വാലെന്റീന തെരഷ്ക്കോവ
വാലെന്റീന തെരഷ്ക്കോവ ബഹിരാകാശത്തെത്തുന്ന ആദ്യവനിതയായി
⭕ആദ്യമായി ബഹിരാകാശ സഞ്ചാരം നടത്തിയ വനിതയാണ് വാലെന്റീന തെരഷ്ക്കോവ റഷ്യയിലായിരുന്നു ജനനം.1963 ജൂൺ 16-ന് റഷ്യയുടെ വൊസ്തോക്-6 ബഹിരാകാശ വാഹനത്തിൽ സീഗൽ എന്ന കോഡ് നാമത്തിൽ ബഹിരാകാശയാത്ര നടത്തിയതോടെ പ്രസ്തുത രംഗത്തെ പ്രഥമ വനിത എന്ന അംഗീകാരം നേടി. വാലൻറീന തെരഷ്കോവ 1963ൽ ബഹിരാകാശയാത്ര നടത്തുമ്പോൾ റഷ്യയിലെ ക്രാസ്നി പെരികോപ് ടെക്സ്റ്റൈൽ ഫാക്റ്ററിയിലെ തൊഴിലാളിയായിരുന്ന അവർക്ക് 26വയസ്സുമാത്രമായിരുന്നു പ്രായം.
⭕1937 മാർച്ച് 6൹ റഷ്യയിലെ ഒരു ചെറുപട്ടണമായ മാസ്ലെന്നികോവോയിലാണ് വാലൻറീന ജനിച്ചത്. അച്ഛൻ ഒരു ട്രാക്റ്റർ ഡ്രൈവറും അമ്മ തുണിമില്ലിലെ തൊഴിലാളിയുമായിരുന്നു. ചെറുപ്പത്തിൽ തന്നെ അവർ പാരച്യൂട്ട് ഉപയോഗിക്കാൻ പഠിച്ചിരുന്നു. അന്നത്തെ റഷ്യയിൽ ചെറുപട്ടണങ്ങളിൽ പോലും പാരച്യൂട്ട് ക്ലബ്ബുകൾ സർവ്വസാധാരണമായിരുന്നു. ഇരുപത്തിരണ്ടാമത്തെ വയസ്സിൽ തന്നെ അവർ തന്റെ ആദ്യത്തെ പാരച്യൂട്ട് ചാട്ടം നടത്തിയിരുന്നു. ആദ്യം തെരഞ്ഞെടുത്ത അഞ്ചു പേരിൽ തെരഷ്കോവയൊഴിച്ച് ബാക്കി നാലുപേരും ബിരുദപഠനവും സാങ്കേതികവിദ്യാഭ്യാസവും നേടിയവരായിരുന്നു. എന്നിട്ടും അന്നത്തെ സോവിയറ്റ് യൂണിയൻ പ്രസിഡന്റായ നികിത ക്രൂഷ്ചേവിന്റെ താൽപര്യപ്രകാരമാണത്രെ രണ്ടാം ലോകമഹായുദ്ധത്തിൽ മരിച്ച ട്രാക്റ്റർ ഡ്രൈവറുടെ പുത്രിയെ തന്നെ തെരഞ്ഞെടുത്തത്. അങ്ങനെ വാലൻറീന തെരഷ്കോവയുടെ രണ്ടു ദിവസവും 23 മണിക്കൂറും 12 മിനിറ്റും നീണ്ടു നിന്ന യാത്ര ബഹിരാകാശ ചരിത്രത്തിൽ ഇടം നേടി.