കാന്തിക ന്യൂട്രോൺ നക്ഷത്രം
കാന്തിക ന്യൂട്രോൺ നക്ഷത്രം
പ്രപഞ്ചത്തിലെ റേഡിയോ തരംഗങ്ങൾ മാപ്പ് ചെയ്യുന്ന ഒരു സംഘം ജ്യോതിശാസ്ത്രജ്ഞർ മണിക്കൂറിൽ മൂന്ന് തവണ ഭീമാകാരമായ ഊർജ്ജം പുറപ്പെടുവിക്കുന്ന അസാധാരണമായ എന്തോ ഒന്ന് കണ്ടെത്തി. ഭൂമിയിൽ നിന്നും ഏകദേശം 4,000 പ്രകാശവർഷം അകലെയായാണ് ഈ വസ്തു ദൃശ്യമായത്.
അതിശക്തമായ കാന്തികക്ഷേത്രമുള്ള (magnetic field) ഒരു ന്യൂട്രോൺ നക്ഷത്രമോ, (neutron star) നക്ഷത്രങ്ങളുടെ തകർന്ന കാമ്പുകളോ/"വെള്ള കുള്ളൻ"(white dwarf) ആയിരിക്കാം ഇതെന്നാണ് കണ്ടെത്തിയ സംഘം കരുതുന്നത്.
പ്രത്യക്ഷപ്പെടുകയും മറയുകയും ചെയ്യുന്ന ഇത്തരം വസ്തുക്കളെ "ക്ഷണികങ്ങൾ" (transients) എന്ന് വിളിക്കുന്നു. സൂപ്പർനോവ പോലെ സാവധാനത്തിലുള്ള ക്ഷണികങ്ങൾ ഏതാനും ദിവസങ്ങൾക്കിടയിൽ പ്രത്യക്ഷപ്പെടുകയും ഏതാനും മാസങ്ങൾക്ക് ശേഷം അപ്രത്യക്ഷമാവുകയും ചെയ്യും. "പൾസർ' എന്ന ഒരുതരം ന്യൂട്രോൺ നക്ഷത്രം മില്ലീസെക്കൻഡുകൾക്കോ സെക്കൻഡുകൾക്കോ ഉള്ളിൽ ഓണും ഓഫും ആകും (fast transients).
എന്നാൽ ഓരോ 20 മിനിട്ടിലും ഒരു മിനിറ്റ് എന്ന കണക്കിന് കാണപ്പെടുന്നത് അപ്രതീക്ഷിതമാണെന്ന് ശാസ്ത്രജ്ഞർ പറയുന്നു. സൂര്യനെക്കാൾ അവിശ്വസനീയമാംവിധം തെളിച്ചമുള്ളതും ചെറുതുമായ ഈ വസ്തു ഉയർന്ന ധ്രുവീകരണ റേഡിയോ തരംഗങ്ങൾ (polarized radio waves) പുറപ്പെടുവിക്കുന്നുണ്ട്.
ഇന്റർനാഷണൽ സെന്റർ ഫോർ റേഡിയോ അസ്ട്രോണമി റിസർച്ചിന്റെ (ICRAR) കർട്ടിൻ യൂണിവേഴ്‌സിറ്റി നോഡിൽ (Curtin University node) നിന്നുള്ള അസ്‌ട്രോഫിസിസ്റ്റായ ഡോ. നതാഷ ഹർലി-വാക്കറാണ് (Dr Natasha Hurley-Walker) ഈ കണ്ടെത്തൽ നടത്തിയ സംഘത്തെ നയിച്ചത്.
അൾട്രാ ലോംഗ് പിരീഡ് മാഗ്‌നെറ്റാർ (ultra-long period magnetar) എന്ന, സാവധാനത്തിൽ കറങ്ങുന്ന ഒരു തരം ന്യൂട്രോൺ നക്ഷത്രവുമായി നിരീക്ഷണങ്ങൾ പൊരുത്തപ്പെടുന്നതായും സൈദ്ധാന്തികമായി നിലനിൽക്കുമെന്ന് പ്രവചിക്കപ്പെട്ടിട്ടുള്ള ഈ കാന്തിക ന്യൂട്രോൺ നക്ഷത്രം (magnetar) നേരിട്ട് കണ്ടെത്താകുമെന്ന് ആരും പ്രതീക്ഷിച്ചില്ലെന്നും ഡോ. ഹർലി-വാക്കർ പറഞ്ഞു.
വെസ്റ്റേൺ ഓസ്‌ട്രേലിയയിലെ മർച്ചിസൺ വൈഡ്‌ഫീൽഡ് അറേ ടെലിസ്‌കോപ്പ് ഉപയോഗിച്ച് (Murchison Widefield Array telescope) കർട്ടിൻ യൂണിവേഴ്‌സിറ്റി ഹോണേഴ്‌സ് വിദ്യാർത്ഥിയായ ടൈറോൺ ഒ'ഡോഹെർട്ടിയാണ് (Tyrone O’Doherty) ഈ വസ്തു കണ്ടെത്തിയത്.
Courtesy : esSENSE