ഹൈപോക്സിയും കൊറോണയും തമ്മിൽ
ആലപ്പുഴയിലെ കുഞ്ഞമ്മണിയെ കൊല്ലാൻ വരുന്ന കൊടും ഭീകരർ
✍️ Dr. Augustus Morris
⭕️ ഡൽഹിയിൽ നിന്നും ഒരു കൊള്ളസംഘം കേരളം ഉന്നമാക്കി യാത്ര തുടങ്ങി . പത്തൊമ്പതു വയസ്സുള്ള ''കുട്ടി '' വാളികളുടെ കൂട്ടം . അവരുടെ ലക്ഷ്യം കുട്ടനാട്ടിലെ ഒരു പാടവരമ്പത്തുള്ള കുഞ്ഞമ്മിണിയുടെ വീടായിരുന്നു . പതിനാറുവരിയുള്ള ദേശീയപാതയിലൂടെ സംഘം മുന്നോട്ടു നീങ്ങി . കർശന സുരക്ഷാ പരിശോധനയുള്ള ഇടമായിരുന്നു അവിടം . ഏതാനും പേർ പിടിയിലായി . ബാക്കിയുള്ളവർ സേനയെ വെട്ടിച്ചു കടന്നു . എട്ടുവരിയുള്ള സംസ്ഥാന പാതയിലേക്കും , നാലുവരിയുള്ള ജില്ലാ റോഡിലേക്കും , രണ്ടുവരിയുള്ള താലൂക്ക് റോഡിലേക്കും , ഒറ്റവരിയുള്ള പഞ്ചായത്ത് റോഡിലൂടെയും സംഘം യാത്ര തുടർന്നു . വഴിനീളെയുള്ള ചെക്കിങ് മൂലം സംഘത്തിലെ പലരും സുരക്ഷാ സേനയുടെ പിടിയിലായി . രക്ഷപ്പെട്ട ബാക്കിയുള്ളവർ ലക്ഷ്യത്തിലേക്ക് നീങ്ങി . പാടശേഖരത്തിലെ ഒറ്റയടിപ്പാതയിലൂടെ നീങ്ങിയ സംഘം , ഒടുവിൽ കുഞ്ഞമ്മിണിയുടെ വീടിനു മുന്നിലെത്തി . ഡേവിഡുമാരെ കണ്ടതോടെ അവിടെയുണ്ടായിരുന്ന നായ കുരയ്ക്കാൻ തുടങ്ങി . ആ കുര കേട്ടതും ദൂരെയുള്ള മറ്റു നായ്ക്കളും അതേറ്റുപാടി . അതൊരു ഒന്നൊന്നര ഉണർത്തുപാട്ടായിരുന്നു ..........
⭕️ മക്കിൽ നിന്നും ആരംഭിച്ച് ശ്വാസകോശത്തിന്റെ അവസാനമായ വായു അറകൾ ( alveolus ) വരെയുള്ള കോവിഡ് - 19 രോഗാണുവിന്റെ യാത്രയാണ് മേളിൽ വിവരിച്ചത് . മൂക്കിലെ ശ്ലേഷ്മസ്തരവും ( mucus membrane ) , ആവരണകലകളും ( epithelium ) , രോമങ്ങളും , വെളുത്തരക്താണുക്കളും & അവയുടെ റിസർവ് ക്യാമ്പ് ആയ അഡിനോയിഡ് - ടോൺസിൽ കോട്ടകളും , സീലിയ എന്ന പേരുള്ള രോമങ്ങളും ആണ് ഈ വഴിയിലെ സുരക്ഷാസേനകൾ ....മുന്നോട്ടു പോകുന്തോറും വ്യാസം കുറഞ്ഞുവരുന്ന വായുകുഴലുകൾ ആയ trachea - bronchus - bronchioles തുടങ്ങിയവയെ ദേശീയ - സംസ്ഥാന - ജില്ലാ - താലൂക്ക് - പഞ്ചായത്ത് റോഡുകളായി ഉപമിച്ചിരിക്കുന്നു . പ്രാണവായുവായ ഓക്സിജനെ കൊടുത്ത് , കരിവായുവായ കാർബൺ ഡൈ ഓക്സയിഡിനെ സ്വീകരിക്കുന്ന വായു അറയാണ് കുഞ്ഞമ്മിണിയുടെ വീട് അഥവാ alveolus എന്ന വായു അറ . അവിടെ ആകെയുള്ള ഒരേയൊരു സുരക്ഷാഭടനാണ് മാക്രോഫേജ് ( macrophage ) എന്ന കാവൽനായ .
