ക്യാൻസർ മരുന്ന് പരീക്ഷണങ്ങൾ വിജയത്തിലേക്ക്
മരുന്ന് പരീക്ഷണത്തിൽ അർബുദം ഭേദമായവരിൽ ഇന്ത്യക്കാരി നിഷ വർഗീസും
⚛️⚛️⚛️⚛️⚛️⚛️⚛️⚛️⚛️
⭕ന്യൂയോർക്ക്: ഇത് ശരിക്കും അത്ഭുതമാണെന്ന് പറയുകയാണ് മരുന്ന് പരീക്ഷണത്തിലൂടെ അർബുദം പൂർണമായും ഭേദമായ ഇന്ത്യൻ വംശജ നിഷ വർഗീസ്.‘ ഡോസ്ടാർലിമാബ്’ എന്ന പുതിയ മരുന്ന് പരീക്ഷിക്കാൻ തയാറായ 18 അർബുദ ബാധിതരിൽ ഒരാളായിരുന്നു നിഷ. നിഷ ഉൾപ്പെടെ പരീക്ഷണത്തിൽ പങ്കാളികളായ എല്ലാവരിലും രോഗം ഭേദമായി. മരുന്ന് കഴിച്ചതോടെ അർബുദം പൂർണമായി ഭേദമായെന്നാണ് റിപ്പോർട്ടുകൾ.
⭕'ശരിക്കും മിറക്കിൾ, അത്രയ്ക്ക് അദ്ഭുതം സമ്മാനിച്ച നിമിഷമായി അത്. ആ ദിവസം ട്യൂമർ കാണാനുണ്ടിയിരുന്നില്ല. ട്യൂമർ എവിടെ പോയി എന്ന് ഞാൻ ചിന്തിച്ചു. അത് എവിടെയെങ്കിലും മറഞ്ഞിരിക്കുന്നതാകും എന്ന് കരുതി. ഡോക്ടർ എന്നോട് പറഞ്ഞു, ട്യൂമർ പൂർണമായും ഭേദമായി. ഇത് ശരിക്കും അത്ഭുതമാണ്',- രോഗം പൂർണമായി ഭേദമായതായി ഡോക്ടർ പറഞ്ഞ ദിവസം നിഷ ഓർത്തെടുക്കുന്നു.
⭕നിഷ വർഗീസിലും പരീക്ഷണത്തിൽ പങ്കെടുത്ത മറ്റ് രോഗികളിലും അർബുദബാധ ഏതാണ്ട് സമാന അവസ്ഥയിലായിരുന്നു. മലാശയത്തെ പൂർണമായി അർബുദം ബാധിച്ചിരുന്നെങ്കിലും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് പടർന്നിരുന്നില്ല. എല്ലാവരും കീമോതെറാപ്പി, ശസ്ത്രക്രിയ, റേഡിയേഷൻ എന്നീ ചികിത്സാരീതികളിലൂടെ കടന്നുപോയവരുമായിരുന്നു
⭕ന്യൂയോർക്കിലെ മെമ്മോറിയൽ സ്ലൊവാൻ കെറ്ററിങ് കാൻസർ സെന്ററിലായിരുന്നു മരുന്നിന്റെ പരീക്ഷണം. പരീക്ഷണത്തിന്റെ ഭാഗമായി രോഗബാധിതർ ആറുമാസമാണ് മരുന്ന് കഴിച്ചത്. ശേഷം പരിശോധനയ്ക്ക് വിധേയരായപ്പോൾ എല്ലാവരിലും അർബുദകോശങ്ങൾ അപ്രത്യക്ഷമായെന്നാണ് റിപ്പോർട്ട്. എൻഡോസ്കോപി, പെറ്റ്, എം. ആർ.ഐ. സ്കാൻ എന്നിവയിലൂടെയാണ് അർബുദകോശങ്ങൾ അപ്രത്യക്ഷമായതായി സ്ഥിരീകരിച്ചത്.
⭕മൂന്നാഴ്ചയിൽ ഒരിക്കൽവീതം ആറുമാസത്തേക്കാണ് രോഗികൾക്ക് ഡോസ്ടാർലിമാബ് നൽകിയത്. അടുത്തഘട്ടമെന്ന നിലയിൽ പരീക്ഷണത്തിലൂടെ കടന്നുപോകാമെന്ന് കരുതിയാണ് രോഗികളെല്ലാം എത്തിയത്. എന്നാൽ അവരെ അത്ഭുതപ്പെടുത്തിക്കൊണ്ട് മരുന്നുകഴിച്ച് ആറുമാസത്തിനുശേഷം അർബുദ വളർച്ച പൂർണമായും നിലച്ചു. രണ്ടു വർഷം പിന്നിടുമ്പോൾ പരീക്ഷണത്തിൽ പങ്കെടുത്ത എല്ലാവരും അർബുദം പിടിവിട്ടു പുതുജീവിതം നയിക്കുന്നുതായി ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിനിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.
⭕എല്ലാവരിലും ഒരുപോലെ മരുന്ന് ഫലംകണ്ടുവെന്നത് ചരിത്രത്തിൽ ആദ്യമാണെന്ന് പരീക്ഷണത്തിനു നേതൃത്വം നൽകിയ ഡോ. ലൂയി എ. ഡയസ് ജൂനിയർ പറഞ്ഞു. മുഴുവൻപേർക്കും രോഗമുക്തി നേടാനായത് വലിയ പ്രതീക്ഷ നൽകുന്നതായും അദ്ദേഹം പറഞ്ഞു. സൈമൺ ആൻഡ് ഈവ് കോളിൻ ഫൗണ്ടേഷൻ, ഗ്ളാക്സോ സ്മിത്ത്ക്ലൈൻ, സ്റ്റാൻഡ് അപ്പ് ടു കാൻസർ, സ്വിം എക്രോസ് അമേരിക്ക, നാഷണൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് എന്നീ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെയാണ് പരീക്ഷണം നടന്നത്.