എന്താണ് വാട്ടർ ഫിൽട്ടറും പ്യൂരിഫയറും ? വെള്ളം ടെസ്റ്റ് ചെയ്യുന്നത് എങ്ങനെ?

Simple Science Technology

എന്താണ് വാട്ടർ ഫിൽട്ടറും പ്യൂരിഫയറും ? വെള്ളം ടെസ്റ്റ് ചെയ്യുന്നത് എങ്ങനെ?

Courtesy : Sujith Kumar

വാട്ടർ ഫിൽട്ടറും വാട്ടർ പ്യൂരിഫയറും

⭕ഫിൽട്ടറും പ്യൂരിഫയറും തമ്മിലുള്ള വ്യത്യാസം വ്യക്തമായി മനസ്സിലാക്കിയിരിക്കണം. ചിലരെങ്കിലും ഇത് രണ്ടും ഒന്നു തന്നെയാണെന്ന് തെറ്റിദ്ധരിക്കാറുണ്ട്. വാട്ടർ ഫിൽട്ടർ എന്നാൽ വെള്ളത്തിൽ അലിഞ്ഞ് ചേർന്നിരിക്കുന്നതും അല്ലാത്തതുമായ മാലിന്യങ്ങൾ നീക്കം ചെയ്തുകൊണ്ട് തെളിഞ്ഞ വെള്ളം ലഭ്യമാക്കുന്ന അരിപ്പകൾ ആണ്. വെള്ളത്തിന്റെ സ്വഭാവം അനുസരിച്ച് വാട്ടർ ഫിൽട്ടറുകളിൽ നിന്നുള്ള വെള്ളം നേരിട്ട് കുടിക്കാൻ ഉപയോഗിക്കുന്നത് സുരക്ഷിതമല്ല. കാഴ്ചയിൽ നല്ല തെളിഞ്ഞ വെള്ളം ആണെങ്കിലും അത് ശൂദ്ധം ആകണമെന്നില്ല. വെള്ളത്തെ മലിനമാകുന്ന ബാക്റ്റീരിയ വൈറസ് , ഫംഗസ്, അമീബ തുടങ്ങിയ സൂക്ഷ്മ ജീവികളെയും ഒരു പരിധിയിൽ കൂടുതൽ അളവിൽ അടങ്ങിയിരിക്കുന്ന ചില ഖന ലോഹനങ്ങളെയും ലോഹ സംയുക്തങ്ങളെയുമെല്ലാം നീക്കം ചെയ്യാൻ ഫിൽട്ടറുകളെക്കൊണ്ട് കഴിയില്ല. അതിനായി വാട്ടർ പ്യൂരിഫയറുകൾ തന്നെ ഉപയോഗിക്കണം. വാട്ടർ ഫിൽട്ടറുകൾക്ക് കഴിയാത്ത തരം ജലശുദ്ധീകരണത്തിനായി വാട്ടർ പ്യൂരിഫയറുകൾ ഉപയോഗിക്കുന്നു. അതുകൊണ്ട് തന്നെ വാട്ടർ പ്യൂരിഫിക്കേഷൻ ചിലവേറിയതും സമയമെടുക്കുന്നതും ആയിരിക്കും. ഏത് വെള്ളത്തെയും കുടിക്കാനും ഭക്ഷണം പാചകം ചെയ്യാനുമൊക്കെ ഉപയുക്തമാകും വിധം ശുദ്ധമാക്കുന്ന പല തരം വാട്ടർ പ്യൂരിഫിക്കേഷൻ സാങ്കേതിക വിദ്യകളും നിലവിലുണ്ട്. ഏത് തെരഞ്ഞെടുക്കണമെന്ന് വെള്ളത്തിന്റെ സ്വഭാവം അനുസരിച്ച് മാത്രം തീരുമാനിക്കേണ്ടതാണ്. അതിനാകട്ടെ വാട്ടർ ടെസ്റ്റിംഗ് അത്യാവശ്യവുമാണ്. 

⭕വാട്ടർ ടെസ്റ്റിംഗ് 

കിണർ വെള്ളം, കുഴൽ കിണർ വെള്ളം, വാട്ടർ അതോറിറ്റി കണക്‌ഷൻ എന്നിങ്ങനെ പ്രധാനമായും മൂന്നു വിഭാഗങ്ങൾ ആണല്ലൊ നമ്മുടെ വീടുകളിലും സ്ഥാപനങ്ങളിലുമെല്ലാം കുടിക്കാനും കുളിക്കാനും മറ്റ് ആവശ്യങ്ങൾക്കുമെല്ലാം ജലസ്രോതസ് ആയി ഉപയോഗിക്കുന്നത്. ഈ മൂന്നു ജലസ്രോതസ്സുകളിൽ നിന്നും എടുക്കുന്ന വെള്ളത്തിനും അതിന്റേതായ പ്രത്യേകതകളും ഉണ്ട്. ഈ മൂന്നും പൂർണ്ണമായും ശുദ്ധമായതാണെന്ന് ഉറപ്പ് പറയാൻ കഴിയില്ല. എന്തെല്ലാം പ്രശ്നങ്ങൾ ആണ് ഈ മൂന്നു വിഭാഗങ്ങൾക്കും ഉള്ളതെന്ന് ഒന്ന് പരിശോധിച്ച് നോക്കാം.  

