Homo habilis മുതൽ ഹോമോ സാപിയൻ സാപിയൻസ് എന്ന ആധുനിക മനുഷ്യൻ വരെ
Homo habilis മുതൽ ഹോമോ സാപിയൻ സാപിയൻസ് എന്ന ആധുനിക മനുഷ്യൻ വരെ
ഒരു ദിവസം ആഫ്രിക്കയിലെ ഗുഹയില്‍ കിടന്നുറങ്ങുകയായിരുന്ന നമ്മുടെ പൂര്‍വ്വികര്‍ കാലത്ത് എഴുന്നേറ്റപ്പോള്‍ അവരുടെ ശിലായുധങ്ങള്‍ വച്ചിരുന്നിടത്ത് പൊടുന്നനെ മൊബൈല്‍ ഫോണുകള്‍ പ്രത്യക്ഷപ്പെടുകയായിരുന്നില്ല.
ആ കല്‍ച്ചീളുകളില്‍നിന്നും സ്മാര്‍ട്ട് ഫോണുകളിലേക്കുള്ള പരിണാമത്തിന്റെ മഹത്തായ നാള്‍വഴികളായിരുന്നു നമ്മുടെ ഭൂതകാലം.
ഏതാണ്ട് 25 ലക്ഷം വർഷങ്ങൾക്ക് മുൻപാണ് 800 ഗ്രാമോളം മസ്തിഷ്കവളർച്ച കൈവരിച്ച നമ്മുടെ പൂർവ്വികരായ Homo habilis ആദ്യമായി ശിലായുധങ്ങൾ നിർമ്മിക്കുവാനും ഉപയോഗിക്കുവാനും ആരംഭിക്കുന്നത്. ഈ കാലഘട്ടം Paleolithic or Old Stone Age എന്ന് അറിയപ്പെടുന്നു.
വന്യമൃഗങ്ങൾ ഉപേക്ഷിച്ചുപോയ ഭക്ഷണാവശിഷ്ടങ്ങൾ തിന്നും, ശിലായുധങ്ങൾ ഉപയോഗിച്ച് എല്ലുകൾക്കിടയിലെ മജ്ജയും മാംസവും നുണഞ്ഞും, ലഭ്യമായ കായ്കനികൾ ഭക്ഷിച്ചും ഒക്കെ homo habilis നാലഞ്ച് ലക്ഷം വർഷങ്ങൾ ആഫ്രിക്കക്കുള്ളിൽ ഒരു Semi scavenging animal ആയി കഴിഞ്ഞുകൂടി.
Homo habilis - ന്റെ തിരോധാനത്തിന് ശേഷം ഏതാണ്ട് 20 ലക്ഷം വർഷങ്ങൾക്ക് മുൻപ് ആഫ്രിക്കയിൽ Homo Erectus എന്ന കുറേകൂടി മസ്തിഷ്ക വികാസം പ്രാപിച്ച (1000cc) മറ്റോരു ഹോമോ സ്പീഷീസിന്റെ കാലഘട്ടം ആരംഭിക്കുന്നു.
Homo Erectus -ൽ എത്തിയപ്പോഴേക്കും ശരീരത്തിലെ രോമം ഏതാണ്ട് പൂർണമായും അപ്രത്യക്ഷമാവുകയും വിയർപ്പ് ഗ്രന്ഥികൾ സജീവമാവുകയും ചെയ്തിരുന്നു. ഒരു ദീർഘദൂര ഓട്ടക്കാരനുവേണ്ട Athletic body യിലേക്കുള്ള പരിണാമം സംഭവിച്ചത് Homo Erectus - ലാണ്. ആഫ്രിക്കവിട്ട് യൂറേഷ്യൻ വൻകരയിലാകമാനം വ്യാപിക്കുവാൻ Homo Erectus - നെ ഈ സവിശേഷതകൾ സഹായിച്ചിരിക്കണം.