⭕️ കൊള്ള സംഘത്തെ കണ്ടതും , മാക്രോഫേജ് എന്ന കുഞ്ഞമ്മിണിയുടെ കാവൽനായ കുരയ്ക്കാൻ തുടങ്ങി . ഇവിടെ കുര എന്നതിനുപകരം അപകട സൂചന നൽകാൻ അയാൾ ഉത്പാദിപ്പിക്കുന്ന സ്രവമാണ് സൈറ്റോകൈൻ . ഇത് സ്രവിക്കേണ്ട താമസം , ദൂരെയുള്ള സുരക്ഷാസേനകൾ പാഞ്ഞെത്തുകയായി . അവർ വെടിവയ്പ്പ് ആരംഭിക്കുന്നു .കുഞ്ഞമ്മിണിയുടെ വീട്ടിനുള്ളിൽ കയറിപ്പറ്റിയ ഡേവിഡുമാർ കൊല്ലപ്പെടുന്നു . വില്ലന്റെ കാറ്റ് പോകുന്നതോടെ സിനിമ അവസാനിച്ചു ....പക്ഷേ നായ കുര നിറുത്തുന്നില്ലെങ്കിലോ ?
⭕️ കോവിഡിൽ ( കൊറോണയിൽ ) വിനാശകാരി ആകുന്നത് നായയുടെ നിറുത്താതെയുള്ള കുരയാണ് . അതായത് മാക്രോഫേജ് എന്ന കാവൽനായ പുറപ്പെടുവിക്കുന്ന അമിത അളവിലുള്ള ''സൈറ്റോകൈൻ കൊടുങ്കാറ്റ് '' (cytokine storm ) കൂടുതൽ കൂടുതൽ വെളുത്തരക്താണുക്കളെ സംഭവസ്ഥലത്ത് എത്തിക്കുന്നു . അവരുടെ കാടടച്ചുള്ള വെടിവയ്പ് , കുഞ്ഞമ്മിണിയുടെ വീടിനെ തകർക്കുന്നു . ചുറ്റുപാടുകൾക്കും നാശനഷ്ടമുണ്ടാക്കുന്നു . ചക്കിനു വച്ചത് കൊക്കിനു കൊള്ളുന്ന അവസ്ഥ .രോഗപ്രതിരോധശക്തി കൂടിയാലും അപകടം , കുറഞ്ഞാലും അപകടം .അതെപ്പോഴും നിയതമായ ( optimal ) അളവിൽ നിന്നാൽ നല്ലത് ....
⭕️ സവന്തമായി നിലനിൽപ്പ് ഇല്ലാത്ത വൈറസുകൾ ( വിഷാണുക്കൾ ) , ജീവനുള്ള ഏതെങ്കിലും കോശത്തിനുള്ളിൽ കയറിപ്പറ്റി , അവയുടെ ജനിതകദ്രവ്യം ഉപയോഗിച്ച് , പെറ്റുപെരുകുന്നു . [ നമ്മുടെ കുടലിനുള്ളിൽ നിന്നും പോഷകങ്ങളും രക്തവും സ്വീകരിച്ച് വിരകൾ / കൃമികൾ ജീവിക്കുന്നതുപോലെ ] ഇത് മനസ്സിലാക്കുന്ന കോശങ്ങൾ , കുറെയെണ്ണം സ്വയമേവ നശിക്കാറുണ്ട് . ഒപ്പം സൈറ്റോകൈൻ കൊടുങ്കാറ്റ് മൂലവും , ( സ്വന്തം വെളുത്ത രക്താണുക്കളുടെ അമിത ആക്രമണം ) കുറെ കോശങ്ങൾ നശിക്കുന്നു . സ്പോഞ്ചുപോലെയുള്ള , ഇലാസ്റ്റികതയുള്ള ശ്വാസകോശത്തിലെ വായു അറകൾ നശിച്ചാൽ , വായു കൈമാറ്റം നടക്കില്ല . ശ്വാസം മുട്ടൽ വരും . രക്തത്തിൽ ലയിക്കുന്ന ഓക്സിജന്റെ അളവ് ( spo2 ) നൂറു ശതമാനം എന്ന നോർമൽ അളവിൽ നിന്നും താഴുന്നു . 94 നു താഴേക്ക് പോയാൽ പ്രശ്നമാകും . തലച്ചോർ , ഹൃദയം , വൃക്കകൾ തുടങ്ങിയ അവയവങ്ങൾക്ക് പര്യാപ്തമായ അളവിൽ ഓക്സിജൻ കിട്ടുന്നില്ല എങ്കിൽ അവ പണിമുടക്കിലേക്ക് നീങ്ങും , മരണം അടുത്തേക്ക് വരും ....
