അനസ്‌തേഷ്യ എന്ത്? എങ്ങനെ?
അനസ്‌തേഷ്യ എന്ത്? എങ്ങനെ?
ശസ്ത്രക്രിയയുമായി ബന്ധപ്പെട്ടാണ് ഏറ്റവും കൂടുതല്‍ കേട്ടിട്ടുള്ള പേരാണ് അനസ്‌തേഷ്യ. രോഗിയെ ബോധംകെടുത്തുന്നതും നിശ്ചിത സമയത്തിനു ശേഷം രോഗി ബോധം തെളിയുന്നതും അനനസ്‌തേഷ്യാ വിദഗ്ധന്റെ ഉത്തരവാദിത്തപ്പെട്ട ജോലികളാണ്. രോഗിക്ക് മാത്രമല്ല സര്‍ജനും അനസ്‌തേഷ്യയുടെ ഗുണം കിട്ടുന്നുണ്ട്. അതായത് രോഗിക്ക് അനസ്‌തേഷ്യ നല്‍കേണ്ടത് സര്‍ജന്റെയും ആവശ്യമാണ്.
രോഗിയുടെ ആവശ്യം
1. ഓപ്പറേഷന് ശേഷം രോഗാവസ്ഥ നിശേഷം മാറുകയോ, അല്ലെങ്കില്‍ കുറയുകയോ വേണം.
2. സര്‍ജറിക്കിടയിലും സര്‍ജറിക്ക് ശേഷവും വേദന അറിയരുത്
3. ഒന്നും അറിയരുത്. അതായത് ഓപ്പറേഷന്‍ തീരും വരെ ഉറങ്ങണം.
4. ഓപ്പറേഷനിടയിലുള്ള കാര്യങ്ങള്‍ ഒന്നും ഓര്‍ക്കരുത്.
സര്‍ജന്റെ ആവശ്യങ്ങള്‍
1. ശസ്ത്രക്രിയക്കു ശേഷം രോഗാവസ്ഥ നിശേഷം മാറുകയോ, കുറയുകയോ വേണം.
2. ഓപ്പറേഷന്‍ കഴിയും വരെ രോഗി ചലിക്കാതെ സ്വസ്ഥമായി കിടന്നു തരണം.
3. മാംസപേശികള്‍ അയഞ്ഞു കിടക്കണം, സര്‍ജറി എന്ന കര്‍മ്മം സുഗമമായി മുന്നോട്ടുപോകണം.
4. വ്യക്തമായ കാഴ്ചയ്ക്ക് കഴിയുമെങ്കില്‍ മുറിവുകളില്‍ നിന്നുള്ള രക്തപ്രവാഹം കുറഞ്ഞിരിക്കണം.
ഇവിടെ ഒന്നാമത്തെതൊഴികെ രോഗിയുടെയും സര്‍ജന്റെയും ആവശ്യങ്ങള്‍ വ്യത്യസ്തമാണ്. മുകളില്‍ പറഞ്ഞ എല്ലാ ആവശ്യങ്ങളും എങ്ങനെ അനസ്‌തേഷ്യയിലൂടെ നിറവേറ്റാനാകും? ഇതെല്ലാം ഒരൊറ്റ മരുന്ന് കൊടുത്തുകൊണ്ടു സാധ്യമാകുമോ? 'ഇല്ല' എന്നാണ് ഉത്തരം. അതായത് ഓരോ ആവശ്യത്തിനും ഓരോ മരുന്ന്. എന്നുവെച്ചാല്‍ ഒരു കൂട്ടം മരുന്നുകള്‍ ഒന്നിനു പുറകെ ഒന്നായി സിരകളിലേക്കോ, അല്ലെങ്കില്‍ ശ്വാസകോശത്തിലേക്കോ നല്‍കേണ്ടിവരും. അതിനായി നാലു വ്യത്യസ്ത മരുന്നുകള്‍ ഉപയോഗിക്കുന്നു. വേദന ഇല്ലാതാക്കുന്ന മരുന്നുകള്‍, അബോധാവസ്ഥ ഉണ്ടാക്കുന്നവ, ഓര്‍മ തല്‍ക്കാലത്തേക്ക് ഇല്ലാതാക്കുന്നവ, ശരീരത്തിന്റെ മൊത്തം ചലനാവസ്ഥ ഇല്ലാതാക്കുന്ന മാംസപേശികളെ അയച്ചിടുന്ന മരുന്നുകള്‍ എന്നിവയാണവ.