അതുവരെ വെറും കൽച്ചീളുകളായിരുന്ന ശിലായുധങ്ങളിൽ organic handle - ലുകൾ ഇടം പിടിക്കുന്നതും പ്രഹരശേഷി വർദ്ദിച്ച കുന്തങ്ങളും മറ്റ് വിവിധ ആയുധങ്ങളായി പരിണമിക്കുന്നതും Homo Erectus കാലഘട്ടത്തിലാണ്. ആയുധങ്ങൾ പ്രതിരോധ പ്രത്യാക്രമണ ആവശ്യങ്ങളുംകൂടി നിറവേറ്റിത്തുടങ്ങിയതോടെ അതുവരെ ആയുധമായി ഉപയോഗിച്ചിരുന്ന വലിയ പല്ലുകളും അവയുടെ bite force മായി ബന്ധപ്പെട്ട ശിരസ്സിലെ ഭീമമായ മസിലുകളും അതിജീവനത്തിന് ആവശ്യമില്ലാതെവന്നു. അങ്ങിനെ ആ ഒഴിവ് മസ്തിഷ്ക വികാസത്തിലേക്കുള്ള വഴിതുറന്നിടുകയും ചെയ്‌തു.
ജാവയിൽനിന്നും ലഭിച്ച അവസാന കാലത്തെ Homo Erectus ഫോസ്സിലുകൾക്ക് 1.17 ലക്ഷം വർഷം പ്രായമുണ്ട്. ചുരുങ്ങിയത് 50,000 വർഷങ്ങൾക്ക് മുൻപ്‌വരെ എങ്കിലും Homo Erectus ജാവയിൽ ജീവിച്ചിരുന്നതായി കരുതപ്പെടുന്നു. അതായത് 19 , 20 ലക്ഷം വർഷങ്ങൾ Homo Erectus ഭൂമിയിൽ അടിച്ചു പൊളിച്ച് ജീവിച്ചു. ഏതാണ്ട് 10 ലക്ഷം വർഷങ്ങൾക്ക് മുൻപ്തന്നെ Homo Erectus തീ നിർമിക്കവാനും ഉപയോഗിക്കുവാനും തുടങ്ങിയതായി Homo Erectus കളുടെ ഫോസിലുകൾക്ക് സമീപത്തുനിന്നും ലഭിച്ച ചാരവും flint stone കളും സൂചിപ്പിക്കുന്നു.
മനുഷ്യ നാഗരികതയുടെ സാങ്കേതിക പരിണാമത്തിലെ ഒരു വഴിത്തിരിവായിരുന്നു ആദ്യകാല മനുഷ്യരുടെ അഗ്നി നിർമ്മാണവും നിയന്ത്രണവും. ചൂട് വെളിച്ചം വേട്ടമൃഗങ്ങളിൽനിന്നുള്ള സംരക്ഷണം (പ്രത്യേകിച്ച് രാത്രിയിൽ) കൂടുതൽ വിപുലമായ വേട്ടയാടൽ ഉപകരണങ്ങൾ നിർമ്മിക്കുന്നതിനുള്ള ഒരു മാർഗം, ഭക്ഷണം പാകം ചെയ്യുന്നതിനുള്ള ഒരു രീതി എന്നിവ ആദി മാനവരെ ഭൂമിശാസ്ത്രപരമായ വ്യാപനത്തിനും സാംസ്കാരിക നവീകരണത്തിനും ഭക്ഷണരീതിയിലും പെരുമാറ്റത്തിലും മാറ്റങ്ങൾ വരുത്തി. ഇവിടെ മസ്തിഷ്കവികാസത്തിലേക്ക് നയിച്ച ജനിതക മ്യൂട്ടേഷൻ, മസ്തിഷ്കവികാസം ജീവിതശൈലിയിൽ വരുത്തിയ മാറ്റങ്ങൾ natural selection എന്നിവ ഒന്നിച്ച് പ്രവർത്തിച്ചതായി കണാം.