കിണർ വെള്ളം: പരമ്പരാഗതമായിത്തന്നെ നമ്മളെല്ലാം കുടിവെള്ളത്തിനായി സാധാരണ കിണറുകളെ ആശ്രയിച്ചു പോരുന്നു. പൊതുവായി പറഞ്ഞാൽ മിക്കവരും ഒരിക്കൽ പോലും കിണറിലെ വെള്ളം പ്രത്യേകിച്ച് രുചിയിലോ മണത്തിലോ പ്രശ്നങ്ങൾ ഒന്നും കാണുന്നില്ലെങ്കിൽ പരിശോധനകൾക്ക് ഒന്നും തുനിയാതെ നേരിട്ട് ഉപയോഗിക്കാറാണ് പതിവ്. സാധാരണയായി അതുകോണ്ട് ആരോഗ്യ പ്രശ്നങ്ങൾ ഒന്നും പ്രകടമായില്ലെങ്കിൽ വെള്ളം ശുദ്ധമായിരിക്കുമെന്ന വിലയിരുത്തലിലും എത്തുന്നു. പക്ഷേ വെള്ളം കാഴ്ചയിലും രുചിയിലും അസ്വാഭാവികതകൾ ഇല്ലെങ്കിലും ശുദ്ധമാകണം എന്നില്ല. പണ്ടൊക്കെ ഗ്രാമ പ്രദേശങ്ങളിലും മറ്റും വലിയ പറമ്പുകളിൽ ഒറ്റപ്പെട്ട വീടുകളും അതിനോട് ചേർന്ന കിണറുകളും മാത്രമേ ഉണ്ടായിരുന്നു എങ്കിൽ ഇപ്പോൾ ഗ്രാമങ്ങളിൽ പോലും അഞ്ച് സെന്റ്, മൂന്നു സെന്റ് സ്ഥലങ്ങളിൽ വീടുകൾ തിങ്ങി നിറയാൻ തുടങ്ങി. കിണറും സെപ്റ്റിക് ടാങ്കുകളും തമ്മിൽ ചുരുങ്ങിയത് പതിനഞ്ച് മീറ്റർ എങ്കിലും അകലം ഉണ്ടായിരിക്കണം (മണ്ണിന്റെ സ്വഭാവവും ചെരിവും എല്ലാം അനുസരിച്ച് വ്യത്യാസപ്പെടാം) . എങ്കിൽ മാത്രമേ സെപ്റ്റിക് ടാങ്കിൽ നിന്നുള്ള ബാക്റ്റീരിയകൾ കിണർ വെള്ളവുമായി കലരുന്നത് തടയപ്പെടൂകയുള്ളൂ. ഇവിടെ സെപ്റ്റിക് ടാങ്കിനും കിണറിനും ഇടയിലുള്ള ഒരു അരിപ്പ ആയാണ് മണ്ണ് പ്രവർത്തിക്കുന്നത്. അകലം കൂടുന്തോറും ഈ അരിപ്പയുടെ കാര്യക്ഷമതയും കൂടുന്നു. മണ്ണിന്റെ സ്വഭാവമൊക്കെ അനുസരിച്ച് ഇതിൽ വലിയ വ്യത്യാസം ഉണ്ടാകുമെന്നതിനാൽ പരമാവധി അകലം സൂക്ഷിക്കുന്നതാണ് ഏറ്റവും അനുയോജ്യം. ഇതുകൊണ്ട് തന്നെ നിയമപ്രകാരം സെപ്റ്റിക് ടാങ്കുകൾ കുടിവെള്ള സ്രോതസ്സുകളിൽ നിന്നും എത്ര ദൂരെ വേണമെന്ന് നിയമപ്രകാരം നിഷ്കർഷിച്ചിട്ടുണ്ട്. കേരളത്തിൽ ഇത് 7.5 മീറ്റർ മാത്രമാണ്. അതായത് പൊതുവേയുള്ള അന്താരാഷ്ട്ര മാനദണ്ഡങ്ങളുടെ പകുതി മാത്രം. ഇങ്ങനെ ദൂരപരിധി കുറയ്ക്കാൻ കാരണം ശാസ്ത്രീയതകൾക്കുമപ്പുറം സ്ഥലപരിമിതിയിൽ ഊന്നിയ പ്രായോഗികത മാത്രമാണ്. അതുകൊണ്ട് തന്നെ അടുത്തടുത്ത വീടുകൾ ഉള്ള നമ്മുടെ നാട്ടിലെ കിണറുകളിൽ നിന്നെടുക്കുന്ന വെള്ളത്തിന്റെ നിറവും മണവും മാത്രം നോക്കി ഒരിക്കലും ശുദ്ധമാണെന്ന് വിലയിരുത്തരുത്. അവയിൽ എല്ലാം അപകടകരമായ ഇ-കോളി ബാക്റ്റീരിയകളും കോളിഫോം കുടുംബത്തിലെ മറ്റ് ബാക്റ്റീരിയകളും അടങ്ങിയിട്ടുണ്ടായിരിക്കാം. അതുപോലെത്തന്നെ പണ്ടത്തെ നിർമ്മാണ രീതികളുടെ ചുവടുപിടിച്ച് മൂന്ന് അറകൾ ഉള്ള ശാസ്ത്രീയമായി തയ്യാറാക്കിയ സെപ്റ്റിക് ടാങ്കുകൾക്ക് പകരം സ്ലാബിട്ട് മൂടിയ ഒരൊറ്റ വലിയ കുഴി മാത്രം ഉപയോഗിക്കുന്ന ‘കുഴിക്കക്കൂസുകളുടെ‘ നിർമ്മാണവും. ഒറ്റപ്പെട്ട വീടുകൾ ഉള്ളിടത്ത് നേരത്തേ പറഞ്ഞതുപോലെ ഇത് കാര്യമായ പ്രശ്നങ്ങൾ ഉണ്ടാക്കുന്നില്ലെങ്കിലും നിർഭാഗ്യവശാൽ അടുത്തടുത്ത് ധാരാളം വീടുകൾ തിങ്ങി നിറഞ്ഞുകൊണ്ട് ഗ്രാമങ്ങളും അർബൻ വില്ലേജുകൾ ആയി മാറിക്കൊണ്ടിരിക്കുന്ന ഇക്കാലത്തും പല വീടുകളിലും (പ്രത്യേകിച്ച് ഉത്തര കേരളത്തിലെ) യഥാർത്ഥ സെപ്റ്റിക് ടാങ്ക് - സോക് പിറ്റ് സിസ്റ്റത്തിനും പകരം പഴയ രീതിയിൽ തന്നെയുള്ള ടാങ്കുകൾ ആണ് നിർമ്മിക്കുന്നത്. ഇത് വളരെ അപകടകരമായ രീതിയിൽ ഭൂഗർഭ ജലത്തെ മലിനമാക്കുന്നു. നിങ്ങളുടെ വീടിന്റെ സെപ്റ്റിക് ടാങ്ക് കിണറിൽ നിന്നും വളരെ ദൂരെ ആയതുകൊണ്ടും യാതൊരു പ്രയോജനവുമില്ല. അയൽക്കാരന്റെ സെപ്റ്റിക് ടാങ്കിൽ നിന്നുള്ള ദൂരവും അതുപോലെത്തന്നെ പ്രധാനമാണ്. നിയമപ്രകാരമുള്ള 7.5 മീറ്റർ എന്നതിനപ്പുറം മറ്റൊന്നും നിങ്ങൾക്ക് അക്കാര്യത്തിൽ നിർബന്ധിക്കാൻ ആകില്ല. നമ്മുടെ നാട്ടിൽ വാസ്തുവിന്റെ പേരിൽ കന്നിമൂലയുടെ പേരും പറഞ്ഞ് യാതൊരു ശാസ്ത്രീയതയുമില്ലാതെ സ്വന്തം കാര്യം മാത്രം നോക്കി സെപ്റ്റിക് ടാങ്ക് അയൽക്കാരന്റെ കിണറിനടുത്ത് ഉണ്ടാക്കുന്നതുവഴിയുള്ള പ്രശ്നങ്ങളും കുറവല്ല. 7.5 മീറ്റർ എന്ന ഒട്ടൂം തന്നെ ശാസ്ത്രീയമല്ലാത്ത ദൂര പരിധിയിൽ പോലും വാസ്തുവിന്റെ പേരും പറഞ്ഞ് ഉഡായിപ്പുകൾ കാണിക്കുന്നു. ഇതുകൊണ്ടെല്ലാം തന്നെ നമ്മുടെ കിണറുകളിലെ വെള്ളത്തെ ഒരിക്കലും വിശ്വസിക്കരുത്. പരിശോധിച്ച് ഉറപ്പ് വരുത്തുക തന്നെ വേണം. പ്രത്യേകിച്ച് നഗരങ്ങളിലെയും അടുത്തടുത്ത് വീടുകൾ ഉള്ള അർബൻ വില്ലേജുകളിലെയും.  

കുഴൽ കിണർ : സാധാരണ കിണറുകളിൽ വെള്ളം കിട്ടാതെ വരിക, സ്ഥല പരിമിതി തുടങ്ങിയ പ്രശ്നങ്ങൾ ഉള്ളതിനാൽ കുഴൽ കിണറുകൾ ഇപ്പോൾ സർവ്വ സാധാരണമാണ്. 250- 200 അടിയിലും താഴ്ചയിൽ നിന്നാണ് വെള്ളം എടുക്കുന്നത് എന്നതിനാൽ പൊതുവേ കുഴൽ കിണറുകളിൽ ബാക്റ്റീരിയ പോലെയുള്ള പ്രശ്നങ്ങൾ ഉണ്ടാകാറില്ല എങ്കിലും മറ്റ് പല പ്രശ്നങ്ങളും ഉണ്ട്. അതിൽ പ്രധാനമാണ് ഉയർന്ന ലവണാംശം, ഇരുമ്പ്, മാംഗനീസ്, ചെമ്പ് തുടങ്ങിയ ലോഹങ്ങളുടെ സാന്നിദ്ധ്യം മൂലമുണ്ടാകുന്ന രുചിവ്യത്യാസം, ദുർഗന്ധം, നിറവ്യത്യാസം തുടങ്ങിയവ. അതുകൊണ്ട് തന്നെ സ്വാഭാവികമായ രുചിയും മണവും കുഴൽ കിണർ വെള്ളത്തിനുണ്ടാകില്ല എന്ന് മാത്രവുമല്ല ഇരുമ്പിന്റെ അംശം കൂടുതലായാൽ അവ വസ്ത്രങ്ങളെയും പ്രതലങ്ങളെയും ചുവന്ന കറ പിടിപ്പിക്കുന്നതിനും ഇടയാക്കുന്നു. കാൽസ്യം ലവണങ്ങൾ അടങ്ങിയ ഹാർഡ് വാട്ടർ ആണെങ്കിൽ വെളുത്ത നിറത്തിൽ പാത്രങ്ങളിലും മറ്റും പറ്റിപ്പിടിച്ചിരിക്കുക, പ്രതലങ്ങളുടെ നിറം കെടുത്തുക, സോപ്പ് പതയാതിരിക്കുക തുടങ്ങിയ പ്രശ്നങ്ങളും ഉണ്ടാക്കുന്നു. ഈ പ്രശ്നങ്ങളെല്ലാം എങ്ങനെ പരിഹരിക്കാമെന്ന് പറയാം. 

