ബ്ലാക്ക് ഹോൾ
എന്താണ് ഒരു ബ്ലാക്ക് ഹോൾഏറ്റവും ചുരുങ്ങിയ വാക്കുകളിൽ പറഞ്ഞാൽ , ഗുരുത്വകർഷണ ബലത്തിന്റെ ആധിക്യം മൂലം, പ്രകാശത്തിനു പോലും പുറത്തു കടക്കാൻ കഴിയാത്ത വസ്തുക്കൾ ആണ് ബ്ലാക്ക് ഹോൾ അഥവാ തമോഗർത്തം.
പ്രകാശത്തിനു പോലും പുറത്തു കടക്കാൻ പറ്റാത്ത അത്രയ്ക്ക് ഗുരുത്വകർഷണം കൂടണമെങ്കിൽ അതിനു, ഒരു വസ്തുവിന്റെ ഭാരം അല്ലെങ്കിൽ പിണ്ഡം മാത്രം കൂടിയാൽ പോരാ, ആ ഭാരം ഒരു വളരെ ചെറിയ വ്യാപ്തത്തിനകത്തു ഒതുങ്ങി ഇരിക്കണം. ( ശാസ്ത്രീയമായി പറഞ്ഞാൽ ഭാരവും പിണ്ഡവും ഒന്നല്ല, എന്നാലും എല്ലാവര്ക്കും മനസിലാകാൻ, ഞാൻ, പിണ്ഡമെന്ന വാക്കിനു പകരം ഭാരം എന്ന വകുപയോകികുന്നു എന്ന് മാത്രം.)
അങ്ങനെ ഒരു വസ്തുവിന് ബ്ലാക്ക് ഹോൾ ആകണമെങ്കിൽ അതിന്റെ ഭാരം മുഴുവൻ ഒതുങ്ങി ഇരിക്കേണ്ട ആ ചെറിയ വ്യാപ്തത്തെ സൂചിപ്പിക്കുന്നതാണ് ആ വസ്തുവിന്റെ schwarzschild radius. ഇത് ഒരു വസ്തുവിന്റെ ഭാരത്തിനു അനുസരിച്ചു ഇരിക്കും.
ഭൂമിയുടെ schwarzschild radius 9 mm ആണ്. സൂര്യന്റേതു 3KM
നമ്മുടെ ഭൂമിയെ ഏതെങ്കിലും രീതിയിൽ നമ്മൾ ഞെക്കി ചുരുക്കി കേവലം 9 mm radius ഉള്ള ഒരു ഗോളമാക്കിയാൽ ഭൂമി ഒരു ബ്ലാക്ക് ഹോളായി മാറും. 5.972 × 10^24 kg മാസ്സുള്ള നമ്മുടെ ഭൂമിയെ, ഇക്കണ്ട മലകളും പുഴകളും കടലുകളുമുള്ള ഭൂമിയെ നമ്മൾ ഏതു വിധേനയും ഞെക്കി ചുരുക്കി ആ ഭാരം മുഴുവൻ ഒരു ഗോലി അഥവാ ഗോട്ടിയുടെ (കേവലം 9 mm radius ) വലുപ്പത്തിലേക്കു ഒതുക്കി കഴിഞ്ഞാൽ ഭൂമി ഒരു ബ്ലാക്ക് ഹൊളായി മാറും. ഒരു ബ്ലാക്ക് ഹൊളെന്താണെന്നു മനസിലാക്കാൻ വേണ്ടി പറഞ്ഞതാണ്. ഭൂമിയെ ഒരുക്കലും നമുക്ക് ഞെക്കി ചെറുതാക്കാൻ പറ്റില്ല, അതുകൊണ്ടു തന്നെ ഭൂമി ഒരിക്കലും ഒരു ബ്ലാക്ക് ഹോളായി മാറില്ല. ചുരുക്കം പറഞ്ഞാൽ ഭീമമായ ഭാരം ഉള്ള വസ്തു എന്നതിനേക്കാൾ, ആ ഭാരം ഒരു വളരെ ചെറിയ സ്ഥലത്തു ഒതുങ്ങി ഇരിക്കുന്നു എന്നതാണ് ഒരു ബ്ലാക്ക് ഹോളിന്റെ പ്രേത്യേകത. ഒരു ബ്ലാക്ക്ഹോളിനേക്കാൾ ഭാരമുള്ള നക്ഷത്രങ്ങൾ ഒരുപാടുണ്ട്.
അവ കത്തി നില്കുന്നിടത്തോളം കാലം അവ ഒരു ബ്ലാക്ക് ഹൊളായി മാറില്ല. അവയിൽ ഉല്പാദിപ്പിക്കപ്പെടുന്ന ഊർജം അവയുടെ ഗുരുത്വകർഷണ ബലത്തെ ചെറുത്തു നില്കും. അങ്ങിനെ അവ ചുരുങ്ങാതെ വികസിച്ചു നിൽക്കും. പക്ഷെ, നമ്മുടെ സൂര്യന്റെ 20 ഇരട്ടിയിൽ കൂടുതൽ ഭാരമുള്ള നക്ഷത്രങ്ങളുടെ, കാമ്പ് (core) അതിലെ ഇന്ധനം കത്തി തീർന്നു കഴിയുമ്പോൾ, അതിനെ വികസിപ്പിച്ചു നിർത്താൻ ഊർജം ഇല്ലാതെ വരുമ്പോൾ, ഗുരുത്വഘര്ഷണം മൂലം ചുരുങ്ങാൻ തുടങ്ങും. അങ്ങനെ ചുരുങ്ങുന്ന ഒരു നക്ഷത്ര കാമ്പിനു സൂര്യന്റെ 3 ഇരട്ടിയിൽ കൂടുതൽ ഭാരമുണ്ടെങ്കിൽ ആ നക്ഷത്ര കമ്പിന്റെ ചുരുങ്ങലിനെ തടഞ്ഞു നിർത്താൻ ഒരു ശക്തിക്കും കഴിയില്ല. അത് സ്വന്തം ഗുരുത്വകര്ഷണ ബലം മൂലം ചുരുങ്ങി, അതിന്റെ Schwarzschild radiusനെക്കാളും ചുരുങ്ങും. അപ്പോൾ ആണ് ബ്ലാക്ക്‌ഹോളുകൾ ഉണ്ടാകുന്നതു. ഇത്തരത്തിൽ ഒരു നക്ഷത്രം കത്തി കഴിഞ്ഞു ബ്ലാക്ക് ഹോളാവുന്നതിനു മുൻപ് സൂപ്പർനോവ എന്ന പേരിലൊരു പൊട്ടിത്തെറി ഉണ്ടാകും. ആ പൊട്ടിത്തെറിയിൽ നക്ഷത്രത്തിന്റെ കാമ്പോഴികെ മറ്റുള്ള ഭാഗങ്ങൾ ചിതറി പോകും. അതിനു ശേഷം ഭാക്കി വരുന്ന കാമ്പാണ് ചുരുങ്ങി ബ്ലാക്ക് ഹോളാകുന്നത്.