ഔട്ടർ സോളാർ സിസ്റ്റത്തിലേക്ക് പോകുന്ന വണ്ടികൾ

Simple Science Technology

 LIFE AS WE DO NOT KNOW IT !! ഔട്ടർ സോളാർ സിസ്റ്റത്തിലേക്ക് പോകുന്ന വണ്ടികൾ - ജീവൻ തേടി

Sabujose

⭕ഔട്ടർ സോളാർ സിസ്റ്റത്തിലെ വാതക ഭീമൻ ഗ്രഹമായ ശനിയിലും ശനിയുടെ ഉപഗ്രഹങ്ങളിലും 13 വർഷം പര്യവേഷണം നടത്തിയ കസീനി സ്പേസ്ക്രാഫ്റ്റ് 2017 സെപ്തംബർ 15 ന് ദൗത്യം അവസാനിപ്പിച്ചു. ശനിയുടെ ഉപഗ്രഹങ്ങളായ ടൈറ്റൻ, എൻസിലാഡസ് എന്നിവയിൽ ജീവൻ തിരയുകയായിരുന്നു കസീനി-ഹൈഗൻസ് ഇരട്ട സ്പേസ്ക്രാഫ്റ്റ് ദൗത്യത്തിന്റെ ലക്ഷ്യം. കസീനി ഒരു ഓർബിറ്ററും ഹൈഗൻസ് ലാൻഡറുമാണ്. ഹൈഗൻസ് ടൈറ്റനിൽ ഇറങ്ങി ചിത്രങ്ങൾ എടുത്ത് ഭൂമിയിലേക്ക് അയയ്ക്കുകയും ചെയ്തു. ടൈറ്റനിലെയും എൻസിലാഡസിലെയും സമുദ്രങ്ങളിൽ ജീവൻ ഉദ്ഭവിക്കുന്നതിനും നിലനില്ക്കുന്നതിനുമുള്ള സാധ്യതയുണ്ടെന്നാണ് കസീനി ദൗത്യം നല്കുന്ന സൂചന.കസീനി ദൗത്യത്തിന്റെ തുടര്ച്ചയായി 2020 മുതൽ 2030 വരെയുള്ള കാലത്ത് അഞ്ച് ദൗത്യങ്ങളാണ് നാസ ശനിയിലേക്ക് വിക്ഷേപിക്കാനൊരുങ്ങുന്നത്. ശനിയുടെ ഉപഗ്രഹങ്ങളിൽ ജീവൻ തിരയുകയാണ് ഈ ദൗത്യങ്ങളുടെയെല്ലാം ലക്ഷ്യം. നാസയുടെ ന്യൂ ഫ്രോണ്ടിയർ ദൗത്യങ്ങളുടെ ഭാഗമായാണ് ഉപഗ്രങ്ങളുടെ വിക്ഷേപണം നടത്തുന്നത്.

