കുഴിയാന എന്ന ആന്റ് ലയേൺ

Simple Science Technology

കുഴിയാന എന്ന ആന്റ് ലയേൺ

വിജയകുമാർ ബ്ലാത്തൂർ

കുഴിയാന പൂർണമായ ഒരു ജീവിയല്ല. പലരും തെറ്റായി ധരിച്ചിരിക്കുന്നതു പോലെ തുമ്പികളുടെ ലാർവയും അല്ല. കരുത്തന്മാരയ കല്ലൻ തുമ്പികളോ (dragonflies -Anisoptera) സാധു സൂചി - നൂലൻ തുമ്പികളോ (damselflies- Zygoptera) കുഴിയാനയുടെ രൂപാന്തരം വഴി ഉണ്ടാകുന്നവയല്ല. തുമ്പികളോട് ബന്ധമില്ലാത്ത Myrmeleontidae കുടുംബത്തിലെ വേറെ ഷഡ്പദങ്ങളായ antlion lacewings ആണിവ. മുട്ടവിരിഞ്ഞ് ഇറങ്ങുന്ന ലാർവക്കുഞ്ഞുങ്ങൾ 

മണലിലും മിനുസമുള്ള പൊടിയിലും ചോർപ്പിന്റെ ആകൃതിയിൽ കുഴിഒരുക്കി ഇരയും കാത്ത് കഴിയുകയാണ് ചെയ്യുന്നത് . ഉറുമ്പുകളെ പിടികൂടുന്ന കാര്യത്തിൽ ആളു പുലിയല്ല - സിംങ്കം ആണ്. അങ്ങിനെ കിട്ടിയ പേരാണ് - ‘ആന്റ് ലയേൺ’ (Antlion) . പിറകോട്ട് മാത്രം സഞ്ചരിക്കുന്ന ഇവയുടെ നടത്തം നല്ല രസമുള്ളതാണ്. കുഴിയൊരുക്കാൻ നല്ല സ്ഥലം തപ്പി ചറപറ മണലിലൂടെ നടന്നു നീങ്ങുമ്പോഴുണ്ടാകുന്ന അടയാളം കണ്ടാണ് വടക്കേ അമേരിക്കക്കാർ ഇതിന് “ഡൂഡിൽ ബഗ്” എന്ന് പേരിട്ടത്.

പിങ്കാലുകൾ കൊണ്ട് മണൽ വട്ടത്തിൽ തെറിപ്പിച്ച് മാറ്റി ആണ് കുഴിപണിയുക.അതിന്റെ ചെരിവ് ഏറ്റവും അപകടകര അളവിലായിരിക്കും.കുഴിയുടെ നടുവിൽ മണലിനുള്ളിൽ ഒളിച്ച് നിൽക്കും. ശരിക്കും ഒരു മരണക്കിണർ. വക്കിൽ ഉറുമ്പോ ചിലന്തിയോ മറ്റേതെങ്കിലും ചെറുപ്രാണികളോ എത്തിപ്പെട്ടാൽ നിമിഷം കൊണ്ട് താഴോട്ട് ഇടിയും. മുകളിലേക്ക് കയറാൻ ശ്രമിക്കും തോറും മേൽഭാഗത്ത് നിന്ന് മണൽ അടർന്ന് വീണുകൊണ്ടിരിക്കും. രക്ഷപ്പെടാൻ ശ്രമിക്കുന്ന ഇരയ്ക്ക് നേരെ ശക്തിയിൽ മണൽ തെറിപ്പിച്ച് താഴോട്ട് വീഴ്ത്താൻ അതിനിടയിൽ കുഴിയാന ശ്രമം നടത്തുന്നുണ്ടാകും. അവസാനം ഇരയെ പിടികൂടി അതിന്റെ ശരീരം മുഴുവൻ ദഹിപ്പിക്കാൻ കഴിയുന്ന സ്രവങ്ങൾ കുത്തിച്ചെലുത്തി സത്ത് വലിച്ച് കുടിക്കും. കുഴിയിലെ അവശിഷ്ടങ്ങൾകണ്ട് ഇനി വരുന്ന ഉറുമ്പുകൾക്ക് സംശയം തോന്നാതിരിക്കാൻ പിങ്കാലുകൊണ്ട് തട്ടിദൂരേക്ക് മാറ്റും. കുഴിയുടെ ചെരിവുകളെല്ലാം പഴയതുപൊലെ കുത്തനെയാക്കി , വീണ്ടും ഭാഗ്യം വന്ന് വീഴുന്നതും കാത്ത്കാത്തങ്ങനെ ഇരിക്കും. മൂന്നു നാലുമാസമൊക്കെ ഒരിരയും കിട്ടാതെ ആയാലും തനിപ്പട്ടിണിയിൽ കഴിഞ്ഞാലും ഒരു പ്രശ്നവുമില്ല.. അതുകൊണ്ട് തന്നെ ലാർവാവസ്ഥ ഒരോരോ സാഹചര്യമനുസരിച്ച് പല കാലദൈർഘ്യത്തിലായിരിക്കും. ചിലപ്പോൾ അത് നീണ്ട് വർഷങ്ങൾ വരെ എടുക്കും. കുഴിയാന തിന്നതൊന്നും പുറത്ത് കളയില്ല. കളയാൻ അങ്ങിനെ ഒരു അവയവവും ഇല്ല എന്നതാണ് കാര്യം. വിസർജ്ജ്യങ്ങളെല്ലാം ഉള്ളിൽ തന്നെ സൂക്ഷിച്ച് വെക്കും . ലാർവ പൂർണ്ണവളർച്ചയെത്തി പിന്നീട് പ്യൂപ്പാവസ്ഥയിൽ കഴിയുന്ന സമയത്താണ് ടാർപോലുള്ള പഴയകാഷ്ടം പുറത്തേക്ക് കളയുന്നത്.