ആദ്യത്തെ മൂന്നുതരം മരുന്നുകള്‍ രോഗിയുടെ ആവശ്യ മുന്‍നിര്‍ത്തിയുള്ളതാണെങ്കില്‍ നാലമത്തെ മരുന്ന് സര്‍ജന് ജോലി എളുപ്പമാക്കുന്നു.
പക്ഷെ ഒരു പ്രശ്‌നമുണ്ട്, ഈ മരുന്നുകള്‍ക്കെല്ലാം പാര്‍ശ്വഫലങ്ങളുമുണ്ട്. ചില മരുന്നുകള്‍ ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ മന്ദീഭവിപ്പിക്കും, മറ്റു ചിലവ ഉദ്ദീപിപ്പിക്കും. ചിലതു രക്തസമ്മര്‍ദം കുറയ്ക്കും, ചിലത് കൂട്ടും. ഇനി വേറെ ചില മരുന്നുകള്‍ ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം കുറയ്ക്കും. ചിലതു ഛര്‍ദി ഉണ്ടാക്കും.
മുകളില്‍ പറഞ്ഞ എല്ലാ ആവശ്യങ്ങളും നിറവേറ്റപ്പെടുന്നതിനായി ഈ മരുന്നുകള്‍, കണക്കുകൂട്ടിയ അളവുകളില്‍ നല്‍കുകയും അതിന്റെ പ്രവര്‍ത്തനങ്ങളും പാര്‍ശ്വഫലങ്ങളും നിരന്തരം നിരീക്ഷിക്കുകയും അതിനനുസരിച്ചു പ്രവര്‍ത്തിക്കുകയും പ്രതിവിധി ചെയ്യുകയുമാണ് ഒരു അനസ്‌തേഷ്യ ഡോക്ടര്‍ ചെയ്യുന്നത്.
ശരീരം നിശ്ചലമായാല്‍
ഉറങ്ങാനുള്ള മരുന്നും പേശികള്‍ നിശ്ചലമാക്കാനുള്ള മരുന്നും നല്‍കുന്നതോടെ രോഗിയുടെ ശ്വാസോച്ഛ്വാസം നിലയ്ക്കുന്നു. അതോടെ അതു അനസ്‌തേഷ്യ ഡോക്ടര്‍ ഏറ്റെടുക്കുകയാണ് ചെയ്യുന്നത്.
ഇതിനായി പലവിധത്തിലുള്ള ഉപകരണങ്ങള്‍ ഒരു പ്രത്യേക മെഷീനിന്റെ (Boyles machine/ Anesthesia work station) സഹായത്തോടെ ഡോക്ടര്‍ ഉപയോഗിക്കുന്നു.
മുഖത്തു വെയ്ക്കുന്നതരം മാസ്‌കുകള്‍ (ഫെയ്‌സ് മാസ്‌ക്) മുതല്‍ ശ്വാസനാളിയിലേക്ക് ഇറക്കിവെയ്ക്കുന്ന പല തരത്തിലുള്ള ട്യൂബുകള്‍ വരെ ഇതിനായി ഉപയോഗിക്കുന്നു. അതിനു ശേഷം മേല്‍പ്പറഞ്ഞ മെഷീനിന്റെ സഹായത്തോടെ ഓക്‌സിജനും മറ്റു അനസ്‌തേഷ്യ വാതകങ്ങളും നല്‍കുന്നു.