വാട്ടർ അതോറിറ്റി കണക്‌ഷൻ : വാട്ടർ അതോറിറ്റിയുടെ ജലവിതരണ സംവിധാനങ്ങളിലൂടെയുള്ള കുടിവെള്ളം ശാസ്ത്രീയമായ മാർഗ്ഗങ്ങളിലൂടെ നിശ്ചിത മാനദണ്ഡങ്ങൾ അനുസരിച്ച് ശുദ്ധീകരിച്ചതിനു ശേഷം വിതരണം ചെയ്യുന്നതായതിനാൽ സാങ്കേതികമായിപ്പറഞ്ഞാൽ നേരിട്ട് തന്നെ കുടിക്കാൻ ഉപയോഗിക്കാൻ അനുയോജ്യമാണെങ്കിലും പ്രായോഗിക തലത്തിൽ അതിനെയും വിശ്വാസത്തിലെടുക്കാനാകില്ല. ജല വിതരണക്കുഴലുകൾ പലപ്പോഴും അഴുക്ക് ചാലുകൾക്കുള്ളിലൂടെയും മറ്റുമൊക്കെ ആയിരിക്കും. വെള്ളം ഇല്ലാത്തപ്പോൾ ഈ കുഴലുകളുടെ ജോയിന്റുകളുടെ വിടവുകളിലൂടെയും മറ്റും അഴുക്ക് വെള്ളം അകത്തേയ്ക്ക് കടക്കുകയും അവ വെള്ളം മലിനമാക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ വാട്ടർ അതോറിറ്റിയുടെ വെള്ളം ആണെങ്കിലും ശുദ്ധീകരിച്ചതിനു ശേഷം മാത്രം ഉപയോഗിക്കുന്നതായിരിക്കും സുരക്ഷിതം.  

മഴവെള്ളം - പ്രകൃതിയിൽ നിന്ന് ലഭിക്കുന്ന ഏറ്റവും ശുദ്ധമായ വെള്ളമായി കണക്കാക്കപ്പെടുന്നതാണ് മഴവെള്ളം എങ്കിലും നമ്മൾ വളരെ കുറച്ച് മാത്രമാണ് നേരിട്ട് മഴവെള്ളത്തെ പ്രയോജനപ്പെടുത്തുന്നത്. മഴവെള്ള സംഭരണികൾ നിർബന്ധമാക്കിയിട്ടുണ്ടെങ്കിലും അവ കെട്ടിട നിർമ്മാണ അനുമതി ലഭിക്കാനായി പ്ലാനിൽ മാത്രം ഒതുങ്ങി നിൽക്കുന്നു. വളരെ ലളിതമായ ഫിൽട്ടറേഷൻ / പ്യൂരിഫിക്കേഷൻ സംവിധാനങ്ങൾ ഉപയോഗിച്ചുകൊണ്ട് തന്നെ മഴവെള്ളത്തെ എല്ലാ ആവശ്യങ്ങൾക്കും ഉപയോഗിക്കാമെങ്കിലും മറ്റ് ജലസ്രോതസ്സുകളുടെ ലഭ്യതയും സ്ഥലപരിമിതിയുമെല്ലാം കാരണം പൊതുവേ മഴവെള്ളത്തെ പ്രധാന ജൽസ്രോതസ്സായി കണക്കാക്കാൻ മടിച്ച് നിൽക്കുന്നു. 

⭕വെള്ളം തിളപ്പിച്ച് ആറിച്ച് ഉപയോഗിക്കുക എന്ന സുരക്ഷിതമായ മാർഗ്ഗം ഉള്ളപ്പോൾ എന്തിനാണ് ഫിൽട്ടറുകളൂം പ്യൂരിഫയറുകളുമൊക്കെ ഉപയോഗിക്കുന്നത്?

വെള്ളം തിളപ്പിച്ചാറിച്ച് ഉപയോഗിക്കുക എന്നത് വളരെ സുരക്ഷിതമായ മാർഗ്ഗം ആണ്. ആവശ്യമില്ലെങ്കിൽ ഫിൽട്ടറുകളൂം പ്യൂരിഫയറുകളുമൊന്നും ഉപയോഗിക്കാതെ ഇരിക്കുന്നതുമാണ് നല്ലത്. വെള്ളം തിളപ്പിക്കാൻ വളരെ അധികം ഊർജം ഉപയോഗിക്കേണ്ടി വരുന്നതിനാലും പല പാചക ആവശ്യങ്ങൾക്കും സലാഡുകളും മറ്റുമുണ്ടാക്കാനുള്ല പച്ചക്കറികൾ കഴുകാനുമെല്ലാം തിളപ്പിച്ചാറിയ വെള്ളം ഉപയോഗിക്കാൻ കഴിയാത്ത സാഹചര്യങ്ങൾ ഉണ്ടാകുന്നതിനാലും തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കുക എന്ന തീരുമാനം പൂർണ്ണമായും സുരക്ഷിതവും ലാഭകരവുമാണെന്ന് പറയാനാകില്ല. അതുപോലെത്തന്നെ പലർക്കും വെള്ളം തിളപ്പിച്ചു കഴിയുമ്പോൾ അതിന്റെ സ്വാഭാവികമായ രുചി നഷ്ടപ്പെടുന്നതായും എത്ര കുടിച്ചാലും ദാഹം മാറിയെന്ന സംതൃപ്തി ഉണ്ടാകാത്ത ഒരു അവസ്ഥയും ഉണ്ട്. അതുപോലെത്തന്നെ ആഴ്സനിക് പോലെയുള്ള ഘനലോഹങ്ങളുടെ സാന്നിദ്ധ്യവും ഇരുമ്പും ലവണാംശവുമൊന്നും തിളപ്പിച്ചാൽ പോകുന്നതല്ല.  

⭕ഫിൽട്ടറുകളും പ്യൂരിഫയറുകളും ഉപയോഗിക്കുന്നത് ആരോഗ്യത്തിനു ഹാനികരമാണെന്നും അതൊരു നല്ല ശീലം അല്ല എന്നുമുള്ള വാദങ്ങൾ ശരിയാണോ?