ആദിമാനവരുടെ ശരീരഘടന, ഉയരം, മസ്തിഷ്കവലിപ്പം , ശിലായുധങ്ങൾ, ഭക്ഷണം, തീയുടെ ഉപയോഗം, എന്നിവ ഫോസിൽ വിശകലനത്തിലൂടെ ഇന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കും, എന്നാൽ അവർ എന്തൊക്കെ ചിന്തിച്ചിരുന്നു എന്ന് അറിയാൻ മാർഗ്ഗമൊന്നുമില്ല. നമുക്ക് സമാനമായി മസ്തിഷ്‌കം ഉള്ള വേറൊരാൾ ചിന്തിച്ചിരിക്കാൻ സാദ്ധ്യതയുള്ള എല്ലാ കാര്യങ്ങളും അവരും ചിന്തിച്ചിരിക്കുകയും സ്വപ്‌നങ്ങൾ കണ്ടിരിക്കുകയും ചെയ്തിരിക്കാം. മരിച്ചുപോയ ഉറ്റവരെ സ്വപ്നത്തിൽ കാണുന്നത് അവരെ മരണാനന്തര ജീവിതത്തെക്കുറിച്ചുള്ള സങ്കല്പങ്ങളിലേക്കും നയിച്ചിരിക്കാം.
പൊതു പൂർവ്വികനില്നിന്നും ചിമ്പാൻസികളിലേക്കും മനുഷ്യരിലേക്കുമുള്ള ശാഖകൾ വേർപിരിഞ്ഞിട്ട് 70 ലക്ഷം വർഷങ്ങൾ പിന്നിടുമ്പോഴും ഹോമോസാപിയൻസ് എന്ന ആധുനിക മാനവരായ നാം കിഴക്കനാഫ്രിക്കയിലെ സാവന്നകളിൽ ( grassy plain in tropical and subtropical regions, with few trees) പിച്ച വെച്ചുതുടങ്ങിയിട്ട് ഇപ്പോഴും 3 ലക്ഷം വർഷങ്ങൾ മാത്രമേ ആയിട്ടുള്ളൂ എന്ന യാഥാർഥ്യം 13.8 Billion വർഷങ്ങൾ പ്രായമുള്ള പ്രപഞ്ചംതന്നെ നമുക്കുവേണ്ടി സൃഷ്ടിക്കപ്പെട്ടു എന്ന് കരുതുന്നവർക്ക് ഒട്ടും സുഖകരമായിരിക്കില്ല.
ആധുനിക മനുഷ്യരുടേതായി ലഭിച്ചിട്ടുള്ള എല്ലാ ജനിതക ഫോസിൽ തെളിവുകളും നമ്മൾ വിജയകരമായി ആഫ്രിക്കക്ക് പുറത്ത് കടന്നിട്ട് കേവലം 65,000 വർഷങ്ങളെ ആയിട്ടുള്ളു എന്നതിനെ ശക്തമായി ശരിവെക്കുന്നതാണ്.
ആഫ്രിക്കയോട് വിടപറഞ്ഞശേഷം ഇരുപതിനായിരം വര്‍ഷങ്ങള്‍ക്കുള്ളില്‍തന്നെ (45,000 വര്‍ഷങ്ങള്‍ക്ക് മുന്‍പ്) മനുഷ്യന്‍ ആസ്ട്രേലിയയില്‍ കാലുകുത്തിയ സംഭവം മനുഷ്യചരിത്രത്തിലെ, മനുഷ്യന്‍ ചന്ദ്രനില്‍ കാല്കുത്തിയതിന് സമാനമായ നേട്ടമായിരുന്നു. മികച്ച പായക്കപ്പലുകളും വടക്കുനോക്കിയന്ത്രങ്ങളും ഉണ്ടായിരുന്നിട്ടും പതിനാറാം നൂറ്റാണ്ടിനും പത്തൊന്‍പതാം നൂറ്റാണ്ടിനുമിടയില്‍ ഏതാണ്ട് ഇരുപത് ലക്ഷത്തോളം യൂറോപ്യൻ നാവികര്‍ സമുദ്രയാത്രക്കിടെ സ്‌കര്‍വി (scurvy ) എന്ന രോഗം പിടിപെട്ട് മരിച്ചിട്ടുണ്ട്. സ്‌കര്‍വിയുടെ കാരണം കടല്‍യാത്രക്കിടെ ഉണ്ടാകുന്ന വിറ്റാമിന്‍ സി യുടെ കുറവാണെന്ന് അന്ന് അവര്‍ക്ക് അറിയില്ലായിരുന്നു. അപ്പോള്‍ 45,000 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ശിലായുധങ്ങള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച കൊച്ചു തടിച്ചങ്ങാടങ്ങളിലുള്ള നമ്മുടെ പൂര്‍വ്വികരുടെ കടല്‍യാത്രകള്‍ എത്ര സാഹസികമായിരുന്നിരിക്കണം ! "ലക്ഷ്യത്തിലെത്തിയവരുടെയും കടലെടുത്തവരുടെയും അനുഭവങ്ങൾ ഏറെ വ്യത്യസ്ഥമാകാനിടയില്ല".
