അജിനമാട്ടോ ഭാഗം 2
അജിന മോട്ടോ എന്ന MSG - കൊടും ഭീകരൻ ആണോ? ഭാഗം 2
⚛️⚛️⚛️⚛️⚛️⚛️⚛️⚛️⚛️
❓അജിനമോട്ടോ മാരകമാണ്, അത് ഉൾപെട്ട ഭക്ഷണം കഴിച്ചാൽ ക്യാൻസർ വരും. ഹൃദ്രോഗം മുതല്‍ എയിഡ്‌സ് വരെയുള്ള മാരകരോഗങ്ങള്‍ക്ക് അജിനമോട്ടോ കാരണമായേക്കാം, എന്നൊക്കെയാണ് ഭീതിവ്യാപാരികളുടെ പ്രചരണം. ഇതിലെന്തെങ്കിലും യാഥാർത്ഥ്യം ഉണ്ടോ?
⭕എന്താണീ അജിനമോട്ടോ?
അതൊരു ബ്രാൻഡ് നെയിം ആണു. ജപ്പാന്‍ ആസ്ഥാനമാക്കിമു പ്പതിലധികം രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ഒരു ബഹുരാഷ്ട്ര കമ്പനിയാണ് Ajinomoto Co. Inc. അവരുത്പാദിപ്പിച്ച്, വിപണനം ചെയ്യുന്ന പല സംഗതികളിൽ ഒന്നാണ് രുചിവസ്തുവായ MSG അഥവാ, മോണോസോഡിയം ഗ്ലൂട്ടമേറ്റ്. ഈ ഉല്പന്നം അവര്‍ 100ലധികം രാജ്യങ്ങളില്‍ വിറ്റഴിക്കുന്നുമുണ്ട്. നൂറ്റിപ്പത്തിലധികം വർഷങ്ങളായി ഈ കമ്പനി ഇത് വിതരണം ചെയ്യുന്നതായതുകൊണ്ടായിരിക്കണം, ഇന്ന് MSG അജിനമോട്ടോ എന്നാണ് അറിയപ്പെടുന്നത്. ഗ്ലൂട്ടമിക് ആസിഡ് (glutamic acid) എന്ന പ്രോട്ടീനും സോഡിയവും ചേർത്താണു MSG എന്ന ഈ വ്യാവസായിക ഉല്പന്നം ഉണ്ടാക്കുന്നത്. ഭീതിവ്യാപാരികളുടെ ഇഷ്ടവസ്തുവാണ് അജിനമോട്ടോ. എന്നാൽ ഇവർ പ്രചരിപ്പിക്കുന്ന പോലെ അത്ര ഭീകരനാണോ അജിനമോട്ടോ!?
⭕ആദ്യമേ ഒരു കാര്യം പറയട്ടെ, അജിനമോട്ടോ ഒരു ഭക്ഷണ പദാര്‍ത്ഥമല്ല; ഉപ്പോ കുരുമുളകോ ഒക്കെ പോലെ, രുചി വര്‍ദ്ധിപ്പിക്കാന്‍ ചേര്‍ക്കുന്ന ഒരു വസ്തുവാണിത്. ഉപ്പിന് ഉപ്പു രസം - കുരുമുളകിന് എരിവ്. അതുപോലെ MSG ഉണ്ടാകുന്ന രുചി അനുഭവമാണ് 'ഉമാമി'- മാംസത്തിന്‍റെ സ്വാദ്.
⭕ആറ് അടിസ്ഥാന രുചികൾ ആണ് ഇതുവരെ തിരിച്ചറിഞ്ഞിട്ടുള്ളത്.