????️ ഡ്രാഗൺ ഫ്ളൈ 

⭕ശനിയുടെ ഉപഗ്രഹമായ ടൈറ്റനിലേക്ക് വിക്ഷേപിക്കുന്ന ദൗത്യമാണ് ഡ്രാഗൺ ഫ്ളൈ. ഒരു ഹെലികോപ്ടറിനോട് സാദൃശ്യമുള്ള ഈ ന്യൂക്ലിയർ ക്വാഡ്കോപ്ടറിന് ഹെലികോപ്ടറിലുള്ളതുപോലെ പ്രൊപ്പല്ലറുകളുമുണ്ടാകും. സൗരയൂഥത്തിൽ ഭൂമിക്കു വെളിയിൽ ഉപരിതലത്തിൽ ദ്രാവകം നിറഞ്ഞു നില്ക്കുന്ന ഏക ഗോളമാണ് ടൈറ്റൻ. ഭൂമിയുടെ അന്തരീക്ഷത്തേക്കാൾ കട്ടിയുണ്ട് ടൈറ്റന്റെ അന്തരീക്ഷത്തിന്. ദ്രാവക മീഥേയ്ൻ ഒഴുകുന്ന അരുവികളും തടാകങ്ങളും കടലുകളും നിറഞ്ഞ ടൈറ്റന്റെ ഉപരിതലം ഒരു റോവർ ദൗത്യത്തിന് അനുയോജ്യമല്ല. ലാൻഡർ ദൗത്യത്തിന്റെ പരിമിതി ഹൈഗൻസ് ദൗത്യത്തിലൂടെ തിരിച്ചറിഞ്ഞതുമാണ്. അതുകൊണ്ടാണ് ഡ്രാഗൺ ഫ്ളൈ എന്ന ന്യൂക്ലിയർ ക്വാഡ്കോപ്ടർ വിക്ഷേപിക്കാൻ നാസ ഒരുങ്ങുന്നത്. ഒരു ഡ്രോൺ ദൗത്യമെന്നും ഇതിനെ വിശേഷിപ്പിക്കാൻ കഴിയും. ടൈറ്റന്റെ ഉപരിതലത്തിൽ ഇറങ്ങുന്ന പേടകം അവിടെ നിന്നും പറന്നുയർന്ന് വ്യത്യസ്ത ഇടങ്ങളിൽ ഇറങ്ങി നിരീക്ഷണം നടത്തുന്നതിനായി രൂപകല്പന ചെയ്ത വാഹനമാണ്. 2026 ൽ വിക്ഷേപണം നടത്താനാണ് നാസ ഉദ്ദേശിക്കുന്നത്.

????️ ഓഷ്യാനസ് 

ടൈറ്റനിലേക്കുള്ള രണ്ടാമത്തെ ദൗത്യമാണ് ഓഷ്യാനസ്. 2028 ൽ വിക്ഷേപിക്കുന്ന ഓഷ്യാനസ് ഒരു ഓർബിറ്റർ ദൗത്യമാണ്. കസീനി ദൗത്യത്തിന്റെ ബേസ് സ്റ്റേഷനായ ജെറ്റ് പ്രൊപൽഷൻ ലബോറട്ടറിയാണ് ഈ ഓർബിറ്റർ നിർമിക്കുന്നതും നിയന്ത്രണം നിർവഹിക്കുന്നതും. ടൈറ്റന്റെ ഭ്രമണപഥത്തിൽ പ്രവേശിക്കുന്ന പേടകം ഉപഗ്രഹത്തിന്റെ വാസയോഗ്യ മേഖലകളിൽ ജീവന്റെ അടയാളങ്ങൾ തിരയും. അതിനുവേണ്ടി സവിശേഷമായി തയ്യാറാക്കിയ നിരവധി ശാസ്ത്രീയ ഉപകരണങ്ങൾ പേടകത്തിലുണ്ടാകും.

