേതികവിദ്യയാണെന്ന് നിരവധി പരീക്ഷണങ്ങളിലൂടെ ഞങ്ങള്‍ ആവര്‍ത്തിച്ചുറപ്പിക്കുന്നുണ്ട്. ആവശ്യമുള്ളപ്പോള്‍ ന്യൂറലിങ്ക് ചിപ്പുകളെ എടുത്തുമാറ്റുകയും ചെയ്യാം' എന്നും മസ്‌ക് പറഞ്ഞു.

⭕നട്ടെല്ലിന് ക്ഷതമേറ്റവരേയും ശരീരം തളര്‍ന്നു കിടക്കുന്നവരേയുമെല്ലാം ന്യൂറലിങ്ക് ചിപ്പുകള്‍ സഹായിക്കുമെന്നാണ് കരുതുന്നത്. അവരുടെ ആവശ്യങ്ങള്‍ മറ്റുള്ളവരെ അറിയിക്കാനും ഇതിലൂടെ കൂടുതല്‍ സ്വാതന്ത്ര്യം ലഭിക്കാനും ഈ ചിപ്പ് സാങ്കേതികവിദ്യ സഹായിക്കും. ഇതിനിടെ വേഗത്തില്‍ തങ്ങള്‍ക്ക് അനുമതി നല്‍കാത്ത എഫ്ഡിഎക്കെതിരെയും മസ്‌ക് തിരിഞ്ഞിരുന്നു. എഫ്ഡിഎയുടെ നിലവാരത്തേക്കാള്‍ ആധുനികമാണ് തങ്ങളുടെ സാങ്കേതികവിദ്യയും നിലവാരവുമെന്നായിരുന്നു മസ്‌കിന്റെ വിമര്‍ശനം. ന്യൂറലിങ്ക് വഴിയുള്ള സാധ്യതകള്‍ അനന്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു.

⭕ഗുരുതരമായ മസ്തിഷ്ക രോഗങ്ങളെ ഹ്രസ്വകാലത്തേക്ക് ചികിത്സിക്കാൻ വേണ്ടി ഉപകരണങ്ങൾ നിർമ്മിക്കാൻ കമ്പനി ലക്ഷ്യമിടുന്നുവെന്ന് 2017 ഏപ്രിലിൽ വെയിറ്റ് ബട്ട് വൈ എന്ന ബ്ലോഗ് റിപ്പോർട്ടുചെയ്തു, മനുഷ്യന്റെ കഴിവിനെ ഉപകരണ സഹായത്താൽ കൂടുതൽ മെച്ചപ്പെടുത്തുകയാണ് ഇതിന്റെ അന്ത്യമലക്ഷ്യം, ചിലപ്പോൾ ഇതിനെ ട്രാൻസ്‌ഹുമനിസം എന്ന് വിളിക്കപ്പെടുന്നു.


വരുന്നു, മായക്കാഴ്ചകളുടെ ലോകം!

Courtesy : (അനൂപ് നായർ)

⭕ കൈവിട്ട കളിയുമായാണ് ടെസ്‌ല കമ്പനി വരുന്നത്. ന്യൂറാലിങ്ക് ആണ് കഥാപാത്രം. പറയുമ്പോൾ ഒരു ചെറിയ മെഡിക്കൽ ഉപകരണം. പേര് ന്യൂറാലിങ്ക്. തലയോട്ടിയിൽ ഒരു ചെറിയ ദ്വാരം ഉണ്ടാക്കി നിയന്ത്രണ ഉപകരണ (ഫോണ് ആകാം, മെഡിക്കൽ ഡിവൈസ് ആകാം) വുമായി ബ്ലൂടൂത്തിൽ കണക്ട് ചെയ്ത്, തലച്ചോറിനോട് ചേർന്നു സ്ഥാപിക്കും. ഈ പരിപാടി നിലവിലുള്ള ഡോക്ടർമാർ ചെയ്താൽ കൃത്യത കുറയും എന്നുള്ളത് കൊണ്ടു അതിനു വേണ്ടി ഒരു കുഞ്ഞൻ റോബോട്ടിനെയും ഉണ്ടാക്കി കഴിഞ്ഞു. ഒരു കസേരയിൽ റോബോട്ടിന്റെ മുന്നിൽ ഇരുന്നാൽ ആളെ പരിശോധിച്ചു ആവശ്യമായ അളവിൽ അനസ്‌തേഷ്യ നൽകി അതീവ സൂക്ഷ്മതയോടെ ന്യൂറാലിങ്കും സ്ഥാപിച്ചു എല്ലാം ചെക്ക് ചെയ്തു ഉറപ്പു വരുത്തി തട്ടിയെണീപ്പിച്ചു വിടും. എല്ലാം കൂടി 30 മിനുറ്റ്. വേറെ പരിപാടിയൊന്നുമില്ല. ഫോണുമായി കണക്ട് ചെയ്തു നേരെ വീട്ടിൽ പോകാം.