ഒരുപക്ഷെ 16,000 വർഷങ്ങൾക്ക് മുൻപ് ഹിമയുഗത്തിൽ രൂപംകൊണ്ട Bering land bridge (കിഴക്കൻ സൈബീരിയക്കും അലാസ്‌ക്കക്കും ഇടയിലുള്ള കടൽ )കടന്ന് അന്ന് മനുഷ്യർക്ക് അമേരിക്കൻ വൻകരയിൽ പ്രവേശിക്കാൻ കഴിഞ്ഞിരുന്നില്ലെങ്കിൽ അമേരിക്കൻ വൻകരയിൽ കാലുകുത്താൻ മനുഷ്യന് പതിനഞ്ചാം നൂറ്റാണ്ടിൽ Christopher Columbus ന്റെ കാലം വരെ കാത്തിരിക്കേണ്ടി വരുമായിരുന്നു.
ഹിമയുഗത്തിലെ കടലിന്റെ പിന്മാറ്റം കിഴക്ക്ഭാഗങ്ങളിൽ മനുഷ്യ കുടിയേറ്റത്തെ സഹായിച്ചെങ്കിലും യൂറോപ് അപ്പോഴും കിലോമീറ്ററുകൾ ഉയരമുള്ള ഹിമപാളികളാൽ മൂടപ്പെട്ടിരുന്നു. കൂടാതെ ആധുനിക മനുഷ്യർ എത്തുന്നതിനും 4 ലക്ഷം വർഷങ്ങൾക്ക് മുൻപ്‌തന്നെ യൂറോപ്പിൽ നിലയുറപ്പിക്കുകയും തണുപ്പിനെ അതിജീവിക്കാൻ ശേഷിയാർജ്ജിക്കുകയും ചെയ്ത നിയാണ്ടർതാലുകളുടെ സാനിധ്യവും യൂറോപ്പിലേക്കുള്ള മനുഷ്യ കുടിയേറ്റത്തെ ഹിമയുഗം പിൻവാങ്ങുംവരെ വൈകിപ്പിച്ചു.
35,000 വർഷങ്ങൾ മുൻപുവരെ യൂറോപ്പിലും കിഴക്കനേഷ്യയിലും ആദിമാനവരായ നിയാണ്ടർതാലുകളും ഡെനിസോവനുകളും ജീവിച്ചിരുന്നു എന്ന് ഇന്ന് നമുക്കറിയാം. മസ്തിഷ്ക ശേഷിയിൽ അവർ നമുക്കൊപ്പമോ നമ്മെക്കാൾ ഉയരെയോ ആയിരുന്നുതാനും. എന്നിട്ടും ചില നിർണ്ണായക ഘടകങ്ങൾ ആധുനിക മനുഷ്യരുടെ അതിജീവനത്തിനും ആദിമാനവരുടെ ഉന്മൂലനത്തിനും കാരണമായി. തലച്ചോറിലെ ഭാഷാ കേന്ദ്രമായ ബ്രോക്കാസ്, വെർനിക്കസ് ഏരിയയുടെയും വോക്കൽ കോഡിന്റെയും പ്രവർത്തനത്തെ നിയന്ത്രിക്കുന്ന FOXP2 ജീനിന്റെ വൈകല്യം മികച്ച മസ്തിഷ്കശേഷി ഉള്ളവരുടെയും സംസാരശേഷി വികലമാക്കും. അതുകൊണ്ട് നിയാണ്ടർതാലുകളുടെ മസ്തിഷ്‌കം നമ്മെക്കാൾ വലുതായിരുന്നാലും FOXP2 ജീനുകൾ മനുഷ്യരെപ്പോലെ കാര്യക്ഷമമായികൊള്ളണമെന്നില്ല.
