സോപ്പുകളുടെ പത വെളുത്താണിരിക്കുന്നത് എന്തുകൊണ്ട് ?

Simple Science Technology

സോപ്പുകൾക്ക്‌ പല നിറമാണെങ്കിലും എല്ലാറ്റിന്റെയും പത വെളുത്താണിരിക്കുന്നത് ? ഇത് എന്തുകൊണ്ടാണെന്ന് അറിയാമോ...?

സോപ്പുകട്ട നിറമുള്ളതാണെങ്കിലും അതിന്റെ പത വെളുത്തിരിക്കുന്നത് നിങ്ങൾ കണ്ടിട്ടില്ലേ? സോപ്പു പതയ്ക്ക്‌ മാത്രമല്ല ഈ പ്രത്യേകതയുള്ളത് കടൽത്തീരത്ത് അടിഞ്ഞു കയറുന്ന പത ശ്രദ്ധിച്ചിട്ടുണ്ടോ? അതിനും പാല് പോലെ വെളുത്ത നിറമാണുള്ളത്. എന്നാൽ കടൽ വെള്ളത്തിന് നിറമില്ല അത്‌ തെളിഞ്ഞിരിക്കും.

ഒരു വസ്തുവിന്റെ നിറം അതിന് പ്രകാശം ആഗിരണം ചെയ്യാനുള്ള കഴിവിനെ ആശ്രയിച്ചിരിക്കുന്നു. ധവള പ്രകാശത്തിൽ ഏഴുവർണ്ണങ്ങൾ അടങ്ങിയിട്ടുണ്ട്. ഒരു വസ്തു അതിൽ പതിക്കുന്ന പ്രകാശം പൂർണമായും (എല്ലാ വർണങ്ങളും) ഒരു പോലെ ആഗിരണം ചെയ്യുമ്പോൾ അത് കറുത്തതായി തോന്നും.

എല്ലാ വർണങ്ങളെയും ഒരുപോലെ പ്രതിഫലിപ്പിക്കുന്നെങ്കിൽ അത് വെളുത്ത് കാണപ്പെടും. ഏതാനും നിറങ്ങളെ ആഗിരണം ചെയ്ത് മറ്റു നിറങ്ങൾ മാത്രം പ്രതിഫലിപ്പിക്കുന്ന വസ്തുവിന്റെ നിറം പ്രതിഫലന രശ്മികളുടെ സമ്മേളനം മൂലം ഉണ്ടാകുന്ന നിറമായിരിക്കും. സുതാര്യ വസ്തുക്കളുടെ നിറമാകട്ടെ അത് ആഗിരണം ചെയ്യാതെ കടത്തിവിടുന്ന വർണങ്ങളുടെ സമ്മേളന ഫലമായുണ്ടാകുന്നതാണ്.

എന്നാൽ സുതാര്യ പടലങ്ങളുടെ നിറം അവയുടെ കനത്തെക്കൂടി ആശ്രയിച്ചിരിക്കും. കനം തീരെ കുറവാണെങ്കിൽ ആഗിരണം വളരെ കുറച്ചേ നടക്കൂ. അപ്പോൾ മറുപുറത്ത് വർണ്ണങ്ങളിലുമുള്ള പ്രകാശം എത്തുന്നു. തന്മൂലം വസ്തുവിന് നിറമില്ലാത്തതായി അനുഭവപ്പെടും. അതായത് ഒരേ വസ്തു തന്നെ കൂടുതൽ കനമുള്ളപ്പോൾ കാണിക്കുന്ന നിറം കനം കുറവാണെങ്കിൽ കാണിക്കുന്നില്ല. ഒരു നേർത്ത പടലം ആണെങ്കിൽ നിറമേ ഉണ്ടാകില്ല. സോപ്പിന്റെ നിറം എന്തായാലും കുമിള നിറമില്ലാതെയിരിക്കാൻ കാരണം ഇതാണ്.

സോപ്പ് പത അനേകം സോപ്പു കുമിളകളും അവയ്ക്കിടയിലെ വായു സ്ഥലങ്ങളും ചേർന്നുണ്ടാകുന്നതാണല്ലോ. പ്രകാശം പതയിലേക്കുകടക്കുമ്പോൾ നിരവധിതവണ അത് പ്രതിഫലത്തിന് വിധേയമാകും. ഒരു കുമിളയുടെ പ്രതലത്തിൽ ഭാഗികമായി പ്രതിഫലിച്ച ശേഷം കടന്നുപോകുന്ന ബാക്കി പ്രകാശം അടുത്ത കുമിളയിൽ വീണ്ടും ഭാഗികമായി പ്രതിഫലിക്കുന്നു. ഇപ്രകാരം അനേകായിരം കുമിളകളിൽ നിന്ന് പ്രകാശം മുഴുവനായും ഒടുവിൽ പ്രതിഫലിക്കുന്നു. ഓരോ കുമിളയും സുതാര്യമാണെങ്കിലും അത് വെളുത്ത് കാണപ്പെടാൻ കാരണം ഇതാണ്. കലങ്ങിയ വെള്ളം പോലും കല്ലുകളിൽ തട്ടി പതഞ്ഞൊഴുകുമ്പോൾ വെളുത്തു കാണുന്നത് ഇതേ കാരണം കൊണ്ടാണ്.