എന്താണ് സൂര്യാഘാതം ?
എന്താണ് സൂര്യാഘാതം ? എങ്ങനെയാണ് മനുഷ്യന് സൂര്യാഘാതം ഏൽക്കുന്നത് .... കാരണങ്ങൾ
⚛⚛⚛⚛⚛⚛⚛⚛⚛⚛⚛⚛
✍: Sabujose
⭕️ ജൈവകലകളെ ബാധിക്കുന്നതും അള്ട്രാവയലറ്റ് വികിരണങ്ങള് വഴിയുണ്ടാകുന്നതുമായ പൊള്ളലുകളും അതേത്തുടര്ന്ന് ആന്തരിക കോശങ്ങളില് ജനിതക വ്യതിയാനത്തിനു വരെ കാരണമായേക്കാവുന്ന ഡി.എന്.എ നാശവുമെല്ലാം ചേര്ന്ന് വളരെ സാധാരണമായി പറയുന്ന പേരാണ് സൂര്യാഘാതം (sunburn). സൂര്യതാപമെന്നും സൌരാക്രമണമെന്നും പല പേരുകളില് അറിയപ്പെടുന്ന ഈ പ്രതിഭാസത്തിന്റെ കാരണമെന്തെന്നും അതില്നിന്നും രക്ഷപ്പെടാനുള്ള ഉപായമെന്താണെന്നും ഇത്തരം അപകടങ്ങളുണ്ടായാല് സ്വീകരിക്കേണ്ട പ്രതിവിധികളെന്താണെന്നും ശാസ്ത്രീയമായി ചിന്തിക്കേണ്ടത് കുറഞ്ഞപക്ഷം സൂര്യാഘാതമുണ്ടാക്കുന്ന അസ്വസ്ഥതകളില്നിന്നും രക്ഷപ്പെടുന്നതിനുള്ള പോംവഴികൂടിയാണ്. ജീവിതരീതിയിലുണ്ടായിരിക്കുന്ന മാറ്റങ്ങളും, എന്തിന് ഭക്ഷണക്രമവുമെല്ലാം ഇത്തരം പ്രതിഭാസങ്ങളുടെ തീവ്രത വര്ധിപ്പിക്കുമെന്നു പറഞ്ഞാല് അതില് അവിശ്വസനീയതയുടെ നീറ്റളും പുകച്ചിലുമൊന്നും ഉണ്ടാകേണ്ട കാര്യമില്ല. അത്തരമൊരു വേറിട്ടുള്ള അന്വേഷണമാണ് ഈ ലേഖനത്തില് നടത്തുന്നത്.
⭕️ ത്വക്കിലെ കോശങ്ങളെയാണ് സൂര്യാഘാതം ഗുരുതരമായി ബാധിക്കുന്നത്. തൊലി ചുമന്നുതടിക്കുന്നതാണ് സാധാരണയായി കാണുന്ന ലക്ഷണം. അസഹനീയമായ വേദനയും ചിലപ്പോഴെല്ലാം തൊലി ഉരിഞ്ഞുപോകുന്ന അവസ്ഥയും ഉണ്ടാകാറുണ്ട്. ആലസ്യവും തലചുറ്റലും അനുബന്ധമായി ഉണ്ടാകാറുണ്ട്. ഈ ലക്ഷണങ്ങള് ഉള്ളവര് തുടര്ന്നും അള്ട്രാവയലറ്റ് വികിരണങ്ങള് ഏല്ക്കുന്നതു ജീവനുതന്നെ അപകടമായിത്തീരും. കുറഞ്ഞ തോതില് അള്ട്രാവയലറ്റ് വികിരണങ്ങള് ശരീരത്തില് പതിക്കുമ്പോള് പോലും അതു ത്വക്കിന്റെ നിറവ്യത്യാസത്തിന് കാരണമാകുന്നുണ്ട്. തൊലിപ്പുറത്തുണ്ടാകുന്ന ചെറിയ മുഴകളും വ്രണങ്ങളുമെല്ലാം ചിലപ്പോഴെങ്കിലും അള്ട്രാവയലറ്റ് വികിരണങ്ങളുടെ ആക്രമണം കാരണമാകാറുണ്ട്.