കുടിക്കാൻ ഉപയോഗിക്കുന്ന വെള്ളത്തിൽ അടങ്ങിയിരിക്കുന്ന ഘടകങ്ങളെക്കുറിച്ച് അറിയാതെ ഇതിനൊരു ബൈനറി ഉത്തരം ആർക്കും നൽകാൻ ആകില്ല.‌ ശരീരത്തിന്റെ വളർച്ചയ്ക്കും രോഗ പ്രതിരോധ ശേഷിയ്ക്കും ആവശ്യമായ പല ലവണങ്ങളും നമുക്ക് ലഭിക്കുന്നത് കുടിവെള്ളത്തിലൂടെയാണ്‌. ഫിൽട്ടറുകളൂം പ്യൂരിഫയറുകളും ഉപയോഗിച്ച് ഇവയെ പൂർണ്ണമായും നീക്കം ചെയ്യുന്നതും പരിധിയിലും കുറയ്ക്കുന്നതുമെല്ലാം ശരീരത്തിനാവശ്യമായ ലവണങ്ങൾ ലഭിക്കുന്ന സാഹചര്യം ഇല്ലാതാക്കുന്നു. ഇത് ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിവച്ചേക്കാം. പക്ഷേ ഈ ലവണങ്ങൾ എത്ര കണ്ട് ആവശ്യമാണെന്നത് ഓരോരുത്തരുടെയും ശരീരികാവസ്ഥയും ആഗിരണ ശേഷിയും വൃക്ക, കരൾ പോലെയുള്ള അവയവങ്ങളുടെ പ്രവർത്തന ശേഷിയുമെല്ലാം അനുസരിച്ച് വ്യത്യാസപ്പെടുന്നതിനാൽ എലാ വെള്ളവും എല്ലാവർക്കും ഒരുപോലെ സുരക്ഷിതമാണെന്ന് പറയാൻ കഴിയില്ല. അതുപോലെത്തന്നെ എല്ലാ ധാതു ലവണങ്ങളുടെയും ലോഹങ്ങളുടെയും സുരക്ഷിതമായ പരിധി നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. അതിലും കൂടുതൽ ആയവ അടങ്ങിയിട്ടുള്ള വെള്ളം കുടീക്കുന്നതും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കും. ഉദാഹരണമായി ആഴ്സനിക്, മെർക്കുറി തുടങ്ങിയ ലോഹങ്ങൾ. ഇവ തീരെ ചെറിയ അളവിൽ പോലും കുടിവെള്ളത്തിൽ ഉണ്ടാകാൻ പാടുള്ളതല്ല. അതേ സമയം ഇരുമ്പ്, ചെമ്പ്, സിങ്ക്, നിക്കൽ, മാംഗനീസ്, കാൽസ്യം തുടങ്ങിയവയും അവയുടെ സംയുക്തങ്ങളുമെല്ലാം നിശ്ചിത അളവിൽ ശരീരത്തിനു അനുയോജ്യമായവയാണ്‌ അത്യാവശ്യവുമാണ്‌.  

⭕വാട്ടർ ടെസ്റ്റിംഗിൽ ചെയ്യുന്നതെന്താണ്‌ ?

നമ്മുടെ നാട്ടിൽ പൊതുമേഖലയിലും സ്വകാര്യമേഖലയിലും ധാരാളം വാട്ടർ ടെസ്റ്റിംഗ് ലബോറട്ടറികൾ ഉണ്ട്.  പൊതു മേഖലയിൽ ഉള്ളവയിൽ കൂടുതലും വാട്ടർ അതോറിറ്റിയുടെ കീഴിൽ വരുന്നവയാണ്‌. പോളൂഷൻ കണ്ട്രോൾ ബോഡിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന സ്വകാര്യ മേഖലയിലെ ലാബുകളും ഉണ്ട്. വാട്ടർ ടെസ്റ്റിംഗ് എന്നാൽ സമയമെടുക്കുന്നതും വളരെ വിലകൂടിയ ഉപകരണങ്ങൾ ഉപയോഗിക്കുന്നതും വിദഗ്ദ പരിശീലനം ലഭിച്ചവർക്ക് മാത്രം ചെയാൻ കഴിയുന്നതും ആയ ഒന്നായതിനാൽ അത്യാവശ്യം ചെലവുള്ള ഒന്നായിരിക്കും എന്ന് മനസ്സിലാക്കുക. അതായത് ഏതെല്ലാം ടെസ്റ്റുകൾ ആണ്‌ ചെയ്യേണ്ടത് എന്നതിനനുസരിച്ച് നിരക്കുകളീലും വ്യത്യാസമുണ്ടാകാം.  എന്തെല്ലാം കാര്യങ്ങൾ ആണ്‌  പൊതുവേ വാട്ടർ ടെസ്റ്റിംഗ് ലബോറട്ടറികളിൽ ചെയ്യാറുള്ലതെന്ന് നോക്കാം. അനുസരിച്ചാണ്‌ ഇത്തരം ലബോറട്ടറികളിൽ വിവിധ ടെസ്റ്റുകൾ നടത്തുന്നത്. കുടിവെള്ളത്തിന്റെ ഇന്ത്യൻ സ്റ്റാൻഡേഡ് ഈ ലിങ്കിൽ ഉണ്ട് (http://cgwb.gov.in/Documents/WQ-standards.pdf) 

1. ഫിസിക്കൽ പരാമീറ്റർ ടെസ്റ്റ് - വിവിധ സെൻസറുകൾ ഉപയോഗിച്ച് അളക്കാൻ കഴിയുന്ന വെള്ളത്തിന്റെ പ്രത്യേകതകൾ ആണ്‌ ഈ വിഭാഗത്തിൽ പെടുത്തിയിരിക്കുന്നത്. നിറം , മണം , കലക്കം ( Turbidity), പി ഏച്, ടോടൽ ഡിസോൾവ്ഡ് സോളിഡ്സ് (TDS) , ഇലക്ട്രിക്കൽ കണ്ടക്റ്റിവിറ്റി തുടങ്ങിയവയൊക്കെയാണ് ഈ വിഭാഗത്തിൽ പെടുന്ന ടെസ്റ്റുകൾ. ഇലക്ട്രോണിക് ഉപകരണങ്ങളും അനുബന്ധ സെൻസറുകളും ഉപയോഗിക്കുന്നതിനാൽ ഈ ടെസ്റ്റ് ഫലങ്ങൾ വളരെ പെട്ടന്ന് തന്നെ ലഭിക്കും. 

2. കെമിക്കൽ : അസിഡിറ്റി, ആൽക്കലൈനിറ്റി, ടോട്ടൽ ഹാർഡ്‌നെസ്, ഇരുമ്പ് , ചെമ്പ്, മാംഗനീസ്, ഫ്ലൂറൈദ്, നൈട്രൈറ്റ്, സൾഫേറ്റ് എന്നു തുടങ്ങി വെള്ളത്തിൽ അടങ്ങിയിരിക്കുന്ന ലോഹ, അലോഹ സംയുക്തങ്ങൾ എത്ര അളവിൽ ആണ് ഉള്ളതെന്ന് കെമിക്കൽ ടെസ്റ്റുകളിലൂടെ കണ്ടെത്തുന്നു. താരതമ്യേന കൂടുതൽ സമയം എടുക്കുന്നതാണ് ഇത്തരം ടെസ്റ്റുകൾ. 

3. ബയോളജിക്കൽ ടെസ്റ്റുകൾ : വെള്ളത്തിലെ അപകടകരമായ കോളിഫോം / ഇ കോളി ബാക്റ്റീരിയയുടെ സാന്നിദ്ധ്യം മനസ്സിലാക്കുന്നതിനുള്ള ടെസ്റ്റുകൾ ആണ് ഇവ. ബാക്റ്റീരിയോളജിക്കൽ ടെസ്റ്റുകൾ വളരെ സമയം എടുക്കുന്നവയാണ്. ടോട്ടൽ കോളിഫോം ബാക്റ്റിരിയകളുടെ സാന്നിദ്ധ്യം ഉണ്ടെങ്കിലേ ഇ- കോളി ടെസ്റ്റുകൾ ചെയ്യാറുള്ളൂ. അതായത് കോളിഫോം സാന്നിദ്ധ്യം ഇ കോളിയുടെ ഒരു ഇൻഡിക്കേറ്റർ ആയാണ് ഉപയോഗിക്കുന്നത്. അമീബ, പ്രോട്ടോസോവ, വിവിധ വൈറസ്സുകൾ തുടങ്ങിയവയയുടെ സാന്നിദ്ധ്യം കണ്ടുപിടീക്കാൻ ആവശ്യമായ ടെസ്റ്റുകളും ഉണ്ട്. നല്ല സമയമെടുക്കുന്നതും വിവിധ സ്റ്റേജുകളിൽ ആയി ചെയ്യുന്നതും ആയതിനാൽ ബയോളജിക്കൽ ടെസ്റ്റുകളുടെ നിരക്കും കൂടുതൽ ആണ്. 

