പെട്രോൾ പമ്പിൽ മൊബൈൽ ഉപയോഗിക്കാമോ ?

Simple Science Technology

പെട്രോൾ പമ്പിൽ മൊബൈൽ ഉപയോഗിക്കാമോ ?

✍️: Dr. Vaisakhan Thampi

⭕മിക്ക പെട്രോൾ പമ്പുകളിലും ചെയ്യാൻ പാടില്ലാത്ത കാര്യങ്ങളുടെ കൂട്ടത്തിൽ മൊബൈൽ ഫോൺ ഉപയോഗം കൂടി ഉൾപ്പെടുത്തിയിട്ടുള്ളത് പെട്രോൾ പമ്പിൽ മൊബൈൽ ഉപയോഗിക്കാമോ ? കാണാം . എന്താ കാരണം എന്നറിയുമോ ? സത്യം പറഞ്ഞാൽ അതിന് പ്രത്യേകിച്ചു കാരണമൊന്നും ഇല്ല എന്നതാണ് രസകരമായ കാര്യം .

⭕വെറും കെട്ടുകഥകൾ മാത്രം ആധാരമാക്കിയുള്ള ഒരു വിലക്കാണ് ഇത് . പെട്രോൾ പമ്പുകളിലെ അപകടം എന്നാൽ സ്വാഭാവികമായും ഇന്ധനത്തിന്റെ തീപിടിത്തമാണ് . ഇവിടെ പറയാവുന്ന കൗതുകകരമായ ഒരു കാര്യം ദ്രാവകരൂപത്തിൽ പെട്രോൾ വെള്ളത്തോളം തന്നെ സുരക്ഷിതമാണ് എന്നതാണ് . പെട്രോളിൽ കുളിച്ചു നിൽക്കുന്ന കഥാപാത്രത്തെ തീപ്പെട്ടിക്കൊള്ളിയോ സിഗരറ്റോ ഒക്കെ എറിഞ്ഞു കത്തിക്കുന്ന പരിപാടി സിനിമയിലെ നടക്കൂ . യഥാർത്ഥത്തിൽ നടക്കാൻ അത്ര എളുപ്പമല്ല . പെട്രോളിന്റെ ബാഷ്പവും വായുവും ഒരു പ്രത്യേക അനുപാതത്തിൽ ചേർന്ന മിശ്രിതമാണു തീപിടിക്കുന്നത് . ഒരു ബക്കറ്റ് പെട്രോളിൽ വേണമെങ്കിൽ നിങ്ങൾക്ക് സിഗരറ്റ് കുത്തി അണയ്ക്കാൻ കഴിയും . ( പരീക്ഷിക്കാൻ നിൽക്കല്ലേ . പെട്രോൾ പെട്ടെന്നു ബാഷ്പീകരിക്കപ്പെടുന്ന ഒരു ദ്രാവകം ആയതിനാൽ , ബക്കറ്റിന് മുകളിൽ പെട്രോൾ ബാഷ്പം ഉണ്ടാകാൻ സാധ്യത ഉണ്ട് .

⭕വായു - പെട്രോൾ ബാഷ്പം മിശ്രിതം നിശ്ചിത അനുപാതത്തിൽ അവിടെ ഉണ്ട് എന്നുണ്ടെങ്കിൽ അപകടസാധ്യതയുണ്ട് ) . ഈ വാതകമിശ്രിതത്തിനു തീ പിടിക്കണം എങ്കിൽ കുറഞ്ഞത് 280 ഡിഗ്രി സെൽഷ്യസ് എങ്കിലും ചൂടുള്ള ഒരു സ്രോതസ്സ് വേണം . സിഗരറ്റ് കത്തിക്കുമ്പോ ഇതുണ്ടാകാം . മറ്റൊരു സാധ്യത സ്ഥിതവൈദ്യുതി ഡിസ്മാർജ് വഴിയുള്ള തീപ്പൊരി ( spark ) ആണ് .

⭕തീപിടിക്കാൻ സാധ്യതയുള്ള വാതകങ്ങൾ ഉള്ള അന്തരീക്ഷത്തിൽ ഇലക്ട്രിക്കൽ / ഇലക്ട്രോണിക് ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുമ്പോൾ ഇങ്ങനെ ഒരു അപകടസാധ്യത ഉണ്ട് . പക്ഷേ , അത്തരം സാഹചര്യങ്ങളിലെ വിദഗ്ദ്ധ മാർഗനിർദ്ദേശങ്ങൾ അനുസരിച്ച് 30 വോൾട്ടിനു മുകളിൽ വോൾട്ടേജോ 300 മില്ലി ആമ്പിയറിന് മുകളിൽ കറന്റോ ആണ് പൊതുവായി അപകടം ഉണ്ടാക്കുക . മൊബൈൽഫോണിലെ വോൾട്ടേജ് നില 5 വോൾട്ടിനോട് അടുത്തു മാത്രമേ എത്തുന്നുള്ളൂ . അതിന്റെ ബാറ്ററി ടെർമിനലുകളിലോ വൈബ്രേറ്റർ മോഡിൽ ഫോണിനുള്ളിൽ പ്രവർത്തിക്കുന്ന ഒരു കുഞ്ഞ് മോട്ടോറിലോ ഒക്കെയാണ് സ്പാർക്ക് സാധ്യത . പക്ഷേ , അതൊന്നും ഒരു പമ്പിലെ വാതകത്തെ കത്തിക്കാൻ വരാനുള്ള തീര പോരാ . മൈക്രോവേവ് ഓവൻ ഒക്കെ ചെയ്യുന്നപോലെ റേഡിയേഷൻ കൊണ്ട് ചൂടുപിടിപ്പിക്കാനും മൊബൈൽ ഫോണിന്റെ പവർ അപര്യാപ്തമാണ്.

