സ്വർണത്തിന്റെ ശുദ്ധിയും പലനിറത്തിലുള്ള സ്വർണ്ണങ്ങളും

Simple Science Technology

സ്വർണത്തിന്റെ ശുദ്ധിയും പലനിറത്തിലുള്ള സ്വർണ്ണങ്ങളും

✍️ Anjana S.S. (Luca)

⭕സ്വർണ്ണത്തോടുള്ള മലയാളികളുടെ ഭ്രമം പ്രശസ്തമാണല്ലോ? പക്ഷേ യഥാർത്ഥ സ്വർണം എന്താണെന്നും നമ്മൾ വാങ്ങുന്ന സ്വർണത്തിന്റെ ക്വാളിറ്റി എന്താണെന്നും എത്ര പേർക്ക് അറിയാം? ശുദ്ധ സ്വർണം എന്നത് നല്ല തിളക്കമുള്ള മഞ്ഞ നിറത്തിലുള്ള ഇത്തിരി ബലം കുറഞ്ഞ ഒരു ലോഹമാണ്. ലോകത്തിന്റെ ചില ഭാഗങ്ങളിൽ ആഭരണങ്ങൾ ഉണ്ടാക്കാൻ ഈ സ്വർണം ഉപയോഗിക്കുമെങ്കിലും സ്ഥിര ഉപയോഗത്തിന് ഈ ആഭരണങ്ങൾ യോജിക്കില്ല. ചെറിയ ഒരു ബലം കൊടുത്താൽ ആഭരണത്തിന്റെ രൂപം തന്നെ മാറിപ്പോകും. ഇങ്ങനെ ബലം കുറഞ്ഞ സ്വർണത്തിന്റെ ദൃഢത കൂട്ടാൻ ആണ് മറ്റു ലോഹങ്ങളുമായി കൂട്ടിയോജിപ്പിക്കുന്നത്. സിൽവർ, പലേഡിയം, സിങ്ക് , നിക്കൽ, പ്ലാറ്റിനം , കോപ്പർ തുടങ്ങിയവയാണ് സാധാരണയായി സ്വർണത്തോടൊപ്പം ചേർക്കുന്ന മറ്റ് ലോഹങ്ങൾ.

⭕സ്വർണത്തിന്റെ ശുദ്ധി കണക്കാക്കുന്നത് കാരറ്റ് എന്ന അളവിലാണ്. ഉദാഹരണത്തിന്, 100% സ്വർണം അഥവാ ശുദ്ധ സ്വർണം എന്നത് 24 കാരറ്റ്(karat) ആണ്. കൂട്ടിച്ചേർക്കുന്ന ലോഹങ്ങളുടെ അളവ് അനുസരിച്ചു സ്വർണത്തിന്റെ പ്യൂരിറ്റിയും മാറും. നമ്മൾ സാധാരണയായി വാങ്ങുന്ന 22 കാരറ്റ് സ്വർണത്തിൽ 91.6 % ശുദ്ധ സ്വർണവും ബാക്കി മറ്റു ലോഹങ്ങളുമാണ് (പരസ്യങ്ങളിൽ കാണുന്ന 916 ഗോൾഡ് ഇതാണ്). 18 കാരറ്റ് സ്വർണത്തിൽ 75 % ശുദ്ധ സ്വർണവും ബാക്കി മറ്റു ലോഹങ്ങളുമാണ്. 24 കാരറ്റ് എന്ന ശുദ്ധ സ്വർണത്തിൽ നിന്ന് തുടങ്ങി കാരറ്റ് കുറയുന്തോറും സ്വർണത്തിന്റെ ഗുണവും കുറയും. ഇങ്ങനെ കാരറ്റ് നോക്കി നമ്മൾ വാങ്ങുന്ന ആഭരണത്തിൽ എത്ര ശതമാനം സ്വർണം ഉണ്ടെന്നു മനസിലാക്കാം .

മറ്റു ലോഹങ്ങളുമായി കൂട്ടി യോജിപ്പിക്കുമ്പോൾ സ്വർണത്തിനു എന്ത് വ്യത്യാസമാണ് ഉണ്ടാകുന്നത്?

⭕ലോഹം ലോഹസങ്കരമായി മാറുകയാണ് ചെയ്യുന്നത്.. മഞ്ഞ നിറമുള്ള സ്വർണത്തിനൊപ്പം ചുവന്ന കളറിലുള്ള കോപ്പർ ചേർക്കുമ്പോൾ റോസ് കളർ കിട്ടും. ചേർക്കുന്ന ലോഹത്തിന്റെ സ്വഭാവം അനുസരിച്ചു സ്വർണത്തിനും വ്യത്യാസം ഉണ്ടാകും. 18 കാരറ്റ് സ്വർണത്തിലെ ശുദ്ധ സ്വർണം ഒഴിച്ചുള്ള ബാക്കി 25% കോപ്പർ ആണെങ്കിൽ നല്ല ചുവപ്പു രാശി ഉള്ള റെഡ് ഗോൾഡ് ലഭിക്കും. അതേ സമയം 22.5 % കോപ്പറും 2.5 % സിൽവറും ആണെങ്കിൽ റോസ് ഗോൾഡ് ലഭിക്കും. പല നിറത്തിലുള്ള സ്വർണം ഉണ്ടാക്കുന്നത് ഇങ്ങനെ വ്യത്യസ്ത തരത്തിലുള്ള ലോഹക്കൂട്ടുകൾ ഉപയോഗിച്ചാആണ്.

⭕സ്വർണത്തിന്റെ മഞ്ഞ നിറം ഇഷ്ടമില്ലാത്ത പലരും ആശ്രയിക്കുന്നത് പ്ലാറ്റിനം എന്ന വെള്ള ലോഹത്തെ ആണ്. എന്നാൽ പ്ലാറ്റിനത്തിന്റെ ഉയർന്ന വില സാധാരണക്കാർക്ക് പ്ലാറ്റിനം ആഭരണങ്ങൾ വാങ്ങുന്നതിൽ തടസമാകുന്നു. അതിനൊരു പരിഹാരം ആണ് വൈറ്റ് ഗോൾഡ്. സ്വർണത്തോടൊപ്പം വെള്ള നിറത്തിലുള്ള ലോഹങ്ങളായ സിൽവർ, നിക്കൽ അല്ലെങ്കിൽ പലേഡിയം ഇവ ചേർക്കുമ്പോൾ ആണ് വൈറ്റ് ഗോൾഡ് ഉണ്ടാകുന്നത്. 18 കാരറ്റ് വൈറ്റ് ഗോൾഡിൽ 75 % സ്വർണവും ബാക്കി ഇതിലേതെങ്കിലും ലോഹവും ആയിരിക്കും. ഇങ്ങനെ കിട്ടുന്ന വൈറ്റ് ഗോൾഡിന് തിളക്കം ഉണ്ടാക്കാനായി റോഡിയം എന്ന നല്ല തിളക്കമുള്ള, എന്നാൽ വളരെ വിലപിടിപ്പുള്ള ലോഹത്തിൽ മുക്കി എടുക്കുന്നു.

 വൈറ്റ് ഗോൾഡ്

⭕പ്ലാറ്റിനത്തിന്റെ അതേ രൂപവും പകുതി വിലയുമാണ് വൈറ്റ് ഗോൾഡിനെ ആകർഷകമാക്കുന്നത്. വെള്ളി ആഭരണങ്ങളെപ്പോലെ വൈറ്റ് ഗോൾഡ് ക്ലാവ് പിടിക്കുകയും ഇല്ല. എന്നാലും വർഷങ്ങൾ തുടർച്ചയായി ഉപയോഗിച്ചാൽ വൈറ്റ് ഗോൾഡിന്റെ പുറത്തുള്ള റോഡിയം ആവരണം ഇളകിപ്പോവുകയും തിളക്കം നഷ്ടപ്പെടുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ തിളക്കം നിലനിൽക്കണമെങ്കിൽ രണ്ടു വർഷം കൂടുമ്പോളെങ്കിലും വൈറ്റ് ഗോൾഡ് ആഭരണങ്ങൾ റോഡിയം കോട്ടിങ് ചെയ്യേണ്ടതാണ് . ഇത് അത്ര വിലപിടിപ്പുള്ള പണി അല്ല.

⭕വൈറ്റ് ഗോൾഡിന്റെ മറ്റൊരു പ്രശ്നം അലർജി ആണ്. വെളുത്ത നിറം ലഭിക്കാനായി സ്വർണത്തോടൊപ്പം ചേർക്കുന്ന ലോഹം നിക്കൽ ആണെങ്കിൽ അത് ചില ആളുകൾക്ക് അലർജി ഉണ്ടാക്കാം. അതുകൊണ്ട് തന്നെ അലർജി ഉള്ളവർ വൈറ്റ് ഗോൾഡ് വാങ്ങുമ്പോൾ നിക്കൽ ഇല്ലാത്തത് നോക്കി വാങ്ങാൻ ശ്രദ്ധിക്കണം. ചുരുക്കി പറഞ്ഞാൽ മഞ്ഞ സ്വർണം എന്നതിനെ നമ്മുടെ ഇഷ്ടത്തിന് അനുസരിച്ചു ഏതു നിറത്തിലും മാറ്റി എടുക്കാം.