പേടിതോന്നാത്ത ഏക ഉരഗം- പല്ലി
ഗുഹാകാലം മുതൽ നമുക്കൊപ്പം താമസിച്ചവർ, മൂത്രമൊഴിക്കില്ല, പേടിതോന്നാത്ത ഏക ഉരഗം- പല്ലി
ഓന്തുകൾ, അരണകൾ, ഉടുമ്പുകൾ എന്നിവയൊക്കെ പകൽ സജീവമാകുന്ന ഉരഗജീവികളാണെങ്കിലും ഇവരുടെ അടുത്ത ബന്ധുക്കളായ പല്ലികൾ പൊതുവെ രാത്രിസഞ്ചാരികളാണ്. മനുഷ്യരായ നമുക്കില്ലാത്ത കാഴ്ചക്കഴിവുകൾ ഉള്ളവരായതിനാൽ മങ്ങിയ നിലാവെളിച്ചത്തിൽ പോലും വർണങ്ങൾ തിരിച്ചറിയാൻ പറ്റുന്നവരാണ് പല്ലികൾ. രൂപ സാമ്യം കൊണ്ട് പാമ്പുകളെ ഓർമ്മിപ്പിക്കുമെന്നതിനാൽ എല്ലാ ജാതി ഉരഗങ്ങളോടും മനുഷ്യർക്ക് പൊതുവെ ഇഷ്ടം കുറവാണ്. ആദിമമായ വിഷഭയവും ജീവഭയവും സംശയത്തോടെ ഇടപെടാൻ നമ്മളെ ശീലിപ്പിച്ചിട്ടുണ്ട്. പേടിയും അറപ്പും കൂടിക്കുഴഞ്ഞ ഒരു ബന്ധം മാത്രമേ പലതുമായും നമുക്ക് ഉള്ളു. കൂട്ടത്തിൽ മനുഷ്യർക്ക് ഏറ്റവും പേടികുറഞ്ഞ ഉരഗം പല്ലിയാണ്. പ്രധാന കാരണം വീട്ടുപല്ലികൾ മനുഷ്യർക്കൊപ്പം പരിണമിച്ച് ഉണ്ടായവ ആയതിനാൽ ഇവയെ നമുക്ക് വളരെ പണ്ടുമുതലേ കണ്ടും കൊണ്ടും പരിചയവും ഉണ്ട് എന്നതാവാം. ഗുഹാ ജീവിയായ കാലം മുതൽ ഇവർ നമുക്കൊപ്പം താമസം തുടങ്ങിയതാണ്. കത്തിച്ച് വെച്ച പന്തങ്ങൾക്കരികിലെത്തുന്ന രാശലഭങ്ങളേയും മറ്റ് പ്രാണികളേയും തിന്നാനായി വിളക്കിനരികിലെ പാറവിള്ളലുകളിൽ ഒളിച്ച് കഴിഞ്ഞ കാലം മുതൽ !. പിന്നെ പലതരം വിളക്കുകൾ വന്നു , വൈദ്യുതി വന്നു. വീട്ടു ചുമരുകൾ മിനുപ്പാർന്നു , മച്ചുകൾ മാറി. പക്ഷെ പല്ലി അതിലൂടെയെല്ലാം പിടിച്ച് നടക്കാനാകുന്ന കാലുകളുമായി മനുഷ്യർക്കൊപ്പം പരിണമിച്ച് വളർന്നു. വീട്ടിനുള്ളിൽ എത്തുന്ന കൂറകളും , ചിതലുകളും ,ശലഭങ്ങളും , കൊതുകുകളും, ചിലന്തികളും ഒക്കെ ആണ് ഇവരുടെ ഭക്ഷണം. .