സണ്സ്ക്രീനുകളാണ് പൊതുവെ സൂര്യാഘാതത്തിന് തടയിടാന് ഉപയോഗിക്കുന്നത്. എന്നാല്, ചില ശാസ്ത്രജ്ഞരും ഗവേഷകരും ഇക്കാര്യത്തില് വിരുദ്ധ അഭിപ്രായമാണ് പ്രകടിപ്പിക്കുന്നത്. തൊലിപ്പുറത്തുണ്ടാകുന്ന പൊള്ളലുകള് ഒരുപരിധിവരെ തടയുന്നുവെന്നല്ലാതെ ആന്തരകലകള്ക്കുണ്ടാകുന്ന നാശത്തിന് തടയിടാന് കഴിയില്ലെന്നു മാത്രമല്ല, അതിനു കാരണമാവുകയും ചെയ്യുന്നുണ്ടെന്നാണ് അവരുടെ വാദം. വസ്ത്രധാരണത്തില് വരുത്തേണ്ട മാറ്റവും വലിയ തൊപ്പികളുടെ ഉപയോഗവുമാണ് നേരിട്ടുള്ള സൂര്യകിരണങ്ങളുടെ ആക്രമണത്തില്നിന്നു രക്ഷനേടാനുള്ള ഉപായമായി ചില ശാസ്ത്രജ്ഞര് നിര്ദേശിക്കുന്നത്. പൊള്ളലേല്ക്കാത്ത തരത്തില് സൂര്യപ്രകാശമേറ്റ് ത്വക്കിന്റെ നിറത്തില് വ്യത്യാസമുണ്ടാകുന്നത് മെലാനിന് എന്ന വര്ണവസ്തുവിന്റെ ഉല്പ്പാദനവര്ധനവിനു കാരണമാവുകയും അതു ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധശേഷി വര്ധിക്കുന്നതിനു സഹായകമാവുകയും ചെയ്യും. എന്നാല്, മെലാനിന്റെ അമിതോല്പ്പാദനം ക്രമേണ ഡി.എന്.എ തന്മാത്രകളെ പ്രതികൂലമായി ബാധിക്കുകയും ബാഹ്യ-ആന്തര കലകള് നശിക്കുന്നതിനും കാരണമാകും. വളരെ പെട്ടെന്നു തന്നെ സൂര്യാഘാതം വഴിയുണ്ടാകുന്ന അസ്വസ്ഥതകള് ചികിത്സിച്ചു ഭേദമാക്കാന് കഴിയുമെന്നു കരുതേണ്ട. വളരെ സാവധാനത്തില് മാത്രമേ സൂര്യാഘാതം കാരണമുണ്ടാകുന്ന പൊള്ളലുകള് പരിഹരിക്കാന് കഴിയൂ. വ്രണങ്ങളുടെ നീറ്റല് കുറയ്ക്കാന് ചില ലേപനങ്ങള് ഡോക്ടര്മാര് നിര്ദേശിക്കാറുണ്ട്.
⭕️ അള്ട്രാവയലറ്റ് ശ്രേണിയിലുള്ള ബി വികിരണങ്ങളാണ് (UVB) സൂര്യാഘാതത്തിന് കാരണമാകുന്നത്. എന്നാല്, ഇത്തരം വികിരണങ്ങള് സൃഷ്ടിക്കപ്പെടുന്നത് സൂര്യനില് മാത്രമല്ല. വെല്ഡിംഗ് ആര്ക്കുകളും സണ്ബെഡുകളില് ഉപയോഗിക്കുന്ന ചിലതരം ബള്ബുകളും ചില കീടനിയന്ത്രണ ഉപാധികളും ഇത്തരം വികിരണങ്ങള് പുറപ്പെടുവിക്കാറുണ്ട്. ശരീരകോശങ്ങളിലുള്ള മെലാനിന് എന്ന വര്ണകം അള്ട്രായവയലറ്റ് വികിരണങ്ങളെ പിടിച്ചെടുക്കുകയും ഡി.എന്.എയില് സ്വതന്ത്ര റാഡിക്കലുകളുടെ രൂപീകരണത്തിന് കാരണമാവുകയും ചെയ്യും. സ്വതന്ത്ര റാഡിക്കലുകളുടെ രൂപീകരണം ജൈവകലകളുടെ അന്ത്യമാണ്.
CXCL 5 എന്ന മാംസ്യമാണ് സൂര്യാഘാതത്തെ തുടര്ന്നുണ്ടാകുന്ന കഠിനമായ വേദനയ്ക്ക് കാരണമാകുന്നത്. ഈ മാംസ്യം നാഡീതന്തുക്കളെ ഉത്തേജിപ്പിക്കുന്നതുകൊണ്ടാണ് കഠിനമായ നീറ്റലും പുകച്ചിലും അനുഭവപ്പെടുന്നത്.
