എന്തുകൊണ്ട് മെൻസ്ട്രുവൽ കപ്പ്..?
എന്തുകൊണ്ട് മെൻസ്ട്രുവൽ കപ്പ്..?
✍️Dr. മനോജ് വെള്ളനാട്
⭕️വനിതകളേ ഒന്നു വഴിമാറി നടന്നൂടെ എന്നു ചോദിക്കാൻ തന്നെയാണ് ഞാനും വന്നത്..
പെണ്ണുങ്ങളുടെ എന്നത്തേയും വലിയ വർത്തമാനമായ ആർത്തവകാല ഒരുക്കങ്ങളിലേയ്ക്ക് മെൻസ്ട്രൽ കപ്പ് എന്നൊരു സംഗതി കൂടി ചേർക്കപ്പെട്ടിട്ടുണ്ട് എന്നറിയാത്ത പലരും ചുറ്റിലും ഉണ്ട് എന്ന അറിവിനേക്കാളേറെ അന്തം വിട്ടത് അത് ഒരു വർഷത്തിലേറെയായി ഉപയോഗിയ്ക്കുന്നവരും അടുപ്പക്കാരിലുണ്ട് എന്നത് തന്നെ. ഗൂഗിള്, യു ട്യൂബ്, fb തമ്പുരാട്ടിമാരൊക്കെ പറഞ്ഞാലും കൺമുന്നിൽ നിന്ന് ഒരുവള് അത് കൊള്ളാം, ഒരു കുഴപ്പോം ല്യ എന്ന് പറഞ്ഞ് കേൾക്കണവരെ ഒരു പുതിയ സാധനത്തില് തൊടാൻ തെല്ല് അങ്കലാപ്പ് ണ്ട്... അങ്ങനെ പ്രിയപ്പെട്ടവര് പറഞ്ഞ് കേട്ട ധൈര്യത്തില് ചാടിയിറങ്ങി ഒന്നു വാങ്ങി ഉപയോഗിച്ച്, ഇതൊക്കെ എന്നേ കണ്ടു പിടിയ്ക്കേണ്ടതായിരുന്നു എന്നു പരാതി പറഞ്ഞും വാങ്ങാൻ താമസിച്ചതിൽ നിരാശപ്പെട്ടും അതിയായ സന്തോഷത്തോടെയാണ് കൂട്ടുകാരേ ഞാനിവിടെത്തന്നെ വന്ന് സാക്ഷ്യം പറയുന്നത്.
⭕️പെണ്ണുങ്ങളേ,
നിങ്ങളും ഇതൊന്നു വാങ്ങൂ, ഉപയോഗിയ്ക്കൂ , ഒളിച്ചു പാത്ത് ഇപ്പോഴും കൊണ്ടു നടക്കുന്ന ആ പാഡിൽ നിന്നൊരു സ്വാതന്ത്ര്യം, പാഡ് മാറുക എന്ന ഒരൊറ്റ പ്രശ്നം കൊണ്ട് മാത്രം മാറ്റിവയ്ക്കപ്പെട്ട യാത്രകൾ,
ജോലി സ്ഥലത്തെ അസൗകര്യങ്ങൾ കൊണ്ട് ആ ദിവസങ്ങളിൽ,ഭീകരമായ ആരോഗ്യ പ്രശ്നങ്ങൾ വരുത്തി വയക്കുന്നു എന്നറിഞ്ഞിട്ടും പല അഭ്യസ്തവിദ്യരും നിസ്സഹായത മൂലം മാത്രം ചെയ്യുന്ന അതിക്രമം എന്ന് മാത്രം വിളിയ്ക്കാവുന്ന സൂത്രപ്പണികൾ,
വീട്ടിലായാലും നാട്ടിലായാലും പാഡുകളുടെ ഡിസ്പോസൽ തരുന്ന പൊല്ലാപ്പുകൾ,
Waste bin ൽ മാത്രം നിക്ഷേപിയ്ക്കുക എന്ന ഒറ്റവാക്കിൽ നിർമ്മാണ കമ്പനികൾ അതിനെ അവസാനിപ്പിക്കുമ്പോൾ Waste bin ൽ കിടക്കുന്ന ആ മാലിന്യത്തെ എന്തു ചെയ്യണം എന്നത് എന്നത്തേയും ചോദ്യം. ഇതിനൊക്കെ ഉത്തരവുമായിട്ടാണ് ആർത്തവ കോപ്പ അവതരിച്ചിരിയ്ക്കുന്നത്.
