കൊഡാക് ഫിലിം

Simple Science Technology

Kodak കമ്പനിയുടെ ഫിലിം റോളുകളും സാങ്കേതിക വിദ്യകളും

Vinoj Appukuttan

ഒരു കാലത്ത് റോൾ ഫിലിം ക്യാമറകളിലെ മുൻനിരയിലായിരുന്നു കൊഡാക് കമ്പനി. കമ്പനി സ്ഥാപിച്ചത് ജോർജ് ഈസ്റ്റ്മാനാണ്.അദ്ദേഹമാണ് റോൾഫിലിം തയ്യാറാക്കിയതും ഫോട്ടോഗ്രഫി ജനകീയമാക്കിയതും.ഗ്ലാസിലുള്ള ഫോട്ടോഗ്രഫി പ്ലേറ്റുകൾ ഉപയോഗിച്ചുള്ള പ്രവർത്തനങ്ങൾ സങ്കീർണ്ണമായിരുന്നു.ഗ്ലാസ്പ്ലേറ്റുകളിൽ പുരട്ടുന്ന രാസവസ്തു ലായനിയിൽ ജലാറ്റിൻ ചേർത്താൽ കുറേക്കാലം കേടാവാതിരിക്കുമെന്ന് അദ്ദേഹം മനസ്സിലാക്കി.പരീക്ഷണങ്ങൾക്കൊടുവിൽ റോൾ ഫിലിം തയ്യാറായി(1883). അതിനു പറ്റിയ ക്യാമറ 1888 ലും തയ്യാറാക്കി.

രാസലായനി തേച്ച കടലാസ് ഒരു കുഴലിൽ ചുറ്റി തയ്യാറാക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ റോൾ ഫിലിം. കടലാസിനു പകരം സെല്ലുലോയ്ഡ് ഉപയോഗിച്ചതും ഈസ്റ്റ്മാനാണ്.1924 ലാണ് വേഗം തീ പിടിക്കാത്ത സെല്ലുലോസ് അസ്റ്റേറ്റ് കണ്ടെത്തുന്നത്.അതോടുകൂടി വൻകിട ബിസിനസുകാരനായി ഈസ്റ്റ്മാൻ. ആദ്യകാലത്ത് ക്യാമറ ഉപയോഗശേഷം മുഴുവനായും ഓഫീസിൽ എത്തിക്കണമായിരുന്നു.പിന്നീട് റോൾ ഫിലിം മാത്രമെന്നായി.''നിങ്ങളൊരു ബട്ടണമർത്തു, ബാക്കി പണി ഞങ്ങൾക്ക് ''.കൊഡാക്കിന്റെ പരസ്യവാചകമിതായിരുന്നു. അവസാന നാളുകളിൽ ബിസിനസ്സിൽ നിന്നും മാറി നിന്ന് സാമൂഹ്യ സേവനം ചെയ്യുകയും തന്റെ സമ്പാദ്യത്തിന്റെ ഒരു ഭാഗം പല ഗവേഷണ സ്ഥാപനങ്ങൾക്ക് സംഭാവന ചെയ്തു. അമേരിക്കയിലെ ഈസ്റ്റ്മാൻ സ്കൂൾ ഓഫ് മ്യൂസിക് അദ്ദേഹം സ്ഥാപിച്ചതാണ്.അദ്ദേഹത്തിന്റെ ആദ്യ വീട് ജോർജ് ഈസ്റ്റ്മാൻ ഹൗസ് ഇന്റർനാഷണൽ മ്യൂസിയം ഓഫ് ഫോട്ടോഗ്രഫി ആൻഡ് ഫിലിം എന്ന പേരിൽ മ്യൂസിയമാക്കിയിട്ടുണ്ട്. 1954 ൽ അദ്ദേഹത്തിന്റെ തപാൽ സ്റ്റാംപും പുറത്തിറക്കി. ജീവിതം വീൽചെയറിലേക്ക് മാറിയതോടെ 1932 മാർച്ച് 14 ന് സ്വയം വെടിവച്ച് മരിക്കുകയായിരുന്നു. തന്റെ ആത്മഹത്യാ കുറിപ്പിൽ ഇങ്ങനെ എഴുതിയിരുന്നു,'എന്റെ ജോലി പൂർത്തിയായി ഇനി എന്തിനു കാത്തു നിൽക്കണം'.