റാബീസ് എങ്ങനെ ഉണ്ടാകുന്നു ?
രോഗം വന്നു കഴിഞ്ഞാല്‍ ഉറപ്പായും മരണം സംഭവിക്കും - റാബീസ്
⚛️⚛️⚛️⚛️⚛️⚛️⚛️⚛️⚛️
⭕മൃഗങ്ങള്‍ക്കിടയില്‍, പ്രത്യേകിച്ചും നായ്ക്കള്‍ക്കിടയില്‍ വലിയതോതില്‍ പേവിഷബാധ പകരുന്ന ഒരു രാജ്യമാണ് ഇന്ത്യ. അത് കൊണ്ട് തന്നെ ഉഷ്ണരക്തമുള്ള ഏത് ജീവി കടിച്ചാലും അതിനെ പേവിഷബാധയ്ക്കു കാരണമായേക്കാവുന്ന കടിയായി (Potential Rabid Bite) കരുതി കൃത്യമായ പേവിഷബാധ പ്രതിരോധ ചികിത്സയ്ക്കു വിധേയമാവേണ്ടതാണ്. രോഗം വന്നു കഴിഞ്ഞാല്‍ ഉറപ്പായും മരണം സംഭവിക്കുമെങ്കിലും വാക്സിനേഷനിലൂടെ പൂര്‍ണ്ണമായും തടയുവാന്‍ കഴിയുന്ന ഒന്നാണ് പേവിഷബാധ. എന്നിരുന്നാലും ഇപ്പൊഴും പേവിഷബാധയേറ്റുള്ള മരണങ്ങള്‍ സംഭവിക്കുന്നു. ഇതിന്‍റെ പ്രധാനകാരണം അജ്ഞതയും അവഗണനയുമാണ്.
????ഏതൊക്കെ മൃഗങ്ങളിലൂടെ പേവിഷബാധ പകരാം?
⭕ഉഷ്ണരക്തമുള്ള ഏത് ജീവി കടിച്ചാലും ഡോക്ടറുടെ നിര്‍ദേശപ്രകാരം ചികിത്സയ്ക്കു വിധേയമാവണം. നായ, പൂച്ച കൂടാതെ പശു, ആട്, എരുമ, കഴുത, കുതിര, ഒട്ടകം എന്നിവയിലും ഇന്ത്യയില്‍ പേവിഷബാധ സ്ഥിതീകരിച്ചിട്ടുണ്ട്. നായയുടെയോ മറ്റ് വന്യമൃഗങ്ങളുടെയോ കടിയേറ്റിട്ടുള്ള കന്നുകാലികളെ നിരീക്ഷിക്കുകയും ഇവയുടെ ഉമിനീര്‍ ശരീരത്തിലെ മുറിവില്‍ പുരണ്ടാല്‍ ചികിത്സയ്ക്കു വിധേയമാവേണ്ടതുമാണ്. പൂച്ച മാന്തുന്നത് പലപ്പോഴും അവഗണിക്കാറാണ് പലരും. മിക്കപ്പോഴും ശരീരം പ്രത്യേകിച്ചു പാദങ്ങള്‍ നക്കി തുടയ്ക്കുന്ന ഒരു ജീവിയാണ് പൂച്ച. അത് കൊണ്ട് തന്നെ അതിന്‍റെ നഖങ്ങളില്‍ ഉമിനീരിന്‍റെ അംശം അടങ്ങിയിരിക്കാന്‍ സാധ്യതയുണ്ട്. ഇത് രോഗം പകരാന്‍ കാരണമാവാം.
????പേവിഷബാധ പ്രതിരോധ ചികിത്സ എങ്ങനെ?
⭕മുറിവിന്‍റെ സ്വഭാവം അനുസരിച്ചാണ് പേവിഷബാധയ്ക്കെതിരായ ചികിത്സ നടത്തുന്നത്. മൃഗങ്ങളുമായി ഉണ്ടാവുന്ന സമ്പര്‍ക്കത്തെ മൂന്നായി തിരിച്ചിരിക്കുന്നു. മുറിവുകള്‍ ഇല്ലാത്ത തൊലിപ്പുറത്ത് മൃഗങ്ങള്‍ നക്കുകയോ അവയുടെ ശരീരദ്രവങ്ങള്‍ പുരളുകയോ, മൃഗങ്ങളെ സ്പര്‍ശിക്കുകയോ ചെയ്യുന്നത് ക്യാറ്റഗറി 1 ല്‍ ഉള്‍പ്പെടുന്നു. ഈ സാഹചര്യത്തില്‍ പേവിഷബാധ പ്രതിരോധ കുത്തിവെയ്പ്പ് എടുക്കേണ്ട ആവശ്യമില്ല, ശരീര ഭാഗം ഒഴുകുന്ന ടാപ്പ് വെള്ളത്തില്‍ സോപ്പ് ഉപയോഗിച്ച് നന്നായി കഴുകുക. തൊലിപ്പുറത്തുള്ള മാന്തല്‍, രക്തം വരാതെയുള്ള പോറലുകള്‍ എന്നിവ പലരും അവഗണിക്കുന്ന ഒന്നാണ്. എന്നാല്‍ ഇത് ക്യാറ്റഗറി 2 സമ്പര്‍ക്കമാണ്. ശരീര ഭാഗം ഒഴുകുന്ന ടാപ്പ് വെള്ളത്തില്‍ സോപ്പ് ഉപയോഗിച്ച് നന്നായി കഴുകുകയും ഉടന്‍ തന്നെ പേവിഷബാധ പ്രതിരോധ ചികിത്സയ്ക്കു വിധേയമാവുകയും ചെയ്യുക. ആന്‍റി റാബീസ് വാക്സിന്‍ ആണ് ഇത്തരം സാഹചര്യങ്ങളില്‍ നല്കുക.