Menstrual cup എന്ന് You tube ൽ തിരഞ്ഞാൽ വിശദ വിവരങ്ങൾ കിട്ടും,
online ൽ 300 തുടങ്ങിയുള്ള വിലയിൽ സാധനവും കിട്ടും, ഒരു കപ്പ് പത്ത് വർഷം വരെ ഉപയോഗപ്രദമാണെന്ന് കമ്പനികൾ അവകാശപ്പെടുന്നു '
⭕️വാങ്ങുമ്പോൾ ഒന്നു നിർബ്ബന്ധമായും ശ്രദ്ധിയ്ക്കണേ, കപ്പിൻ്റെ സൈസ്, അത് പല വലിപ്പത്തിലുണ്ട്, നിർദ്ദേശങ്ങൾക്ക് അനുസരിച്ച് നിങ്ങൾക്ക് അനുയോജ്യമായത് തെരഞ്ഞെടുക്കുക എന്ന് മാത്രം ഓർമിപ്പിയ്ക്കുന്നു. നിങ്ങളറിയാഞ്ഞിട്ടാണ്, നിങ്ങൾക്ക് ചുറ്റിലുള്ള പല മിടുക്കികളും ഇതിലേക്ക് മാറിയിട്ടുണ്ട്, ആ സൗകര്യം അനുഭവിക്കുന്നുണ്ട്, ആർത്തവം ഇന്നും അശുദ്ധിയാണെന്നും ഉറക്കെ പങ്കുവെയ്ക്കാവുന്ന ഒന്നല്ലെന്നും നമ്മളിലുറഞ്ഞു പോയ വിശ്വാസത്തിൻ്റെ പുറത്താവും അവരും ഇത് പറയാത്തത്...എന്തായാലും ഈ സംഗതി ആ ദിവസങ്ങളിലെ നിങ്ങളെ ഒരു പാട് സ്വതന്ത്രമാക്കും... തീർച്ച! അപ്പോ ഒന്ന് വാങ്ങല്ലേ???
⭕️ആർത്തവസഹായികൾ (സാനിറ്ററി നാപ്കിൻ, ടാംപൺ, മെൻസ്ട്രുവൽ കപ്പ് etc.) സ്ത്രീകളുടേത് മാത്രമായ ഒരു സ്വകാര്യവസ്തുവായാണ് ഇന്നും സമൂഹം കാണുന്നത്. യഥാർത്ഥത്തിലവ സ്വകാര്യതയുടേതല്ല, സ്ത്രീസ്വാതന്ത്ര്യത്തിൻ്റെ പ്രതീകങ്ങളാണ്. സാനിറ്ററി നാപ്കിനുകൾ കണ്ടെത്തിയില്ലായിരുന്നെങ്കിൽ എന്നൊന്ന് ചിന്തിച്ചു നോക്കിയേ..! സ്ത്രീകൾക്കുണ്ടാകുന്ന ബുദ്ധിമുട്ട് മാത്രമല്ല, ലോകം തന്നെ ഒരു 10-30 വർഷം പുറകിലായി പോയേനെ.
⭕️വീട്ടകങ്ങളിൽ ഒതുങ്ങിക്കൂടിയിരുന്ന സ്ത്രീകൾ, വിദ്യാഭ്യാസം, ശാസ്ത്രം, തൊഴിൽ, രാഷ്ട്രീയ സാമൂഹിക മേഖലകൾ എന്നിവയിലേക്കൊക്കെ കൂടുതൽ ആത്മവിശ്വാസത്തോടെ ഇറങ്ങി വന്നതിനു ശേഷമാണ് ലോകത്തിൻ്റെ പുരോഗതിയുടെ പേസ് തന്നെ മാറിയതെന്ന് ചരിത്രം നിരീക്ഷിച്ചാൽ കാണാം. അതിലൊരു പങ്ക് ആർത്തവസഹായികൾക്കും അവകാശപ്പെട്ടതാണ്.