നിയാണ്ടർതാൽ ഫോസിൽ പഠനങ്ങൾ സൂചിപ്പിക്കുന്നത് അവയുടെ സ്വനപേടകത്തിന്റെ സ്ഥാനം മനുഷ്യരെപ്പോലെ അനായാസം ഭാഷ ഉപയോഗിച്ച്കൊണ്ട് സംഗീർണ്ണമായ ആശയവിനിമയം നടത്താൻ പ്രാപ്തമായിരുന്നില്ല എന്നാണ്.
നിയാണ്ടർതാലുകളുടെയും ഡെനിസോവകളുടെയും തിരോധനത്തെ ആദിമനാവ വർഗ്ഗത്തിന്റെ പൂർണ്ണമായ ഉന്മൂലനം എന്ന് വിശേഷിപ്പിക്കാൻ കഴിയില്ല. കാരണം ഇന്ന് ആഫ്രിക്കക്ക് അകത്തുള്ള കലർപ്പില്ലാത്ത ഗോത്ര വർഗ്ഗങ്ങൾ ഒഴികെ, ഏതാണ്ട് ലോക ജനസംഖ്യ മുഴുവനും ഈ രണ്ട് ആദിമാനവ ഉപജാതികളുടെയും ജനിതകങ്ങൾ പല അനുപാദങ്ങളിലുമായി വഹിക്കുന്നവരാണ്. അതായത് ആഫ്രിക്ക വിട്ട നമ്മുടെ പൂർവ്വികർ യൂറേഷ്യയിൽവെച്ച് ഈ രണ്ട് മാനവ ഉപജാതികളുമായും സങ്കരപ്പെടുകയും പ്രത്യുല്പാദനം നടത്തുകയും ചെയ്തിട്ടുണ്ട്. നേപ്പാൾ , തിബത്ത് തുടങ്ങിയ ഉയർന്ന പർവ്വത പ്രദേശങ്ങളിൽ ജീവിക്കുന്ന ഷെർപ്പകൾക്ക് കുറഞ്ഞ oxygen leval ൽ survive ചെയ്യാൻ സഹായിക്കുന്നത് ഡെനിസോവൻ ജീനുകളാണ്. 6% ത്തോളം ഡെനിസോവൻ ജനിതകമാണ് Papua New Guinea പോപുലേഷനിൽ കണ്ടുവരുന്നത്. Brown eye and brown hair ജീനുകളും ഡെനിസോവൻ സംഭാവനകളാണ്. യൂറോപ്യൻ സമൂഹവും, 30 ശതമാനത്തോളം വരുന്ന സൗത്ത് ഏഷ്യൻ സമൂഹവും 2% ത്തോളം നിയാണ്ടർതാൽ ജീനുകൾ വഹിക്കുന്നു. കരോട്ടിൻ പ്രൊട്ടീനുകളുടെ ഉല്പാദനവുമായി ബന്ധപ്പെട്ട ജീനുകൾ നിയാണ്ടർതാൽ സംഭാവനയാണ്.