⭕️കോശങ്ങൾക്കേൽക്കുന്ന പരിക്കിനെതിരായുള്ള ശരീരത്തിന്റെ പ്രതിപ്രവർത്തനം - inflammation / ശോധം - മൂലം ഹൃദയത്തിന്റെ ഭിത്തികളിൽ ഉണ്ടാകുന്ന നീർവീക്കവും ( myocarditis ) , രക്തക്കുഴലുകളിൽ അങ്ങിങ്ങായി രക്തം കട്ടപിടിക്കുന്ന DIC എന്ന പ്രതിഭാസവും ജീവൻ നഷ്ടപ്പെടുത്തുന്ന ഘടകങ്ങളായി വർത്തിക്കുന്നു . ശ്വാസകോശത്തിലെ നീർക്കെട്ട് ( pneumonia ) രണ്ടാമത്തെ ആഴ്ചയിൽ രംഗപ്രവേശം ചെയ്യുന്നു . രക്തം കട്ടപിടിക്കലും , രക്തക്കുഴലുകളുടെ ഭിതിയിലുണ്ടാകുന്ന നീർ വീക്കവും , ശ്വാസകോശത്തിൽ നാരടിയുന്നതും ( fibrosis ) ഇതോടൊപ്പം പ്രത്യക്ഷപ്പെടുന്നു . നേരത്തെ കണ്ടെത്തിയാൽ അത്രയും നല്ലത് .
⭕️ രക്തത്തിലെ പ്രാണവായുവിന്റെ അളവ് കുറയുന്ന അവസ്ഥയെ hypoxia എന്ന് വിളിക്കാം . സാധാരണഗതിയിൽ spo2 , 100 % ആയിരിക്കും .അതായത് അകത്തേക്ക് പോകുന്ന വായു നൂറു ശതമാനവും രക്തത്തിൽ ലയിക്കുന്നു . എന്നാൽ , ഇതിന്റെ അളവ് താഴുമ്പോൾ നമുക്ക് ശ്വാസംമുട്ടൽ അനുഭവപ്പെടുന്നു . കോവിഡിൽ 94 % താഴെ പോയാൽ രോഗിയെ അഡ്മിറ്റ് ചെയ്ത് , ഓക്സിജൻ തെറാപ്പി നല്കേണ്ടിവരുന്നു . ന്യുമോണിയ ഉണ്ടോ , രക്തം കട്ട പിടിക്കുന്നുണ്ടോ , ഹൃദയഭിത്തിയ്ക്ക് വീക്കം ഉണ്ടോ തുടങ്ങിയവ കണ്ടുപിടിക്കാൻ പരിശോധനകൾ ചെയ്യേണ്ടിവരുന്നു . spo2 94 % ൽ നിൽക്കുന്ന ഒരാളെ രണ്ടുമിനിറ്റ് നടത്തിച്ചിട്ട് വീണ്ടും അത് പരിശോധിക്കുമ്പോൾ , സാധാരണഗതിയിൽ കൂടേണ്ടതാണ് . ശരീരത്തിന്റെ ചലനങ്ങൾ മൂലം , ശ്വസനനിരക്ക് & രക്തചംക്രമണം എന്നിവ കൂടുന്നതിനാൽ 94 % നു മേലെ പോകണം . എന്നാൽ പ്രാണവായുവിനെയും കൊണ്ട് വിവിധഭാഗങ്ങളിലേക്ക് പോകേണ്ട രക്തം കട്ടപിടിച്ചാൽ , 94 % ൽ നിന്നും spo2 താഴും . ഇതിനെ silent hypoxia എന്ന് പറയും .നോക്കി നിൽക്കെ രോഗി കുഴഞ്ഞു വീണു മരിക്കും . ഇത് കോവിഡ് രോഗികളിൽ കണ്ടു വരുന്നു .അതുപോലെ spo2 താഴുമ്പോൾ തലച്ചോറിൽ നിന്നും അപായ സിഗ്നലുകൾ വരും . അതനുസരിച്ച് ശ്വസന നിരക്ക് കൂടും , കൂടുതൽ വായു അകത്തേക്കെടുക്കാനുള്ള എല്ലാ പരിപാടികളും ആരംഭിക്കും . എന്നാൽ spo2 താണു താണ് 90 - 80 - 75 ലെത്തിയാലും ഒരു കുഴപ്പവുമില്ലാതെ കുറച്ചുനേരത്തേക്ക് രോഗി കിടക്കും , അതിന്റെ പേര് happy hypoxia . ഓക്സിജൻ പര്യാപ്തമായ അളവിൽ അകത്തേക്ക് ഉടനടി നല്കുന്നില്ലെങ്കിൽ ആള് മരിയ്ക്കും ...