ശരീരം നിശ്ചലമായിരിക്കാനുള്ള മരുന്നുകളും വേദനാസംഹാരികളും ആവശ്യത്തിനു നല്‍കുന്നു. ഇതോടൊപ്പം രക്തസമ്മര്‍ദം, ഹൃദയസ്പന്ദനം എന്നിവ നിയന്ത്രിക്കാനുള്ള പലവിധ മരുന്നുകളും ആവശ്യാനുസാരണം നല്‍കുന്നു. കൂടാതെ ശരീരത്തിനാവശ്യമായ ഫ്‌ളൂയിഡുകള്‍ (ഐ.വി.ഫ്‌ളൂയിഡുകള്‍), രക്തനഷ്ടമുണ്ടായാല്‍ പകരം രക്തം, പ്രമേഹരോഗികള്‍ ആണെങ്കില്‍ ഷുഗര്‍ നിയന്ത്രണം ഉള്‍പ്പെടെ അനസ്‌തേഷ്യ ഡോക്ടര്‍ ഏറ്റെടുക്കുന്നു.
ചുരുക്കി പറഞ്ഞാല്‍ രോഗിയുടെ ഹൃദയം, ശ്വാസകോശം എന്നിവ ഉള്‍പ്പടെ ശരീര പ്രവര്‍ത്തനങ്ങള്‍ ഏറെക്കുറെ ഡോക്ടറുടെ നിയന്ത്രണത്തിലായിരിക്കും.
ഇനി സര്‍ജറിയാവാം
ഇപ്പോള്‍ രോഗി സര്‍ജറിക്ക് വിധേയനാകാന്‍ ഏതാണ്ട് ഒരുങ്ങിക്കഴിഞ്ഞു. എന്നുപറഞ്ഞാല്‍ നമ്മുടെ ജീവന്‍ ഈ ഡോക്ടറുടെ കയ്യിലാണെന്നു ചുരുക്കം.
ഇനി ഈ കൊടുക്കുന്ന മരുന്നുകള്‍ ശരീരത്തില്‍ നിന്നും പുറംതള്ളുന്നതുവരെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കും. പൂര്‍ണമായോ അല്ലെങ്കില്‍ ഒരു പരിധി വരെയോ പുറംതള്ളപ്പെട്ടുകഴിഞ്ഞാല്‍, ഓരോ മരുന്നുകളുടെ സ്വഭാവമനുസരിച്ചു രോഗിക്ക് ശ്വാസോച്ഛ്വാസം തനിയെ ചെയ്യാനുള്ള കഴിവ് ലഭിക്കുകയും ബോധം തിരിച്ചു ലഭിച്ചശേഷം ഉണരുകയും ചെയ്യുന്നു. അതോടൊപ്പം വേദന സംഹാരികളുടെ അളവ് കുറയുന്നതിനനുസരിച്ചു വേദനയും അറിഞ്ഞു തുടങ്ങുന്നു.
മറ്റൊരു പ്രധാന വശം രോഗികള്‍ തമ്മിലുള്ള ശരീര ധര്‍മശാസ്ത്രപരമായ വ്യത്യാസങ്ങളാണ്. ഈ വ്യത്യാസം മരുന്നുകളുടെ ശരീരത്തിലുള്ള പ്രവര്‍ത്തനങ്ങളെ വളരെയധികം സ്വാധീനിക്കുന്നുണ്ട്. വ്യത്യാസം പലരീതിയിലും ഉണ്ടാകാം. ഉദാഹരണത്തിന് മരുന്നുകള്‍ ഒരു വയസുള്ള കുട്ടിയില്‍ പ്രവര്‍ത്തിക്കുന്നതുപോലെയാകില്ല ഒരു എഴുപതുകാരനില്‍ പ്രവര്‍ത്തിക്കുന്നത്.
ഒരു കൗമാരക്കാരിയില്‍ പ്രവര്‍ത്തിക്കുന്നതു പോലെയല്ല ഒരു ഗര്‍ഭിണിയില്‍ പ്രവര്‍ത്തിക്കുന്നത്. ഹൃദയ രോഗികളിലും വൃക്ക രോഗികളിലും കരള്‍ രോഗികളിലും ഈ മരുന്നുകള്‍ സാധാരണ ഡോസില്‍ അപകടകരമാംവിധം പ്രവര്‍ത്തിക്കാറുണ്ട്. ഹൃദയ സ്തംഭനമോ ഹൃദയത്തിന്റെ പ്രവര്‍ത്തന പരാജയമോ ഉണ്ടാകാം. വൃക്ക കരള്‍ രോഗികള്‍ മയക്കത്തില്‍ നിന്നും ഉണരാന്‍ ചിലപ്പോള്‍ ദിവസങ്ങള്‍ തന്നെ എടുത്തേക്കാം. അതുപോലെ നിരവധി മറ്റസുഖങ്ങള്‍ ഉള്ളവരില്‍ പല വിധത്തിലുള്ള പാര്‍ശ്വഫലങ്ങള്‍ ഈ മരുന്നുകള്‍ ഉണ്ടാക്കിയേക്കാം.