 ⭕വാട്ടർ ടെസ്റ്റിംഗിലെ കള്ള നാണയങ്ങൾ  

കഴിഞ്ഞ വർഷം വീട്ടിൽ കുറച്ചു പേർ വെള്ളം ടെസ്റ്റ് ചെയ്യാമെന്ന് പറഞ്ഞു വന്നു വാട്ടർ ടെസ്റ്റിംഗ് ഉടൻ ചെയ്തു തരുമെന്നാണ് വാഗ്ദാനം. ഞാൻ വീട്ടിൽ ഉണ്ടായിരുന്നില്ല, പണിക്കാർ ഫോൺ ചെയ്ത് പറയുകയാണ് ഉണ്ടായത്. വല്ല മൊബൈൽ ടെസ്റ്റിംഗ് ലബോറട്ടറിയോ മറ്റോ ആണെന്ന് കരുതി ചെയ്തോളാൻ പറഞ്ഞു. 100 രൂപയാണത്രേ ചാർജ്. അത് അവിശ്വസനീയമായി തോന്നി എങ്കിലും ചെയ്തോളാൻ പറഞ്ഞു. പത്തു മിനിട്ടിനുള്ളിൽ വാട്സപ്പിൽ മെസേജ് എത്തി. ഇത്രയ്ക്ക് ഫാസ്റ്റായോ എന്ന് അമ്പരന്നു. PH, TDS, EC അങ്ങനെ മൂന്നു നാലു റീഡീംഗുകൾ. വീട് വീടാന്തിരം കയറി ഇറങ്ങി ഇവർ ഇങ്ങനെ ടെസ്റ്റ് ചെയ്യുന്നുണ്ടായിരുന്നത്രേ. ഒരു പോർട്ടബിൾ മീറ്റർ ഉപയോഗിച്ചാണ് ഈ പരിപാടിയൊക്കെ. ഈ പറഞ്ഞ ബേസിക് ടെസ്റ്റുകൾ കൊണ്ട് മാത്രം നിങ്ങളുടെ വെള്ളത്തിന്റെ ഗുണനിലവാരം അറിയാൻ കഴിയില്ല എന്നതിനാൽ ഇത്തരം തട്ടിപ്പുകളീൽ വീഴാതിരിക്കുക.  

ആമസോണിലും ഫ്ലിപ് കാട്ടിലുമൊക്കെ വാങ്ങാൻ കിട്ടുന്ന ചെറിയ ടി ഡി എസ്, പി എച് മീറ്ററുകൾ എല്ലാം ഒരു ഏകദേശ ധാരണയൊക്കെ നൽകുന്നത് മാത്രമാണ്. എന്ന് മാത്രവുമല്ല ഇത്തരം ഫിസിക്കൽ പരാമീറ്ററുകൾ മാത്രം അറിഞ്ഞതുകൊണ്ട് ഏത് ഫിൽട്ടർ ആണുപയോഗിക്കേണ്ടതെന്ന തീരുമാനത്തിലുമെത്താൻ കഴിയില്ല. വാട്ടർ ടെസ്റ്റിംഗിനുള്ള ലാബ് ഉപകരണങ്ങൾ വളരെ വില കൂടിയവയാണ്.അതുപോലെ അവയുടെ വർഷം തോറുമുള്ള കാലിബറേഷൻ വകയിൽ ആവർത്തനച്ചെലവുകളും ഉണ്ട്. ഫിസിക്കൽ ടെസ്റ്റുകൾക്ക് മാത്രമാണ് അധികം സമയം എടുക്കാത്തത്, കെമിക്കൽ , ബാക്റ്റീരിയോളജിക്കൽ ടെസ്റ്റുകൾക്ക് മണിക്കൂറുകൾ എടുക്കും.  പരിശീലനം ലഭിച്ച യോഗ്യരായ ടെക്നീഷ്യന്മാർക്ക് മാത്രമാണ് വേണ്ട രീതിയിൽ ഇത്തരം ടെസ്റ്റുകൾ ചെയ്യാനുള്ള വൈദഗ്ദ്യം ഉണ്ടാകൂ. അതുകൊണ്ടു തന്നെ വാട്ടർ ടെസ്റ്റിംഗ് ചെലവേറിയ ഒരു പ്രക്രിയ ആണ് . ടെസ്റ്റിംഗ് പരാമീറ്ററുകൾ അനുസരിച്ച് 1000 മുതൽ 3000 വരെ നിരക്കുകളിൽ വ്യത്യാസം വന്നേക്കാം. NABL അക്രിഡിയേറ്റെഡ് ലാബുകളിലെ നിരക്കുകൾ സാധാരണ ലാബുകളേക്കാൾ കൂടുതൽ ആയിരിക്കും. (കേരളത്തിലെ അംഗീകൃത നിരക്കുകൾ വാട്ടർ അതോറിറ്റി വെബ് സൈറ്റിലെ ഈ ലിങ്കിൽ ഉണ്ട് https://kwa.kerala.gov.in/ml/quality-testing/) . വാട്ടർ അതോറിറ്റിയുടെ NABL അക്രഡിയേറ്റഡ് ലാബുകളുടെ വിവരങ്ങൾ ഈ ലിങ്കിൽ ( https://kwa.kerala.gov.in/ml/qc-accredited-labs/) 

ഗവണ്മെന്റ് വാട്ടർ ടെസ്റ്റിംഗ് ലാബുകളിലോ രജിസ്ടേഷൻ ഉള്ള സ്വകാര്യ ലാബുകളിലോ മാത്രം വെള്ളം പരിശോധിക്കാൻ നൽകുക. അതും അടിസ്ഥാനപരമായ ഫിസിക്കൽ, കെമിക്കൽ , ബയോളജിക്കൽ ടെസ്റ്റുകൾ എല്ലാം ചെയ്യാനും ശ്രദ്ധിക്കുക. ഫിൽട്ടർ / വാട്ടർ പ്യൂരിഫിക്കേഷൻ ബിസിനസ്സുകൾ ചെയ്യുന്നവരുടെ കൈവശം ടെസ്റ്റുകൾക്കായി വെള്ളം കൊടുത്ത് വിടാതിരിക്കുക. നിങ്ങൾ സാമ്പിൽ കൊടുക്കുന്ന സമയത്ത് തന്നെ അവർ അത് ലാബിൽ എത്തിക്കണമെന്നില്ല. ഏത് ലാബിൽ ആണ് നൽകുന്നതെന്ന് ഉറപ്പിക്കാൻ കഴിയില്ല. അതുപോലെ ചില ലാബുകളും ഫിൽട്ടർ / പ്യൂരിഫയർ ഏജൻസികളും ബിസിനസ് താല്പര്യങ്ങളോടെ ഒത്തു ചേർന്ന് പ്രവർത്തിക്കുന്ന സ്ഥിതിവിശേഷവും ഉള്ളതിനാൽ ഫിൽട്ടറുകളൂം പ്യൂരിഫയറുകളും വയ്ക്കാൻ നിർബന്ധിതരാക്കുന്ന രീതിയിലുള്ള റിപ്പോർട്ടുകൾ ലാബുകളിൽ നിന്ന് ലഭിച്ചേക്കാം. കഴിയുമെങ്കിൽ നേരിട്ട് തന്നെ സാമ്പിളുകൾ അംഗീകൃത ലാബുകളിൽ കൊണ്ടു ചെന്ന് കൊടുക്കുക. സംശയമുണ്ടെങ്കിൽ ഒന്നിലധികം ലാബുകളിൽ പരിശോധിച്ചതിനു ശേഷം ഒരു തീരുമാനത്തിൽ എത്തുന്നതായിരിക്കും ഏറ്റവും അനുയോജ്യം. 

 ⭕വെള്ളം എങ്ങിനെയാണ് ടെസ്റ്റിംഗിനു കൊടുക്കേണ്ടത്?