⭕ആന്തരിക സർക്യൂട്ടുകളിൽ കേടുപാടുകൾ ഉണ്ടെങ്കിൽ - ചാർജ് ചെയ്യപ്പെടുന്ന സമയത്ത് ഫോണിലെ ലിഥിയം അയോൺ ബാറ്റ് റികൾ പൊട്ടിത്തെറിക്കാം . പക്ഷേ , നമ്മളിൽ ആരാണ് പെട്രോൾ പമ്പിൽ മൊബൈൽ ഫോൺ ചാർജ് ചെയ്യാൻ പോകുന്നത് ? പെട്രോൾ ടാങ്കിന്റെ തൊട്ടടുത്തു കൊണ്ടുചെന്ന് മൊബൈൽ ഫോൺ ബാറ്ററി ഊരിയെടുത്ത് അതിന്റെ ടെർമിനലുകളെ തമ്മിൽ മനപ്പൂർവം ഷോർട്ട് ചെയ്തു തീപ്പൊരി ഉണ്ടാക്കാൻ മാത്രം മണ്ടത്തരം കാണിക്കുന്ന ആളല്ല നിങ്ങൾ എങ്കിൽ മൊബൈൽ ഫോൺ പെട്രോൾ പമ്പിനെ ഒരു രീതിയിലും അപകടത്തിലാക്കില്ല .

⭕കാറിന്റെയോ ബൈക്കിന്റെയോ ഹെവി ഡ്യൂട്ടി ബാറ്ററി മുതൽ കാർ സ്റ്റീരിയോ , പോക്കറ്റ് ടോർച്ച് എന്നിവവരെ മൊബൈലിനേ ക്കാൾ പല മടങ്ങ് ശക്തിയുള്ള സ്പാർക്ക് ഉണ്ടാക്കാൻ പോന്നതാകയാൽ വെറുതെ മൊബൈൽ ഫോണിന്റെമേൽ ഇങ്ങനെ കുതിര കയറേണ്ട കാര്യമില്ലതന്നെ .

⭕പെട്രോൾ പമ്പിൽവരെ പൊങ്കാലയടുപ്പ് കത്തിക്കുന്ന നമ്മൾ പ്രത്യേകിച്ചും എന്നിരിക്കിലും ഇങ്ങനെ ഒരു വിലക്ക് ലോകത്തെമ്പാടും നിലവിലുണ്ട് എന്നതു സത്യമാണ് . 1999 - ൽ ഇൻഡോനേഷ്യയിൽ നടന്നു എന്ന് പറയപ്പെടുന്ന ഒരു പെട്രോൾ ഫയറിനെ തുടർന്നു 2000-മാണ്ടുകളുടെ തുടക്കത്തിലാണ് ഇതു പ്രചരിക്കുന്നത് . വാഹനത്തിന്റെ ഡ്രൈവർ മൊബൈൽഫോൺ ഉപയോഗിക്കുകയായിരുന്നത്രേ. എന്നാൽ മൊബൈൽ ആണ് അപകടം ഉണ്ടാക്കിയത് എന്നു പോയിട്ട് ഇങ്ങനെ ഒന്ന് നടന്നു എന്നതിനുതന്നെ വ്യക്തമായ റെക്കോർഡുകൾ ഒന്നുമില്ല. ഇന്നുവരെ ലോകത്ത് എങ്ങും മൊബൈൽ ഫോൺ ഒരു പമ്പ് തീപിടിത്തം ഉണ്ടാക്കിയതായി തെളിഞ്ഞിട്ടില്ല .

⭕എന്നാൽ മൊബൈൽ കമ്പനികൾ പോലും ഇങ്ങനെയൊരു മുന്നറിയിപ്പ് നൽകുന്നതിനു കാരണമുണ്ട് . മൊബൈൽ ഫോണുകളിൽ ശരിക്കും വലിയ തീപിടിത്ത സാധ്യത ഉള്ള സാഹചര്യങ്ങളിൽ വേണ്ടിവരുന്ന സുരക്ഷാക്രമീകരണങ്ങൾ ബിൽറ്റ് - ഇൻ ആയി ഉണ്ടാകാറില്ല . എന്തെങ്കിലും കാരണവശാൽ ഒരു അപകടം ഉണ്ടായാൽ വന്നേക്കാവുന്ന നിയമപരമായ ബാധ്യത ഒഴിവാക്കാനാണ് അവർ ഇങ്ങനെ ഒരു മുന്നറിയിപ്പ് നൽകുന്നത് .