ആ ന്യൂറാലിങ്കിന് ഇനി അയാളുടെ ഇന്ദ്രിയങ്ങളിൽ നിന്നുള്ള സിഗ്നൽ പിടിച്ചെടുക്കുകയും അതിൽ മാറ്റം വരുത്താനും കഴിയും. ഇനി വേണമെങ്കിൽ ആ സിഗ്നലുകളെ തടഞ്ഞു പൂർണ്ണമായി പുതിയ സിഗ്നലുകൾ പകരം അയക്കാനും സാധിക്കും. അതു പോലെ തിരിച്ചും. തലച്ചോറിൽ നിന്നും ഇന്ദ്രിയങ്ങളിലേക്ക് പോകുന്ന സിഗ്നലുകൾക്കും മാറ്റം വരുത്താൻ ഇവന് ബുദ്ധിമുട്ടില്ല. കാലുകൾ തളർന്നു കിടക്കുന്ന ഒരാളുടെ കാലിലേക്ക് തലച്ചോർ സിഗ്നലുകൾ അയക്കാതെ ഇരിക്കുന്ന അവസ്ഥകൾ ഉണ്ട്. തലച്ചോറിന് പകരം ഈ കുഞ്ഞൻ അതേ സിഗ്നലുകൾ അയച്ചാൽ കാലുകൾ അനങ്ങും. ഇതാണ് മെഡിക്കൽ തലത്തിൽ ഉള്ള ഗുണം. ഇതിന്റെ അടിസ്ഥാനത്തിൽ ആണ് അമേരിക്ക ലൈസൻസ് നൽകാൻ ഇരിക്കുന്നത്. 

പക്ഷെ ഇതിൽ ഒതുങ്ങി നിൽക്കുമോ ഇവന്റെ ഉപയോഗം? ഇതിന് തലച്ചോറിൽ ഇരുന്നു കൊണ്ടു ചെയ്യാൻ കഴിയുന്ന വാണിജ്യപരമായിട്ടുള്ള കാര്യങ്ങൾ മറ്റെന്തൊക്കെ ആണ്? തുടർന്ന് വായിക്കൂ. ഇതേ കമ്പനി മുമ്പ് ഇതേ രീതിയിൽ ഉള്ള കേൾവി ഉപകരണം ഉണ്ടാക്കാൻ ശ്രമിച്ചിരുന്നു. അതായത് കേൾവി ഇല്ലാത്ത ഉള്ള ആൾക്ക് ഫോൺ വന്നാൽ ഇതേപോലുള്ള തലയിൽ സ്ഥാപിച്ച ഉപകരണത്തിലേക്ക് ഫോണ് ശബ്ദം ബ്ലൂട്ടൂത് വഴി എത്തിക്കുന്നു. അത് തലച്ചോറിലേക്ക് ചെവിയിൽ നിന്നു വരുന്ന സിഗ്നലുകൾ എത്തുന്ന അതേ നാഡീകളിലേക്ക് കൊടുക്കുമ്പോൾ അയാൾക്ക് യഥാർത്ഥത്തിൽ അയാൾക്ക്‌ ചുറ്റും നിന്നും ശബ്ദം വരുന്ന തോന്നൽ ഉണ്ടാവുകയും ചെയ്യുന്നു. ഇടതും വലതും ചെവിയുടെ ശബ്ദങ്ങൾ വേണ്ട രീതിയിൽ മാറ്റം വരുത്തിയാൽ ശബ്ദം വരുന്ന ദിശ പോലും തലച്ചോറിനെ തെറ്റിദ്ധരിപ്പിക്കാൻ കഴിയുന്നു എന്നതാന് പ്രധാന കാര്യം. ഇനി വരുന്ന ശബ്ദത്തിനു ബാസ്സ് കൂട്ടുകയോ ഒക്കെ ആകണമെങ്കിലും പ്രയാസം ഇല്ല. മൊത്തത്തിൽ പറഞ്ഞാൽ നമ്മുടെ ചുറ്റുപാടുകളിലെ ശബ്ദ ലോകത്തിലെ യാഥാർഥ്യവും മിഥ്യയും നമുക്ക് തിരിച്ചറിയാനാവാത്ത അവസ്ഥയിലേക്ക് ആണ് വീഴുന്നത്.