വെള്ളം ടെസ്റ്റ് ചെയ്യുന്നതിനു മുൻപ് ലാബിൽ ഫോൺ വിളിച്ചോ മറ്റോ ഏത് സമയത്ത് ആണ് സാമ്പിൾ കൊണ്ട്ചെല്ലേണ്ടത് എന്ന് അന്വേഷിക്കുക. വെള്ളം ടെസ്റ്റ് ചെയ്യാൻ കൊടൂക്കാനായി പ്രത്യേകമായി ഒറ്റത്തവണ ഉപയോഗിക്കാവുന്ന തരത്തിലുള്ള സാമ്പിൾ കളക്‌ഷൻ ബോട്ടിലുകൾ ഉണ്ടെങ്കിലും അവ എല്ലായിടത്തും ലഭ്യമാകണമെന്നില്ല. ശൂദ്ധമായ കുപ്പിയിൽ ആയിരിക്കണം സാമ്പിൾ എടുക്കേണ്ടത്. പറ്റുമെങ്കിൽ പുതിയ ഒരു മിനറൽ വാട്ടർ കുപ്പിയിലെ വെള്ളം നീക്കം ചെയ്തതിനു ശേഷം ആ കുപ്പി ഉപയോഗിക്കുക. കിണർ വെള്ളം ആണ് സാമ്പിൾ ആയി എടൂക്കുന്നതെങ്കിൽ അല്പ നേരം പമ്പ് ചെയ്തതിനു ശേഷം പമ്പിന്റെ ഔട് ലെറ്റിൽ നിന്ന് നേരിട്ട് എടുക്കുക. ഈ വെള്ളത്തിൽ തന്നെ കുപ്പി ഒന്ന് കഴുകിയതിനു ശേഷം വെള്ളം നിറയ്ക്കുക. സാമ്പിൾ എടുത്തതിനു ശേഷം എത്രയും പെട്ടന്ന് ലാബിൽ എത്തിക്കാൻ പറ്റുമോ അത്രയും വേഗം എത്തിക്കുക. പൊതുവേ ഒരു മണിക്കൂറിനകം എന്ന് നിഷ്കർഷിക്കാറുണ്ട്. വൈകുന്തോറും ടെസ്റ്റ് പരാമീറ്ററുകളിൽ വ്യത്യാസം ഉണ്ടാകും. 

വെള്ളത്തിൽ അടങ്ങിയിരിക്കുന്ന വിവിധ ഘടകങ്ങളെയും അവയൂടെ ഏറ്റക്കുറച്ചിലുകൾക്കനുസരിച്ച് ഉണ്ടാകുന്ന പ്രശ്നങ്ങളൂം നീക്കം ചെയ്യാൻ എന്തൊക്കെയാണ് ചെയ്യേണ്ടതെന്നും വിവിധ സാഹചര്യങ്ങൾക്കനുസരിച്ച്  ഫലപ്രദമായതും പ്രായോഗികമായതുമായ വാട്ടർ ഫിൽട്ടർ / പ്യൂരിഫിക്കേഷൻ സംവിധാനങ്ങളെക്കുറിച്ച് വിശദമായി -

വാട്ടർ ടെസ്റ്റിംഗിന്റെ പ്രാധാന്യത്തെക്കുറിച്ചും അത് എങ്ങിനെയൊക്കെ എവിടെയൊക്കെ ചെയ്യാമെന്നതിനെക്കുറിച്ചുമൊക്കെ വിശദമായി കഴിഞ്ഞ ഭാഗത്തിൽ പറഞ്ഞുവല്ലോ. പ്രത്യേകിച്ച് രുചിയോ മണമോ വ്യത്യാസമൊന്നും ഇല്ലെങ്കിലും കിണർ, കുളം, കുഴൽക്കിണർ തുടങ്ങിയവയിൽ നിന്ന് എടുക്കുന്ന വെള്ളം ആണെങ്കിൽ ഒരിക്കലെങ്കിലും ഒന്ന് പരിശോധിച്ച് നോക്കുന്നത് നല്ലതാണ്. വെള്ളം ടെസ്റ്റ് ചെയ്ത് കിട്ടുമ്പോൾ അതിലെ വിവിധ ഘടകങ്ങളുടെ അനുവദനീയമായ പരിധിയും വെള്ളം പരിശോധിച്ചപ്പോൾ കിട്ടിയ അളവുമെല്ലാം നൽകിയിട്ടുണ്ടാകും. പൊതുവേ നമ്മുടെ വെള്ളത്തിൽ ഉണ്ടാകാൻ സാദ്ധ്യതയുള്ള പദാർത്ഥങ്ങളും അവയുടെ ഏറ്റക്കുറച്ചിലുകൾ മൂലം ഉണ്ടാകുന്ന പ്രശ്നങ്ങളും അവയുടെ പരിഹാരമാർഗ്ഗങ്ങളും എന്തെല്ലാമാണെന്ന് നോക്കാം. 

????ടർബിഡിറ്റി (കലക്കം)

നല്ല വെള്ളത്തിനെ നമ്മൾ 'കണ്ണുനീരു പോലെ തെളിഞ്ഞ വെള്ളം' എന്ന് വിളിക്കാറില്ലേ? കാഴ്ചയിൽ തന്നെ നല്ല സുതാര്യമായ വെള്ളം വെള്ളത്തിന്റെ പ്രത്യക്ഷമായ ഗുണനിലവാരങ്ങളിൽ ഒന്നിനെ സൂചിപ്പിക്കുന്നതാണ്. വെള്ളത്തിൽ അലിഞ്ഞ് ചേർന്നിട്ടുള്ളതോ അല്ലാത്തതോ ആയ പദാർത്ഥങ്ങൾ മൂലം വെള്ളത്തിന്റെ സ്വാഭാവിക സുതാര്യത നഷ്ടപ്പെടുന്ന അവസ്ഥയാണ് ടർബിഡിറ്റി അഥവാ കലക്കം എന്ന് വിളിക്കുന്നത്. ഇത്തരത്തിൽ കലങ്ങിയ വെള്ളം കാണുമ്പോൾ തന്നെ മനസ്സിലാക്കാം അത് ശുദ്ധമല്ല എന്ന്. വെള്ളം കലങ്ങാൻ കാരണമായ പദാർത്ഥങ്ങളിൽ ചെളി, മണ്ണ്, ലവണങ്ങൾ, വിവിധ ലോഹ സംയുക്തങ്ങൾ , ആൽഗേകൾ, സൂക്ഷ്മ ജീവികൾ തുടങ്ങിയവയിൽ ഏതുമാകാം. ടർബിഡിറ്റി അളക്കുന്നത് Nephelometric Turbidity Unit (NTU) എന്ന യൂണിറ്റ് വച്ച് ആണ്. ഇത് 10 ൽ കുറവാണെങ്കിൽ നല്ല വെള്ളമാണെന്ന് പറയാം. വെള്ളത്തിലൂടെ ലൈറ്റ് കടത്തി വിട്ട് ഒരു പ്രത്യേക പാറ്റേൺ എത്ര സെന്റീമീറ്റർ അകലത്തിൽ ഗ്ലാസ് ട്യൂബിലെ സാമ്പിളിലൂടെ കാണാൻ കഴിയുന്നു എന്നതിനനുസരിച്ചാണ് ഇത് കണക്കാക്കുന്നത്.  ഇങ്ങനെ കലങ്ങിയ വെള്ളം ഉപയോഗിക്കുന്നതുകൊണ്ട് എന്തെനിലും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുമോ എന്ന് അറിയാൻ അവയിലെ കലക്കത്തിനു കാരണമായ ഘടകങ്ങൾ ഏതാണെന്ന് അറിയണം. നമ്മുടെ നാട്ടിലെ കിണറുകളിൽ പൊതുവേ മഴക്കാലമാകുമ്പോൾ  ആകുമ്പോൾ വെള്ളത്തിനു നിറവ്യത്യാസം കാണുന്നതും പാത്രത്തിലും ടാങ്കിലും ചെളി ഊറി വരുന്നതുമായ പ്രശ്നങ്ങൾ പൊതുവേ പല ഇടങ്ങളിലും കണ്ടു വരുന്നതാണ്. അതുപോലെത്തന്നെ വയലിനു സമീപമുള്ള വീടുകളിലും മറ്റും ഈ പ്രശ്നം കാണാം ഇത്തരത്തിൽ കലങ്ങിയ വെള്ളം കുറച്ച് സമയം അനക്കാതെ വച്ചാൽ ചില സാഹചര്യങ്ങളിൽ തെളിഞ്ഞ് വരാറുണ്ട്. മറ്റ് ചിലയിടങ്ങളിൽ ആകട്ടെ അത്തരത്തിൽ ചെളി ഊറാതെ എത്ര നേരം കഴിഞ്ഞാലും കലങ്ങൽ മാറാത്ത സ്ഥിതി വിശേഷവും ഉണ്ട്. ഇരുമ്പിന്റെ അംശം കൂടുതൽ ഉള്ളതുകൊണ്ട് അല്ലാതെയുള്ള കലക്കം മാറ്റിയെടുക്കാൻ താരതമ്യേന വളരെ എളുപ്പമാണ്. അതിനെക്കുറിച്ച്  തുടർന്നുള്ള ഭാഗങ്ങളിൽ എഴുതാം. 