സൂര്യാഘാതവും സ്കിന് ക്യാന്സറും
⭕️ അള്ട്രാവയലറ്റ് വികിരണങ്ങള് ത്വക്കിനെ ബാധിക്കുന്ന രണ്ടു തരത്തിലുള്ള അര്ബുദത്തിന് കാരണമാകുന്നുണ്ട്. ബാസല്-സെല് കാര്സിനോമയും സ്ക്വാമസ് സെല് കാര്സിനോമയും. എന്നാല്, സൂര്യപ്രകാശം ശരീരത്തില് പതിക്കുന്നതുതന്നെ ഹാനികരമാണെന്നൊന്നും ഇതിന് അര്ഥമില്ല. മാത്രവുമല്ല, സൂര്യപ്രകാശം ശരീരത്തില് പതിക്കുന്നതു ശാരീരിക സുസ്ഥിരതയ്ക്ക് അത്യാവശ്യവുമാണ്. ശരീരത്തിനാവശ്യമായ ജീവകം-ഡി ഭൂരിഭാഗവും ലഭിക്കുന്നതു സൂര്യപ്രകാശത്തില് നിന്നാണ്. ഭക്ഷണത്തിലൂടെ വളരെ ചെറിയ തോതില് മാത്രമേ ജീവകം-ഡി ലഭ്യമാകുന്നുള്ളൂ. കറുത്ത തൊലിയുള്ളവര് അവരുടെ ശരീരത്തിനാവശ്യമായ ജീവകം-ഡി ലഭിക്കുന്നതിന് കൂടുതല് സമയം സൂര്യപ്രകാശമേല്ക്കണം. എന്നാല്, വെയില് കൊള്ളുന്നത് പല മാരകരോഗങ്ങള്ക്കും കാരണമാകുമെന്നു തെറ്റിദ്ധരിച്ച് പലരും പുറത്തിറങ്ങുന്നതു തന്നെ സണ്സ്ക്രീന് ലോഷനുകള് പുരട്ടിയാണ്. യുവാക്കളില് വലിയൊരു പങ്കും സണ്സ്ക്രീന് ആരാധകരാണെന്നതാണ് വാസ്തവം. ഇതു പലപ്പോഴും ശരീരത്തിനാവശ്യമായ ജീവകം-ഡി ലഭിക്കാതിരിക്കുന്നതിനും റിക്കറ്റ്സ് പോലെയുള്ള രോഗങ്ങള്ക്ക് കാരണമാവുകയും ചെയ്യാറുണ്ട്. കുട്ടികളിലാണ് ഇത്തരം അസുഖങ്ങള് കൂടുതലായും കാണപ്പെടുന്നത്. ആഴ്ചയില് മൂന്നുദിവസമെങ്കിലും രാവിലെയും വൈകീട്ടും 20 മുതല് 30 മിനിട്ടുവരെ ശരീരത്തില് സൂര്യരശ്മികള് പതിക്കുന്നതിന് അവസരമുണ്ടാക്കുന്നത് ആരോഗ്യപ്രദമാണെന്നാണ് ഈ മേഖലയില് ഗവേഷണം ചെയ്യുന്നവര് പറയുന്നത്. തുടര്ച്ചയായി തീവ്രതയുള്ള സൂര്യകിരണങ്ങള് ശരീരത്തില് പതിക്കുന്നവരിലാണ് സൂര്യാഘാതത്തിനും അതേത്തുടര്ന്ന് ഡി.എന്.എയിലുള്ള ഉല്പരിവര്ത്തനത്തിനും ക്രമേണ അര്ബുദത്തിലേക്കും വാതില് തുറക്കുന്നത്.