ചെവി മാത്രം ചെയ്തപ്പോൾ ഇത്രയും ആയെങ്കിൽ കണ്ണും കൂടി വന്നാലോ? അതാണ് ഇപ്പോഴത്തെ ന്യൂറാലിങ്ക്. ഒറിജിനൽ പഞ്ചേന്ദ്രിയങ്ങളിൽ നിന്നുള്ള സിഗ്നലുകളെ മാറ്റി മറിച്ചു നമുക്ക് ചുറ്റും മറ്റൊരു മായാ ലോകം (simulated world) സൃഷ്ടിക്കപ്പെടുന്നു. ഇതേ വെർച്വൽ ലോകം ഭാഗികമായും സൃഷ്ടിക്കാം എന്നു വരുമ്പോഴാണ് പ്രശ്‌നങ്ങൾ രൂക്ഷമാകുന്നത്. കാഴ്ചകളിൽ ഉള്ള യാഥാർഥ്യ വസ്തുക്കളും മായാ വസ്തുക്കളും തിരിച്ചറിയാൻ കഴിയില്ല എന്ന സത്യം മനസ്സിലാക്കുമ്പോൾ ആണ് ഇതിന്റെ ഗുണങ്ങളും അപകടങ്ങളും മനസ്സിലാവുന്നത്. നമുക്ക് വിശദമായി നോക്കാം.

നൂറോ ഇരുന്നൂറോ ഒന്നും വേണ്ട വെറും പത്തു കൊല്ലം മതി ന്യൂറോലിങ്ക് അനുവദിച്ചാൽ വ്യാപകമാകാൻ. ഇതു പ്രവർത്തിപ്പിക്കാനുള്ള ഡാറ്റ ഒരു തരിപോലും ഉണ്ടാക്കേണ്ടതില്ല എന്നുള്ളതാണ് ഏറ്റവും വലിയ നേട്ടം. ഇപ്പോൾ ഇന്റർനെറ്റിൽ ആപ്പ് ആയും പ്രോഗ്രാമിങ് ലൈബ്രറികൾ ആയും കിടക്കുന്ന സാധനങ്ങൾ മാത്രം മതിയാകും. തലച്ചോറുമായുള്ള ഒരു ഇന്റർഫേസ് മാത്രം ആണ് ഇപ്പോൾ ഇല്ലാത്തത്. അതാണ് ഈ ഐറ്റം.

നിങ്ങളുടെ തലയിൽ ന്യൂറാലിങ്ക് സ്ഥാപിച്ചിരിക്കുകയാണെന്നു സങ്കൽപ്പിക്കുക. ഇപ്പോൾ നിങ്ങൾക്ക് കൂടെ ലഭിച്ചിരിക്കുന്ന ഫീച്ചറുകൾ ആണ് താഴെ.

⭕ സെന്സറി എൻഹാൻസ്‌മെന്റ്

⭕ സെന്സറി ഡാറ്റാ മാനിപ്പുലേഷൻ

⭕ സെന്സറി ഡാറ്റാ ക്രിയേഷൻ

⭕ സെന്സറി കൺട്രോൾ

⭕ സെന്സറി ഷെയറിങ്

നിങ്ങളുടെ നിത്യ ജീവിതത്തിൽ ഇതൊക്കെ വന്നാൽ എന്തൊക്കെ സംഭവിക്കും എന്നുള്ള ചിന്ത പങ്കുവെക്കാം.

2032 മാർച്ചിലെ ഒരു ശനിയാഴ്ച. നിങ്ങൾ കോഴിക്കോട് ബീച്ചിൽ പോകുന്നു. കുടുംബവും കുട്ടികളും ഒക്കെയുണ്ട്. എല്ലാവരും കഴിഞ്ഞ ആഴ്ച പോയി ന്യൂറോലിങ്ക് ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്. 