????ഇരുമ്പ് : ഭൂമിയിൽ ഏറ്റവും സുലഭമായി കാണപ്പെടുന്ന മൂലകങ്ങളിൽ നാലാം സ്ഥാനത്തുള്ളതാണ്‌ ഇരുമ്പ്. വളരെ ക്രിയാശീലമുള്ള ലോഹങ്ങളിൽ ഒന്നായതിനാൽ ഇരുമ്പ് സ്വതന്ത്ര രൂപത്തിനപ്പുറമായി മറ്റ് മൂലകങ്ങളുമായുള്ള സംയുക്തങ്ങൾ ആയാണ്‌ കാണപ്പെടുന്നത്. വെള്ളത്തിലെ ഓക്സിജനും ഇരുമ്പും തമ്മിൽ വലരെ സ്നേഹത്തിൽ ആയതിനാൽ അവർ കൂട്ടൂകൂടി ഫെറിക് ഹൈഡ്രോക്സൈഡ്, ഫെറസ് ഹൈഡ്രോക്സൈഡ് തുടങ്ങിയ സംയുക്തങ്ങൾ ഉണ്ടാക്കുന്നു. ഇതിൽ ഫെറിക് ഹൈഡ്രോക്സൈഡ് വെള്ളത്തിൽ അലിഞ്ഞ് ചേരാത്ത ചെങ്കൽ നിറമുള്ളതായതിനാൽ ഫെറിക് ഹൈഡ്രോക്സൈഡ് കൂടുതലായുള്ള വെള്ളം കലങ്ങിയതായി കാണപ്പെടൂന്നു. പക്ഷേ ഫെറസ് ഹൈഡ്രോക്സൈഡ് അങ്ങനെയല്ല. അതിനു പ്രത്യേകിച്ച് നിറമൊന്നുമില്ലാതെ വെള്ളത്തിൽ അലിഞ്ഞ് ചേർന്ന് കാണപ്പെടുന്നു. ഇരുമ്പിനോടൊപ്പം തന്നെ പലയിടത്തും കാണപ്പെടുന്ന മറ്റൊരു ലോഹമാണ്‌ മാംഗനീസ്. മാംഗനീസും  വിവിധ സംയുക്തങ്ങളുടെ രൂപത്തിലാണ്‌ വെള്ളത്തിൽ കാണപ്പെടുന്നത്. ഇത്തരത്തിലുള്ള അയേൺ - മാംഗനീസ് സംയുക്തങ്ങൾ എല്ലാ വെള്ളത്തിലും ഏറിയും കുറഞ്ഞുമൊക്കെ ഉണ്ടാകുമെങ്കിലും ഇവമൂലം സാന്ദ്രത കൂടുന്ന ജലം ഭൂഗർഭ ജലവിതാനത്തിന്റെ താഴെ തട്ടിലേക്ക് സ്വാഭാവികമായും അടിഞ്ഞ് കൂടുന്നു. അതുകൊണ്ട്‌ വളരെ ആഴത്തിലുള്ള കുഴൽ കിണറുകളിൽ നിന്നും മറ്റും ലഭിക്കുന്ന ഭൂഗർഭ ജലത്തിൽ ഇരുമ്പിന്റെയും മറ്റ് ലവണങ്ങളുടെയും അംശം കൂടുതലായിരിക്കും. 

ഇരുമ്പിന്റെ അംശം എങ്ങിനെ പരിശോധിക്കാം?

വെള്ളത്തിലെ ഇരുമ്പിന്റെ അംശം എത്രയാണെന്ന് കണ്ടുപിടീക്കാനൂള്ള ടെസ്റ്റ് കിറ്റുകൾ ലഭ്യമാണ്‌. ഒന്നോ രണ്ടോ തവണ പരിശോധിക്കുന്നതിനായി ഇത് വാങ്ങി വയ്ക്കുന്നത് ഗുണകരമാകില്ല. അതിനാൽ ഏതെങ്കിലും നല്ല വാട്ടർ ടെസ്റ്റിംഗ് ലബോറട്ടറികളിൽ പരിശോധനയ്ക്ക് നൽകുന്നതായിരിക്കും കൂടുതൽ നല്ലത്. 

 

കുടീവെള്ലത്തിൽ ഇരുമ്പുള്ളതുകൊണ്ട് എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടോ?==

നമ്മുടെ ശരീരത്തിന്‌ അത്യാവശ്യമൂള്ള ഒരു മൂലകം ആണ്‌ ഇരുമ്പ്. അത് നമ്മൾ കഴിക്കുന്ന ആഹാരത്തിൽ നിന്നും വെള്ളത്തിൽ നിന്നുമൊക്കെ ആവശ്യമായ അളവിൽ ശരീരം ആഗിരണം ചെയ്യുന്നു. അതുകൊണ്ട് ഇരുമ്പ് അടങ്ങിയ വെള്ളം കുടിക്കുന്നതുകൊണ്ട് സാധാരണഗതിയിൽ പ്രത്യേകിച്ച് ആരോഗ്യ പ്രശ്നങ്ങൾ ഒന്നും ഉണ്ടാകുന്നില്ല. വൃക്കരോഗികൾ , കരൾ രോഗികൾ തുടങ്ങിയവർക്ക് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടോ എന്ന് ഡോക്ടർമ്മാർ പറയും.

 ⭕ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെങ്കിൽ പിന്നെ എന്താണ്‌ ഇരുമ്പ് വെള്ളത്തിൽ ഉള്ലതുകൊണ്ടുള്ള കുഴപ്പം?

ഇരുമ്പിന്റെ അംശം വെള്ളത്തിൽ കൂടുതലായി ഉണ്ടായാൽ പ്രത്യക്ഷത്തിൽ തന്നെ വെള്ളത്തിനു രുചിയിലും മണത്തിലും വ്യത്യാസം അനുഭവപ്പെടും. വെള്ളം വായിൽ ഒഴിക്കുമ്പോൾ തന്നെ ലോഹത്തിന്റെ രുചി അറിയാനാകും. അതുപോലെ ഇരുമ്പിന്റെ അംശം കൂടുതൽ ഉള്ള വെള്ളത്തിൽ വസ്ത്രങ്ങളും മറ്റും കഴുകുമ്പോൾ അവയുടെ നിറം മങ്ങാൻ ഇടയാകുന്നു. അതുപോലെ പൈപ്പുകൾ , ടൈലുകൾ, സാനിറ്ററി വെയേഴ്സ് തുടങ്ങിയവയിൽ ഇരുമ്പ് കറ പിടിച്ച് നിറം മങ്ങുന്നതിന്‌ ഇടയാകുന്നു.  അതുപോലെ ചില പ്രത്യക തരം ബാക്റ്റീരിയകൾ വെള്ളത്തിലെ ഇരുമ്പുമായി പ്രവർത്തിച്ച് മഞ്ഞ നിറമുള്ള ഒരു കൊഴുത്ത ദ്രവപദാർത്ഥമാക്കി മാറ്റി പ്രതലങ്ങളെ അഴുക്ക് പിടിപ്പിക്കുന്നു. 

⭕വെള്ളത്തിൽ ഇരുമ്പിന്റെ അംശം എത്ര ശതമാനമാകാം?