മധുരം, കയ്പ്, പുളി, ഉപ്പ്, ഉമാമി, ഒലിയോഗസ്റ്റസ് (Oleogustus) എന്നിവയാണ് ആ ആറ് രുചികള്‍. മറ്റു സ്വാദുകളുമായി ഒരു തരത്തിലും ബന്ധപ്പെടാത്ത സ്വതന്ത്ര രുചികളെയാണ് അടിസ്ഥാന രുചികൾ എന്ന് കണക്കാക്കുന്നത്. ചവര്‍പ്പും എരിവുമെല്ലാം ഉള്‍പ്പടെ ആയിരക്കണക്കിന് സ്വാദുകൾ തിരിച്ചറിയാന്‍ മനുഷ്യന്റെ നാവിന് കഴിവുണ്ട്. എന്നാല്‍ ഇത്തരം രുചികളെല്ലാം രണ്ടോ അതിലധികമോ അടിസ്ഥാന സ്വാദുകളുടെ മിശ്രണമായിരിക്കും. വെളിച്ചത്തിന്‍റെ കാര്യത്തില്‍ പ്രാഥമിക വര്‍ണങ്ങള്‍ ചെയ്യുന്നതു തന്നെയാണ് സ്വാദിന്‍റെ കാര്യത്തില്‍ മൗലിക രുചികളും ചെയ്യുന്നത്. ചുമപ്പ്, പച്ച, നീല എന്നിവയാണ് പ്രാഥമിക വര്‍ണങ്ങള്‍. ഈ നിറങ്ങള്‍ മൗലികവും മറ്റുനിറങ്ങളുടെ സംഘാതത്താല്‍ നിര്‍മിക്കാന്‍ കഴിയാത്തവയുമാണ്. എന്നാല്‍ ഈ പ്രാഥമിക വര്‍ണങ്ങള്‍ വ്യത്യസ്ത അനുപാതത്തില്‍ കൂടിച്ചേരുമ്പോഴാണ് മറ്റു വര്‍ണങ്ങളെല്ലാം ഉണ്ടാകുന്നത്. പ്രാഥമിക രുചികളും ഇങ്ങനെതന്നെയാണ്.
ഇവ മൗലികമാണ്. അതേസമയം ഇവയുടെ വ്യത്യസ്ത അനുപാതത്തിലുള്ള മിശ്രണം ആയിരക്കണക്കിന് മറ്റു രുചികള്‍ക്കു കാരണമാവുകയും ചെയ്യുന്നു.
മനുഷ്യരുടെ നാവിൽ ഉമാമി തിരിച്ചറിയാനുള്ള പ്രത്യേകം രസമുകുളങ്ങൾ അല്ലെങ്കിൽ റിസപ്റ്ററുകൾ ഉള്ളതിനാൽ ഇതിനെ അഞ്ചാമത്തെ രുചി ആയി അംഗീകരിക്കുന്നു.
ലോകത്തിൽ ഏറ്റവും കൂടുതൽ ആയൂർ ദൈർഘ്യം ഉള്ള ജപ്പാൻകാരുടെ എല്ലാ ഭക്ഷണങ്ങളിലും ഇതു ചേർകുന്നു. MSG എന്നല്ല ഏതൊരു വസ്തുവും നിര്‍ദ്ദിഷ്ട അളവിലും കൂടുതലായി ഉപയോഗിക്കുന്നത് പ്രശ്‌നമുണ്ടാക്കും എന്നത് ഒരു തര്‍ക്കവിഷയമേ അല്ല.
ഉപ്പ് പോലെ തന്നെ കുറഞ്ഞ അളവില്‍ മാത്രമേ ഉമാമിയും ആസ്വാദ്യകരമാവുകയുള്ളൂ എന്നത് വേറെ കാര്യം. അധികമായി ചേർത്താൽ ആ ആഹാരം നമുക്ക് വായിൽ വെക്കാൻ കൊള്ളില്ല. അത്കൊണ്ട് അജിനമോട്ടോ ചേർത്ത ഒരാഹാരം നമ്മൾ കഴിക്കുന്നുണ്ടെങ്കിൽ അതിനർത്ഥം അതിൽ മിതമായ അജിനമോട്ടോ മാത്രമേ ചേർത്തിട്ടുള്ളൂ എന്നാണ്. മിതമായ അളവിൽ ചേർക്കുന്ന ഒന്നും ദോഷമല്ലാത്തത് പോലെ MSG യും ദോഷമല്ല.