ബീച്ചിൽ എത്തി അസ്തമയം ആസ്വദിക്കാൻ കടൽത്തീരത്തേക്ക് നടന്നെത്തുന്നു. മുമ്പൊന്നും കാണാത്ത അതിഗംഭീരമായ ഭംഗി അസ്തമയത്തിന്. ചുറ്റും നല്ല സുഖമുള്ള തണുപ്പും. ആലോചിച്ചപ്പോൾ ആണ് മനസിലായത്, ന്യൂറാലിങ്ക്, ബീച്ച് ആണെന്ന് സീൻ ഡിറ്റക്ഷൻ വഴി മനസിലാക്കി നല്ല കളർ ഫിൽറ്ററുകൾ കണ്ണിലെ സിഗ്നലിൽ ലോഡ് ചെയ്തിരിക്കുകയാണ്. തണുപ്പ് വന്നത് ന്യൂറാലിങ്കിന്റെ ഓട്ടോ ക്ലയമേറ്റ് കണ്ട്രോൾ വഴിയും. അടിപൊളി സെറ്റപ്പ്. കണ്ണിൽ നിന്നുള്ള സിഗ്നലുകൾ നിയന്ത്രിക്കുന്നത് ഭാഗികമായി ഇപ്പോൾ ന്യൂറാലിങ്ക് ആണ്. ഇതാണ് സെന്സറി എൻഹാൻസ്‌മെന്റ്.

ബീച്ചിൽ നിന്നും തിരിച്ചു കാറിലേക്ക് നടക്കുന്നു. നല്ല പൊറോട്ടയുടെ മണം നിറയുന്നു. ബീഫും. കുട്ടികൾ കഴിക്കാൻ കൊതിയായി ചെറുതായി ബഹളം വെച്ചു തുടങ്ങുന്നു. നോക്കിയപ്പോൾ ഇലക്ട്രിക് പോസ്റ്റിൽ ഹോട്ടൽ പാരഗണിന്റെ പരസ്യം. അതിലേക്ക് നോക്കുമ്പോൾ ആണ് മണം നിറയുന്നത്. കൊള്ളാം. വെറുതെയല്ല ന്യൂറോലിങ്ക് സൗജന്യമായി ഇൻസ്റ്റാൾ ചെയ്തു തന്നത്. ഉഗ്രൻ പരസ്യം അല്ലെ. പിള്ളേരെയും കൂട്ടി ഒരു വിധത്തിൽ രക്ഷപെട്ടു പോകുന്നു. ബീച്ചിൽ പാനിപുരി വിൽക്കുന്ന തട്ടുകടയിൽ ബംഗാളി ഇന്ന് വെള്ള തിളങ്ങുന്ന വൃത്തിയുള്ള ഷെഫ്മാരുടെ വേഷമൊക്കെ ധരിച്ചു തൊപ്പിയൊക്കെ ധരിച്ചു നിൽക്കുന്നു. ന്യൂറാലിങ്ക് ഒന്നു ഓഫ്‌ ചെയ്തു നോക്കിയെപ്പോൾ ദേ പഴയ ബംഗാളി പാൻപരാഗിന്റെ കറ പിടിച്ച ഉടുപ്പും പല്ലും ഒക്കെയായി ചിരിച്ചു നിൽക്കുന്നു. കൊള്ളാം.സെന്സറി ഡാറ്റ മാനിപ്പുലേഷൻ നടന്നു കഴിഞ്ഞു.

കാറിൽ കയറി, വീട്ടിലേക്ക്. സോഫയിൽ കിടന്നു. പുതിയ മമ്മൂട്ടി പടം റിലീസ് ആയിട്ടുണ്ട്. നായിക ദിലീപിന്റെ മകൾ. കണ്ടേക്കാം. ടീവിയിൽ അല്ല. ന്യൂറാലിങ്കിൽ. ഓണ് ആക്കി. കണ്ണിൽ നിന്നും വീടും മുറിയും മാഞ്ഞു. കുട്ടികളുടെയും മറ്റും ശബ്ദങ്ങൾ എല്ലാം നിലച്ചു. 360 ഡിഗ്രിയിൽ സിനിമ ആരംഭിച്ചു. സീനിൽ നമുക്ക് എങ്ങോട്ട് വേണമെങ്കിലും തല തിരിച്ചു നോക്കാം. മുകളിൽ നോക്കിയാൽ സീനിൽ ആകാശം, വെയിലിന്റെ ചൂട് ശരീരത്തിൽ. അടിപൊളി. സെന്സറി ഡാറ്റാ ക്രിയേഷൻ ആണീ കണ്ടത്.