⭕️സണ്സ്ക്രീനുകളും ആരോഗ്യപ്രശ്നങ്ങളും
ത്വക്കിലുണ്ടാകുന്ന അര്ബുദത്തിന് സൂര്യാഘാതം കാരണമാകുന്നുണ്ട്. എന്നാല്, പലപ്പോഴും സൂര്യതാപം, ശരീരത്തിലുണ്ടാക്കുന്ന വ്രണങ്ങള് (അള്ട്രാവയലറ്റ് റേഡിയേഷന് സണ്ബേണ് മെലനോമ) ക്യാന്സറായി തെറ്റിദ്ധരിക്കപ്പെടാറുണ്ട്. ഇനി സൂര്യാഘാതത്തെ ചെറുക്കാനുപയോഗിക്കുന്ന സണ്സ്ക്രീനുകള് എങ്ങനെയാണ് ശരീരത്തിന് ഹാനികരമാകുന്നതെന്നു പരിശോധിക്കാം. അള്ട്രാവയലറ്റ് വികിരണങ്ങള് ശരീരകോശങ്ങളില് സ്വതന്ത്ര റാഡിക്കലുകളുടെ രൂപീകരണത്തിനും ക്രമേണ കോശങ്ങളുടെ നാശത്തിനും കാരണമാകും. സണ്സ്ക്രീനുകള് അള്ട്രാവയലറ്റ് വികിരണങ്ങള് ശരീരത്തില് പതിക്കുന്നത് ഒരു പരിധിവരെയെങ്കിലും തടഞ്ഞുനിര്ത്തുകയും സ്വതന്ത്ര റാഡിക്കലുകളുടെ രൂപീകരണം തടസ്സപ്പെടുത്തുകയും ചെയ്യുന്നുണ്ട്. എന്നാല്, പതിവായി ഉപയോഗിക്കുന്ന സണ്സ്ക്രീനുകള് ക്രമേണ ത്വക്കിനുള്ളിലേക്ക് ഇറങ്ങിച്ചെല്ലുകയും കോശപ്രവര്ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. ഡി.എന്.എയുടെ ഘടനയില് തന്നെ മാറ്റംവരുത്തുന്ന ചില പ്രതിപ്രവര്ത്തനങ്ങളും ഗവേഷകരുടെ ശ്രദ്ധയില്പ്പെട്ടിട്ടുണ്ട്. നിരവധി പഠനങ്ങള് ഇപ്പോള് ഈ മേഖലയില് നടന്നുവരുന്നുണ്ട്. എന്നിരുന്നാലും നേരിട്ടുള്ള സൂര്യതാപത്തില് നിന്നു ത്വക്കിനെ സംരക്ഷിക്കാന് സണ്സ്ക്രീനുകള് ഉപകാരപ്രദമാണ്.
⭕️ അള്ട്രാവയലറ്റ് വികിരണങ്ങള് ഭൌമാന്തരീക്ഷത്തിലൂടെ സഞ്ചരിക്കുമ്പോള് അവയുടെ തീവ്രതയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകള് സൂര്യാഘാതത്തിന്റെ തീവ്രതയിലും ഏറ്റക്കുറച്ചിലുകള് സൃഷ്ടിക്കുന്നുണ്ട്. ഭൂമധ്യരേഖാ പ്രദേശത്താണ് (23.5 ഡിഗ്രി വടക്കും 23.5 ഡിഗ്രി തെക്കും വരെ) സൌരവികിരണങ്ങളുടെ ആക്രമണം ഏറ്റവും തീവ്രമാകുന്നത്. മറ്റ് ഭൂപ്രദേശങ്ങളിലെല്ലാം സൌരവികിരണങ്ങളുടെ തീവ്രത കുറവും ഏറെക്കുറെ സമാനവുമായിരിക്കും. 23.5 ഡിഗ്രിക്കും 66.5 ഡിഗ്രിക്കും ഇടയിലുള്ള മേഖലയില് ഉയരം കൂടുന്നതിനനുസരിച്ച് അള്ട്രാവലയറ്റ് വികിരണങ്ങളുടെ തീവ്രത കുറയുകയാണ് ചെയ്യുന്നത്. അതുകൂടാതെ, ഭൌമാന്തരീക്ഷത്തില് സഞ്ചരിക്കുന്ന പ്രകാശകിരണങ്ങളുടെ കോണളവും വികിരണതീവ്രതയെ സ്വാധീനിക്കുന്നുണ്ട്. ലളിതമായ ഭാഷയില് പറഞ്ഞാല് നിഴലിന്റെ നീളത്തിന് വിപരീത അനുപാതത്തിലായിരിക്കും സൂര്യാഘാതത്തിന്റെ തീവ്രത അനുഭവപ്പെടുന്നത്. അതായത് നിഴലിന്റെ നീളം ഏറ്റവും കുറവുള്ള ഉച്ചസമയത്താണ് വികിരണങ്ങളുടെ തീവ്രതയും സൂര്യാഘാതത്തിന്റെ ശക്തിയും ഏറ്റവുമധികമാകുന്നത്. വെളുത്ത തൊലിയുള്ളവര്ക്ക് സൂര്യാഘാതം കാരണമുണ്ടാകുന്ന അസ്വസ്ഥതകള് കറുത്ത തൊലിക്കാരെ അപേക്ഷിച്ച് അധികവുമായിരിക്കും.