????️ എൻസിലാഡസ് ലൈഫ് ഫൈൻഡർ 

⭕കസീനി സ്പേസ്ക്രാഫ്റ്റ് ജലസാന്നിധ്യം തിരിച്ചറിഞ്ഞ ശനിയുടെ ഉപഗ്രഹമാണ് എൻസിലാഡസ്. 500 കിലോമീറ്റർ വ്യാസമുള്ള ഈ ഉപഗ്രഹത്തിന്റെ ദക്ഷിണ ധ്രുവത്തിൽ നിന്ന് പുറപ്പെടുന്ന ദ്രാവക ജെറ്റുകളുടെ ചിത്രങ്ങൾ കസീനി പേടകം എടുത്തിട്ടുണ്ട്. ജലവും, ധൂളിയും, മീഥേയ്നും, കാർബൺ ഡയോക്സൈഡുമാണ് ഈ ജെറ്റിലുള്ളത്. ശനിയുടെ ഇ-റിംഗിൽ പൊടിയും ഹിമവും നിറയ്ക്കുന്നതും ഈ ജെറ്റുകളാണ്. ശനിയുടെ ശക്തമായ വേലബലമാണ് എൻലാഡസിൽ നിന്നും ഇത്തരം ദ്രാവക ജെറ്റുകൾ പുറന്തള്ളാൻ കാരണം. ഉപഗ്രഹത്തിന്റെ ഉപരിതലത്തിന് കീഴിലുള്ള സമുദ്രങ്ങളിൽ നിന്നാണ് ലവണമുള്ള ജലം പുറന്തള്ളപ്പെടുന്നതെന്ന് കരുതുന്നു. ശനി ഗ്രഹം സൃഷ്ടിക്കുന്ന ടൈഡൽ ഫ്ളെക്സിംഗ് കാരണം ഈ സബ്-സർഫസ് സമുദ്രത്തിൽ ജീവൻ ഉദ്ഭവിക്കുന്നതിനും നിലനില്ക്കുന്നതിനും ആവശ്യമുള്ള താപനിലയുണ്ടാകും എന്നാണ് കരുതുന്നത്. അമിനോ അമ്ലങ്ങളുടെ സാന്നിധ്യവും ഈ സമുദ്രങ്ങളിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. എൻസിലാഡസ് ലൈഫ് ഫൈൻഡർ പേടകം ഉപഗ്രഹത്തിൽ നിന്ന് പുറപ്പെടുന്ന ദ്രാവക ജെറ്റിനിടയിലൂടെ സഞ്ചരിക്കുകയും അവയിൽ അമിനോ അമ്ലങ്ങളുടെ സാന്നിധ്യമുണ്ടെങ്കിൽ തിരിച്ചറിയുകയും ചെയ്യും. അമിനോ അമ്ലങ്ങളുടെ സാന്നിധ്യം ജീവന്റെ അടയാളമാണ് സൂചിപ്പിക്കുന്നത്. 2029 ൽ ആണ് ഈ ഓര്ബിറ്റർ ദൗത്യം വിക്ഷേപിക്കാൻ ഉദ്ദേശിക്കുന്നത്.

????️ എൻസിലാഡസ് ലൈഫ് സിഗ്നേച്ചേഴ്സ് ആന്റ് ഹാബിറ്റബിലറ്റി പ്രോബ് 

⭕2030 ൽ നാസ വിക്ഷേപിക്കുന്ന ഈ ഓർബിറ്റർ ദൗത്യം എൻസിലാഡസ് ലൈഫ് ഫൈൻഡർ ദൗത്യത്തിന്റെ തുടർച്ചയാണ്. നാസയുടെ കീഴിലുള്ള എയിംസ് റിസർച്ച് സെന്ററാണ് ഈ ദൗത്യം നിയന്ത്രിക്കുന്നത്. ആസ്ട്രോബയോളജിസ്റ്റുകളാണ് ഈ ദൗത്യത്തിന് പിന്നിലുള്ളത്. ഭൗമേതര ജീവൻ തിരയുന്ന ശാസ്ത്രശാഖയാണ് ആസ്ട്രോബയോളജി എന്നും എക്സോബയോളജി എന്നും അറിയപ്പെടുന്നത്.

