5ജിയിൽ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യകൾ

Simple Science Technology

എന്തെല്ലാമായിരിക്കും നമുക്കിതുവരെ പരിചിതമല്ലാത്ത 5ജിയിൽ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യകൾ?

✍️സുജിത് കുമാർ Courtesy : Luca

⭕സെല്ലുലാർ കമ്യൂണിക്കേഷന്റെ നാലാം തലമുറയായ 4G വന്നതോടെ നിങ്ങളുടെ മൊബൈലിലെ ഡയലർ അപ്ലിക്കേഷൻ എന്നത് നിങ്ങൾ പോലും അറിയാതെ വാട്സപ്പും സ്കൈപ്പുമൊക്കെ പോലെ ഒരു VoIP അപ്ലിക്കേഷൻ മാത്രമായി മാറിക്കഴിഞ്ഞു. അതായത് പഴയ സർക്യൂട്ട് സ്വിച്ചിംഗ് സാങ്കേതിക വിദ്യയിൽ നിന്നും പാക്കറ്റ് സ്വിച്ചിംഗ് സാങ്കേതിക വിദ്യയിലേക്ക് 4G യിലൂടെ മാറിക്കഴിഞ്ഞിരിക്കുന്നു. 3G വരെ ഫോൺവിളി സമയത്ത് നിങ്ങളിൽ നിന്നും നിങ്ങൾ വിളിക്കുന്ന ആളിലേക്ക് മാത്രമായി അനുവദിക്കപ്പെട്ടിട്ടൂള്ള ഒരു പാതയായ ‘സർക്യൂട്ട്’ ആധുനിക മൊബൈൽ കമ്യൂണിക്കേഷൻ സാങ്കേതിക വിദ്യയിൽ ഇല്ല. എല്ലാം പാക്കറ്റ് ഡേറ്റ ആണ്‌. ഇ-മെയിൽ ഐഡി പോലെ ഒരു യുണീക് ഐഡന്റിറ്റി എന്നതിലപ്പുറത്തേക്ക് മൊബൈൽ നമ്പരുകൾക്ക് ഇക്കാലത്ത് യാതൊരു സ്ഥാനവുമില്ല. സാങ്കേതികമായി നിങ്ങളുടെ മൊബൈൽ സേവന ദാതാവിന്റെ ടവറിൽ റേഞ്ച് ഇല്ലെങ്കിലും ഏതെങ്കിലും തരത്തിൽ വൈഫൈ വഴിയുള്ള ഇന്റർനെറ്റ്‌‌ കണൿഷൻ ഉണ്ടെങ്കിൽ വേണമെങ്കിൽ നിങ്ങളുടെ ഫോൺ നമ്പർ “ഔട് ഓഫ് കവറേജ് ഏരിയ” യിൽ ആകുന്ന പ്രശ്നം ഒഴിവാക്കാൻ കഴിയുന്നതാണ്‌. അതായത് ഫോൺ നെറ്റ്‌‌വർക്ക് ഇല്ലെങ്കിലും ഒരു വൈഫൈ കണൿഷൻ ഉണ്ടെങ്കിൽ വാട്സപ് വഴിയും സ്കൈപ്പ് വഴിയുമൊക്കെ വിളിക്കാൻ കഴിയുന്നതുപോലെ തന്നെ. “വൈഫൈ കാളിംഗ്“ എന്ന് വിളിക്കപ്പെടുന്ന ഈ സംവിധാനത്തെ സേവന ദാതാക്കൾ പിന്തുണയ്ക്കുന്നുണ്ടെങ്കിൽ നിങ്ങളുടെ ഫോണിലും ഇത് സാദ്ധ്യമാണ്‌. നിങ്ങളുടെ സേവന ദാതാവ് വൈഫൈ കാളിംഗ് സംവിധാനം നൽകുന്നുണ്ടെങ്കിൽ ഫോണിന്റെ ഡയലർ ആപ്പിലെ ക്രമീകരണത്തിൽ അത് കാണാൻ കഴിയുന്നതാണ്. പറഞ്ഞു വരുന്നത് മറ്റൊരു വിഷയത്തിലേക്ക് ആണ്‌. 4G വന്നതോടെ മൊബൈൽ ഫോൺ കണൿഷൻ എന്നതിൽ നിന്നും മൊബൈൽ ഇന്റർനെറ്റ് ‌‌കണക്ഷൻ എന്ന നിലയിലേക്ക് സെല്ലുലാർ സാങ്കേതിക വിദ്യകൾ മാറിക്കഴിഞ്ഞു