ഗെക്കോനിഡെ കുടൂംബത്തിൽ പെട്ടതാണ് നമ്മൾക്ക് പരിചയമുള്ള പല്ലികളെല്ലാം. ഉണ്ടക്കണ്ണും ദ്വാരച്ചെവിയും ചെതുമ്പലുകളും പലതരം ഡിസൈനുകളും ആയി വീട്ടിലും പുറത്തും ആയി ലോകത്ത് ഉഷ്ണമേഖലാ പ്രദേശങ്ങളിലൊക്കെ പലതരം പല്ലികളുണ്ട്. ഇവരുടെയൊക്കെ പ്രത്യേകത ചലിപ്പിക്കാനാവുന്ന കൺപോളകൾ ഇല്ല എന്നതാണ്. അതിനാൽ സധാസമയവും കണ്ണ് തുറന്ന് തന്നെ കിടക്കും. അതിനാൽ നനക്കാനും കണ്ണിലെ അഴുക്കുകൾ തുടച്ച് മാറ്റാനും പല്ലികൾ നീളൻ നാവുകൊണ്ട് നക്കി വൃത്തിയാക്കുകയാണ് ചെയ്യുക. ഇരുണ്ട മറവുകളിൽ ഉറങ്ങുന്ന സമയം കണ്ണടച്ചില്ലെങ്കിലും പ്രശ്നമൊന്നുമില്ല. കൃഷ്ണമണിയിലെ നീളൻ വിടവ് ചുരുക്കി ഉള്ളിലേക്ക് പ്രകാശം കടക്കാത്തതുപോലെ ആക്കാൻ കഴിയും . Eublepharidae കുടുംബത്തിലെ ചില പല്ലിസ്പീഷിസുകൾക്ക് പക്ഷെ ചലിപ്പിക്കാൻ കഴിയുന്ന കൺപോളകളുണ്ട്, എന്നാൽ മറ്റ് പല്ലികളെപ്പോലെ മച്ചിലൂടെ താഴെ വീഴാതെ നടക്കാൻ സഹായിക്കുന്ന സംവിധാനം കാലുകളിൽ ഇല്ലതാനും.
മൂത്രമൊഴിക്കാതെ യൂറിക്കാസിഡ് കാഷ്ഠത്തിൽ കളയുന്ന പല്ലി
വലിയ ശല്യക്കാരല്ലെങ്കിലും അവിടെയുമിവിടെയും കാഷ്ടിച്ച് വെക്കുന്നവരെന്ന പരാതി പല്ലികളെക്കുറിച്ചുണ്ട്. കൂടാതെ ചിലപ്പോൾ മച്ചിൽ നിന്ന് കൈവിട്ട് , മൂടാതെ വെച്ച ചൂടുള്ള ഭക്ഷണപ്പാത്രങ്ങളിൽ വീണ് ചത്ത് മലച്ച് ആകെ സീൻ കോണ്ട്രാ ആക്കുകയും ചെയ്യും. സധാരണയായി യാതൊരു ഗുരുതര വിഷവും ഇല്ലെങ്കിലും പല്ലി വീണ ഭക്ഷണം കഴിച്ചാൽ വലിയ അപകടം വരും എന്നാണ് പലരും കരുതിയിരിക്കുന്നത്. വിഷജീവിയൊന്നും അല്ലെങ്കിലും പല രാജ്യക്കാരും പല്ലിക്ക് വിഷമുണ്ട് എന്ന വിശ്വാസക്കാരാണ്. ഉറങ്ങുന്ന ഒരാളുടെ മുഖത്ത് കൂടെ പല്ലി ഓടിയാൽ , ചർമ്മരോഗം പിടിപെടും എന്ന വിശ്വാസം ചില അറബി നാടുകളിലുണ്ട്. പല്ലി മൂത്രത്തിൽ തൊട്ടാൽ കുഷ്ടം വരുമെന്നു വിശ്വസിക്കുന്നവരും ഉണ്ട്. പക്ഷെ പല്ലികൾ മൂത്രമൊഴിക്കുന്ന പരിപാടിക്കാരല്ല. ഉള്ള യൂറിക്കാസിഡ് വെള്ളനിറത്തിൽ കാഷ്ടത്തിനൊപ്പംതന്നെ പുറത്ത് കളയുകയാണ് ചെയ്യുക. ''എന്റെ മൂത്രം ഇതല്ല, ഞാൻ മൂത്രമൊഴിക്കാറില്ല എന്ന്'' പല്ലി വന്ന് പറയില്ലല്ലൊ. അതിനാൽ ഇതുപോലുള്ള വിശ്വാസങ്ങൾ ഇനിയും കുറേക്കാലം തുടരും.
Hemidactylus ജീനസിൽ പെട്ടവരാണ് വീട്ടു പല്ലികൾ . ഇവർ മനുഷ്യ വാസസ്ഥലവുമായി വേഗം ഇണങ്ങിച്ചേർന്ന് ജീവിക്കാൻ കഴിവുള്ളവരാണ് . വീട്ടിനു പുറത്തും ഇവ ജീവിക്കുമെങ്കിലും കഴിവതും വീടുകളാണ് സുഖവാസത്തിന് തിരഞ്ഞെടുക്കുക. കുടിലെന്നോ ബംഗ്ലാവെന്നോ വ്യത്യാസമില്ല - ഗ്രാമമെന്നോ നഗരമെന്നോ വേർതിരിവില്ല. കപ്പലുകൾ ലോക സഞ്ചാരം തുടങ്ങിയതോടെ തെക്കനേഷ്യയിൽ നിന്നും ലോകത്തെങ്ങും ഇവർ പടർന്നു.