⭕️ഓസോണ്പാളിയും സൂര്യാഘാതവും
കഴിഞ്ഞ ഏതാനും ദശാബ്ദങ്ങളായി സൂര്യാഘാതം നിമിത്തമുണ്ടാകുന്ന അപകടങ്ങള് വര്ധിച്ചുവരികയാണ്. സൌരവികിരണങ്ങളുടെ തീവ്രത വര്ധിക്കുന്നതു തന്നെയാണ് അതിന്റെ കാരണം. ദക്ഷിണാര്ധ ഗോളത്തിലാണ് ഈ വര്ധനവ് ഏറ്റവും പ്രകടമായിട്ടുള്ളത്. ദക്ഷിണാര്ധ ഗോളത്തില്, വിശേഷിച്ചും അന്റാര്ട്ടിക്കയ്ക്കു മുകളില് ഓസോണ് പാളിയിലുണ്ടായിരിക്കുന്ന തുളകളാണ് ഇതിനു കാരണമായി കാലാവസ്ഥാ ശാസ്ത്രജ്ഞര് ചൂണ്ടിക്കാണിക്കുന്നത്. ഓസോണ്പാളിയാണ് തീവ്രവികിരണങ്ങള് ഭൂമിയില് പതിക്കുന്നത് ഒരുപരിധിവരെയെങ്കിലും തടഞ്ഞുനിര്ത്തുന്നത്. ദക്ഷിണാര്ധ ഗോളത്തില്, വിശേഷിച്ചും ഓസ്ട്രേലിയയില് സ്കിന് ക്യാന്സര് ബാധിതരുടെ എണ്ണം വളരെയധികമാണെന്നതും ഈ സാധ്യതയിലേക്കാണ് വിരല്ചൂണ്ടുന്നത്. എന്നാല്, ഇക്കാര്യത്തില് ശാസ്ത്രജ്ഞര് ഭിന്നാഭിപ്രായക്കാരാണ്. ഓസ്ട്രേലിയയിലെ മറ്റ് പ്രദേശങ്ങളെ അപേക്ഷിച്ച് ക്വീന്സ്ലന്റിലാണ് സ്കിന് ക്യാന്സര് രോഗികളുടെ എണ്ണം കൂടുതലുള്ളത്. ക്വീന്സ്ലന്റിലെ ജനങ്ങള് അമിതമായി സണ്സ്ക്രീനുകള് ഉപയോഗിക്കുന്ന ശീലമുള്ളവരാണ്. ഓസ്ട്രേലിയയില് ആദ്യമായി സണ്സ്ക്രീനുകള് പ്രചാരത്തിലായതും ക്വീന്സ്ലന്റില് തന്നെയാണെന്നതും ശ്രദ്ധേയമാണ്. ഓസോണ്പാളിയിലുണ്ടാകുന്ന വിള്ളലുകള് ഓരോ ചെറിയ ഭൂപ്രദേശത്തിനും വ്യത്യസ്ത തോതിലുള്ള പ്രത്യാഘാതങ്ങളല്ല ഉണ്ടാക്കുന്നത്. അതുകൊണ്ടുതന്നെ ക്വീന്സ്ലന്റിലെ പ്രശ്നത്തിനു കാരണം ഓസോണ്പാളിയില് ആരോപിക്കുന്നതിലും വിശ്വസനീയം സണ്സ്ക്രീന് പ്രശ്നം ഉയര്ത്തിപ്പിടിക്കുന്നതാണ് എന്നാണ് ഒരുവിഭാഗം ഗവേഷകര് കരുതുന്നത്. സണ്സ്ക്രീന് സംസ്കാരത്തെ പ്രതിക്കൂട്ടിലാക്കുന്ന ഈ പഠനത്തിനു ബലം നല്കുന്ന മറ്റൊരു പഠനം ഇതിനിടെ നോര്വെയില് നിന്നും പുറത്തുവന്നിട്ടുണ്ട്. ഈ പഠനത്തില് ഓസോണ്പാളിയുടെ ക്ഷയവുമായി സ്കിന് ക്യാന്സറിന് നേരിട്ടുള്ള ബന്ധമൊന്നുമില്ലെന്നുമുള്ള വിവരമാണ് ഗവേഷകര് നല്കുന്നത്. 1957 മുതല് 1984 വരെയുള്ള കാലത്ത് ഓസോണ്പാളിയില് കാര്യമായ മാറ്റമൊന്നുമുണ്ടായിട്ടില്ല. എന്നാല്, ഈ കാലയളവില് ത്വക്കിലുണ്ടാകുന്ന അര്ബുദത്തിന്റെ തോത് പുരുഷന്മാരില് 350 ശതമാനവും സ്ത്രീകളില് 440 ശതമാനവും വര്ധിച്ചതായി കണ്ടെത്തിയിട്ടുണ്ട്. അപ്പോള് സ്കിന് ക്യാന്സറിന്റെ പല കാരണങ്ങളില് ഒന്നായിട്ടുപോലും ഓസോണ്പാളിയിലെ വിള്ളലുകളെ കണക്കാക്കാന് കഴിയില്ലെന്നാണ് നോര്വേ ഗവേഷകസംഘം നല്കുന്ന സൂചന.