പ്രകൃതിയുടെ രുചിവര്‍ധക വസ്തുവെന്നും പ്രോട്ടീന്‍ ബില്‍ഡിംഗ് ബ്ലോക്കുകള്‍ എന്നുമെല്ലാമാണ് ഗ്ലൂട്ടാമേറ്റ് അറിയപ്പെടുന്നത്. മത്സ്യം, മാംസം, പാല്‍, പാല്‍ക്കട്ടി, ചൈനീസ് കാബേജ്, തക്കാളി, കൂണ്‍ പോലെയുള്ള പച്ചക്കറികള്‍, തോടുള്ള കടല്‍ വിഭവങ്ങള്‍, എന്നുവേണ്ട മുലപ്പാലിൽ വരെ ഗ്ലൂട്ടമേറ്റ് പ്രകൃത്യാ തന്നെ അടങ്ങിയിട്ടുണ്ട്. ഉമാമി എന്ന രുചി പ്രദാനംചെയ്യുന്ന, ഗ്ലൂട്ടമിക് ആസിഡും സോഡിയവും ചേരുന്ന അജിനോമോട്ടയിലെ ഗ്ലൂട്ടമിക് ആസിഡ് നമ്മുടെ ശരീരത്തില്‍ തന്നെ ഉത്പാദിപ്പിക്കപ്പെടുന്ന ഒരു അമിനോ ആസിഡ് ആണ്. സസ്യങ്ങളടക്കം എല്ലാ ജീവികളും ഇത് സ്വയം നിർമ്മിക്കുന്നു
മനുഷ്യശരീരത്തിൽ കോശങ്ങൾ ഉണ്ടാക്കുന്ന പ്രോട്ടീൻ ഉണ്ടാവണമെങ്കിൽ നമുക്ക് 20 തരം അമിനോ ആസിഡുകൾ വേണം.
ഇവയിൽ 11 എണ്ണം നോൺ എസൻഷ്യൽ അമിനോ ആസിഡുകൾ ആണ് . അതായത് , ശരീരം സ്വയം നിർമ്മിക്കുന്ന അംളങ്ങൾ .
ഇതില്‍ ഒന്നാണ് ഗ്ലൂട്ടമിക് ആസിഡ് . ബാക്കി ഒമ്പതെണ്ണം ഭക്ഷണം വഴിയാണ് ലഭിക്കുന്നത്. ഇവയെ എസൻഷ്യൽ അമിനോ ആസിഡുകൾ എന്ന് പറയുന്നു. മനുഷ്യശരീരം 40 ഗ്രാം ഗ്ലൂട്ടമേറ്റ് ദിവസവും ഉത്പാദിപ്പിക്കുന്നുണ്ട്.
പശുവിൻ പാലില്‍ ഉള്ളതിന്റെ പത്തിരട്ടി ഗ്ലൂട്ടമേറ്റ് മനുഷ്യരുടെ മുലപ്പാലില്‍ അടങ്ങിയിട്ടുണ്ട്. കുട്ടികളെ പാല് കുടിപ്പിക്കാനുള്ള പ്രകൃതിയുടെ വഴിയാണ് ഗ്ലൂട്ടമേറ്റ്. അതായത്, നമ്മുടെ ശരീരത്തിന് അപരിചിതമായ ഒരു രാസവസ്തുവല്ല ഇതെന്ന് ചുരുക്കം.
ശരീരത്തില്‍ സ്വയം ഉത്പാദിപ്പിക്കുന്ന ഗ്ലൂട്ടമിക് ആസിഡ് എന്ന അമിനോ അമ്ലവും പിന്നെ സോഡിയവും ചേര്‍ന്ന സംയുക്തമാണ് MSG. സോഡിയത്തിന്റെ അധികസാന്നിധ്യം മാത്രമാണ് ഇവിടെ ശ്രദ്ധിക്കേണ്ടത്. കൂടുതല്‍ സോഡിയം ശരീരത്തിന് നല്ലതല്ല. കറിയുപ്പില്‍ ഉള്ളതിന്റെ ഏകദേശം മൂന്നിലൊന്ന് സോഡിയം മാത്രമേ എം.എസ്.ജി യില്‍ ഉള്ളൂ. അങ്ങനെ എങ്കിൽകറിയുപ്പ് അജിനമോട്ടോയേക്കാള്‍ മൂന്നിരട്ടി ഹാനികരമാണെന്ന് വരും.