⭕️മതിർന്നവരെ അപേക്ഷിച്ച് താരതമ്യേന അപക്വമായ പ്രതിരോധ വ്യവസ്ഥ ഉള്ളവരാണ് കുട്ടികൾ . കുഞ്ഞുങ്ങളിൽ / കുട്ടികളിൽ സൈറ്റോകൈൻ കൊടുങ്കാറ്റ് പോലുള്ള അവസ്ഥകൾ ഉടലെടുക്കാത്തതിനാൽ അവരിൽ കോവിഡ് പ്രശ്നമുണ്ടാക്കാറില്ല . അതുപോലെ കുട്ടിക്കളി വരുന്ന മൂക്കൊലിപ്പ് , ചുമ തുടങ്ങിയവ ബഹുഭൂരിപക്ഷവും വൈറൽ അണുബാധകളായതിനാൽ , അവരുടെ ശരീരത്തിൽ VIRAL ANTIBODIES ന്റെ അളവ് കൂടുതലായിരിക്കും .ഇതും കുട്ടികൾക്ക് കോവിഡിനെതിരായ ഒരു അനുകൂല ഘടകമാണ് .
⭕️കറഞ്ഞസമയത്തിനുള്ളിൽ പരമാവധി ആൾക്കാർക്ക് വാക്സിൻ നൽകി നിറുത്തിയിരുന്നെങ്കിൽ ( കുറഞ്ഞത് 40 % എങ്കിലും ) , കൊറോണയുടെ രണ്ടാം വരവ് തടയാമായിരുന്നു . വാക്സിൻ നിർമ്മിച്ചിട്ടും അത് കൊടുക്കാൻ മകരസംക്രാന്തി കഴിഞ്ഞുള്ള ശുഭമുഹൂർത്തം നോക്കി സമയം കളഞ്ഞവരെ എന്ത് പറയാൻ ? സ്വന്തം ജനത്തിനെ മരണത്തിനു വിട്ടുകൊടുത്തിട്ട് അന്യദേശങ്ങളിലേക്ക് വാക്സിൻ ഇഷ്ടദാനമായി നൽകിയ നയതന്ത്രം പയറ്റിയവരെ എന്ത് പറയാൻ ? പത്ത് ശതമാനത്തോളം വരുന്ന ഉപരിവർഗ്ഗം സ്വന്തമായി കാശുമുടക്കി വാക്സിൻ എടുക്കാൻ കഴിവുള്ളവരായിട്ടുകൂടി , അവരെയും സർക്കാർ ആശുപത്രികളിൽ കൊണ്ടുവന്ന് കൂട്ടപ്പൊരിച്ചിലിനിടയിൽ കൂടി വാക്സിൻ നൽകിയേ അടങ്ങൂ എന്ന നിർബന്ധബുദ്ധി കാണിച്ചവരെപ്പറ്റി എന്ത് പറയാൻ ? മോഡേണ , ഫൈസർ തുടങ്ങിയ വാക്സിൻ നിർമ്മാതാക്കൾക്ക് അവസരം നിഷേധിച്ച് വീമ്പിളക്കിയതിനുശേഷം , ഇപ്പോൾ അവരുടെ കാലു പിടിക്കാൻ പോകുന്നവരെപ്പറ്റി എന്ത് പറയാൻ ? നവജാത ശിശുക്കൾക്ക് വാക്സിൻ കൊടുക്കുന്നതുപോലെ എളുപ്പമല്ല 130 കോടി ജനത്തിനും വാക്സിൻ എത്തിക്കുന്നത് എന്നറിയാത്തവരെപ്പറ്റി എന്ത് പറയാൻ ? ഇപ്പഴും കിടത്തിച്ചികിത്സ ഉള്ള ആശുപത്രികൾ നിർമ്മിക്കുമ്പോൾ , ഓക്സിജൻ സെപ്പറേഷൻ യൂണിറ്റ് പോലും പണിയാനുള്ള ദീർഘവീക്ഷണമില്ലാത്തവരെപ്പറ്റി എന്ത് പറയാൻ ? സയൻസിന് സമാന്തരങ്ങൾ ഉണ്ടെന്ന് വിശ്വസിക്കുകയും ഉഡായിപ്പുകൾ പ്രചരിപ്പിക്കുന്നവരെയും പറ്റി എന്ത് പറയാൻ ?
NB - ശരീരം നിർമ്മിക്കുന്ന പ്രതിവസ്തുക്കളായ ആന്റിബോഡി , വായിലൂടെ എന്തെങ്കിലും കടത്തിവിട്ട് ഉണ്ടാക്കാവുന്ന ഒന്നല്ല ( except ORAL POLIO VACCINE )