⭕️സൂര്യാഘാതം- ലക്ഷണങ്ങള്
തൊലി ചുമന്നുതടിക്കുന്നതാണ് (erythema) പ്രാരംഭ ലക്ഷണം. അതോടൊപ്പം കഠിനമായ വേദനയും നീറ്റലും അനുഭവപ്പെടും. സൌരവികിരണങ്ങള് ഏല്ക്കുന്നതിന്റെ സമയവും തീവ്രതയും അനുസരിച്ചാണ് പൊള്ളലിന്റെ നീറ്റലും അസ്വസ്ഥതയും വര്ധിക്കുന്നത്. പനി, തൊലി ഉരിഞ്ഞുപോകല്, തൊലിപ്പുറമെയുണ്ടാകുന്ന തടിപ്പുകള്, ഛര്ദിക്കാനുള്ള പ്രവണത, മനംപിരട്ടല് എന്നിവയെല്ലാമാണ് മറ്റ് ലക്ഷണങ്ങള്. ഇത്തരം ലക്ഷണങ്ങള് പ്രത്യക്ഷപ്പെട്ടാല്വൈദ്യസഹായം തേടേണ്ടതാണ്. പൊള്ളലിന്റെ വേദനയും നീറ്റലും ആറുമുതല് 48 മണിക്കൂറുകള് നീണ്ടുനില്ക്കാറുണ്ട്. തൊലി ഉരിഞ്ഞുപോകുന്ന പ്രവണത ചിലപ്പോള് ആഴ്ചകളോളം തുടരും. തൊലി ചുക്കിച്ചുളിഞ്ഞ് പെട്ടെന്നു വാര്ധക്യത്തിലെത്തിയ അവസ്ഥയും സൃഷ്ടിക്കപ്പെടാറുണ്ട്. സൂര്യാഘാതം തീവ്രമായ തോതിലായാല് ജീവനുതന്നെ ഭീഷണിയാണ്.
⭕️സൂര്യാഘാതത്തിന് തടയിടാം
ശരീരത്തില് അള്ട്രാവയലറ്റ് വികിരണങ്ങള് എത്തിച്ചേരുന്നതിനുള്ള സാധ്യതകള് പരമാവധി കുറയ്ക്കുകയാണ് സൂര്യാഘാതം തടയുന്നതിനുള്ള ഏറ്റവും ഫലപ്രദമായ നടപടി. രാവിലെ 10 മണി മുതല് വൈകുന്നേരം നാലുമണി വരെയുള്ള സമയത്ത് സൂര്യരശ്മികള് ശരീരത്തില് പതിക്കുന്നത് പരമാവധി ഒഴിവാക്കണമെന്നാണ് ലോകാരോഗ്യ സംഘടന നിര്ദേശിക്കുന്നത്. തണലുകളില് നില്ക്കുക, ശരീരം മുഴുവന് മറയ്ക്കുന്ന വസ്ത്രങ്ങള് ധരിക്കുക, വലിയ തൊപ്പികള്, സണ്സ്ക്രീന്, സണ്ഗ്ളാസുകള് തുടങ്ങിയവ ഉപയോഗിക്കുന്നതും അഭിലഷണീയമാണ്. ഉച്ചയ്ക്ക് 12 മണിമുതല് രണ്ടുമണിവരെയുള്ള സമയത്താണ് സൂര്യകിരണങ്ങള് ഏറ്റവും തീവ്രമായി ഭൂമിയില് പതിക്കുന്നത്. ഈ സമയം കഴിയുന്നതും പുറത്തിറങ്ങാതെ മുറികളില്തന്നെ കഴിച്ചുകൂട്ടുന്നതാണ് അഭികാമ്യം. സണ്സ്ക്രീനുകള് സൂര്യതാപത്തിനെതിരെയുള്ള പ്രതിവിധിയാണെന്നു തെറ്റിദ്ധരിക്കരുത്. സൂര്യതാപം നിമിത്തമുള്ള പൊള്ളലുകള് ഉണ്ടാകാതെ നോക്കുമെങ്കിലും അള്ട്രാവയലറ്റ് വികിരണങ്ങള്ക്ക് തടയിടാനൊന്നും സണ്സ്ക്രീനുകള്ക്ക് കഴിയില്ല. നീന്തല്ക്കുളങ്ങളില് കൂടുതല് സമയം ചെലവിടുന്നതും വെല്ഡര്മാര് ഹെല്മറ്റുകളും ഷീല്ഡുകളും ഉപയോഗിക്കേണ്ടതും അഭിലഷണീയവും ഗൌരവപൂര്വം പരിഗണിക്കേണ്ടതുമാണ്.
