ചെള്ള് വെറും ചെള്ളല്ല
ചെള്ള് വെറും ചെള്ളല്ല
⚛️⚛️⚛️⚛️⚛️⚛️⚛️⚛️⚛️
✍️: വിജയകുമാർ ബ്ലാത്തൂർ
⭕ഈ ചിത്രത്തിലെ ചെള്ളല്ല ചെള്ളുപനിച്ചെള്ള് : ആരാണ് ശരിയ്ക്കും ചെള്ള്? ‘ചെള്ള് പനി’ എന്ന് നമ്മൾ മലയാളത്തിൽ പേരിട്ട് വിളിക്കുന്ന സ്ക്രബ് ടൈഫസ് പിടിപെട്ട് കേരളത്തിലും ആളുകൾ മരിക്കാൻ തുടങ്ങിയതോടെ ‘ചെള്ള്’ എന്ന ഭീകരരേക്കുറിച്ചായി നമ്മുടെ ആശങ്കകൾ. ആർത്രോപോഡ വിഭാഗക്കാരായ, ഫ്ലി (Flea ), മൈറ്റ് ( Mite ) , ടിക് ( Tick) എന്നീ ചിറകില്ലാത്ത മൂന്നുതരം ജീവികൾക്കും ചെള്ള് എന്ന വാക്ക് തന്നെയാണ് നമ്മൾ ഉപയോഗിക്കാറുള്ളത്. ഇത് ചില ആശയക്കുഴപ്പങ്ങളുണ്ടാക്കുന്നുണ്ട്. ഈ ജീവികൾ ഒരോ വിഭാഗത്തിനും വ്യത്യസ്തമായ പേരുകൾ നൽകുകയോ അല്ലെങ്കിൽ ഇംഗ്ലീഷ് പേരു തന്നെ ഉപയോഗിക്കുകയോ ചെയ്യുന്നതാണുത്തമം. ‘സ്ക്രബ് ടൈഫസ് ’ എന്ന ബാക്ടീരിയൽ രോഗം നമ്മളിലേക്ക് എത്തിക്കുന്ന മാടമ്പള്ളിയിലെ യഥാർത്ഥ രോഗവാഹകർ ഇവരിലെ ‘മൈറ്റുകൾ’ എന്ന ഇനം മാത്രമാണ്. അവരാണ് പുതിയ കഥയിലെ നായകർ. മൈറ്റുകളെക്കുറിച്ച് മാത്രമല്ല , ചെള്ള് എന്ന് നമ്മൾ പൊതുവായി പേരു വിളിക്കുന്ന മറ്റ് ജീവികളെക്കുറിച്ച് കൂടി അറിയുന്നതും ഇവയെ തിരിച്ചറിയാൻ സഹായിക്കും. ഇവരാരും അത്ര പാവങ്ങളല്ല, പലതരം രോഗങ്ങൾ നമ്മളിലെത്തിക്കുന്ന കുപ്രസിദ്ധ പരാദ ജീവികൾ തന്നെയാണ്.
