ഇന്റർനാഷണൽ സ്പേസ് സ്റ്റേഷന്റെ പ്രവർത്തനം 2031ഓടെ നാസ അവസാനിപ്പിക്കാൻ പോകുന്നു

Simple Science Technology

ഇന്റർനാഷണൽ സ്പേസ് സ്റ്റേഷന്റെ പ്രവർത്തനം 2031ഓടെ നാസ അവസാനിപ്പിക്കാൻ പോകുന്നു

അപൂര്‍വ്വതകളുടെ ആകാശ പരീക്ഷണ ശാല- ഐഎസ്എസ് എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഇന്റർനാഷണൽ സ്പേസ് സ്റ്റേഷന്റെ പ്രവർത്തനം 2031ഓടെ നാസ അവസാനിപ്പിക്കാൻ പോകുന്നു. ഇതിനായുള്ള പദ്ധതിരേഖ യു.എസ് കോൺഗ്രസിന് മുമ്പാകെ നാസ സമർപ്പിച്ചതായാണ് വിവരം. ബഹിരാകാശത്തുനിന്ന് തിരികെയെത്തുന്ന നിലയത്തെ ശാന്തസമുദ്രത്തിലെ 'ബഹിരാകാശവാഹനങ്ങളുടെ സെമിത്തേരി' എന്നറിയപ്പെടുന്ന പോയിന്‍റ് നെമോ മേഖലയിൽ വീഴ്ത്താനാണ് നാസയുടെ ലക്ഷ്യം. 

2030 വരെ ഐ.എസ്.എസ് പ്രവർത്തിപ്പിക്കാനുള്ള അനുമതിയാണ് പ്രസിഡന്‍റ് ജോ ബൈഡൻ നൽകിയതെന്ന് നാസ പറയുന്നു. ഐ.എസ്.എസ് പിൻവാങ്ങുന്നത് വാണിജ്യ നിലയങ്ങളുടെ തുടക്കമാകുമെന്നും നാസ ചൂണ്ടിക്കാട്ടി. സ്വകാര്യമേഖല സാങ്കേതികപരമായും സാമ്പത്തികപരമായും ബഹിരാകാശ നിലയങ്ങൾ പ്രവർത്തിപ്പിക്കാൻ പ്രാപ്തിയുള്ളതാണ്. എല്ലാവിധ സഹായങ്ങളും നൽകുമെന്നും നാസ വ്യക്തമാക്കി. 

മനുഷ്യൻ ഇന്നേവരെ നിർമ്മിച്ചതിൽ

ഏറ്റവും ചെലവേറിയ ഈ ആകാശ നിർമിതിയുടെ നിർമ്മാണത്തിന് 11 വർഷവും 42 ദൗത്യങ്ങളുമാണ് വേണ്ടിവന്നത്.

നാസയുടെ നേതൃത്വത്തിൽ അഞ്ച് സ്പേസ് ഏജൻസികളുടെ സംയുക്ത സംരംഭമാണ് ISS. ഒരുകാലത്ത് ശീതസമരത്തിന്റെ കരിനിഴലിലായിരുന്ന ബഹിരാകാശ ഗവേഷണ രംഗം ഒരപൂർവ സഹകരണത്തിന് കൂടി അങ്ങനെ മാതൃകയായി. 

2000 നവംബർ രണ്ടിനാണ്‌ അവിടെ താമസിക്കാനുള്ള ആദ്യത്തെ മൂന്നു പേർ ബഹിരാകാശ നിലയത്തിലെത്തുന്നത്. അതോടെ ബഹിരാകാശ പര്യവേക്ഷണത്തിൽ മറ്റൊരു നവയുഗം പിറക്കുകയായിരുന്നു. 

136 ദിവസം അവിടെ താമസിച്ചതിനുശേഷം മൂന്നു പേരും അമേരിക്കയുടെ സ്പേസ് ഷട്ടിലിൽ കയറി ഭൂമിയിലേക്ക് തന്നെ തിരിച്ചുവന്നു. അന്ന് തൊട്ട് ഇന്നുവരെ അവിടെ മനുഷ്യവാസം തുടരുന്നു, ഇടവേളയില്ലാതെ..! 

ഒരു ഫുട്ബോൾ സ്റ്റേഡിയത്തോളം വലിപ്പവും ഏകദേശം 335 കാറുകൾ കൂട്ടിവെച്ചാലുള്ളത്ര

ഭാരവും ഉണ്ട് ISSന്. റഷ്യയുടെ ആന്‍റൺ ഷ്‌കാപ്ലെറോവ്, പ്യോട്ടർ ഡുബ്രോവ്,​ നാസയുടെ മാർക്ക് വാൻഡ്ഹേ, തോമസ് മാർഷ്ബേൺ, രാജാ ശാരി, കെയ്‌ല ബാരൺ, മത്യാസ് മൗറർ എന്നിവരാണ് ഐ.എസ്.എസിൽ നിലവിൽ താമസിക്കുന്ന ഗവേഷകർ.