ചില ഭക്ഷണസാധനങ്ങള് സൂര്യാഘാതത്തിന്റെ തീവ്രത കുറയ്ക്കാന് സഹായിക്കുന്നുണ്ട്. ഉദാഹരണമായി തക്കാളിയില് അടങ്ങിയിരിക്കുന്ന ബീറ്റാ കരോട്ടിനും ലൈകോപിനും അള്ട്രാവയലറ്റ് വികിരണങ്ങളുടെ ആക്രമണം കൊണ്ട് ത്വക്കിലുണ്ടാകുന്ന അസ്വസ്ഥതകള് പരിഹരിക്കുന്നതില് ഫലപ്രദമാണെന്നു തെളിയിക്കപ്പെട്ടിട്ടുണ്ട്. തക്കാളിവര്ഗത്തില്പ്പെട്ട മറ്റ് പഴങ്ങള്ക്കും ഈ കഴിവുണ്ട്. 2007ല് നടത്തിയ ഒരു പഠനത്തില് തുടര്ച്ചയായി 10 മുതല് 12 ആഴ്ചവരെ തക്കാളിയും തക്കാളിയില് നിന്നുണ്ടാക്കുന്ന ഉല്പന്നങ്ങളും മാത്രം ഉപയോഗിക്കുന്ന വ്യക്തികളുടെ ത്വക്കിന് അള്ട്രാവയലറ്റ് വികിരണങ്ങളോടുള്ള സംവേദനക്ഷമത മറ്റുള്ളവരെ അപേക്ഷിച്ച് കുറവാണെന്നു തെളിഞ്ഞിട്ടുണ്ട്. കെച്ചപ്പുകള്ക്കും സോസുകള്ക്കുമെല്ലാം ഈ സവിശേഷതയുണ്ട്. ഇരുണ്ട നിറത്തിലുള്ള ചോക്കലേറ്റുകളും ഈ ഗുണങ്ങള് കാണിക്കുന്നുണ്ട്. ത്വക്കിനെപ്പോലെ തന്നെ സൂര്യതാപം ഗുരുതരമായി ബാധിക്കുന്ന ഭാഗമാണ് കണ്ണുകള്. അള്ട്രാവയലറ്റ് വികിരണങ്ങള് തടയാന് കഴിയുന്ന തരത്തിലുള്ള സണ്ഗ്ളാസുകള് ഉപയോഗിക്കുന്നത് ഒരു പരിധിവരെയെങ്കിലും നേത്രസംരക്ഷണത്തിന് സഹായകരമാണ്. നേത്രപടലത്തിന് (iris) ക്ഷതമേല്പ്പിക്കുന്ന വികിരണങ്ങള് കണ്ണിന്റെ നിറവ്യത്യാസത്തിനും ക്രമേണ അന്ധതയ്ക്കു തന്നെയും കാരണമാകും.
⭕️സൂര്യാഘാതവും ഭക്ഷണരീതിയും
ചില ഭക്ഷണരീതികള് സൂര്യാഘാതത്തിന്റെ തീവ്രത കുറയ്ക്കുമെന്ന് പഠനങ്ങള് തെളിയിച്ചിട്ടുണ്ട്. വിറ്റമിന്-സി, വിറ്റമിന്-ഇ എന്നിവയടങ്ങിയ ഭക്ഷണപദാര്ഥങ്ങള് (പുളിയുള്ള പഴങ്ങളും പച്ചക്കറികളും മത്സ്യവിഭവങ്ങളും) സൂര്യാഘാതത്തിന്റെ തീവ്രത കുറയ്ക്കാന് സഹായിക്കുന്നുണ്ട്. പഴവര്ഗങ്ങളിലടങ്ങിയിട്ടുള്ള ബീറ്റാ-കരോട്ടിന് (വിറ്റമിന്-എ) സൂര്യാഘാതത്തിനെതിരെ പ്രകൃതി സ്വീകരിച്ചിട്ടുള്ള പ്രതിവിധിയാണെന്ന് 2007ല് നടത്തിയ ഗവേഷണങ്ങള് സാക്ഷ്യപ്പെടുത്തുന്നുണ്ട്. സയന്റിഫിക് ലിറ്ററേച്ചര് മാഗസിനില് 2008 അവസാനം ഈ ഗവേഷണ റിപ്പോര്ട്ട് പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്, സൂര്യാഘാതമേറ്റ ഒരു വ്യക്തിയുടെ ഭക്ഷണക്രമം ഈ രീതിയിലേക്കു മാറ്റിയാല് എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടും എന്നൊന്നും