⭕️കേവലം വ്യക്തിപരമായ ഒരു ബയോളജിക്കൽ സംഗതി എന്നതിനപ്പുറം അനാവശ്യമായ സാമൂഹിക-സാംസ്കാരിക മാനങ്ങൾ കൂടി ചാർത്തിക്കിട്ടിയിട്ടുള്ളതിനാലും, ഒരശ്ലീലമോ അശുദ്ധിയോ അപശകുനമോ ആയി കാണുന്നതിനാലും ആർത്തവ സംബന്ധിയായ മുന്നേറ്റങ്ങളൊക്കെ ഒച്ചിഴയും വേഗത്തിലാണ് സ്ത്രീകളിലേക്ക് പോലും എത്തുന്നത്. 130 വർഷമായി സാനിറ്ററി നാപ്കിനുകൾ ലോക വിപണിയിലുണ്ടായിട്ടും കഴിഞ്ഞ 30 വർഷത്തിനുള്ളിലാണ് കേരളത്തിലവയ്ക്ക് വേണ്ട സ്വീകാര്യത കിട്ടിയതെന്നാണ് മനസിലാവുന്നത്. കേരളത്തിനു പുറത്തെ ഇന്ത്യയുടെ സ്ഥിതി പരിതാപകരവുമാണ്.
⭕️സാനിട്ടറി നാപ്കിനേക്കാൾ ഇന്നത്തെ കാലത്ത് വ്യാപകമാകേണ്ട ഒരു ആർത്തവ സഹായിയാണ് മെൻസ്ടുവൽ കപ്പ്. ആർത്തവസമയത്ത് വജൈനയിലേക്ക് കടത്തി വയ്ക്കുന്ന ഈ ചെറിയ കപ്പിനെ പറ്റി കഴിഞ്ഞ വർഷങ്ങളിൽ ഒരുപാട് എഴുതപ്പെട്ടിട്ടുണ്ട്. എന്നിട്ടും ബഹുഭൂരിപക്ഷം മനുഷ്യർക്കും ഇപ്പോഴും അതിനെ പറ്റി കൃത്യമായ ധാരണയില്ല. എന്താ കാരണം? മേൽപ്പറഞ്ഞതൊക്കെ തന്നെ. സാനിറ്ററി നാപ്കിൻ വിപണിയ്ക്കും ഇക്കാര്യത്തിൽ കാര്യമായ സ്വാധീനമുണ്ടെന്ന് കരുതണം. മെൻസ്ട്രൽ കപ്പ് എങ്ങനെ ഉപയോഗിക്കണമെന്നറിയാൻ നിരവധി വീഡിയോ ലെക്ചറുകൾ യൂടൂബിൽ കിട്ടും. പലരും പലവട്ടം അതിനെ പറ്റി എഴുതിയിട്ടുമുണ്ട്. അതുകൊണ്ടതിനെ പറ്റിയല്ല, എന്തുകൊണ്ട് ഈ കപ്പിന് കൂടുതൽ പ്രാധാന്യം കൊടുക്കേണ്ടതുണ്ട് എന്നാണ് ഈ കുറിപ്പിൽ പറയാനുദ്ദേശിക്കുന്നത്.