⭕5Gയിലേക്ക് പോകുന്നതിനു മുൻപ് ഒരു ഉദാഹരണം പറയാം. നിങ്ങളുടെ വീട്ടിൽ വൈഫൈ ഉണ്ട്. തൊട്ടടുത്ത എല്ലാ വീടുകളിലും വൈഫൈ ഉണ്ട്. പരിധിയില്ലാത്ത കണക്ഷൻ ആയതിനാലും എല്ലാവരും പരസ്പരം നന്നായി പരിചയമുള്ളവർ ആയതിനാലും എല്ലാവരുടേയും വൈഫൈ പ്രവേശസ്ഥാനങ്ങളും അവയൂടെ പാസ് വേഡുകളും പരസ്പരം ഷെയർ ചെയ്യപ്പെട്ടിരിക്കുന്നു. വൈഫൈ കാളിംഗ് വഴി നിങ്ങൾ സംസാരിച്ചുകൊണ്ട് റോഡിലൂടെ നടക്കുകയാണെന്ന് കരുതുക. നിങ്ങളുടെ ഫൈഫൈയുടെ റേഞ്ച് ഏതാനും മീറ്ററുകൾ മാത്രം ആയിരിക്കും. നടന്ന് നടന്ന് അയൽവാസിയുടെ വീടിനു മുന്നിലേത്തുമ്പോഴേക്കും നിങ്ങളുടെ ഫോൺ അയൽവാസിയുടെ നെറ്റ്‌‌വർക്കിലേക്ക് കണക്റ്റ് ആയിട്ടുണ്ടാകും. ഇത്തരത്തിൽ എവിടെ പോയാലും വൈഫൈ നെറ്റ്‌‌വർക്ക് ലഭിക്കുകയും അവ ഫോണുമായി സ്വയമേവ കണക്റ്റ് ആയി ഫോൺവിളി ഉൾപ്പെടെയുള്ള ഡാറ്റാ സർവീസുകൾ മുടക്കമില്ലാതെ ലഭിക്കുകയും ചെയ്യുന്ന ഒരു സാഹചര്യത്തെക്കുറിച്ച് ഇപ്പോൾ മനസ്സിലാക്കാൻ കഴിയുന്നില്ലേ? അതിനു സമാനമായ ഒന്നാണ്‌ ഇനി 5Gയിൽ വരാൻ പോകുന്നത്. ഇവിടെ നിങ്ങളുടെ വൈഫൈ റൗട്ടറുകൾക്ക് പകരമായി മൊബൈൽ സേവന ദാതാക്കളാൽ സ്ഥാപിക്കപെടുന്ന കൊച്ചു കൊച്ചു മൊബൈൽ ടവറുകൾ ആയിരിക്കുമെന്നുമാത്രം.

എന്തിനാണിങ്ങനെ വൈഫൈ റൗട്ടറുകൾ പോലെ ഇത്രയധികം ചെറിയ ചെറിയ മൊബൈൽ ടവറുകൾ ആവശ്യമായി വരുന്നത്? എന്തെല്ലാമായിരിക്കും നമുക്കിതുവരെ പരിചിതമല്ലാത്ത 5ജിയിൽ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യകൾ?