നിയാണ്ടർതാലുകളും, ഡെനിസോവനുകളും, മനുഷ്യരും വ്യത്യസ്ത മാനവ ഉപജാതികൾ ആയിരുന്നെങ്കിലും ജനിതകപരമായി അവർ തമ്മിൽ പ്രത്യുല്പാദനം സാദ്ധ്യമല്ലാത്തവിധം അകന്ന് മാറിയിരുന്നില്ല. അതിജീവനത്തെ സഹായിക്കുന്ന ജീനുകൾ തലമുറകളായുള്ള ചെത്തിക്കളയലിന് (കൊഴിഞ്ഞുപോക്കിന്) വിധേയമാകുന്നില്ല എന്നതിനാൽ ഈ ആദിമനാവ ജനിതകങ്ങൾ ഇന്നും നമ്മളിൽ നിലനിൽക്കുന്നു.
ആദിമാനവരുടെയും മറ്റനേകം ജന്തു സ്‌പീഷീസുകളുടെയും ഉന്മൂലനത്തിന് ആധുനികമനുഷ്യർ കാരണമായെന്ന വസ്തുത നമ്മെ ഏറെ വേദനിപ്പിക്കുകയും പശ്ചാത്താപത്തിന് വിധേയമാക്കുകയും ചെയ്യാറുണ്ട്. എന്നാൽ എത്തിച്ചേർന്ന ഇടങ്ങളിൽ നിലനില്പിനുവേണ്ടി പോരാടുകയും അന്നന്നത്തെ ആഹാരത്തിനും തണുപ്പിനെ പ്രതിരോധിക്കുവാനുള്ള വസ്ത്രങ്ങൾക്കും വേണ്ടി വേട്ടയാടുകയും ചെയ്യുമ്പോൾ ഏതൊക്കെ ജീവികൾ വംശനാശത്തിന്റെ വക്കിലാണെന്നോ അതൊ അവ ഭൂമിയിലെ അവസാനത്തെ സ്പീഷീസാണെന്നോ പോലും അവർക്കറിയില്ലായിരുന്നു. അഥവാ പരിസ്ഥിതിയെ പ്രണയിച്ച്കൊണ്ട് നമ്മുടെ പൂർവ്വികർ അന്ന് പട്ടിണി കിടന്നിരുന്നെങ്കിൽ അവർക്കൊപ്പം മനുഷ്യ ചരിത്രവും നിശ്ചലമായേനെ. എന്നിട്ടും അവരെ ഇന്ന് നാം സ്മരിക്കുന്നത് നമുക്ക് ജീവിക്കാൻ അവസരം നൽകിയതിന്റെ പേരിലല്ല, മറിച്ചു് ജീവിച്ചിരിക്കാന്‍ വേണ്ടി അവര്‍ അന്ന് ഭക്ഷണമാക്കിയിരിക്കാവുന്ന ചില ജീവികളുടെ ഘാതകര്‍ എന്നനിലയിലാണ്.
ബൈസണുകളെക്കാൾ നിഷ്ടൂരമായി വേട്ടയാടപ്പെട്ട മറ്റോരു മൃഗവും ഭൂമുഖത്തില്ല. പതിനാറാം നൂറ്റാണ്ടിന്റെ മദ്ധ്യത്തില്‍ സ്പാനിഷ്കാരനായ Francisco Vázquez de Coronado യും സംഘവും അവരുടെ തോക്കുകളും കുതിരകളുമായി അമേരിക്കൻ സമതലങ്ങളില്‍ കാലുകുത്തുമ്പോള്‍ അവിടെ ഏതാണ്ട് 6 കോടിയോളം ബൈസണുകള്‍ സ്വച്ഛന്ദമായി മേഞ്ഞു നടന്നിരുന്നു. 1840 ആയപ്പോഴേക്കും അത് നേരെ പകുതിയായും 1889-ല്‍ കേവലം 541 എണ്ണത്തിലേക്കും കുറഞ്ഞു എന്നത് ബൈസണ്‍ വേട്ടയുടെ ഹൃദയഭേദകമായ ചിത്രം നമുക്ക് കാട്ടിത്തരുന്നു. മംസത്തിനും തുകലിനും, എല്ലിനുവേണ്ടിയും മാത്രമല്ല, വിനോദത്തിന് വേണ്ടിയും പട്ടാളക്കാരുടെ ഒരു മത്സരഇനമായിപോലും ബൈസണുകൾ വേട്ടയാടപ്പെട്ടു. ഭക്ഷ്യ സ്രോതസ്സുകളെ ഇല്ലാതാക്കിക്കൊണ്ട് തദ്ദേശീയരായ അമേരിക്കന്‍ ഗോത്രങ്ങളെ സ്വയം അവരുടെ വാസ സ്ഥലം ഉപേക്ഷിച്ച്‌പോകാന്‍ നിര്‍ബന്ധിതരാക്കുക എന്ന കുടിയേറ്റക്കരായ വെള്ളക്കാരുടെ ഗൂഢ ലക്ഷ്യവും കൂടി ഈ ബൈസണ്‍ വേട്ടക്ക് പുറകില്‍ പ്രവര്‍ത്തിച്ചിരുന്നതിന് തെളിവുകളുണ്ട്.