1.പ്രകൃതി സൗഹൃദം
സാനിട്ടറി നാപ്കിനുകൾക്കുള്ളിൽ ഉള്ള രക്തം വലിച്ചെടുക്കുന്ന ജെൽ സോഡിയം പോളി അക്രിലേറ്റാണ്. കൂടെ റയോൺ, സെല്ലുലോസ്, പോളിയെസ്റ്റർ മിശ്രിതവും. അതിനെ കവർ ചെയ്തുകൊണ്ടുള്ള സോഫ്റ്റ് വലപോലുള്ള ഭാഗം പോളി ഒലീഫീനാണ്. ഈ വക വസ്തുക്കൾ ഏതാണ്ട് പ്ലാസ്റ്റിക് പോലെ തന്നെയാണ്. അതിൻ്റെ നിർമ്മാർജ്ജനം (കത്തിച്ചാലും കുഴിച്ചിട്ടാലും) അത്ര പ്രകൃതിസൗഹൃദമല്ലെന്ന് പറയേണ്ടല്ലോ. രക്തം പുരണ്ട പാഡുകൾ ഒരുതരം ബയോവേസ്റ്റാണെന്നത് ഇതിൻ്റെ ഗൗരവം ഇരട്ടിപ്പിക്കുന്നുണ്ട്. അതേ സമയം, മെൻസ്ട്രൽ കപ്പുകൾ ഉണ്ടാക്കിയിരിക്കുന്നത് മെഡിക്കൽ ഗ്രേഡ് സിലിക്കൺ അല്ലെങ്കിൽ റബർ കൊണ്ടാണ്. മാത്രമല്ല, ഒരു കപ്പ് തന്നെ മതി, 5 മുതൽ 10 വർഷത്തേക്ക്! വെറുതേ ഒന്ന് കണക്കാക്കി നോക്കൂ, 5 വർഷം ഒരു പെൺകുട്ടി/സ്ത്രീ ഉപയോഗിക്കേണ്ടി വരുന്ന പാഡുകൾ എത്രയെണ്ണം വരുമെന്ന്. ഏകദേശം 1000 പാഡുകൾ വരും. അങ്ങനെ ലക്ഷക്കണക്കിന് പേരുടേതാവുമ്പൊഴോ! 1000 പാഡിനുള്ളത്, അത് രക്തമായാലും നിർമ്മിക്കാനുപയോഗിക്കുന്ന പ്ലാസ്റ്റിക്കായാലും, നിസാരമൊരു കപ്പിലൊതുക്കാം നമുക്ക്. ഈ പുതുച്ചൊല്ല് ഓർത്താ മതി, ''ആയിരം പാഡിനരക്കപ്പ്..''
2. സാമ്പത്തികലാഭം
ഒരു കപ്പിൻ്റെ വില 300 മുതൽ 1000 വരെയൊക്കെയാണ്. കൂടിയതുമുണ്ട്. ഇത് 5 മുതൽ 10 വർഷം വരെ ഉപയോഗിക്കാം. ആദ്യ മുടക്കുമുതൽ ഇത്രയുണ്ടെങ്കിലും ആകെ മൊത്തം നോക്കുമ്പോൾ ലാഭമാണ്. ഒരു മാസം ഒരാൾ 15-20 പാഡുകൾ ഉപയോഗിക്കേണ്ടി വരുന്നെന്ന് കരുതുക. ശരാശരി വില ₹5/Pad എന്നും. ഒരുമാസത്തെ ചെലവ് ₹75-100. ഒരു വർഷം ₹900-1200 വരെ. ബാക്കി പറയണ്ടല്ലോ, ഒരു വർഷത്തെ ചിലവ് പോലും വരുന്നില്ല 5-10 വർഷത്തേക്കുള്ള കപ്പിന്.
3.ഇടയ്ക്കിടെ പാഡ് മാറ്റേണ്ടി വരുന്നതൊഴിവാക്കാം.
ഏറ്റവും ആഗിരണശേഷിയുള്ള പാഡിനേക്കാൾ ഇരട്ടിയോ അതിലധികമോ രക്തം ഒരു കപ്പിൽ ശേഖരിക്കാൻ കഴിയും. അതുകൊണ്ട് തന്നെ തുടർച്ചയായി 12 മണിക്കൂർ വരെ കപ്പ് ഉള്ളിൽ വച്ചേക്കാൻ കഴിയും. കാറിലോ ബസിലോ ട്രെയിനിലോ ഒക്കെ ദീർഘദൂരയാത്ര ചെയ്യുന്നവർക്കും സമാനമായ മറ്റു സാഹചര്യങ്ങളിലുള്ളവർക്കും ഇതെന്ത് സൗകര്യപ്രദമാണെന്ന് ആലോചിച്ച് നോക്കൂ..