????️ സാറ്റേൺ പ്രോബ് ഇന്റീരിയർ ആന്റ് അറ്റ്മോസ്ഫിയർ എക്സ്പ്ലോറർ 

⭕ശനിയുടെ അന്തരീക്ഷത്തിലേക്ക് ഇറങ്ങിച്ചെന്ന് അന്തരീക്ഷ ഘടന പഠിക്കുന്നതിനായി രൂപകല്പന ചെയ്ത ഓര്ബിറ്റർ ദൗത്യമാണിത്. ഗ്രഹത്തിന്റെ ഭ്രമണപഥത്തിൽ പ്രവേശിക്കുന്ന പേടകം ഏതാനും പ്രദക്ഷിണങ്ങൾക്കു ശേഷം പാരച്യൂട്ട് ഉപയോഗിച്ച് ഗ്രഹത്തിന്റെ അന്തരീക്ഷത്തിലേക്ക് ഇറങ്ങിച്ചെല്ലും. കസീനി ദൗത്യംപോലെ ഒരു ദീർഘകാല പര്യവേഷണ പദ്ധതിയല്ല ഇത്. 90 മിനുട്ട് മാത്രമേ പേടകം ഗ്രഹത്തിന്റെ അന്തരീക്ഷത്തിൽ നിലനില്ക്കുകയുള്ളൂ. ഈ സമയം കൊണ്ട് ഗ്രഹാന്തരീക്ഷത്തിലുള്ള ചില വാതകങ്ങളുടെ, വിശേഷിച്ചും ഹീലിയത്തിന്റെ തോത് അളക്കും. ഗ്രഹാന്തരീക്ഷത്തിലുള്ള ഹൈഡ്രജന്റെയും ഹീലിയത്തിന്റെയും തോത് അളക്കുന്നത് ഗ്രഹ രൂപീകരണത്തേക്കുറിച്ചും സൗരയൂഥത്തിന്റെ ഉദ്ഭവത്തെക്കുറിച്ചും സമഗ്രമായ ധാരണ ലഭിക്കുന്നതിന് സഹായിക്കും. കസീനി ദൗത്യത്തിന്റെ അവസാന ലാപ്പുകളിൽ ഇതിനുള്ള ശ്രമം നടത്തിയിരുന്നുവെങ്കിലും അത് വിജയകരമായിരുന്നില്ല. 1995 ൽ നാസയുടെ ഗലീലിയോ സ്പസ് ക്രാഫ്റ്റിൽ നിന്ന് വിക്ഷേപിച്ച ഒരു അറ്റ്മോസ്ഫിയർ പ്രോബ് ഉപയോഗിച്ച് വ്യാഴത്തിന്റെ അന്തരീക്ഷത്തിലുള്ള വാതകങ്ങളുടെ തോത് കണ്ടെത്താൻ ശ്രമം നടത്തിയിരുന്നു. ഇത് ഭാഗികമായി വിജയമായിരുന്നു. 2025 ലാണ് സാറ്റേൺ പ്രോബ് ഇന്റീരിയർ ആന്റ് അറ്റ്മോസ്ഫിയർ എക്സ്പ്ലോറർ വിക്ഷേപിക്കുന്നത്.

⭕ഔട്ടർ സോളാർ സിസ്റ്റത്തിൽ ഭൗമേതര ജീവന് സാധ്യതയുള്ള ഇടങ്ങൾ ശനിയുടെ ഉപഗ്രഹങ്ങൾക്കു പുറമെ വ്യാഴത്തിന്റെ ഉപഗ്രഹങ്ങളാണ്. വ്യാഴത്തിന്റെ ഗലീലിയൻ ഉപഗ്രങ്ങളായ യൂറോപ്പ, കലിസ്റ്റോ, ഗാനിമിഡ് എന്നീ ഉപഗ്രഹങ്ങളിലാണ് ജീവൻ തിരയുന്നതിനുവേണ്ടി നാസയും യൂറോപ്യസ സ്പേസ് ഏജൻസിയും ചേർന്ന് ഉപഗ്രഹ വിക്ഷേപണം നടത്തുന്നത്.

????️ ജ്യൂസ് 

⭕നാസ-യൂറോപ്യൻ സ്പേസ് ഏജൻസി സംയുക്ത സംരംഭമാണ് ജ്യൂസ്. 2022 ൽ ആണ് ഈ ഓർബിറ്റർ ദൗത്യം വിക്ഷേപിക്കുന്നത്. കട്ടികൂടിയ ഹിമാവരണമുള്ള യൂറോപ, കലിസ്റ്റോ, ഗാനിമിഡ് എന്നീ വലിയ ഉപഗ്രഹങ്ങളെയാണ് ജ്യൂസ് നിരീക്ഷിക്കുന്നത്. ഈ ഉപഗ്രഹങ്ങളുടെ അന്തരീക്ഷ ഘടനയും കാന്തിക ക്ഷേത്രവും പേടകം പഠനവിധേയമാക്കും. കൂടാതെ പേടകത്തിലുള്ള റഡാർ സംവിധാനം ഉപയോഗിച്ച് ഉപരിതല പാളി തുളച്ചുകടന്ന് ഉപരിതലത്തിനടിയിലുള്ള ജലാശയങ്ങളേക്കുറിച്ച് പഠിക്കുന്നതിനും ഈ ദൗത്യത്തിന് കഴിയും. ഈ മൂന്ന് ഉപഗ്രഹങ്ങളുടെയും ഉപരിതലത്തിന് കീഴെ ജലാശയങ്ങളുണ്ടെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. വ്യാഴത്തിന്റെ ടൈഡൽ ഫ്ളക്സിംഗ് കാരണം ഈ സബ്-സർഫസ് സമുദ്രങ്ങളിൽ ജീവൻ ഉദ്ഭവിക്കുന്നതിനുള്ള താപനില ഉണ്ടാകുമെന്നാണ് കരുതുന്നത്. സൂക്ഷ്മ ജീവികളുടെ സാന്നിധ്യമാണ് ഈ സമുദ്രങ്ങളിൽ പ്രതീക്ഷിക്കുന്നത്. 1.5 ബില്യണ് ഡോളറാണ് പദ്ധതിയുടെ ചെലവ് പ്രതീക്ഷിക്കുന്നത്. 2029 ൽ പേടകം വ്യാഴത്തിന് സമീപമെത്തും.