സിനിമ കണ്ടു കഴിഞ്ഞു. അഞ്ചിൽ പഠിക്കുന്ന മകൾ ഓടിക്കളിച്ചപ്പോൾ തല വാതിലിൽ ഇടിക്കുന്നു. ചെറിയ മുറിവും പറ്റി. രക്തവും ഉണ്ട്. 118 ലേക്ക് ആംബുലൻസ് വിളിച്ചപ്പോൾ അവർ ന്യൂറോലിങ്ക് ഉണ്ടോ എന്ന ചോദ്യം. ഉണ്ടെന്നു പറഞ്ഞപ്പോൾ ഫോണിൽ ഒരു റിക്വസ്റ് വരും, ആക്സപ്റ്റ് ചെയ്യാൻ പറഞ്ഞു. പഞ്ഞിയും മരുന്നും ഡെറ്റോളും റെഡി ആക്കി വെച്ചോളാൻ പറയുന്നു. ഒരു 5 മിനുട്ടിൽ റിക്വസ്റ് വന്നു. ഒരു ഡോക്റ്ററുടെ ഫോട്ടോ. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗം ഡ്യൂട്ടി ഡോക്ടർ ആണ്. ആക്സപ്റ് ചെയ്തതോടെ നിങ്ങളുടെ കണ്ണും കയ്യിന്റെയും നിയന്ത്രണം ഡോക്ടറിലേക്ക് മാപ്പ് ചെയ്യപ്പെട്ടു. ഇപ്പോൾ നിങ്ങൾ കാണുന്ന അതേ കാഴ്ച ആണ് ഡോക്ടർ കാണുന്നത്. മുറിവിലേക്ക് നോക്കിക്കൊണ്ടു നിങ്ങളുടെ കൈ കൊണ്ട് ഡോക്ടർ ഡെറ്റോൾ ഒഴിച്ചു കഴുകി മുറിവ് കെട്ടി ഭംഗിയാക്കി വെക്കുന്നു. ജോലി കഴിഞ്ഞു. കോൾ ഡിസ്കണക്ട് ആയി, നിങ്ങൾക്ക് കൈയും തിരിച്ചു കിട്ടി. സെന്സറി കന്ട്രോൾ ആണ് ഇപ്പോൾ കണ്ട കാര്യം.

രാവിലെ എണീറ്റു. രാവിലെ 10 മണി ആയെങ്കിലും ചുറ്റും കിളികൾ ഒക്കെ ശബ്ദിക്കുന്നുണ്ട്‌ കേട്ടോ. ആഫ്രിക്കയിൽ അപൂർവമായി കാണുന്ന പക്ഷികളുടെ ശബ്ദം വരെയുണ്ട്. കൊള്ളാം. ടൗണിൽ ഒരു 10 സെന്റ് സ്ഥലം നോക്കാൻ പോകണം എന്ന് കരുതി നിങ്ങൾ ഇരിക്കുന്നു. പോകാൻ മടി. ടൗണിലെ സർവീസ് ആയ റെന്റ് എ മാൻ സർവീസിലേക്ക് വിളിച്ചു. 500 രൂപക്ക് ഒരു ന്യൂറോ ലിങ്ക് ഇൻസ്റ്റാൾ ചെയ്ത ബംഗാളി പകരം പോകും എന്നറിയിക്കുന്നു. ബംഗാളി അവിടെ എത്തുന്നു. ബംഗാളിയുടെ ഫോണിലേക്ക് അയാളുടെ കണ്ണ് മാത്രം ഷെയർ ചെയ്യാനുള്ള റിക്വസ്റ് നിങ്ങൾ അയക്കുന്നു. ബംഗാളി ആക്സിപ്റ് ചെയ്യുന്നു. ഇപ്പോൾ നിങ്ങൾ കാണുന്നത് ബംഗാളിയുടെ കാഴ്ചകൾ. അവൻ കേൾക്കുന്നത് നിങ്ങളുടെ ശബ്ദം. നിങ്ങൾ പറയുന്നതാനുസരിച്ചു അവൻ പറമ്പിൽ കറങ്ങി നടക്കുന്നു. കണ്ടു കഴിഞ്ഞപ്പോൾ കാളും ഡിസ്ക്കണക്ട് ചെയ്തു ബംഗാളി അടുത്ത സൈറ്റിലേക്ക്. നിങ്ങൾ ഇഷ്ടമുള്ള പാട്ടും കേട്ടു സോഫയിലേക്ക്. ഇപ്പോൾ കണ്ടത് സെന്സറി ഷെയറിങ്.