4.ആർത്തവരക്തം അന്തരീക്ഷവായുവുമായി സമ്പർക്കത്തിൽ വരാത്തതു കാരണം അധികനേരമതകത്തിരുന്നാലും ദുർഗന്ധമുണ്ടാകുന്നില്ല. Over wet ആവുന്നതുകൊണ്ടുള്ള അസ്വസ്ഥതയും ഉണ്ടാവില്ല.
5. പാഡ്, സ്കിൻ അലർജിയുണ്ടാക്കുന്നവർക്ക് ഏറ്റവും നല്ല ആൾട്ടർനേറ്റീവ് ആണ് കപ്പ്.
6. സാനിറ്ററി നാപ്കിനുകളുടെ പരസ്യത്തിൽ ആർത്തവദിനങ്ങളിൽ ലോങ് ജമ്പിനു പോകുന്ന കുട്ടികളെ വരെ നിങ്ങൾ കണ്ടിട്ടുണ്ടാവും. എന്നാൽ നീന്താൻ പോകുന്നവരെ കണ്ടിട്ടുണ്ടാവില്ല. കപ്പ് ആണെങ്കിലോ നീന്താനും തടസമില്ല. (ഈ ഐഡിയ കപ്പിൻ്റെ പരസ്യം പിടിക്കുന്നവർക്കുപയോഗിക്കാം.. :) )
7.ഈസിയായി എവിടെയും കൊണ്ടുപോകാം. എന്തെങ്കിലും ആവശ്യത്തിന് എവിടെയെങ്കിലും പോകുമ്പോൾ ഉപയോഗിച്ചതും ഉപയോഗിക്കാനുള്ളതുമായ പാഡുകൾ കൊണ്ടുനടക്കുന്ന ബുദ്ധിമുട്ടൊഴിവാക്കാം.
8. പ്രളയമോ പേമാരിയോ ഭൂകമ്പമോ പോലുള്ള പ്രകൃതിദുരന്ത സമയങ്ങളിൽ പല കാരണങ്ങൾകൊണ്ടും ഏറ്റവും സൗകര്യപ്രദമാണ് ആർത്തവക്കപ്പുകൾ. പക്ഷെ, ഇതിനൊരു 'ലേണിംഗ് കർവ്' ആവശ്യമായതിനാലും ആദ്യമായി ഉപയോഗിക്കുമ്പോൾ ചില അസ്വസ്ഥതകൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാലും നേരത്തെ ഉപയോഗിച്ചിരുന്നവർക്കു മാത്രമേ ആ സമയത്ത് ഈ കപ്പുകൾ ഗുണം ചെയ്യൂ. പാഡിൽ നിന്ന് കപ്പിലേക്ക് പൂർണമായി മാറാൻ 4-5 ആർത്തവചക്രങ്ങൾ പലർക്കും വേണ്ടി വരുന്നുണ്ടെന്നാണ് പഠനം. മുൻ വർഷങ്ങളിലുണ്ടായ പോലുള്ള പ്രകൃതി ദുരന്തങ്ങൾ നമുക്കിനിയും സംഭവിക്കാം. അതുകൊണ്ട് ആർത്തവക്കപ്പുകൾ നേരത്തേ ഉപയോഗിച്ച് ശീലിക്കുന്നത് സ്വകാര്യമായ ഒരു മുൻകരുതൽ കൂടിയാവട്ടെ..
9. ഏതുപ്രായത്തിലുള്ളവർക്കും കപ്പ് ഉപയോഗിക്കാം. പ്രായം, ലൈംഗികബന്ധം, പ്രസവം ഒക്കെ അനുസരിച്ച് വിവിധ സൈസിലുള്ള കപ്പുകൾ തെരെഞ്ഞെടുക്കണം.