⭕ മൃഗങ്ങളിൽ സാധാരണയായി കാണുന്ന പലതരം ചെള്ളുകൾ ചോര കുടിക്കാനായി നമ്മളേയും കടിക്കുമ്പോഴാണ് ചെള്ളുപനി ഉണ്ടാകുന്നത് എന്നത് ഒരു തെറ്റായ ഒരു ധാരണയാണ്. മാൻചെള്ള്, നായുണ്ണി , പാലുണ്ണി, ഫ്ലീകൾ പോലുള്ള, നമുക്ക് കാണാൻ കഴിയുന്നത്ര വലിയ ജീവികളുടെ കടി മൂലമാണ് ചെള്ള് പനി പടരുന്നത് എന്നാണ് പലരും കരുതിയിരിക്കുന്നത്. ഈ രോഗത്തിന് കാരണമായ ഒറിയെൻഷ്യ സുത്സുഗാമുഷി (Orientia tsutsugamushi) എന്ന ബാക്റ്റീരിയ മനുഷ്യരുടെ രക്തത്തിൽ എത്തുന്നത് എട്ടുകാലുകളുള്ള ‘മൃഗച്ചെള്ളു’കൾ കടിച്ചിട്ടല്ല. ചിലന്തികളേപ്പോലെ എട്ടുകാലുകളുള്ള ജീവികളെ ഉൾപ്പെടുത്തീട്ടുള്ള അരാക്നിഡെ വിഭാഗത്തിൽ പെട്ട ‘മൈറ്റുകൾ’. എന്ന വിഭാഗക്കാരാണ് പ്രതികൾ. ടിക്കുകളും ഇവർക്കൊപ്പം തന്നെയാണ് പരിഗണിക്കപ്പെടുന്നത്. ഒരു മില്ലീമീറ്റർ പോലും വലിപ്പമില്ലാത്തവരാണ് മൈറ്റുകൾ. മുതിർന്ന മൈറ്റുകൾ പല വിഭാഗവും നമ്മളെ കടിക്കാറില്ല. സസ്യഭാഗങ്ങൾ ഒക്കെയാണ് ഭക്ഷണം. ഇളം ചുവപ്പ് നിറമുള്ള ഒരു പൊടിപോലെ സൂക്ഷിച്ച് നോക്കിയാൽ കാണാം എന്നു മാത്രം.. അതിലും വളരെ ചെറുതാണ് ഇവയുടെ മുട്ടവിരിഞ്ഞിറങ്ങുന്ന ലാർവകൾ. ലെൻസിലൂടെ നോക്കിയാലേ പലപ്പോഴും ഇവയെ കാണാൻ പോലും കഴിയു. ലാർവകൾക്ക് ആറുകാലുകൾ മാത്രമേ ഉണ്ടാകു.
Trombiculidae, കുടുംബത്തിലെ Leptotrombidium ജനുസിലെ ചില മൈറ്റുകളുടെ ലാർവകളാണ് ഒറിയെൻഷ്യ സുത്സുഗാമുഷി ബാക്ടീരിയകളെ നമ്മളിൽ എത്തിക്കുന്നത്. ചിഗർ മൈറ്റുകൾ ( Chigger ) എന്നും ഇവയെ വിളിക്കാറുണ്ട് . കരണ്ടുതീനികളായ അണ്ണാനേയും എലികളെയും പോലുള്ള ജീവികളുടെ ശരീരത്തിലാണ് ഈ ബാക്റ്റീരിയ റിസർവുകളായി കഴിയുന്നത്. അവയിൽ രോഗ ലക്ഷണങ്ങൾ ഒന്നും കാണിക്കുകയുമില്ല. Leptotrombidium മൈറ്റുകളുടെ ലാർവകൾ വയറു നിറക്കാനും ജീവ ചക്രത്തിന്റെ ലാർവ ഘട്ടം കഴിച്ചുകൂട്ടാനും ഇഷ്ടപ്പെടുന്നത് ഈ ജിവികളിലാണ്. പക്ഷെ അപൂർവ്വമായി മനുഷ്യരുടെയും മറ്റ് സസ്തനികളുടെയും ശരീരത്തിലുംഇവർ എത്തിപ്പെടുകയും ആ ലാർവകളിൽ ബാക്റ്റീരിയ ഉണ്ടെങ്കിൽ സ്ക്രബ് ടൈഫസ് പിടികൂടുകയും ചെയ്തേക്കാം. ലാർവകൾക്ക് നമ്മുടെ രക്തക്കുഴലുകളോളം എത്തുന്ന വിധം ആഴത്തിൽ കടിക്കാനുള്ള വദനഭാഗങ്ങളൊന്നും ഇല്ല. അതിനാൽ നമ്മുടെ ചോര കുടിക്കാനും കഴിയില്ല. രോമക്കുഴിക്കരികിൽ ദഹന രസങ്ങൾ തൂവി കോശങ്ങൾ ദഹിപ്പിക്കലാണ് ഇവരുടെ ആദ്യ പണി. ദഹിച്ച കോശങ്ങൾ ജ്യൂസുപോലെ ആക്കി അത് വലിച്ച് കുടിക്കും . അങ്ങിനെ കുറച്ച് സമയം കൊണ്ട് ഒരു ചെറിയ ദ്വാരം ആക്കും. തൊലി ദഹിപ്പിച്ച് തിന്ന സ്ഥലത്ത് ഗാംഗ്രിൻ വന്നതുപോലെയുള്ള എസ്കാർ (eschar) എന്ന് വിളിക്കുന്ന കറുത്ത അടയാളങ്ങൾ ഉണ്ടാക്കും. ഇവർ അവിടം തിന്നുന്ന സമയം ഒന്നും നമ്മൾ ഇതിന്റെ സാന്നിദ്ധ്യം അറിയുകയില്ല. മൈറ്റ് ലാർവയുടെ ഉമിനീരിലെ ഘടകങ്ങൾ അലർജിയും വലിയ ചൊറിച്ചിലും ഉണ്ടാക്കുന്നത് ലാർവ പൊഴിഞ്ഞ് പോയതിനു ശേഷം മാത്രമാകും . അതിനാൽ തന്നെ എന്താണ് സംഭവിച്ചത് എന്ന് നമ്മൾ അറിയുകയും ഇല്ല. പല തവണ ഉറപൊഴിക്കൽ കഴിഞ്ഞ ശേഷമാണ് ലാർവ നമ്മുടെ തൊലിയിൽ നിന്ന് പൊഴിഞ്ഞ് മണ്ണിൽ വീഴുക. പിന്നെ ആറുകാലുകൾ മാത്രമുള്ള നിംഫായും കുറച്ച് നാൾ കഴിയും. അതിനുശേഷമാണ് ശരിയായ മൈറ്റ് ആകുന്നത്. അപ്പോൾ അതിന് എട്ടു കാലുകൾ ഉണ്ടാവും. ഈ മുതിർന്ന മൈറ്റുകൾ നമുക്ക് ഒരു ശല്യവും ചെയ്യില്ല.
⭕വസ്ത്രങ്ങൾ ദേഹത്തോട് ചേർന്ന് നിൽക്കുന്ന മടക്കുകളിലാണ് സാധാരണ ഈ എസ്കാർ മാർക്കുകൾ കാണുക. അരക്കെട്ടിൽ വസ്ത്രം അണിയുന്ന ഭാഗം, കാൽമുട്ടിന്റെ മടക്കുകൾ, നാഭി, പൃഷ്ടം, , കക്ഷം, ജനനേന്ദ്രിയങ്ങൾ, കഴുത്ത് തുടങ്ങിയ ഇടങ്ങളിലാണ് സധാരണയായി എസ്കാറുകൾ കാണപ്പെടുക. എല്ലാ ലാർവകളിലും സ്ക്രബ് ടൈഫസ് രോഗത്തിന് കാരണമാകുന്ന ബാക്ടീരിയ ഉണ്ടാകണം എന്നില്ല. അതിനാൽ എസ്കാർ മാർക്കുകൾ വന്നവർക്ക് എല്ലാം സ്ക്രബ് ടൈഫസ് പിടികൂടണം എന്നില്ല. വിറയലോടു കൂടിയ പനി , തലവേദന, കണ്ണ് ചുവക്കൽ, കഴല വീക്കം, പേശി വേദന, വരണ്ട ചുമ എന്നീ ലക്ഷണങ്ങളുള്ളവർക്ക് എസ്കാർ മാർക്കുകൾ കൂടി കാണുകയാണെങ്കിൽ രോഗ സാദ്ധ്യത ഉണ്ടെന്ന് അനുമാനിക്കാം. ആ ബാക്ടീരിയുടെ റിസർവ് ആയ മൃഗത്തിന്റെ ശരീരത്തിൽ മുമ്പ് പറ്റി വളർന്ന ലാർവ, പിടിവിട്ട് മണ്ണിൽ വീണ് , നിംഫായി , മുതിർന്ന് , മറ്റ് മൈറ്റുമായി ഇണചേർന്ന് മുട്ടയിട്ട് വിരിഞ്ഞ് ഉണ്ടായ ലാർവയാണെങ്കിൽ മാത്രമേ അതിന്റെ ഉമിനീരിൽ ബാക്ടീരിയ ഉണ്ടാകാൻ സാദ്ധ്യത ഉള്ളു. അല്ലാതെ എല്ലാ മൈറ്റ് ലാർവയും രോഗം പടർത്തില്ല. ബക്ടീരിയ റിസർവുകളായ റോഡന്റുകളുടെ ഉള്ളിൽ നിന്നും രോഗാണു കയറിയുണ്ടായ മൈറ്റിന്റെ പിറക്കാനിരിക്കുന്ന കുഞ്ഞിലേക്ക് ഈ ബാക്ടീരിയകൾ എത്തുന്നത് transovarial transmission എന്ന പരിപാടി വഴിയാണ്.