എങ്ങനെ ഇരിക്കുന്നു? പൊളി അല്ലെ?  ബാക്കി ഭാവനയ്ക്ക് വിടുന്നു.

ചില നിരീക്ഷണങ്ങൾ:

???? ഗുണങ്ങൾ

 - ലോകത്തെ എല്ലാ വിവരങ്ങളും അറിവുകളും നിങളുടെ തലച്ചോറിൽ

- വരാൻ പോകുന്ന രോഗങ്ങളെ മുൻകൂട്ടി കണ്ട് തടയാൻ, ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ എന്താണെന്ന് മനസ്സിലാക്കി അത് വേണ്ട അളവിൽ മാത്രം കഴിക്കാം.

- ചുരുക്കത്തിൽ ഒരു സൈബോർഗ് പൊലെ ആയിത്തീരും. 

 പ്രോഗ്രാം ചെയ്ത് ചെയ്യാവുന്ന എല്ലാ ജോലികളും എല്ലാ മനുഷ്യർക്കും ചെയ്യാൻ കഴിയും അതിലൂടെ highly efficient ആയ ഒരു ജനത ലോകത്ത് ഉണ്ടാവും.

???? ദോഷങ്ങൾ (hack ചെയ്യപ്പെട്ടാൽ)

-നമ്മുടെ രഹസ്യ സ്വഭാവമുള്ള എല്ലാ വിവരങ്ങളും -ബാങ്ക് അക്കൗണ്ട്, വ്യക്തി ജീവിതം, തുടങ്ങി രാജ്യങ്ങളുടെ പോലും രഹസ്യ വിവരങ്ങൾ അനായാസം ചോർത്താൻ ഭൂമിയുടെ ഏത് കോണിലിരുന്നും കഴിയും.

- തെറ്റായ കമ്മാൻ്റുകൾ നൽകി നിങ്ങളെക്കൊണ്ട് എന്ത് വേണമെങ്കിലും ചെയ്യിക്കാം. കൊലപാതകമോ ആത്മഹത്യയോ വരെ..!!

നേരെയുള്ള രീതിയിൽ ഉപയോഗിച്ചാൽ മനുഷ്യ കുലത്തിൻ്റെ മുഖച്ഛായ തന്നെ മാറ്റുന്ന ഒരു വഴിത്തിരിവായി മാറും. പക്ഷേ അങ്ങനെയുപയോഗിച്ചില്ലെങ്കിൽ ഒരുപക്ഷേ മുഴുവൻ ഭൂമിയുടെയും സർവ്വ നാശവും..

????ഇത്രയും അയാസ രഹിതമായതല്ല neuralink പ്രൊജക്റ്റ്‌ നമ്മുടെ തലച്ചോറിൽ ഒരു external device വെക്കുമ്പോൾ ശരീരം അതിനോടെങ്ങനെ പ്രതികരിക്കും എന്നത് ഇപ്പോഴത്തെ പ്രൊജക്റ്റ്‌ സ്റ്റേജിൽ പോലും അത്ര ഉറപ്പില്ലാത്ത കാര്യമാണ്.. ഇനിയും ഒരുപാട് മുന്നോട്ട് പോകേണ്ടതുണ്ട് ശരീരം foreign body യോട് പ്രതികരിക്കുമ്പോൾ ഉള്ള infections..അതിനുള്ള medication റിസർച്ച് ഇതൊക്കെ ഇനിയും ഒരുപാട് കടമ്പകൾ ഉണ്ട്.. Wait ചെയ്യാം നമ്മുടെ വർഗ്ഗത്തിന്റ capabalities അനന്ത സാദ്ധ്യതകൾ കണ്ടെത്തുന്ന ഈ project launchinu വേണ്ടി