ഒരുപാടു പേർ കപ്പുപയോഗിച്ചതിൻ്റെ അനുഭവക്കുറിപ്പുകൾ എഴുതുന്നത് പലപ്പോഴും കണ്ടിട്ടുണ്ട്. ഇനിയും ഉപയോഗിച്ച് തുടങ്ങിയിട്ടില്ലാത്തവർ അതുപയോഗിക്കുന്ന സുഹൃത്തുക്കളുടെ ഉപദേശങ്ങൾ തേടിയ ശേഷം ഉപയോഗിച്ചു തുടങ്ങണം. വാങ്ങേണ്ട ബ്രാൻഡ്, സൈസ് ഒക്കെ ഉപയോഗിക്കുന്ന ആരോടെങ്കിലും ചോദിച്ച ശേഷം തീരുമാനിക്കുന്നതാവും നല്ലത്. സുഹൃത്തില്ലെങ്കിൽ ഏതെങ്കിലും ലേഡി ഡോക്ടറോട് ചോദിക്കാം. ആർത്തവക്കപ്പിൻ്റെ പോസിറ്റീവായ ഉപയോഗത്തിൽ ഇത്തരം സൗഹൃദസംഘങ്ങൾക്ക് (Peer groups) വലിയ പ്രാധാന്യമാണുള്ളതെന്ന് Lancet-ൻ്റെ ഒരു പഠനത്തിൽ പറയുന്നുണ്ട്.
⭕️പലകാരണങ്ങൾ കൊണ്ടും ഗുണകരമായ ഒന്നായതിനാൽ ഇത് ശരിക്കും സർക്കാർ മുൻകൈയോടെ സ്കൂൾ തലം മുതൽ പ്രോത്സാഹിപ്പിക്കേണ്ട ഒന്നാണ്. ജനങ്ങൾക്ക് ബോധവൽകരണം നൽകുകയും ഒപ്പം സൗജന്യമായോ സബ്സിഡി നൽകിയോ കപ്പുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുകയും വേണം. ആലപ്പുഴ മുനിസിപ്പാലിറ്റി, കോട്ടയത്തെ വാഴൂർ പഞ്ചായത്തൊക്കെ ഇക്കാര്യത്തിൽ മാതൃക കാണിച്ചവരാണ്. ഓരോ പഞ്ചായത്തും ഇക്കാര്യത്തിൽ മുന്നിട്ടിറങ്ങണം.
⭕️യഥാർത്ഥത്തിൽ കേരളത്തിൽ മാത്രമല്ല ഇന്ത്യയിലാകെ ഒരു വലിയ വിപ്ലവമാവേണ്ട ഒന്നാണിത്. ഇപ്പോഴും വെറും 12% സ്ത്രീകൾക്കാണത്രേ ഇന്ത്യയിലാകെ സാനിറ്ററി നാപ്കിനുകൾ കിട്ടുന്നത്. ബാക്കി 88%! തുണിയും ചാരവും മണ്ണും കൊണ്ട് ആർത്തവരക്തത്തെ നേരിടുന്നവരുടെ, അതുമൂലം പലതരം രോഗങ്ങൾ പിടിപെടുന്നവരുടെ 'ഗതികേട്' മാറ്റാൻ കഴിഞ്ഞാൽ ശരിക്കുമതൊരു 'സാനിറ്ററി റെവലൂഷൻ' തന്നെയാവും.
ആദ്യം ചോദിച്ച ചോദ്യം ഒരിക്കൽ കൂടി ചോദിക്കാം, എന്തുകൊണ്ട് മെൻസ്ട്രുവൽ കപ്പ്?
ഏറ്റവും ചുരുക്കത്തിൽ ഇത്രേയുള്ളൂ, മെൻസ്ട്രൽ കപ്പ് = ശുചിത്വം, സ്വാതന്ത്ര്യം, സ്വകാര്യത, പ്രകൃതിസൗഹൃദം, സാമ്പത്തികലാഭം. :)