ഇതിനര്ഥമില്ല. മാത്രവുമല്ല, ഇത്തരം ഭക്ഷണക്രമം ഒരു ദിവസമോ ആഴ്ചയോ മാസമോ കൊണ്ട് സൂര്യാഘാതത്തിനെതിരെ പ്രവര്ത്തിക്കുമെന്നോ കരുതരുത്. ഇത്തരം ഭക്ഷണപദാര്ഥങ്ങളുടെ തുടര്ച്ചയായുള്ള ഉപയോഗം സൂര്യാഘാതത്തെ പ്രതിരോധിക്കാന് ശരീരകോശങ്ങളെ ശക്തമാക്കുമെന്നാണ് ഇതില്നിന്നും അര്ഥമാക്കേണ്ടത്. തുടര്ച്ചയായി 10 ആഴ്ചകളെങ്കിലും ഇത്തരത്തിലുള്ള ഭക്ഷണക്രമം തുടരുന്ന ആളുകളിലാണ് ശരീരം സ്വീകരിക്കുന്ന പ്രതിരോധ സംവിധാനത്തിന്റെ സൂചനകള് പ്രകടമാകുന്നത്. ചുണ്ടെലികളുടെ ശരീരത്തില് കാണപ്പെടുന്ന ലൂട്ടെയ്ന് എന്ന കരോട്ടിനോയ്ഡിനും അള്ട്രാവയലറ്റ് വികിരണങ്ങളെ തടയാന് കഴിയുമെന്നു കണ്ടെത്തിയിട്ടുണ്ട്. ശരീരത്തിലെ ജലാംശം നഷ്ടപ്പെടുന്നതിനും (Dehydration) പോഷകമൂല്യങ്ങളുടെ അപര്യാപ്തതയ്ക്കും സൂര്യാഘാതം കാരണമാകുന്നുണ്ട്. അതുകൊണ്ടു തന്നെ പ്രാരംഭ രോഗലക്ഷണങ്ങള്ക്കു പുറമെ സൂര്യതാപം നിമിത്തമുണ്ടാകുന്ന വ്രണങ്ങള് ഭേദമായിക്കഴിഞ്ഞാലും ശരീരത്തിന്റെ പ്രതിരോധ സംവിധാനം തകരുന്നതുകൊണ്ട് സൂര്യാഘാതമേറ്റ വ്യക്തിക്ക് തുടര്ച്ചയായി ആരോഗ്യപ്രശ്നങ്ങള് ഉണ്ടാകുന്നതു സാധാരണമാണ്.
⭕️സൂര്യാഘാതവും ചികിത്സയും
സൂര്യകിരണങ്ങള് നേരിട്ട് ശരീരത്തില് പതിക്കാതെ നോക്കുന്നതിനാണ് പ്രഥമ പരിഗണന നല്കേണ്ടത്. സൂര്യാഘാതമേറ്റ വ്യക്തിക്ക് ഏറ്റവും അത്യാവശ്യം വിശ്രമമാണ്. ഏതാനും ആഴ്ചകള് വിശ്രമിച്ചാല് അസ്വസ്ഥതകള് ക്രമേണ കുറയുന്നതായി കാണാന് കഴിയും. പൊള്ളലേറ്റ ഭാഗം നനഞ്ഞ തുണികൊണ്ട് മൂടുക, ഇടയ്ക്കിടെ തണുത്ത വെള്ളത്തില് കുളിക്കുക, ലോഷനുകള്, കറ്റാര്വാഴ (aloevera) അടങ്ങിയ ക്രീമുകള് എന്നിവ ഉപയോഗിക്കുന്നത് നല്ലതാണ്. ഹൈഡ്രോ കോര്ട്ടിസോണ് ക്രീമുകള് ഉപയോഗിക്കുന്നത് പൊള്ളലിന്റെ നീര്ക്കെട്ടും വേദനയും കുറയ്ക്കാന് ഫലപ്രദമാണ്. ഐബുപ്രൂഫന്, ആസ്പിരിന്, നാപ്രോക്സിന്, ടൈലനോള് തുടങ്ങിയ മരുന്നുകള് സൂര്യാഘാതം കാരണമുണ്ടാകുന്ന പൊള്ളലിനും വേദനയ്ക്കും ഫലപ്രദമായി ഉപയോഗിക്കുന്നുണ്ട്. ശരീരത്തിന്റെ ജലാംശം നഷ്ടപ്പെടുത്തുന്നതില് പ്രധാന പങ്കുവഹിക്കുന്നത് മദ്യത്തിന്റെ ഉപയോഗമാണ്. ഇപ്പോഴത്തെ, ഈ തീവ്രകാലാവസ്ഥയിലെങ്കിലും മദ്യത്തിന്റെ ഉപയോഗം കുറയ്ക്കുക. ഈ ശരീരം ബാക്കിയാവണമല്ലോ?!.