മണലും നാരുകളും സിൽക്ക്പോലുള്ള നൂലുകളും കൂട്ടിക്കുഴച്ചുള്ള ഗോളാകൃതിയിലുള്ള കൂടിനുള്ളിൽ പിന്നെ ഏറെനാൾ രൂപാന്തരണ കാലം. .പ്യൂപ്പാവസ്ഥ കഴിഞ്ഞ് അവസാനം കൂട് പൊളിച്ച് ചിറക് വിരിച്ച് പറന്നുപോകും. കാഴ്ചയിൽ സൂചിത്തുമ്പികളോട് ചെറിയ സാമ്യം തോന്നുന്ന ഇവ ഗോത്രപരമായിപോലും തുമ്പികളുമായി ഒരു ബന്ധവുമില്ല. എങ്കിലും ഇവയെ ‘കുഴിയാനത്തുമ്പി” എന്ന് ആരോ മലയാളത്തിൽ പേരിട്ടതിനാൽ പഴയ സ്കൂൾ ടീച്ചർമാർ പറഞ്ഞ് തെറ്റിച്ച് പഠിപ്പിച്ചത് ആണ് പ്രശ്നമായത്. രണ്ട് ജോഡി മനോഹര ലേസ് ചിറകുകൾ , നീണ്ട ആന്റിനകൾ, എന്നിവയൊക്കെ ആയി ഒരു ആനച്ചന്തമൊക്കെയുണ്ട് കാഴ്ചയിൽ. ലാർവ ചെറുതാണെങ്കിലും വിരിഞ്ഞ് വരുന്ന ലേസ് വിങ്ങ് പ്രാണിക്ക് നല്ല വലിപ്പമുണ്ടാകും. ഇരപിടിയന്മാരെ ഭയന്ന് , പകൽ സമയങ്ങളിൽ ചെടിപ്പടർപ്പുകൾക്കിടയിലും മറ്റും ഒളിഞ്ഞ് വിശ്രമിക്കുന്ന ഇവ സന്ധ്യയോടെ ഇരതേടാനും ഇണചേരാനും പറന്നുതുടങ്ങും. നമുക്ക് കാണാൻ കിട്ടാൻ പ്രയാസമാണ്. കുഴിയാനയായി മാസങ്ങളും വർഷവും ജീവിച്ചത് പോലെ യഥാർത്ഥ ജീവിതത്തിന് ദൈർഘ്യം ഉണ്ടാവില്ല. ദിവസങ്ങൾ മാത്രം നീളുന്ന പറന്നുള്ള ജീവിതം. ഇണ ചേരലും മുട്ടയിടലും മാത്രമാണ് ഏക ലക്ഷ്യം! പെൺകുഴിയാനത്തുമ്പികൾ മണലിൽ മുട്ടയിടുന്നു. അവ വിരിഞ്ഞ് പുതിയ കുഴിയാനകൾ ഉണ്ടാകുന്നതോടെ ജീവിതചക്രം പൂർത്തിയാകുന്നു.