എത്ര ക്രൂരമാണിതെന്ന് തൊന്നിയേക്കാം, എന്നാല്‍- "നിങ്ങളുടെ ദൈവമായ കര്‍ത്താവ് നിങ്ങള്‍ക്ക് അവകാശമായി നല്‍കുന്ന ഈ വാഗ്ദത്തഭൂമിയിൽ ഒരു ജീവിയെയും നിലനില്‍ക്കാന്‍ നിങ്ങള്‍ അനുവദിക്കരുത്, നിങ്ങള്‍ അവയെ പൂര്‍ണ്ണമായും നശിപ്പിക്കണം. പുരുഷന്മാരെയും സ്ത്രീകളെയും ശിശുക്കളെയും മുലയൂട്ടുന്ന കുഞ്ഞുങ്ങളെയും കാളകളെയും ആടുകളെയും ഒട്ടകങ്ങളെയും കഴുതകളെയും കൊല്ലുക" എന്ന് ആഹ്വനംചെയ്യുന്ന പഴയ നിയമത്തിലെ അടിസ്ഥാനപരമായ മത ധാര്‍മികതയില്‍നിന്നും എത്രയോ മികച്ചതായിരുന്നു 19- താം നൂറ്റാണ്ടിലെ നീതിബോധം എന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞാല്‍ ഒരുപക്ഷെ നമ്മുടെ വൈകാരികതക്ക് കുറച്ചൊക്കെ ശമനമുണ്ടാകും.
ബൈസണുകളെ വേട്ടയാടാന്‍ കഴിവുള്ള സ്വാഭാവികമായ ഇരപിടിയന്മാർ കുറവായിരുന്നതിനാലാകാം അമേരിക്കന്‍ സമതലങ്ങളില്‍ ബൈസണുകള്‍ ഇത്രയേറെ പെരുകാന്‍ കാരണം. എന്തായാലും 6 കോടിയോളം ഭീമാകാരങ്ങളായ ബൈസണുകള്‍ മേഞ്ഞുനടന്നിരുന്ന അവസ്ഥ നിലനിര്‍ത്തിക്കൊണ്ട് ഇന്നത്തെ അമേരിക്ക കെട്ടിപ്പടുക്കാന്‍ സാധിക്കുമെന്ന വാദം ഒരു കടുത്ത പരിസ്ഥിതി വാദിക്കുപോലും ഉണ്ടാകുമെന്ന് കരുതുന്നില്ല.