ഇവ ശരീരത്തിൽ ഉള്ള മൃഗങ്ങളെ കടിച്ച ചെള്ളുകൾ നമ്മളെ കടിക്കുമ്പോഴാണ്` ഈ രോഗം പകരുന്നത് എന്നാണ് ചിലരെങ്കിലും തെറ്റായി മനസിലാക്കീട്ടുള്ളത്.
⭕ബർമയിലും സിലോണിലും രണ്ടാം ലോക മഹായുദ്ധകാലത്ത് കാടുകളിൽ നീങ്ങിയ സഖ്യ സേനാംഗങ്ങൾ പലർക്കും ഈ രോഗം പിടിപെട്ടപ്പോഴാണ് ഈ രോഗം ലോക ശ്രദ്ധ നേടിയത്. അന്ന് ഇതിന് യാതൊരു ചികിത്സയും മരുന്നും ഉണ്ടായിരുന്നില്ല. എന്നാൽ ഇപ്പോൾ
ശരിയായ ചികിത്സ കൃത്യ സമയത്ത് ലഭിച്ചാൽ ഏതാണ്ട് പൂർണമായും ഭേദമാക്കാവുന്ന രോഗമാണ് സ്ക്രബ് ടൈഫസ് , ചികിത്സ ലഭിക്കാത്തവരിൽ നാൽപ്പത് ശതമാനം വരെ മരണ നിരക്കുള്ളതാണ് എന്നത് ഗൗരവം ഉള്ള കാര്യവും ആണ്. ഡോക്സിസൈക്‌ളിൻ (doxycycline) എന്ന വളരെ സാധാരണമായ മരുന്ന് നൽകി എളുപ്പം സ്ക്രബ് ടൈഫസ് ചികിത്‌സിക്കാം .
⭕കാട്ട് പൊന്തകളിലും പുല്ലിലും ഒക്കെ ഇടപെടുന്നവർ ശരീരം മൊത്തം മൂടുന്ന വസ്ത്രങ്ങൾ ധരിക്കുന്നത് ഇത്തരം ചിഗർ മൈറ്റ് ലാർവകൾ ദേഹത്ത് പറ്റിപ്പിടിക്കുന്നത് തടയാൻ സഹായിക്കും. ഇത്തരത്തിൽ പുറത്ത് സമയം ചിലവഴിച്ചവർ വേഗം തന്നെ നല്ല ചൂടു വെള്ളത്തിൽ ദേഹം സോപ്പ് ഉപയോഗിച്ച് ഉരച്ച് കുളിക്കുന്നത് നല്ലതാണ് . മൈറ്റ് കുഞ്ഞുങ്ങൾ കടിച്ച് പിടിച്ച്തീറ്റ തുടങ്ങും മുമ്പേ അവയെ കഴുകി ഒഴിവാക്കുന്നത് ഗുണം ചെയ്യും. വസ്ത്രങ്ങളും ചൂടുവെള്ളത്തിൽ സോപ്പിട്ട് നന്നായി കഴുകിയതിനു ശേഷം മാത്രം ഉപയോഗിക്കുക. തുണികൾ പുല്ലിലും മണ്ണിലും ഇട്ട് ഉണക്കുന്ന ശീലവും നല്ലതല്ല. ബാക്റ്റീരിയ റിസർവുകളായ കരണ്ടു തീനി ജീവികളായ എലികളും , അണ്ണാന്മാരും , മുയലുകളും ഒക്കെ ജീവിക്കുന്ന ഇടങ്ങളിൽ കൂടുതൽ ശ്രദ്ധപുലർത്തുക.