⭕രക്തം പൊടിയുകയോ രക്തസ്രാവം ഉണ്ടാവുകയോ ചെയ്ത മുറിവുകള്‍, മുറിവുള്ള ഭാഗങ്ങളിലോ, ചുണ്ട്, വായ, കണ്ണ്, നാക്ക് തുടങ്ങിയ ഭാഗങ്ങളിലോ നക്കുകയോ, ശരീരദ്രവങ്ങള്‍ പുരളുകയോ ചെയ്യുന്നത്, വന്യമൃഗങ്ങളുടെ ആക്രമണം എന്നിവ ക്യാറ്റഗറി 3 ല്‍ ഉള്‍പ്പെടുന്നു. ശരീര ഭാഗം ഒഴുകുന്ന ടാപ്പ് വെള്ളത്തില്‍ സോപ്പ് ഉപയോഗിച്ച് നന്നായി കഴുകുകയും ഉടന്‍ തന്നെ പേവിഷബാധ പ്രതിരോധ ചികിത്സയ്ക്കു വിധേയമാവുകയും ചെയ്യുക. ആന്‍റി റാബീസ് വാക്സിനോടൊപ്പം, റാബീസ് ഇമ്മ്യൂണോഗ്ലോബൂലിന്‍ കൂടി നല്‍കിയുള്ള പേവിഷബാധ പ്രതിരോധ ചികിത്സയാണ് ഈ സാഹചര്യത്തില്‍ നല്‍കുന്നത്. (ആന്‍റിബോഡിയുടെ മറ്റൊരു പേരാണ് ഇമ്മ്യൂണോഗ്ലോബുലിന്‍) ഈ സാഹചര്യത്തില്‍ വലിയ അളവില്‍ വൈറസ് ശരീരത്തില്‍ എത്താന്‍ സാധ്യതയുള്ളതിനാല്‍ ആന്റിറാബീസ് വാക്‌സിന്‍ ശരീരത്തില്‍ പ്രവര്‍ത്തിച്ച് പ്രതിരോധ ആന്റിബോഡികള്‍ ഉണ്ടാക്കി വരാനെടുക്കുന്ന രണ്ടാഴ്ച വരെയുള്ള കാലയളവില്‍ റാബീസ് ഇമ്മ്യുണോഗ്ലോബലിന്‍ വൈറസില്‍ നിന്നും സുരക്ഷയുറപ്പാക്കുന്നു. കുതിരകളില്‍ വൈറസ് കുത്തിവെച്ച് അവയുടെ ശരീരത്തില്‍ ഉണ്ടായ ഇമ്മ്യൂണോഗ്ലോബുലിന്‍ (ERIG-Equine Rabies Immunoglobulin) ആണ് ഇന്ത്യയില്‍ സാധാരണയായി ഉപയോഗിക്കുന്നത്.
????കുത്തിവെയ്പ്പ് എങ്ങിനെ?
⭕പേവിഷബാധ പ്രതിരോധം എന്നത് കുത്തിവെപ്പുകളുടെ ഒരു ഘോഷയാത്രയാണ് എന്ന് പലരും കരുതിയിരിക്കുന്നത്. കുത്തിവെയ്പ്പ് എടുത്ത ഒരാളോട് ചോദിക്കുമ്പോ അയാള്‍ പറയും തനിക്ക് രണ്ട് കയ്യില്‍ ആണ് എടുത്തത് എന്ന്, വേറെ ഒരാള്‍ പറയും എനിക്കു കയ്യിലും ഇടുപ്പിലും എടുത്തു എന്ന്, ഇനി ഇതൊന്നും അല്ലാതെ വേറെ ചിലര്‍ പറയുക തനിക്ക് കയ്യിലും ഇടുപ്പിലും പിന്നെ മുറിവുള്ള ഭാഗങ്ങളില്‍ എല്ലാം കുത്തി വെപ്പ് എടുത്തു എന്ന്. ഇതില്‍ ആര് പറയുന്നതാണ് ശരി?