സൂക്ഷ്മ നിരീക്ഷണം ആവശ്യം
സൂഷ്മമായ നിരീക്ഷണം അനസ്‌തേഷ്യയില്‍ ആവശ്യമാണ്. ശരീരത്തിന്റെ ഓരോ പ്രവര്‍ത്തനങ്ങളും മാറ്റങ്ങളും വിയിരുത്തണം. ശാസ്ത്രപുരോഗതി കൊണ്ടു ഒരു പരിധി വരെ ഈ നിരീക്ഷണങ്ങള്‍ സാധ്യമാണ്.
രക്ത സമ്മര്‍ദം, ഹൃദയത്തിന്റെ പ്രവര്‍ത്തനങ്ങള്‍, രക്തത്തിലെ ഓക്‌സിജന്റെ അളവ്, ശ്വാസത്തിലെ കാര്‍ബണ്‍ ഡൈഓക്‌സൈഡിന്റെ വ്യതിയാനം എന്നിവയൊക്കെ തത്സമയം നിരീക്ഷിക്കാനാകും. ചില രോഗികള്‍ മയക്കത്തില്‍ നിന്ന് ഉണര്‍ന്നില്ല എന്നു കേള്‍ക്കറില്ലേ? അതിനു കാരണമുണ്ട്. പ്രധാന അവയവങ്ങളിലേക്കുള്ള രക്തസഞ്ചാരം ഇവിടെ വളരെ പ്രധാനമാണ്.
തലച്ചോറ്, ഹൃദയം, കരള്‍, വൃക്ക മുതലായ അവയവങ്ങളിലേക്ക് രക്തത്തിലൂടെയുള്ള അനുസ്യൂതമായ ഓക്‌സിജന്‍ സപ്ലൈ നിര്‍ബന്ധമാണ്. പ്രത്യേകിച്ചും തലച്ചോറിലേക്ക്. അവിടേക്കുള്ള ഓക്‌സിജന്‍ നിശ്ചിത സമയത്തില്‍ കൂടുതല്‍ തടസ്സപ്പെട്ടാല്‍ തലച്ചോര്‍ നാശം സംഭവിക്കാന്‍ സാധ്യതയുണ്ട്. അങ്ങനെയുള്ള രോഗികളാണ് മയക്കത്തില്‍ നിന്നും ഉണരാതെ ഇരിക്കുന്നതായി കേള്‍ക്കുന്നത്. ഇത് തലച്ചോര്‍ മരണത്തിലേക്കും (ബ്രെയിന്‍ ഡെഡ്) നയിച്ചേക്കാം.
ഈ അവസ്ഥ അപൂര്‍വമാണെങ്കിലും അനസ്‌തേഷ്യയില്‍ ഉണ്ടാകാറുണ്ട്. രക്ത സമ്മര്‍ദം വളരെയധികം കുറഞ്ഞാലും, ഓക്‌സിജന്റെ അളവ് ഏതെങ്കിലും കാരണം കൊണ്ട് കുറഞ്ഞാലും ഹൃദയ സംബന്ധമായ മറ്റസുഖങ്ങള്‍ മൂലമോ മറ്റോ ഹൃദയ സ്തംഭനമുണ്ടായാലും ഇങ്ങനെ സംഭവിക്കാം.
ജനറല്‍ അനസ്‌തേഷ്യാ വിഭാഗത്തില്‍ പെടുന്നതാണ് ഈ രീതികള്‍. ഇതുകൂടാതെ ശസ്ത്രക്രിയയുടെ സ്വഭാവമനുസരിച്ച് നല്‍കുന്ന വ്യത്യസ്തതരം അനസ്‌തേഷ്യകളും ഉണ്ട്.
കടപ്പാട്: ഡോ. സുനില്‍ ടി. എസ്. തൃശൂര്