????️ യൂറോപ ക്ലിപ്പർ 

⭕വ്യാഴത്തിന്റെ ഉപഗ്രഹങ്ങളിൽ ജീവൻ ഉദ്ഭവിക്കുന്നതിനും നിലനില്ക്കുന്നതിനും ഏറ്റവുമധികം സാധ്യതയുള്ളത് യൂറോപയിലാണ്. യൂറോപയുടെ സബ്-സർഫസ് സമുദ്രങ്ങൾ ഇതിന് അനുയോജ്യമാണെന്നാണ് കരുതുന്നത്. അതുകൊണ്ടു തന്നെ യുറോപയിലേക്ക് മാത്രമായി നാസ വിക്ഷേപിക്കുന്ന ഓർബിറ്റർ ദൗത്യമാണ് യൂറോപ ക്ലിപ്പർ. 2 ബില്യൺ യു.എസ് ഡോളർ ചെലവ് വരുന്ന ഈ ദൗത്യം 2024 ൽ വിക്ഷേപിക്കും. 2027 ൽ പേടകം വ്യാഴത്തിന്റെ ഭ്രമണപഥത്തിൽ പ്രവേശിക്കും. തുടർന്നുള്ള നിരവധി വർഷക്കാലം പേടകം യൂറോപയെ പ്രദക്ഷിണം ചെയ്യും. യൂറോപയുടെ ഉപരിതലത്തിലെ ഹിമാവരണം തുളച്ചുകടന്ന് പരീക്ഷണം നടത്താന് കഴിയുന്ന ഒൻപത് ശാസ്ത്രീയ ഉപകരണങ്ങൾപേടകത്തിലുണ്ടാകും.

⚙️ യുറാനസിലേക്കും നെപ്ട്യൂണിലേക്കും

⭕ഔട്ടർ സോളാർ സിസ്റ്റത്തിൽ ജീവൻ തേടിയുള്ള അന്വേഷണം അവിടെയും തീരുന്നില്ല. 2025 നും 2030 നും ഇടയിൽ യുറാനസിന്റെയും നെപ്ട്യൂണിന്റെയും ഉപഗ്രഹങ്ങളിൽ ജീവൻ തേടിയുള്ള ദൗത്യങ്ങൾ വിക്ഷേപിക്കുമെന്ന് നാസയും യൂറോപ്യൻ സ്പേസ് ഏജൻസിയും പ്രഖ്യാപിച്ചിട്ടുണ്ട്. ഇക്വിനോക്സ് ദൗത്യങ്ങൾ എന്നറിയപ്പെടുന്ന ഇത്തരം ദൗത്യങ്ങൾ നടത്തുന്നത് ഗ്രഹങ്ങളുടെ ഓർബിറ്റൽ പ്ലെയിനിൽ ക്രമീകരണം നടക്കുന്ന അവസരങ്ങളിലാണ്. ഗ്രാവിറ്റേഷൻ അസിസ്റ്റ് ഫ്ളൈ ബൈ ഉപയോഗിച്ച് വലിയ ഗ്രഹങ്ങളുടെ ഗുരുത്വാകർഷണ ബലത്തിന്റെ സഹായത്തോടു കൂടിയാണ് വലിയ ദൂരങ്ങളിലേക്കുള്ള ദൗത്യങ്ങൾ വിക്ഷേപിക്കുന്നത്.