ഇരുമ്പിന്റെ അംശം അല്പം കൂടുതലായാലും കുഴപ്പമൊന്നുമില്ല എങ്കിലും 0.3 mg/ l ൽ കൂടുതൽ ആയാൽ വസ്ത്രങ്ങളുടെ നിറം മാറ്റുകയും കറപിടിപ്പിക്കുകയുമൊക്കെ ചെയ്യും. അതുകൊണ്ട് ഈ റേറ്റിൽ കൂടുതൽ ആയാൽ അനുയോജ്യമായ ഫിൽട്ടറുകളും മറ്റും ഉപയോഗിക്കുന്നത് നല്ലതായിരിക്കും.

 വെള്ളത്തിൽ നിന്ന് ഇരുമ്പിനെ എങ്ങിനെ നീക്കം ചെയ്യാം?

പ്രധാനമായും ഫെറിക് സംയുക്തങ്ങളുടെ രൂപത്തിലും ഫെറസ് സംയുക്തങ്ങളുടെ രൂപത്തിലുമാണ്‌ ഇരുമ്പ് കണ്ടു വരുന്നതെന്ന് പറഞ്ഞല്ലോ. ഇതിൽ പ്രത്യക്ഷത്തിൽ തന്നെ വെള്ളത്തിന്റെ നിറം നോക്കി മനസ്സിലാക്കാവുന്ന ഫെറിക് രൂപത്തിലുള്ള ഇരുമ്പ് ആണ്‌ വെള്ളത്തിലുള്ളതെങ്കിൽ അതിനെ താരതമ്യേന എളുപ്പത്തിൽ നീക്കം ചെയ്യാവുന്നതാണ്‌. ലളിതമായ സാൻഡ് ഫിൽട്ടറുകൾ ഉപയോഗിച്ച് ഇത്തരത്തിലുള്ള ഇരുമ്പിന്റെ അംശം വളരെ എളുപ്പത്തിൽ നീക്കം ചെയ്യാവുന്നതാണ്‌. പക്ഷേ പൊതുവേ കുഴൽ കിണറുകളീലെല്ലാം രണ്ടാമത് പറഞ്ഞ ഫെറസ് സംയുക്തങ്ങളുടെ രൂപത്തിലായിരിക്കും ഇരുമ്പിന്റെ അംശം കൂടുതലായി കണ്ടുവരുന്നത്. അതായത് വെള്ളം കാഴ്ച്ചയിൽ നന്നായി തെളിഞ്ഞിരിക്കുകയും ടാങ്കിലോ പാത്രത്തിലോ മറ്റോ‌ എടുത്ത് വച്ചാൽ കുറച്ച് നേരം കഴിയുമ്പോഴേയ്ക്കും മഞ്ഞ നിറത്തിലുള്ള കലക്കവെള്ളം പോലെ മാറുന്നതുമായി കണ്ടാൽ അതിൽ ഇരുമ്പ് ഉള്ളത് ഫെറസ് സംയുക്തങ്ങളുടെ രൂപത്തിലാണെന്ന് കാണാം. ഫെറസ് സംയുക്തങ്ങൾ വായുവിലുള്ള ഓക്സിജനുമായി ചേർന്ന് ഫെറിക് സംയുക്തങ്ങളായി മാറുന്നതുകൊണ്ടാണ്‌ ഈ നിറവ്യത്യാസം കാണുന്നത്. ഇത്തരത്തിൽ ഫെറസ് ഹൈഡ്രോക്സൈഡും മറ്റും ഓക്സിജനുമായി പ്രവർത്തിച്ച് ഫെറിക് ഹൈഡ്രോക്സൈഡ് ആയി മാറിയാൽ പിന്നെ അതിനെ നീക്കം ചെയ്യുക വളരെ എളുപ്പമാണ്‌. നേരത്തേ‌ പറഞ്ഞ സാൻഡ് ഫിൽട്ടറുകൾ ഉപയോഗിച്ചാൽ മതി. പക്ഷേ ഈ ഫെറസ് സംയുക്തങ്ങൾ അങ്ങനെ എളുപ്പത്തിൽ ഫെറിക് സംയുക്തങ്ങൾ ആയി മാറണമെന്നില്ല. അത് വെള്ളത്തിന്റെ പി എച് വാല്യു, ഓക്സിജനുമായി ബന്ധപ്പെടാനുള്ള അവസരം എന്നിവയെയൊക്കെ ആശ്രയിച്ചിരിക്കുന്നു. ഇതനുസരിച്ച് വിവിധ ഘട്ടങ്ങളിലായി ഫെറസ് / ഫെറിക് സംയുക്തങ്ങളെ വെള്ലത്തിൽ നിന്ന് അരിച്ച് മാറ്റാം.

 എയറേഷൻ :

ഇതിനായി ഉപയോഗിക്കുന്ന എറ്റവും ലളിതമായ മാർഗ്ഗം ആണ്‌ ജലധാരകളുടെ രൂപത്തിൽ വെള്ളത്തെ വായുവുമായി സമ്പർക്കത്തിൽ വരുത്തുക. മറ്റൊരു മാർഗ്ഗം എയർ പമ്പുകൾ ഉപയോഗിക്കുന്നത്. ഏറ്റവും ചെലവ് കുറഞ്ഞതും ഫലപ്രദവുമായ മാർഗ്ഗം ആയതിനാൽ തട്ട് തട്ടായ പ്രതലങ്ങളിലൂടെ വെള്ളത്തെ ഒഴുക്കിക്കൊണ്ടുള്ള കാസ്കേഡ് എയറേറ്ററുകളൊക്കെയാണ്‌ വലിയ വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റുകളിൽ ഉപയോഗിക്കുന്നത്. ഇത്തരത്തിലുള്ള എയറേഷൻ കൊണ്ട് ഇരുമ്പ് മാത്രമല്ല ഹൈഡ്രജൻ സൾഫൈഡ് പോലെയുള്ള വാതകങ്ങളും മറ്റും വെള്ളത്തിൽ നിന്ന് നീക്കം ചെയ്യപ്പെടുന്നു. 

കാറ്റലിക് ഓക്സിഡേഷൻ : ഫെറസ് അയേൺ സംയുക്തങ്ങൾ ഓക്സിജനുമായി ചേർന്ന് അരിച്ച് മാറ്റാൻ എളുപ്പമായ ഫെറിക് അയേൺ സംയുക്തങ്ങൾ ആയി മാറുന്നത് ഒരു രാസപ്രവർത്തനമാണ്‌. ഈ രാസപ്രവർത്തനത്തിന്റെ വേഗത എങ്ങനെയെങ്കിലും വർദ്ധിപ്പിക്കാൻ കഴിഞ്ഞാൽ നമ്മുടെ ഫിൽട്ടറേഷന്റെ നിരക്കും അതനുസരിച്ച് കൂടുന്നു. “സ്വയം രാസമാറ്റത്തിനു വിധേയമാകാതെ ഒരു രാസപ്രവർത്തനത്തിന്റെ വേഗതയെ സ്വാധീനിക്കുന്ന വസ്തുക്കളെ ഉൾപ്രേരകങ്ങൾ അഥവാ കാറ്റലിസ്റ്റുകൾ എന്ന് വിളിക്കുന്നു” . ഇത് നമ്മൾ സ്കൂളിലെ കെമിസ്ട്രി ക്ലാസിൽ പഠിച്ചതാണല്ലോ. അങ്ങനെ ഫെറസ് അയേണിന്റെ ഓക്സിഡേഷന്റെ തോത് വർദ്ധിപ്പിക്കാനായി ഒരു ഉൾപ്രേരകം ഉപയോഗിച്ചാൽ ഫിൽട്ടറേഷൻ വളരെ വേഗത്തിലും ഫലപ്രദവുമായി നടത്താൻ കഴിയുന്നു. ഇത്തരത്തിലുള്ള പ്രധാനപ്പെട്ട ഒരു ഉൾപ്രേരകം ആണ്‌ മാംഗനീസ് ഡയഓക്സൈഡ് (