മനുഷ്യര്‍ ഭൂമിയെക്കുറിച്ച് കൂടുതല്‍ അറിവ് നേടുകയും പരിസ്ഥിതിയുടെ പ്രാധാന്യം തിരിച്ചറിയുകയും ചെയ്തതിന്റെ ഫലമായി 1872 ല്‍ ലോകത്തിലെ ആദ്യത്തെ ദേശീയോദ്യാനമായ Yellowstone National Park അമേരിക്കയില്‍ത്തന്നെ നിലവില്‍ വന്നു. പല സംരക്ഷിത വന മേഖലകളിലുമായി ഇന്ന് അമേരിക്കയില്‍ അഞ്ചു ലക്ഷത്തിലേറെ ബൈസണുകളുണ്ട് എന്നതും, ലോകത്താകമാനം നൂറില്‍പ്പരം രാജ്യങ്ങളിലായി 6555 ത്തില്‍ പരം ദേശീയോദ്യാനങ്ങള്‍ നിലവിലുണ്ട് എന്നതും ഏറെ സന്തോഷകരമായ കാര്യമാണ്.
മനുഷ്യവര്‍ഗ്ഗം ഉണ്ടാകുന്നതിന് മുമ്പു തന്നെ ഭൂമി അഞ്ചോളം വന്‍ വിനാശങ്ങള്‍ക്ക് (mass extinctions events) വിധേയമാവുകയും, അവയില്‍ ഓരോന്നിലും കോടിക്കണക്കിന് ജന്തു, സസ്സ്യ സ്പീഷീസുകള്‍ ഭൂമിയില്‍നിന്നും തുടച്ചു നീക്കപ്പെടുകയും ചെയ്തിട്ടുണ്ട്. അന്ന് കൂട്ടത്തോടെ ചത്തൊടുങ്ങിയ ജീവജാലങ്ങളുടെ അവശിഷ്ടങ്ങളാണ് ഇന്ന് നാം ഉപയോഗിക്കുന്ന ഫോസില്‍ ഇന്ധനങ്ങളായ പെട്രോളിയവും കല്‍ക്കരിയും ഒക്കെത്തന്നെ. ഏതാണ്ട് 25 കോടി വര്‍ഷങ്ങള്‍ക്ക് മുന്‍പ് സംഭവിച്ച ഏറ്റവും വലിയ mass extinction ഇവന്റ് ആയ Permian-Triassic- ല്‍ മാത്രം 85 ശതമാനത്തോളം കടലിലെയും, കരയിലെയും ജീവജാലങ്ങളും സസ്യങ്ങളും ചത്തൊടുങ്ങി. ഭൂമി വീണ്ടും വാസയോഗ്യമായ അവസ്ഥയിലേക്ക് തിരിച്ചുവരാന്‍ ഏതാണ്ട് രണ്ട് കോടിയോളം വര്‍ഷങ്ങളെടുത്തു എന്നത് തന്നെ എത്രമാത്രം ഭീമവും ഭീകരമായ കൂട്ടനാശമായിരുന്നു അതെന്ന് വ്യക്തമാക്കുന്നു. പക്ഷെ ഓരോ വിനാശത്തിന് ശേഷവും പരിണാമം വീണ്ടും വീണ്ടും ഭൂമിയെ അതിന്റെ ജൈവ വൈവിധ്യതയാല്‍ സമ്പുഷ്ടമാക്കുകയാണ് ചെയ്തത്.
ഉദാഹരണത്തിന് 6.5 കോടി വർഷങ്ങൾക്ക് മുൻപ് K–T extinction - നിൽ ദിനസൊറുകൾ നശിച്ചിരുന്നില്ലെങ്കിൽ ഭൂമിയിൽ സസ്തനികൾ പ്രബല ജീവിവർഗ്ഗമാവുകയോ പ്രൈമേറ്റുകളിലേക്കും മനുഷ്യരിലേക്കുമുള്ള പരിണാമം തന്നെ സാദ്ധ്യമാവുകയോ ചെയ്യുമായിരുന്നില്ല. അതുകൊണ്ട് നമുക്ക് കൈവന്ന ഈ സുവർണ്ണാവസരത്തെ ആസ്വദിക്കുകയും നമ്മളെപോലെ തന്നെ ജീവിതം ആസ്വദിക്കുവാനുള്ള അന്യരുടെ അവകാശത്തെ ആദരിക്കുകയും ചെയ്യുക.
Credits: Evaluation and Natural Selection