⭕മുമ്പ് സൂചിപ്പിച്ചത് പോലെ മുറിവിന്‍റെ സ്വഭാവം അനുസരിച്ചാണ് ചികിത്സ തീരുമാനിക്കുക. ആന്‍റി റാബീസ് വാക്സിന്‍ രണ്ട് തരത്തില്‍ ഉണ്ട് തൊലിക്കടിയില്‍ എടുക്കുന്നത് Intra dermal rabies vaccine (IDRV), പേശികളില്‍ എടുക്കുന്നത് Intra muscular rabies vaccine (IMRV). IDRV ആണ് എങ്കില്‍ 0,3,7,28 ദിവസങ്ങളില്‍ 0.1 ml വീതം ഇരു കൈകളുടെയും തോളോട് ചേര്‍ന്നുള്ള ഭാഗത്ത് നല്കുന്നു. IMRV ആണ് എങ്കില്‍ 0,3,7,14,28 ദിവസങ്ങളില്‍ 1 vial വാക്സിന്‍ തോളിലേ പേശികളില്‍ (Deltoid Muscle) എടുക്കുന്നു. ഇതില്‍ 0 ദിവസം എന്ന് കൊണ്ട് ഉദ്ദേശിക്കുന്നത് ആദ്യം കുത്തിവെയ്പ്പ് എടുത്ത ദിവസമാണ്. റാബീസ് ഇമ്മ്യൂണോഗ്ലോബുലിന്‍ ശരീരഭാരത്തിനനുസരിച്ചാണ് ഡോസ് തീരുമാനിക്കുക. മൃഗവുമായി ക്യാറ്റഗറി 3 സമ്പര്‍ക്കം ഉണ്ടായവര്‍ക്കും രോഗപ്രതിരോധ ശേഷിക്കുറവ് ഉള്ളവര്‍ക്കും മുറിവിലും മുറിവിന് ചുറ്റുമായും ഒരുതവണ മാത്രമാണ് ഈ കുത്തിവെയ്പ്പ് എടുക്കുക. ആറ് മാസത്തിനുള്ളില്‍ TT എടുത്തിട്ടില്ലാത്തവര്‍ക്ക് പേവിഷബാധയ്ക്കുള്ള കുത്തിവെയ്പ്പ് കൂടാതെ TT Vaccine കൂടി ചില സന്ദര്‍ഭങ്ങളില്‍ എടുക്കാറുണ്ട്. ഇത് കൊണ്ടാണ് പല വ്യക്തികളോട് ചോദിക്കുമ്പോള്‍ പേവിഷബാധയ്ക്കുള്ള കുത്തിവെപ്പിനെ പറ്റി പല ഉത്തരങ്ങള്‍ ലഭിക്കുന്നത്.
????ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍...
⭕മുറിവ് വൃത്തിയായി സോപ്പ് ഉപയോഗിച്ച് ഒഴുകുന്ന ടാപ്പ് വെള്ളത്തില്‍ കഴുകുക. മുറിവില്‍ ഉപ്പ്, മുളക് പൊടി, എണ്ണ, ഇലകള്‍ അരച്ചത് എന്നിവ ഉപയോഗിക്കരുത്. ഡോക്ടറുടെ നിര്‍ദേശപ്രകാരമല്ലാതെ മുറിവ് ഡ്രസ് ചെയ്യുകയോ, തുന്നുകയോ അരുത്. കൃത്യസമയത്ത് തന്നെ വാക്സിന്‍റെ എല്ലാ ഡോസും സ്വീകരിക്കുക, യാതൊരു കാരണവശാലും കോഴ്സ് പൂര്‍ത്തിയാക്കാതെ പേവിഷബാധ പ്രതിരോധ ചികിത്സ അവസാനിപ്പിക്കരുത്. വീട്ടില്‍ വളര്‍ത്തുന്ന കുത്തിവെയ്പ്പ് എടുത്ത മൃഗങ്ങളില്‍ നിന്നാണ് പോറലോ, മുറിവോ, മറ്റ് സമ്പര്‍ക്കമോ ഉണ്ടാവുന്നതെങ്കില്‍ പോലും ചികിത്സയ്ക്ക് വിധേയമാവുക. ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, നവജാതശിശുക്കള്‍, പ്രായമായവര്‍, ഗുരുതര രോഗം ബാധിച്ചവര്‍ ഉള്‍പ്പെടെ ആര്‍ക്ക് കടിയേറ്റാലും വാക്സിന്‍ എടുക്കുക എന്നത് പ്രധാനമാണ്. ഇതില്‍ ഒരു വിട്ടുവീഴ്ചയും പാടില്ല. വളര്‍ത്ത് മൃഗങ്ങള്‍ക്ക് മറ്റ് ജീവികളുടെ കടിയേറ്റാല്‍ 0, 3, 7, 14, 28 എന്നീ ദിവസങ്ങളില്‍ കുത്തിവെയ്പ്പ് എടുക്കുക. മുമ്പ് കൃത്യമായി കുത്തിവെയ്പ്പ് എടുത്തിട്ടുള്ള മൃഗമാണ് എങ്കില്‍ 0, 3 ദിവസങ്ങളില്‍ ബൂസ്റ്റര്‍ ഡോസ് എടുത്താല്‍ മതിയാകും.