⭕അജിനമോട്ടോയ്ക്ക് എതിരെയുള്ള എല്ലാ ആരോപണങ്ങളും ഡബിള്‍ ബ്ലൈന്‍ഡ് പരീക്ഷണങ്ങളില്‍ തള്ളപ്പെട്ടവയാണ്.
അജിനമോട്ടോ വിഷം അല്ല. അത് ഇന്ത്യയിലും ലോകത്ത് എവിടെയും നിരോധിച്ചിട്ടില്ല. ഇന്നുവരെ അജിനമോട്ടോ കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കിയതായി ലോകത്ത് എവിടെ നിന്നും സ്ഥിരീകരിക്കപ്പെട്ട രേഖകളോ തെളിവുകളോ ഇല്ല. പരിശോധനകള്‍ക്ക് ശേഷം 1958 ല്‍ 'അങ്ങേയറ്റം സുരക്ഷിതം'എന്നാണ് അമേരിക്കന്‍ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ അജിനമോട്ടയെ വിശേഷിപ്പിച്ചത്.
⭕കികൂനേ ഇകേഡാ എന്ന ജാപ്പനീസ് ശാസ്ത്രജ്ഞനാണു മാംസത്തിലും ചീസിലും തക്കാളിയിലും മറ്റും അടങ്ങിയ ഈ പ്രത്യേക രുചിയെപ്പറ്റി ഗവേഷണം തുടങ്ങിയത്. പാകം ചെയ്യുമ്പോൾ രുചിയ്ക്ക് വേണ്ടി തന്‍റെ ഭാര്യ ചേര്‍ക്കുന്ന 'കൊമ്പു 'എന്ന കടല്‍സസ്യത്തില്‍ ആയി തുടര്‍ന്ന് ഗവേഷണം. അങ്ങനെ അദ്ദേഹം ഗ്ലൂട്ടമിക് ആസിഡ് എന്ന അമിനോ ആസിഡിനെ വേര്‍തിരിച്ചെടുത്തു. പാചകം ചെയ്യുമ്പോള്‍ ഈ അമിനോ ആസിഡ് ഗ്ലൂട്ടമേറ്റ് ആകും. ഗ്ലൂട്ടമേറ്റ് ആണ് ഈ രുചിക്ക് കാരണം എന്ന് അദ്ദേഹം കണ്ടെത്തി. ഈ രുചിക്ക് ഉമാമി എന്ന് പേരും നൽകി. ഈ ഗ്ലൂട്ടമേറ്റ് ഉപ്പുവെള്ളത്തില്‍ കലര്‍ത്തിയാല്‍ മോണോസോഡിയം ഗ്ലൂട്ടമേറ്റ് കിട്ടും. അങ്ങനെയാണു അദ്ദേഹം ഈ മോണോസോഡിയം ഗ്ലൂട്ടമേറ്റ് എന്ന പദാർഥം അജിനമോട്ടോ എന്ന പേരിൽ വ്യാവസായികമായി ഉല്പാദിപ്പിച്ച് വില്പന തുടങ്ങിയത്.
⭕''മൊത്തം കെമിക്കലാണ്, കെമിക്കലൊക്കെ വിഷമാണ്..''എന്നൊക്കെ വിലപിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ: രുചിക്കലും മണക്കലുമൊക്കെ വ്യത്യസ്ത രാസപദാര്‍ത്ഥങ്ങളെ തിരിച്ചറിയാനുള്ള മസ്തിഷ്‌ക്ക പദ്ധതിയുടെ ഭാഗമാണ്.'കെമിക്കല്‍' ഇല്ലെങ്കില്‍ രുചിയും മണവും ഇല്ല. അതായത്, മൊത്തം കെമിക്കല്‍ തന്നെയാണ്.