 ലാസ്റ്റ് മൈൽ കണക്റ്റിവിറ്റി

⭕1G മുതൽ ഉള്ള എല്ലാ മൊബൈൽ സാങ്കേതിക വിദ്യകളെയും നമുക്ക് ലാസ്റ്റ് മൈൽ കണക്റ്റിവിറ്റി ആയി കണക്കാക്കാം. എന്താണ്‌ ഈ ലാസ്റ്റ് മൈൽ കണക്റ്റിവിറ്റി? റയിൽവേ സ്റ്റേഷനുകളിൽ നിന്നും വിമാനത്താവളങ്ങളിൽ നിന്നുമൊക്കെ നമ്മുടെ വീട്ടിലേക്കുള്ള ഗതാഗത സംവിധാനങ്ങൽ ഇല്ലേ, അതു തന്നെയാണ്‌ ഈ പറഞ്ഞ ലാസ്റ്റ് മൈൽ കണക്റ്റിവിറ്റി. ലോകത്തെവിടെയും ഏറ്റവും ശ്രമകരമായ ഒരു ജോലിയാണ്‌ ലാസ്റ്റ് മൈൽ കണക്റ്റിവിറ്റി മെച്ചപ്പെടുത്തുക എന്നത്. രണ്ടായിരത്തി എണ്ണൂറു കിലോമീറ്റർ ദൂരെ കിടക്കുന്ന ദുബായിൽ രണ്ടോ മൂന്നോ മണിക്കൂറുകൾക്കകം വിമാനത്തിൽ കൊച്ചിയിൽ എത്താം. പക്ഷേ ഏതാനും കിലോമീറ്ററുകൾ മാത്രം ദൂരമുള്ള നെടുമ്പാശേരിയിൽ നിന്നും വൈറ്റില വരെ എത്തണമെങ്കിൽ എത്ര മണിക്കൂറുകൾ എടുക്കുമെന്ന് യാതൊരു ഉറപ്പുമില്ല. അതുപോലെത്തന്നെയാണ്‌ നമ്മുടെ വയർലെസ് കമ്യൂണിക്കേഷൻ സാങ്കേതിക വിദ്യകളുടെ കാര്യവും. 3Gയ്ക്ക് ശേഷം ഫോൺവിളി എന്നതിനുപരി ഇന്റർനെറ്റ് ആണ്‌ സെല്ലുലാർ സാങ്കേതിക വിദ്യകളുടെ അടിസ്ഥാനമെന്നതിനാൽ ഡേറ്റയുടെ കാര്യം തന്നെ എടുത്ത് പരിശോധിച്ചു നോക്കിയാൽ രസകരമായ ഒരു വസ്തുത മനസ്സിലാക്കാൻ കഴിയും. ഇനി വരാൻ പോകുന്ന 5ജി നെറ്റ്‌‌വർക്ക് നമുക്ക് തരുവാൻ ഉദ്ദേശിക്കുന്ന ഡാറ്റാ സ്പീഡും സൗകര്യങ്ങളുമെല്ലാം പത്തോ പതിനഞ്ചോ കിലോമീറ്ററുകൾ ദൂരെയുള്ള നമ്മുടെ മൊബൈൽ ടവറുകൾ വരെ 2G/3G കാലഘട്ടങ്ങളിൽ തന്നെ നിലനിന്നിരുന്നു. പക്ഷേ അത് വയർലെസ് ആയിട്ടുള്ളതല്ല ഹൈസ്പീഡ് ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾ വഴി ഉള്ളതായിരുന്നു എന്നു മാത്രം. 3Gയിലും 4Gയിലുമൊക്കെ ശ്രമിച്ചത് ഇതിനെ ഉപഭോക്താക്കളിലേക്ക് വയർ ഇല്ലാതെ എത്തിക്കുക എന്ന ലാസ്റ്റ് മൈൽ കണക്റ്റിവിറ്റി ഉറപ്പാക്കാൻ ആയിരുന്നു. ഇത്തരത്തിൽ ലാസ്റ്റ് മൈൽ കണക്റ്റിവിറ്റി മെച്ചെപ്പെടുത്തുക എന്നത് വലിയ വെല്ലുവിളികൾ ഉള്ള ഒന്നാണ്‌.

⭕നമ്മുടെ ഗതാഗത സൗകര്യങ്ങളുടെ കാര്യം തന്നെ ഉദാഹരണമായി എടുത്ത് പരിശോധിച്ചു നോക്കുക. എന്തെല്ലാം വെല്ലുവിളികൾ ആണ്‌ നേരിടേണ്ടി വരുന്നത് ? റോഡുകളുടെ വീതിക്കുറവ്, റോഡുകളിലെ വളവുകളും തിരിവുകളും കുണ്ടും കുഴികളും, വാഹനങ്ങളുടെയും സഞ്ചാരികളുടെയും ആധിക്യം എന്നുവേണ്ട പെട്ടന്ന് പരിഹരിക്കാൻ കഴിയാത്തതും ധാരാളം പണച്ചിലവുള്ളതും ആണ്‌ ഈ പറഞ്ഞ ലാസ്റ്റ് മൈൽ കണക്റ്റിവിറ്റി എന്നത്. വയർ ലെസ് കമ്യൂണിക്കേഷനിലും ഇതുപോലെ ധാരാളം വെല്ലുവിളികൾ ഉണ്ട്. റോഡുകളുടെ വീതിക്കുറവിനോട് താരതമ്യപ്പെടുത്താവുന്നതാണ്‌ ഇലക്ട്രോമാഗ്നറ്റിക് സ്പെക്ട്രത്തിന്റെ വീതിക്കുറവും. അതായത് വയർ ലെസ് കമ്യൂണിക്കേഷനിലെ റോഡുകൾ ആണ്‌ ഇലക്ട്രോ മാഗ്നറ്റിക് സ്പെക്ട്രം. വായുവും വെള്ളവും ഭൂമിയും പോലെ ഇലക്ട്രോ മാഗ്നറ്റിക് സ്പെക്ട്രവും ഒരു പ്രകൃതി വിഭവം ആണ്‌. അതുകൊണ്ട് തന്നെ അതിന്റെ ഉപയോഗത്തിലും വിതരണത്തിലുമെല്ലാം ശക്തമായ നിബന്ധനകളും ധാരാളം പ്രായോഗിക സാങ്കേതിക പരിമിതികളും ഉണ്ട്.

തുടരും